Sunday, February 17, 2019 Last Updated 15 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Nov 2017 03.36 PM

കാത്തിരുന്ന് സ്വന്തമാക്കിയ കൂട്ട്

''ജീവനുള്ള ഒരു പാവക്കുട്ടിയായിരുന്നു എന്റെ സങ്കല്പത്തില്‍ അനിയത്തി.''
uploads/news/2017/11/169585/Weeklyfrndship281117a.jpg

ഏത് ബന്ധത്തെയും തീവ്രമാക്കി മാറ്റുന്നത് അതില്‍ സൗഹൃദത്തിന്റെ അംശം കലരുമ്പോഴാണ്. വരച്ച വരയില്‍ നിര്‍ത്തുന്ന മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കാലം കഴിഞ്ഞു.

അവരും സുഹൃത്തുക്കളെപ്പോലെ പെരുമാറുന്നതുകൊണ്ട് എന്തും തുറന്നു സംസാരിക്കാവുന്ന സ്വാതന്ത്ര്യം അറിഞ്ഞാണ് ഇപ്പോഴത്തെ തലമുറ വളരുന്നത്. ഇത് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിയെന്നാണ് എന്റെ അഭിപ്രായം. ഭാര്യാഭര്‍തൃബന്ധത്തിലായാലും സൗഹൃദം കൂടി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ വിശ്വാസ്യത കൂടും.

കുഞ്ഞുനാളില്‍ സ്‌കൂളില്‍ പോകുമ്പോള്‍ കൂട്ടുകാര്‍ വന്ന് സഹോദരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തുടങ്ങിയതാണ് ഒരു അനിയത്തി വേണമെന്ന മോഹം. ജീവനുള്ള ഒരു പാവക്കുട്ടിയായിരുന്നു എന്റെ സങ്കല്പത്തില്‍ അനിയത്തി.കണ്ണെഴുതിക്കണം പളപളാമിന്നുന്ന ഉടുപ്പിടീച്ച് ഒരുക്കിനടത്തണം തുടങ്ങി ഒരുപാട് സ്വപ്നങ്ങള്‍ ഞാന്‍ നെയ്തുകൂട്ടി.

ഒരിക്കല്‍പോലും അനിയനുവേണ്ടി ഞാന്‍ ആഗ്രഹിച്ചിട്ടില്ല. മമ്മി ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷം മുതല്‍ വിലയേറിയ കളിപ്പാട്ടത്തിനായുള്ള ഏഴുവയസ്സുകാരിയുടെ കാത്തിരിപ്പ് ഒന്നുകൂടി തീവ്രമായി. ഒറ്റമകളെന്നുള്ള സ്ഥാനം നഷ്ടപ്പെടും എന്നോടുള്ള സ്‌നേഹം കുറയും തുടങ്ങിയ ചിന്തകളൊന്നും എന്നെ അലട്ടിയില്ല.

എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും എപ്പോഴും കൂട്ടായി കാണുമെന്ന് എനിക്കുറപ്പുള്ള കൂട്ടുകാരിയാണ് വരാന്‍പോകുന്നതെന്ന് എന്റെ ഇളംമനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. മമ്മിയുടെ വയറ്റില്‍ കിടന്നുറങ്ങുമ്പോള്‍ മുതല്‍ കുഞ്ഞനിയത്തിയെ ഉമ്മ വെച്ചിരുന്നതും ആ സ്‌നേഹം കൊണ്ടാകാം.

എന്റെ സ്പര്‍ശനത്തിനുള്ള പ്രതികരണമായ ചെറിയ ഞെരുക്കവും അനക്കവും ഞാന്‍ മതിമറന്ന് ആസ്വദിച്ചു. ഒരു തയ്യാറെടുപ്പിന്റെ ഭാഗമായി പുറമെ പക്വത ഭാവിക്കാനും ഞാന്‍ മറന്നില്ല. ആഗ്രഹിച്ചതുപോലെ എന്റെ അനിയത്തിക്കുട്ടിയെ കയ്യില്‍കിട്ടിയ നിമിഷം ഇപ്പോഴും മങ്ങാത്ത ഓര്‍മ്മയാണ്.

അനു സിതാര എന്ന എന്റെ പേരിനോട് ചേരുന്ന രീതിയ്ക്ക് അനു സോനാര എന്നാണ് മാനു (പിതാവ്) അവള്‍ക്ക് പേരിട്ടത്. ഞാന്‍ അവള്‍ക്ക് ഇന്നയും അവളെനിക്ക് ചോട്ടുവുമാണ്. എന്റേതായ രഹസ്യങ്ങള്‍ എന്റെ മനസ്സിലിരിക്കുന്നതിനേക്കാള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ മറ്റൊരു കൂട്ടുകാരിയെത്തേടി എനിക്ക് പോകേണ്ടിവന്നിട്ടില്ല.

പ്രായത്തിലെ വ്യത്യാസംകൊണ്ടാകാം ചോട്ടു എനിക്കെന്റെ മോളാണ്. എന്തുകാര്യം ചെയ്യുമ്പോഴും ഞാന്‍ യെസ് പറഞ്ഞാലേ അവള്‍ക്ക് തൃപ്തിയാകൂ. മാനുവും മമ്മിയും ചേര്‍ന്ന് ഡ്രെസ്സ് സെലക്ട് ചെയ്താലും ഞാന്‍ ഓകെ പറയാതെ അവളുടെ മുഖം തെളിയില്ല.

എന്റെ കണ്ണൊന്നു നിറഞ്ഞാല്‍ അവള്‍ പൊട്ടിക്കരയും. അത്രയ്ക്ക് അറ്റാച്ച്ഡ് ആണ്. വിഷ്ണുവേട്ടനുമായുള്ള വിവാഹത്തെക്കുറിച്ച് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അവളുടെ ഭാഗത്തുനിന്ന് 'ഏട്ടന്‍പാവമാണ് 'എന്നൊരു ഡയലോഗ് വന്നതാണ് എന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്.

uploads/news/2017/11/169585/Weeklyfrndship281117a1.jpg
* അനു സിതാരയ്‌ക്കൊപ്പം അനുജത്തി അനു സോനാര (വലത്തു നിന്ന് രണ്ടാമത്)

സ്‌കൂള്‍ കാലയളവുമുതല്‍ എനിക്ക് പേടിയുള്ള കാര്യങ്ങള്‍ ചോട്ടുവിലൂടെയാണ് ഞാന്‍ ഓപ്പറേറ്റ് ചെയ്തിരുന്നത്. കുഞ്ഞായതുകൊണ്ട് അവള്‍ക്ക് വീട്ടില്‍ കിട്ടിയിരുന്ന പരിഗണന ഞാന്‍ ഒരളവുവരെ മുതലെടുത്തു. ഏതെങ്കിലും വിഷയത്തിന് മാര്‍ക്ക് കുറഞ്ഞാല്‍ ആദ്യം ഞാനത് വീട്ടില്‍ കാണിക്കാതെ അനിയത്തിയോട് സങ്കടം പറയും.

അവള്‍ മാനുവിന്റെ അടുത്തു ചെന്ന് 'ഇന്ന നന്നായി പഠിച്ചതാ, ക്‌ളാസില്‍ എല്ലാര്‍ക്കും മാര്‍ക്ക് കുറവാ. വഴക്കൊന്നും പറയേണ്ട. ഇപ്പൊ തന്നെ കരച്ചിലാ' എന്നൊക്കെ പറഞ്ഞ് മയപ്പെടുത്തി ആന്‍സര്‍ പേപ്പര്‍ കാണിച്ച് സൈന്‍ വാങ്ങിത്തരും.

കലാമണ്ഡലത്തിലാണ് ഞാന്‍ പത്താം ക്ലാസ് പഠിച്ചത്. തൃശ്ശൂര് നിന്ന് വയനാട്ടിലെ എന്റെ വീട്ടിലെത്താന്‍ ദൂരക്കൂടുതല്‍ കാരണം, അടുപ്പിച്ച് മൂന്ന് ദിവസമെങ്കിലും അവധി കിട്ടുമ്പോള്‍ മാത്രമേ സാധിച്ചിരുന്നുള്ളു. വെളുപ്പിനെ എഴുന്നേറ്റ് എല്ലാക്കാര്യങ്ങളും സ്വയം ചെയ്ത്, ഉച്ചവരെയുള്ള നൃത്താഭ്യാസം കഴിഞ്ഞ് വിശ്രമമില്ലാതെ പഠനവും നടത്തുന്നതായിരുന്നു അവിടത്തെ രീതി.

ഗുരുകുല സമ്പ്രദായമാണ്. ഗുരുക്കന്മാരെ കൂടാതെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ കാണുമ്പോഴും തൊഴുതുവണങ്ങണം. വല്ലാത്ത സ്‌ട്രെസ് ആയിരുന്നു ആ ഇടയ്ക്ക് മനസ്സില്‍. രാത്രി ആരും കാണാതെ കിടന്നുകരഞ്ഞിട്ടുണ്ട്.

ഒന്ന് ടിവി കാണാന്‍പോലും സൗകര്യമില്ല. അന്നേ സിനിമ എനിക്കൊരു ദൗര്‍ബല്യമായിരുന്നതുകൊണ്ട് അങ്ങനൊരു അവസ്ഥ എന്നെ സംബന്ധിച്ച് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ചിട്ടവട്ടങ്ങളുടെ ലോകത്തുനിന്ന് ഒരുമോചനം കൊതിച്ചാണ് വീട്ടിലേക്ക് ചെല്ലുന്നത്. പത്താം ക്ലാസ്സ് ആണെന്ന ഓര്‍മവേണമെന്ന പല്ലവി അവിടെയും കേള്‍ക്കുമ്പോള്‍ കലി വരും. ആ നേരത്തും ഏക ആശ്വാസം ചോട്ടുവായിരുന്നു . അവളാണെന്റെ കള്ളത്തരങ്ങള്‍ക്ക് കൂട്ടുനിന്ന് സിനിമ കാണാന്‍ അവസരം ഒരുക്കിത്തന്നിരുന്നത്.

പഠനത്തിന് പ്രത്യേക സമയം പറഞ്ഞേര്‍പ്പെടുത്തിയാണ് മാനു ഓഫീസിലേക്ക് പോവുക. പകല്‍ മുഴുവനിരുന്ന് പഠിച്ചാല്‍ സെക്കന്‍ഡ് ഷോ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനത്തോടൊപ്പം ഞാന്‍ പഠിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വിശ്വസ്തയായ ഇളയ മകളെയും ഏര്‍പ്പാടാക്കും.

ടിവി കണ്ടും ഉറങ്ങിയും കുറച്ചുനേരം മാത്രം പഠിച്ചും ഞാന്‍ അവധി തള്ളിനീക്കുമ്പോള്‍ മാനുവിന്റെ ഫോണ്‍ കോള്‍ വരും. ഉടനെ അനിയത്തി പറയും : ''ഇന്ന എല്ലാം പഠിച്ചു. ഞങ്ങള്‍ റെഡി ആയി നില്‍ക്കാം, സിനിമയ്ക്ക് പോകണ്ടേ '' എന്ന്.

അടയാളപ്പെടുത്തിയ ഭാഗത്തെ ചോദ്യങ്ങള്‍ ചോദിച്ചുനോക്കാന്‍ പറയുമ്പോഴാണ് രസം. ഞങ്ങള്‍ പുസ്തകം തുറന്നുവയ്ക്കും. അവള്‍ ചോദ്യങ്ങള്‍ വായിക്കുമ്പോള്‍ അതെ ബുക്കില്‍ നോക്കി ഞാന്‍ ഉത്തരങ്ങളും പറഞ്ഞുകേള്‍പ്പിക്കും.

രണ്ടുപേരുംകൂടിയുള്ള ഒത്തുകളിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മമ്മിയുടെ മൗനസമ്മതത്തോടെയുള്ള കള്ളത്തരങ്ങള്‍ മാനു ഞങ്ങളുടെ സന്തോഷത്തിനുവേണ്ടി കണ്ടില്ലെന്നുവെച്ചതായിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്.

ഒരുപക്ഷെ, സിനിമയൊന്നും കാണാതെ പഠനത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല മാര്‍ക്ക് നേടാമായിരുന്നു. വേറൊരു ആംഗിളില്‍ ചിന്തിച്ചാല്‍,അന്നുമുതലേയുള്ള സിനിമാഭ്രമമാണ് എന്നെ നടിയാക്കിയത്. എന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി എന്നോടൊപ്പം നിന്ന എന്റെ അനിയത്തിയാണ് അതിനു കാരണം.

മീട്ടു റഹ്മത്ത് കലാം

Ads by Google
Ads by Google
Loading...
TRENDING NOW