''കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ തുടങ്ങിയ രൂപത്തിലായിരിക്കും അത് പ്രകടമാകുന്നത്. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോകുക, നോക്കുമ്പോള്‍ വസ്തുക്കള്‍ ചെറുതായിതോന്നുക, ഇതെല്ലാം കണ്ണിന്റെ ആയാസം വര്‍ധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്''
കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവി സംശയങ്ങള്‍ ഉണ്ടാകാം. ഇത്തരം സംശയങ്ങള്‍ക്ക് പലപ്പോഴും വ്യക്തമായ മറുപടി ലഭിച്ചെന്നു വരില്ല. നിത്യ ജീവിതത്തില്‍ പലപ്പോഴായി സ്വയം ചോദിച്ചിട്ടുള്ള ആ ചോദ്യങ്ങള്‍.
1. പരീക്ഷാസമയത്തും സ്റ്റഡിലീവിലും കുട്ടികള്‍ തുടര്‍ച്ചയായിരുന്ന് വായിക്കുന്നത് കണ്ണിന് ആയാസം വര്‍ധിപ്പിക്കുമോ?
സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം പ്രശ്നങ്ങള്‍ക്കു കാരണമാകാം. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ തുടങ്ങിയ രൂപത്തിലായിരിക്കും അത് പ്രകടമാകുന്നത്. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോകുക, നോക്കുമ്പോള്‍ വസ്തുക്കള്‍ ചെറുതായിതോന്നുക, ഇതെല്ലാം കണ്ണിന്റെ ആയാസംവര്ധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. യഥാര്‍ത്ഥത്തില്‍ അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ കണ്ണിന് കൂടുതലായി ഫോക്കസ് ചെേയ്യണ്ടി വരുന്നതുമൂലമുള്ള സമര്‍ദമാണ് ഇതിനു കാരണം. അതിനൊപ്പം പഠനകാലത്തെ മാനസികസമ്മര്ദങ്ങളും. മത്സരപ്രവണത കൂടിയേതാടെ സ്കൂള്‍, വീട്, ട്യൂഷന്‍സെന്റര്‍, സുഹൃത്തുക്കള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങളും വര്‍ധിച്ചു.
2. വായനാ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങനെയായിരിക്കണം?
നല്ല വെളിച്ചമുള്ള മുറയിലിരുന്ന് വേണം വായിക്കുവാന്‍. അത് പുറകുവശത്തുനിന്നു വരത്തക്ക രീതിയില്‍വേണം വെളിച്ചം ക്രമീകരിക്കാന്‍. വെളിച്ചം നേേര വരത്തക്ക രീതിയിലിരുന്ന് വായിക്കുന്നത് നല്ലതല്ല. ഇതിനു കാരണം കൂടുതലായി കണ്ണിനു ഫോക്കസ് ചെയ്യേണ്ടിവരുമെന്നതാണ്്.
3. കണ്ണിന് ആയാസമില്ലാതെ വായിക്കുവാന്‍ ഏതു രീതിയാണ് നല്ലത്. കിടന്നുകൊണ്ട് വായിക്കുന്നത് കണ്ണിന് ദോഷം ചെയ്യുമോ?
കണ്ണില്‍നിന്ന് 12- 14 സെന്റീമീറ്റര്‍ പുസ്തകം അകറ്റിപ്പിടിച്ച് വായിക്കുന്നതാണ് നല്ലത്. മറ്റ് ഏത് രീതിയില്‍ വായിക്കുന്നതും എഴുതുന്നതും കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും. മലര്‍ന്നും കമിഴ്ന്നും കിടന്നു വായിക്കുന്നതും അടുത്തുപിടിച്ച് വായിക്കുന്നതും നല്ലതല്ല. ടി. വി കണ്ടുകൊണ്ട് വായിക്കുന്നതും ശരിയായ രീതി അല്ല. തുടര്‍ച്ചയായിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതും ടെലിവിഷന്‍ കാണുന്നതും എഴുതുന്നതും വായിക്കുന്നതും കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും. ഒരേ കാര്യത്തില്‍തന്നെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. ഇത് കണ്ണ് വരളുന്നതിന് കാരണമാകുന്നു.
4. കണ്ണിന് വിശ്രമം ആവശ്യമാണോ? കണ്ണിനു ചുറ്റും കറുത്ത അടയാളം ഉണ്ടാകാന്‍ കാരണമെന്താണ്?
ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തില്‍ ഏറ്റവും അധികം പ്രവര്‍ത്തിക്കുന്ന ഭാഗമാണ് കണ്ണുകള്‍. അതിനാല്‍ അവയ്ക്കു തീര്‍ച്ചയായും വിശ്രമം ആവശ്യമാണ്. കണ്ണട ഉപയോഗിക്കേണ്ടവര് ഉപയോഗിക്കാതിരിക്കുക, സൂര്യപ്രകാശം ഏല്‍ക്കുന്നത് മുതലായ പല കാരണങ്ങള്‍ക്കൊണ്ടും കണ്ണിനു ചുറ്റും കറുത്തപാടുകള്‍ ഉണ്ടാകാം.
5. കണ്ണിന് ഉന്മേഷം നല്കി ഉള്‍പ്പേശികള്‍ക്ക് ബലം നല്കുന്ന വ്യായാമങ്ങള്‍?
കണ്ണുകളുടെ ആയാസം കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. കണ്ണിന് ഉന്മേഷം നല്കാന് ഈ ലളിത വ്യായാമങ്ങള്‍ സഹായിക്കും. തുടര്ച്ചയായിരിക്കാതെ അല്പ സമയം എഴുന്നേറ്റു നടക്കുക്കുക, ദൂരേയ്ക്കു നോക്കുക എന്നിവയെല്ലാം ചെയ്യാവുന്നതാണ്. കൃഷ്ണമണി എല്ലാവശങ്ങളിലേക്കും ചുറ്റിക്കുന്നത് നല്ലൊരു വ്യായാമമാണ്. കണ്ണിന്റെ ഉള്‍പ്പേശികള്‍ക്ക് ബലമേകാന്‍ ഇത് സഹായിക്കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നതു നല്ലതാണ്.
6. മയോപ്പിയ കുട്ടികളില്‍ കാണപ്പെടുമോ? ലക്ഷണങ്ങളിലൂടെ ഇത് തിരിച്ചറിയാമോ?
കുട്ടികളില്‍ മയോപ്പിയമൂലമുള്ള കാഴ്ചത്തകരാറുകള്‍ പഠനത്തെ ബാധിക്കാം. ഈ പ്രശ്നമുള്ളവര്‍ക്ക് അകലെയുള്ള വസ്തുക്കള്‍ കാണാന്‍ വിഷമമായിരിക്കും. എന്നാല്‍ അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ വിഷമമുണ്ടാവില്ല. കുട്ടി പുസ്തകം ചേര്‍ത്തുപിടിച്ചു വായിക്കുക, അടുത്തിരുന്നു ടി.വി കാണുക, താഴേയ്ക്കു നോക്കി നടക്കുക, അകലെനിന്നുള്ള കാഴ്ചകളോട് പ്രതികരിക്കാതിരിക്കുക ഇവയെല്ലാം മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടിയുടെ ചില ലക്ഷണങ്ങളാണ്. പിന്ബഞ്ചില് ഇരിക്കുമ്പോള്‍ ബോര്‍ഡില്‍ എഴുതിയത് കാണാതെ പോകുന്നതിനു കാരണവും ഇതുതന്നെ.
7. കുട്ടികളിലെ കാഴ്ച്ചത്തകരാറുകള്‍ അധ്യാപകര്‍ക്കു തിരിച്ചറിയാന്‍ സാധിക്കുമോ?
തീര്‍ച്ചയായും കുട്ടികളിലെ കാഴ്ചത്തകരാറുകള്‍ അദ്ധ്യാപകര്‍ക്കു കണ്ടെത്താം. പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ പെട്ടെന്ന് പഠനത്തില്‍ മോശമാകുക, ബോര്‍ഡില്‍ എഴുതിയത് കാണാതെ, പുസ്തകം ചേര്‍ത്തുപിടിച്ചു വായിക്കുക എന്നീ ലക്ഷണങ്ങളിലൂടെ അധ്യാപകര്‍ക്ക് കുട്ടികളുടെ കാഴ്ചത്തകരാറുകള്‍ മനസിലാക്കാവുന്നതാണ്്. ഒരു ക്ലാസിലെ കുട്ടികളുടെ കാഴ്ച പരിശോധന ടീച്ചര്‍മാര്‍ക്കു സ്വയം നടത്താവുന്നതാണ്. നല്ല വെളിച്ചുമുള്ള മുറിയില്‍ ബോര്‍ഡില്‍ വലിയ അക്ഷരത്തിലും ചെറിയ അക്ഷരത്തിലും എഴുതുക. ക്ലാസിന്റെ ഏറ്റവും പുറകിലായി കുട്ടിയെ നിര്‍ത്തി വായിപ്പിക്കുക. ഓരോ കണ്ണുകൊണ്ടും മാറി മാറി വായിപ്പിക്കണം. ഉള്ളം കൈകൊണ്ട് ഒരു കണ്ണ് നന്നായി പൊത്തിപ്പിടിച്ചു വായിപ്പിക്കുക. ഓരോ കണ്ണുകൊണ്ടും ബോര്‍ഡിലെ എല്ലാവരികളും വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുട്ടിക്ക് എന്തെങ്കിലും കാഴ്ചത്തകരാറുള്ളതായി മനസിലാക്കാം.
8. കണ്ണിന്റെ ആരോഗ്യത്തിന് വീട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
കണ്ണിന്റെ ആയാസംമൂലമുള്ള തലവേദന, കണ്ണില്‍നിന്നു വെള്ളം വരിക എന്നീപ്രശ്നങ്ങള്‍ ഡോക്ടറെ കാണിച്ചു പരിശോധിക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും കണ്ണടകള്‍ ഉപയോഗിക്കണം. കുട്ടികള്‍ കണ്ണിന് ദോഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാതാപിതാക്കളും ഉറപ്പുവരുത്തണം. നല്ല വെളിച്ചമുള്ള മുറിയിലിരുന്ന് ടി. വി, കാണിക്കുക, കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളം ഇലക്കറികള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
9. അസ്റ്റിഗ്മാറ്റിസം എന്ന അവസ്ഥ എങ്ങനെ തിരിച്ചറിയാം. ചികിത്സയിലൂടെ ഇത് പരിഹരിക്കാമോ?
കാഴ്ചയ്ക്കു മങ്ങല്‍പ്പോലെ തോന്നുന്ന അവസ്ഥയാണിത്. അക്ഷരങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുട്ടിക്കു കൃത്യമായി മനസിലാക്കാന്‍ കഴിയാതെ വരുന്നു. ദൂരെകാഴ്ച കുറവ്, കണ്ണിറുക്കിനോക്കുക, തലവേദന, കണ്ണുവേദന തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ലെന്‍സ് ഉപയോഗിച്ചും ലേസര്‍ ശസ്ത്രക്രിയയിലൂടെയും മറ്റും ഈ രപശ്നം പരിഹരിക്കാവുന്നതാണ്.
കടപ്പാട്:
ഫാമിലി ഐകെയര്‍