Tuesday, October 23, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Wednesday 29 Nov 2017 01.44 PM

ബന്ധിക്കപ്പെടേണ്ടത് മതങ്ങള്‍ നെയ്യുന്ന നൂലുകൊണ്ടല്ല, സ്‌നേഹം തീര്‍ക്കുന്ന ഇഴകള്‍ കൊണ്ടാണ്

uploads/news/2017/11/169878/opinion291117a.jpg

സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച ലോകമാന്യ ബാലഗംഗാധര തിലക് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ നിലപാട് എന്ന കാര്യത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. എല്ലാ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ മുറവിളിയായിരുന്നു തിലകില്‍ നിന്നുണ്ടായത്. 'സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം പാരില്‍ മൃതിയെക്കാള്‍ ഭയാനകം' എന്ന കവിവാക്യത്തെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ഇന്ന് ഇത്തരം ചര്‍ച്ചകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.

സ്വാതന്ത്ര്യം ചുരുക്കം ചില വ്യക്തികളുടേത് മാത്രമാണോയെന്ന ചിന്തയാണ് ഉയരുന്നത്. പ്രത്യേകിച്ചും ഇന്ന് ഇന്ത്യയിലാകെ ചര്‍ച്ചയായിരിക്കുന്ന ഹാദിയാ കേസുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ അത്തരത്തില്‍ ആലോചിക്കാന്‍ നാം നിര്‍ബന്ധിതരാകുകയാണ്. പരിധികളില്ലാത്ത ആകാശത്തില്‍ പറന്ന്തിമിര്‍ക്കുന്ന കിളികള്‍ക്ക് കാട്ടാളന്റെ അമ്പുകള്‍ അന്ത്യം കുറിയ്ക്കുന്നതുപോലെയാണ് അമിതമായ സ്വാതന്ത്ര്യം. അതാണ് ഇവിടെ നടക്കുന്നത്. രക്ഷകര്‍ത്താക്കളെ ധിക്കരിച്ച് അവരെ തള്ളിപ്പറഞ്ഞ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഞങ്ങള്‍ വിപ്ലവകാരികളാകുന്നുവെന്ന ചിന്തയാണ് പലരെയും മദിച്ചുകൊണ്ടിരിക്കുന്നത്.

ഹാദിയ എന്ന യുവതിയുടെ കാര്യത്തിലും ഇതൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ മതത്തിന്റേയോ, അല്ലെങ്കില്‍ വര്‍ഗ്ഗീയതയുടേയോ വീക്ഷണത്തില്‍ നിന്നല്ല നോക്കേണ്ടത്. ഇത്തരം സംഭവങ്ങളെ പഴയ കേരള സമൂഹത്തിന്റെ മുഖമുദ്രയായ സ്‌നേഹത്തിന്റെയും കെട്ടുറപ്പിന്റെയും തലത്തില്‍ നിന്നുകൊണ്ടുവേണം നോക്കാന്‍. കേരള സമൂഹത്തിനെ ഇന്ന് ഈ നിലയില്‍ നിലനിര്‍ത്തുന്നതുതന്നെ ആ ബന്ധങ്ങളാണ്. എന്നാല്‍ അത്തരം ബന്ധങ്ങളുടെ കടയ്ക്കല്‍ വര്‍ഗ്ഗീയതയുടെ കത്തി ആഞ്ഞുപതിക്കുമ്പോള്‍ തകരുന്നത് ഒരു കുടുംബമല്ല, നൂറ്റാണ്ടുകളായി കേരളം പടുത്തുയര്‍ത്തിയ ഒരു സംസ്‌ക്കാരമാണ്.

ഹാദിയ അല്ലെങ്കില്‍ അഖില എന്ന കുട്ടിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്. ഇന്ന് എല്ലാവരും ചര്‍ച്ചചെയ്യുന്നത് ആ പെണ്‍കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചാണ്. അത്തരം വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് നാം ചര്‍ച്ചചെയ്യുമ്പോള്‍, ആ പെണ്‍കുട്ടിയുടെ മാതാ-പിതാക്കളുടെ വികാരത്തെക്കുറിച്ച് ചിന്തിക്കാതെ നാം സ്വാര്‍ത്ഥരായി പോകുന്നു. ഹാദിയ എന്ന പെണ്‍കുട്ടിയുടെ വിവാഹമല്ല, ഇവിടുത്തെ പ്രശ്‌നം. അതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ആ പെണ്‍കുട്ടി ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കട്ടെ, അവരുടെ ബന്ധം സ്‌നേഹത്താല്‍ ബന്ധിപ്പിക്കപ്പെടട്ടെ, അത് ഒരു പ്രശ്‌നവുമുണ്ടാക്കില്ല. അത്തരം ചരിത്രങ്ങള്‍ നമ്മുടെ മുന്നില്‍ നിരവധിയുണ്ട്. പഴയ ഏടുകള്‍ തിരഞ്ഞാലും ഇന്നത്തെ സമൂഹത്തെ വീക്ഷിച്ചാലും അത്തരം നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താനാകും.

uploads/news/2017/11/169878/opinion291117b.jpg

വിവാഹിതയായി, ജീവിക്കാന്‍ മതത്തെ ആയുധമാക്കുന്നുവെന്നതാണ് പ്രതിസന്ധിക്ക് കാരണം. അങ്ങനെ വരുമ്പോഴാണ് മാതാ-പിതാക്കള്‍ ഉല്‍കണ്ഠാകുലരാകുന്നത്. പതിനെട്ടുവയസു തികഞ്ഞ ഏതൊരു വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. അത് ഭരണഘടന ഉറപ്പും നല്‍കുന്നുണ്ട്. അത് സാങ്കേതികവും നിയമപരവും മാത്രമാണ്. എന്നാല്‍ ബന്ധങ്ങളെ നയിക്കേണ്ടത് നിയമമല്ല, അത് സ്‌നേഹമാണ്. അതാണ് ഹാദിയാ കേസില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഒരിക്കലും ഭര്‍ത്താവിന് ഹാദിയയുടെ രക്ഷകര്‍ത്താവാകനാവില്ലെന്ന്. അത് വളരെ പ്രസക്തമാണ്.

ഓരോ പുത്രനും പുത്രിയും മാതാ-പിതാക്കളുടെ ജീവന്റെ അംശമാണ്. അവരുടെ ജീവന്‍ പകുത്ത് നല്‍കിയാണ് ഈ മക്കളെ വളര്‍ത്തിയെടുക്കുന്നത്. കൈ വളരുന്നോ, കാലുവളരുന്നോ, എന്ന് ഉറ്റുനോക്കി വളര്‍ച്ചയുടെ ഓരോഘട്ടവും പരിണാമചക്രവും വീക്ഷിച്ച് അതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയാണ് ഓരോ മാതാ-പിതാക്കളും മക്കളെ വളര്‍ത്തുന്നത്. സ്വയം പട്ടിണികിടന്നും മക്കളുടെ താല്‍പര്യം സംരക്ഷിച്ചുകൊടുക്കുന്നവരാണ് നമ്മുടെ അച്ഛനമ്മമാര്‍. അതുകൊണ്ടുതന്നെ അവര്‍ മക്കളുടെ കാര്യത്തില്‍ വളരെ ഉല്‍കണ്ഠാകുലരുമാണ്. ഇത്തരത്തില്‍ താഴെവച്ചാല്‍ ഉറുമ്പരിക്കും തലയില്‍വച്ചാല്‍ പേനരിക്കും എന്ന് ചിന്തിച്ച് വളര്‍ത്തുന്ന മക്കള്‍ വഴിതെറ്റിയാണ് പോകുന്നതെന്ന് തോന്നുമ്പോള്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാകും. അത് സ്വാഭാവികമാണ്.

ഭരണഘടന പതിനെട്ടുവയസാകുമ്പോള്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും ഓരോ മാതാ-പിതാക്കള്‍ക്കും തന്റെ മക്കള്‍ എത്ര പ്രായമായവരായാലും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. അത്തരത്തില്‍ മക്കളെ നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനെ നമ്മുടെ നവ വിപ്ലവകാരികള്‍ ഫ്യൂഡലിസമെന്ന ഓമനപ്പേരില്‍ അധിക്ഷേപിക്കുമായിരിക്കും. എന്നാല്‍ അത്തരം ഫ്യൂഡലിസം നമ്മുടെ സമൂഹത്തിനെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളവും ആവശ്യമാണ്. ഇവിടെ ഹാദിയ എന്ന പെണ്‍കുട്ടി വിവാഹിതയാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷം തനിക്ക് ഒരു വ്യക്തിത്വം തന്ന എല്ലാത്തിനേയും ത്യജിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ ഒരു വ്യക്തിക്കുവേണ്ടി പുതിയൊരാളായി മാറുന്നുവെന്ന് പറയുമ്പോഴാണ് മാതാ-പിതാക്കള്‍ക്ക് അസ്വാഭാവികത തോന്നുന്നത്.

ഇരുപത് വര്‍ഷം മനസില്‍ ഊട്ടിയുറപ്പച്ചതെല്ലാം ഒരുദിവസം കൊണ്ട് ചവറ്റുകൊട്ടയിലിട്ട് താന്‍ പുതിയ വ്യക്തിത്വം തേടുന്നുവെന്ന് പറയുന്നിടത്താണ് ആ പെണ്‍കുട്ടിയേയും അവരുമായി ബന്ധപ്പെട്ട മറ്റുള്ളവരും സംശയത്തിന്റെ നിഴലില്‍ വരുന്നതും. അത്തരം വിഷയങ്ങള്‍ നമ്മുടെ ചര്‍ച്ചയുടെ ഭാഗമല്ല.ഇവിടെ പ്രശ്‌നം ഹാദിയ എന്ന പെണ്‍കുട്ടിയുടേതുപോലെ അവളുടെ അച്ഛനമ്മമാരുടെയും സ്വാതന്ത്ര്യമാണ്. ഇന്ന് ഒരു ചാപല്യത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തുചാടുന്ന ഈ പെണ്‍കുട്ടിക്ക് ഭാവി ശോഭനമാകണമെന്നില്ല. അത്തരം നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ആദ്യത്തെ ആകര്‍ഷണം കഴിയുമ്പോള്‍ വെറും ചണ്ടിയായി ഈ പെണ്‍കുട്ടി മാറിയാലും മാതാപിതാക്കള്‍ക്ക് അവള്‍ എന്നും പൊന്നോമനയായിരിക്കും. ഇന്നത്തെ കോലാഹലം കഴിഞ്ഞ് ഒപ്പം പോകുന്ന ആള്‍ വലിച്ചെറിഞ്ഞാലും അവളെ രണ്ടുകൈയും നീട്ടി സ്വീകരിക്കാന്‍ മാതാപിതാക്കള്‍ മാത്രമേയുണ്ടാകുകയുള്ളു. എന്തെന്നാല്‍ ഇന്ന് അവളെ കട്ടുകൊണ്ടുപോകുവാന്‍ നില്‍ക്കുന്നവര്‍ വെറും സ്വാര്‍ത്ഥമതികളും തങ്ങളുടെ ജീവന്‍ പകുത്ത് നല്‍കി ജന്മം നല്‍കിയവരാണ് മാതാപിതാക്കളുമെന്നതുകൊണ്ടുതന്നെ. ആ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാണ് വിവാഹം കഴിയ്ക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് ജാതിയും മതവുമൊന്നും പ്രശ്‌നമല്ല, അവള്‍ പെണ്ണും വിവാഹം ചെയ്യുന്നവന്‍ ആണുമായിരുന്നാല്‍ മതി. അതാണ് പ്രകൃതിനിയമവും.

സ്വാതന്ത്ര്യം എന്നത് 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നാല്‍ ഇന്ന് സ്വാതന്ത്ര്യം എന്നത് അരാജകത്വമാണ്. നിയന്ത്രണമുള്ള സ്വാതന്ത്ര്യത്തിന് മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ മധുരം പകര്‍ന്നു നല്‍കാന്‍ കഴിയുകയുള്ളു. അതേസമയം അമിത സ്വാതന്ത്ര്യം നമ്മെ നയിക്കുന്നത് അരാജകത്വത്തിലേക്കുമായിരിക്കും. പുറത്തിറങ്ങാന്‍ ഭരണകൂടത്തിന്റെ അനുമതി തേടേണ്ടിവന്ന കാലത്താണ് തിലകന്‍ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പറഞ്ഞത്. ബന്ധങ്ങളിലൂടെ ബന്ധിപ്പിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥത്തില്‍ മധുരതരം.

എന്നാല്‍ കഴിഞ്ഞ രണ്ടു ദശകമായി നാം കാണുന്നത് ഇതിന് വിപരീതമായ കാര്യങ്ങളാണ്. നമ്മുടെ ശക്തിയായ കുടുംബബന്ധങ്ങളില്‍ തന്നെ കത്തിവയ്ക്കുന്ന നടപടികളാണ് പലേടത്തും നടന്നുവരുന്നത്. ഏകദേശം പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭരണഘടനപോലും അനുവദിക്കാത്ത, സദാചാരതയുടെ എല്ലാ സീമകളും ലംഘിക്കുന്ന ഒരു സംഭവത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ പാവം ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിനെ നമ്മുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലിട്ട് ആക്ടിവിസ്റ്റുകള്‍ എന്ന് പറയുന്ന ഒരുസംഘം സാമൂഹിക വിരുദ്ധകള്‍ തല്ലിചതച്ചത്. സ്വവര്‍ഗ്ഗപ്രേമവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു അത്. രണ്ടുപെണ്‍കുട്ടികള്‍ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്റെ പിടിയിലായി.

uploads/news/2017/11/169878/opinion291117c.jpg

ഒരു പിതാവിനും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല, അത്. രാവിലെ മുതല്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന പണംകൊണ്ട് മകളെ സമുഹത്തില്‍ ഏറ്റവും നല്ലരീതിയില്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയാണ് ചിലരുടെ വലയില്‍പ്പെട്ട് ആ ചതിക്കുഴിയിലായത്. അന്ന് ആ പെണ്‍കുട്ടിയും ഇതുപോലെ അച്ഛനെ തള്ളിപ്പറയുന്ന മാനസികാവസ്ഥയിലായിരുന്നു. എന്നാല്‍ അച്ഛന് മകളെ തള്ളിക്കളയാനാകാത്തതുകൊണ്ട് അദ്ദേഹം അവളെ മടക്കികൊണ്ടുപോകാന്‍ എത്തി.

വനിതാസ്വാതന്ത്ര്യമെന്നും സാമൂഹിസേവനമെന്നുമൊക്കെ പറഞ്ഞുനടന്ന കുറേ സ്ത്രീകള്‍ അദ്ദേഹത്തെ റോഡിലിട്ട് തല്ലിചതച്ചു. എല്ലാവര്‍ക്കും കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുളളു. ഒടുവില്‍ അവിടെയും ഇടപെട്ടത് ഒരു സ്ത്രീയായിരുന്നു. സമീപത്തെ മത്സ്യസ്റ്റാളിലുള്ള ഒരു സ്ത്രീ, അവര്‍ അമ്മയുമാണ്. അതുകൊണ്ട് അവര്‍ക്ക് ആ പിതാവിന്റെ വികാരം മനസിലാകുമായിരുന്നു. അവര്‍ ഇടപെട്ട് സാമൂഹികസേവികകള്‍ എന്ന അവകാശപ്പെട്ടിരുന്നവരെ തല്ലിയോടിച്ചു.

പിന്നീട് കുറേനാള്‍ ഈ രണ്ടുപെണ്‍കുട്ടികള്‍ക്കും ആഘോഷമായിരുന്നു, ആനന്ദമായിരുന്നു. അവരെ കെട്ടിയെഴുന്നെള്ളിക്കാന്‍ കുറേ സ്ഥാപനങ്ങളും വ്യക്തികളും രംഗത്തുവന്നു. പുതുമമാറിയപ്പോള്‍, അവര്‍ കെട്ടുകാഴ്ചകള്‍ അല്ലാതായതോടെ എഴുന്നെള്ളിച്ച് നടന്നവര്‍ രംഗമൊഴിഞ്ഞു. ഒടുവില്‍ രണ്ടെണ്ണത്തിന്റെയും ജീവിതം ദുഃസ്സഹമായി, ആദ്യത്തെ ആകര്‍ഷണം ഇല്ലാതായി, ആത്യന്തികമായി രണ്ടും പിരിഞ്ഞു. പിന്നെ അതില്‍ ആ ഓട്ടോ ഡ്രൈവറുടെ മകളായ പെണ്‍കുട്ടി തിരികെ വീട്ടിലെത്തി. മാതാപിതാക്കള്‍ അവളെ സ്വീകരിച്ചു. പിന്നീട് വിവാഹം കഴിച്ചുകൊടുത്തുവെന്നാണ് അറിയുന്നത്.

എന്തായാലും എവിടെയെങ്കിലും ഇത്തരം സാമൂഹികവിരുദ്ധതയുടെ സദാചാരവിരുദ്ധതയുടെ ചെറിയ കനലൊളികള്‍ കണ്ടാല്‍ അതിനെ ഊതികത്തിക്കാന്‍ ഒരു കൂട്ടത്തെ രംഗത്തിറക്കിയിട്ടുണ്ട്. സ്ത്രീസ്വാതന്ത്ര്യം, സാമൂഹികസേവനം എന്ന ഓമനപ്പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഒരു ജോലിയും കൂലിയുമില്ലെങ്കിലും ജീവിതം പഞ്ചനക്ഷത്ര സംവിധാനത്തിലുമാണ്. അവര്‍ക്ക് ബന്ധങ്ങളില്ല, മാതാ-പിതാക്കളെ അറിയില്ല. അതുകൊണ്ട് അവര്‍ എല്ലാ അരാജകത്വങ്ങളും പ്രോത്സാഹിപ്പിക്കും. അങ്ങനെ അരാജകത്വത്തിലധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിച്ച് നമ്മെ വീണ്ടും അന്ധകാരത്തിലേക്ക് കൊണ്ടുപോകും.

അതുകൊണ്ടുതന്നെ സമൂഹം ജാഗരൂകരാകേണ്ടതുണ്ട്. മാതാ-പിതാ-ഗുരു-ദൈവം എന്ന ചിന്ത തള്ളിക്കളയേണ്ടതല്ല. നാം പ്രധാനമെന്ന് ചിന്തിക്കുന്ന ദൈവത്തിന് പോലും നാലാംസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. എന്നുകരുതി മനുസ്മൃതിയെ വരിക്കണമെന്നല്ല പറയുന്നത്. സ്വാതന്ത്ര്യം ആവശ്യമാണ്. അത് ജീവിതമാണ്. എന്നാല്‍ ആ ജീവിതത്തെ നമ്മള്‍ തോന്നിയതുപോലെയാക്കരുത്. എല്ലാത്തിനുംനിയന്ത്രണം ആവശ്യമാണ്.

റൊട്ടി തേനാകുമ്പോള്‍ മാത്രമേ, അതിന് മധുരമുണ്ടാുകയുള്ളു. അതുകൊണ്ട് മക്കള്‍ അച്ഛനമ്മമാരെയും അച്ഛനമ്മമാര്‍ മക്കളെയും സ്‌നേഹിക്കുകയും മനസിലാക്കുകയും ചെയ്യുകയാണ് വേണ്ടത്. അപ്പോഴാണ് സ്‌നേഹവും സ്വാതന്ത്ര്യവും യഥാര്‍ത്ഥത്തില്‍ അനുഭവിക്കാനാകുക. അതോടൊപ്പം ഇഷ്ടമുള്ളവരെ വരിക്കുന്നതിനും അവകാശമുണ്ട്. എന്നാല്‍ ആ വരിക്കല്‍ കെട്ടപ്പെടേണ്ടത് മതങ്ങള്‍ നെയ്യുന്ന നൂലുകൊണ്ടല്ല, സ്‌നേഹം തീര്‍ക്കുന്ന ഇഴകള്‍ കൊണ്ടാണ്.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Wednesday 29 Nov 2017 01.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW