Wednesday, July 17, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 26 Nov 2017 01.58 PM

പൈപ്പിന്‍ചുവട്ടിലെ മിടുക്ക്

പൈപ്പിന്‍ചുവട് അത്ര വിശാലമായ ലോകമല്ലാത്തതുകൊണ്ട് പ്രമേയത്തിന് പരിമിതികളുണ്ട്, എന്നാല്‍ ആ പരിമിതികള്‍ക്കുള്ളില്‍നിന്ന് ജലത്തിന്റെ രാഷ്ട്രീയത്തെ, പ്രതിസന്ധിയെ കലര്‍പ്പില്ലാതെ, നര്‍മരസത്തിലൂന്നി പറയാനാണ് ഇവരുടെ ശ്രമം. പ്രമേയപരമായ പ്രതിസന്ധി ഒരു മുഴുനീള എന്റര്‍ടെയ്‌നറോ തികവുറ്റ സിനിമയോ ആയി വളരാന്‍ പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തെ അനുവദിക്കുന്നില്ലെങ്കിലും പുതുമുഖങ്ങളുടെ വേറിട്ട പരീക്ഷണം എന്ന പരിഗണന അര്‍ഹിക്കുന്ന സിനിമയാണിത്.
paipin chuvattile pranayam review

ആശുപത്രിവരാന്ത പോലാണ് കേരളത്തിലെ പൈപ്പിന്‍ ചുവടുകള്‍; പ്രണയത്തിനും കലഹത്തിനും പ്രതിഷേധത്തിനും, ദുരന്തത്തിനും ഒരേസമയം സാധ്യതയുള്ള സ്ഥലം. അതുവച്ചൊരു സിനിമ സാധ്യമാണോ എന്നു ചോദിച്ചാല്‍ ആണെന്നാണു നവാഗതനായ ഡൊമിന്‍ ഡിസില്‍വയും സംഘവും പറയുന്നത്. പൈപ്പിന്‍ചുവട് അത്ര വിശാലമായ ലോകമല്ലാത്തതുകൊണ്ട് പ്രമേയത്തിന് പരിമിതികളുണ്ട്, എന്നാല്‍ ആ പരിമിതികള്‍ക്കുള്ളില്‍നിന്ന് ജലത്തിന്റെ രാഷ്ട്രീയത്തെ, പ്രതിസന്ധിയെ കലര്‍പ്പില്ലാതെ, നര്‍മരസത്തിലൂന്നി പറയാനാണ് ഇവരുടെ ശ്രമം. പ്രമേയപരമായ പ്രതിസന്ധി ഒരു മുഴുനീള എന്റര്‍ടെയ്‌നറോ തികവുറ്റ സിനിമയോ ആയി വളരാന്‍ പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തെ അനുവദിക്കുന്നില്ലെങ്കിലും പുതുമുഖങ്ങളുടെ വേറിട്ട പരീക്ഷണം എന്ന പരിഗണന അര്‍ഹിക്കുന്ന സിനിമയാണിത്. നിര്‍മിതിയിലും കഥാപാത്രത്തിലും പശ്ചാത്തലത്തിലും ആഖ്യാനത്തിലും ഗപ്പി എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. മികവുള്ള തിരക്കഥയും മിഴിവുള്ള അവതരണവും അടുപ്പം തോന്നുന്ന അഭിനേതാക്കളും പരിചയമുള്ള ജീവിതസന്ദര്‍ഭങ്ങളും സിനിമയ്ക്കുണ്ട്. അതേസമയംഅപൂര്‍ണമായൊരു ആഖ്യാനവും മുറുക്കമില്ലാത്ത ക്ളൈമാക്‌സും സിനിമയുടെ ഒഴുക്കു നഷ്ടപ്പെടുത്തുന്നുണ്ട്.

ചെറിയവേഷങ്ങളിലൂടെയും നായകസഹചാരിയായും വളര്‍ന്ന നീരജ് മാധവിനെയും അസംഖ്യം കുട്ടിക്കഥാപാത്രങ്ങളെയും കേന്ദ്രസ്ഥാനത്തുനിര്‍ത്തിക്കൊണ്ടാണു സിനിമ പറയുന്നത്. കൊച്ചി നഗരത്തിന്റെ കായല്‍ മറുകരയിലുള്ളൊരു തുരുത്തിലെ കുടിവെള്ളപ്രതിസന്ധിയാണു പ്രമേയം. നാലുചുറ്റും വെള്ളത്താല്‍ വളഞ്ഞിട്ടും കുടിവെള്ളമില്ലാതെ വലയുന്ന പണ്ടാരത്തുരുത്ത് എന്ന തുരുത്തിലെ നൂറോളം കുടുംബങ്ങളുടെ പ്രതിസന്ധിയാണ് പറയാന്‍ ശ്രമിക്കുന്നത്. പൈപ്പിലൂടെ വല്ലപ്പോഴും വരുന്ന വെള്ളം മാത്രമാണ് കുടിവെള്ളത്തിന് ഇവരുടെ ആശ്രയം. ഇവിടേയ്ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കാനോ ഇവിടെയുള്ള പുരുഷന്മാരുടെ വിവാഹം നടക്കാനോ പ്രതിസന്ധി നേരിടുന്നു. സ്ത്രീകള്‍ ഏറെയും പൈപ്പിന്‍ചുവട്ടില്‍ കാത്തിരിക്കേണ്ടിവരുന്നു. ഇതാണു സിനിമയുടെ പരാമര്‍ശവിഷയം.

paipin chuvattile pranayam review

വെള്ളത്തിന്റെ പ്രതിസന്ധി എന്താണ് എന്നറിഞ്ഞിട്ടുള്ളവര്‍ക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യം. കേരളം ഒരു വല്ലാത്ത സ്ഥലമാണ്. ജലസമൃദ്ധിയുടെ ഇടയ്ക്കും ജലക്ഷാമമുള്ള ലോകത്തിലെ തന്നെ അപൂര്‍വ ഇടങ്ങളില്‍ ഒന്ന്. അതുകൊണ്ടുതന്നെ ജനസംഖ്യയിലെ പകുതിയോളം പേര്‍ക്ക് ഇതൊക്കെ അതിശയോക്തിയായിത്തോന്നാന്‍ സാധ്യതയുണ്ട്. അതിനപ്പുറം ജലത്തിന്റെ പ്രതിസന്ധിയെ, അതു നിത്യജീവിതത്തിലുണ്ടാക്കുന്ന സാധാരണക്കാരന്റെ വിഷമതകളെക്കുറിച്ച് ഒരു പ്രണയത്തിന്റെ ചുവടുപിടിച്ച് പറയാനാണ് സിനിമ ശ്രമിക്കുന്നത്. വേണങ്കെില്‍ ഒരു ഡോക്യൂമെന്ററി സ്വഭാവത്തിലുള്ള ആര്‍ട്ചിത്രമായി മാറ്റാന്‍ സാധിക്കുമായിരുന്ന ഈ സിനിമയെ പരമാവധി ജനപ്രിയരീതിയില്‍ പുതുതലമുറ സിനിമകളുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തി പറയാന്‍ ശ്രമിച്ചുവെന്നതാണു സിനിമയെ ജീവസുറ്റതാക്കുന്നത്. ജനപ്രിയ സിനിമയായതുകൊണ്ടതു ജലം എന്ന പ്രതിസന്ധിക്ക് സിനിമ അവസാനിക്കുന്ന 138 മിനിട്ടുകൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടതുണ്ട്. ആ പരിഹാരശ്രമമാണു സിനിമയുടെ ടോട്ടാലിറ്റിയില്‍ ഒരു അപൂര്‍ണത അനുഭവപ്പെടുത്തുന്നതും. തുടക്കത്തിലെ എഡിറ്റിങ്ങിലെ ആശക്കുഴപ്പങ്ങളും അപൂര്‍ണതകളും അനാവശ്യരംഗങ്ങളും അടുക്കും ചിട്ടയുമില്ലാത്ത സിനിമയാണോ എന്ന തോന്നലും സൃഷ്ടിക്കുന്നുണ്ട്.

നീരജ് മാധവ്, റീബ മോണിക്ക ജോണ്‍, സുധീ കോപ്പ, അപ്പാനി രവി എന്ന ശരത്കുമാര്‍, ജാഫര്‍ ഇടുക്കി, തെസ്‌നി ഖാന്‍, ധര്‍മജന്‍, എന്നിവരാണു പ്രധാനവേഷങ്ങളില്‍. സിനിമാറ്റിക് ഡാന്‍സും പെയിന്റ് അടിയും തൊഴിലാക്കിയ ഗോവിന്ദന്‍കുട്ടി എന്ന ഗോവൂട്ടിയാണ് നീരജ് മാധവ് അവതരിപ്പിക്കുന്ന മുഖ്യകഥാപാത്രം. അയല്‍പ്പക്കത്തെ ആണ്‍കുട്ടി എന്ന ഇമേജില്‍ നീരജ് പെര്‍ഫെക്ടാണ്, സ്വഭാവികവും പുതുസിനിമകളുടെ പരിസരത്തിന് അനുയോജ്യമായ പ്രകടനവും. വൈകാരികരംഗങ്ങളില്‍ പതറുന്നുണ്ടെങ്കിലും ശരാശരിക്കാരനായ ഒരു മലയാളിപ്പയ്യനെ നീരജിനു വിശ്വസനീയമായി അവതരിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ സിനിമയിലേക്കുവന്ന റീബ മോണിക്ക ജോണ്‍ ആണ് പൈപ്പിന്‍ചുവട്ടില്‍ പ്രണയിക്കാനെത്തുന്ന നായിക. നടപ്പിലും ചിരിയിലും പ്രണയാതുരമായ നോട്ടങ്ങളിലുമെല്ലാം റീബ നായികയാണെങ്കിലും പ്രകടനം കൊണ്ടു തെളിയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ശരാശരിയിലോ അതില്‍ താഴെയോ ഒതുങ്ങി. അപ്പാനി രവിയാണ് കീടം എന്നുവിളിക്കുന്ന ദ്വീപിലെ 'ബാഡ് ബോയ്.' ശരീരഭാഷകൊണ്ട് ഒരു കീടമാകാന്‍ രവിക്കു സാധിച്ചിട്ടുണ്ട്. സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം സുധി കോപ്പയുടേതാണ്. അയ്യപ്പന്‍ എന്ന മുഴുനീള, അഭിനയ സാധ്യതയുള്ള കഥാപാത്രത്തെ സുധി കോപ്പ ഗംഭീരമാക്കി താന്‍ വലിയ സാധ്യതകളുള്ള നടനാണ് എന്നു തെളിയിച്ചിട്ടുണ്ട്.

paipin chuvattile pranayam review

ദ്വീപില്‍നിന്ന് ഒരിക്കലും പുറത്തേക്കു കാമറ സഞ്ചരിക്കുന്നില്ല. തുരുത്തുജീവിതത്തിന്റെ നിത്യക്കാഴ്ചക്കളെ സുന്ദരമായി പകര്‍ത്തുന്നുമുണ്ട്. ദുരിതത്തിന്റെ കയത്തില്‍നിന്നുകൊണ്ടുതന്നെ നഗരത്തെ പിന്നാമ്പുറക്കാഴ്ചയാക്കിയാണ് സിനിമ സഞ്ചരിക്കുന്നതും വികസിക്കുന്നതും. നഗരത്തില്‍നിന്നു തുരുത്തിലേയ്ക്കല്ല, തുരുത്തില്‍നിന്ന് നഗരത്തിലേക്കാണു സിനിമ കാണുന്നതും പറയുന്നതും. പവി കെ. പവന്റെ ക്യാമറ ഈ തുരുത്തിലേക്കെത്തിയ ഒരു ഫീല്‍ നല്‍കുന്നുണ്ട്. പത്തരമാറ്റ് പവനാണ് പവി. ബ്രില്ല്യന്റ് എന്നുവിശേഷിപ്പിക്കേണ്ട ദൃശ്യപരിചരണമാണ് ഈ പുതുമുഖ ഛായാഗ്രാഹകന്റേത്. കായലില്‍വീണുള്ള സംഘടനരംഗമൊക്കെ ഗംഭീരം. ബിജിപാലിന്റെ സംഗീതവും കൂടിച്ചേരുമ്പോള്‍ ഇടയ്‌ക്കൊക്കെ തപ്പിത്തടയുന്ന ആഖ്യാനത്തെ സ്മൂത്താക്കുന്നുണ്ട്.

ഡൊമിന്‍ ഡിസില്‍വയ്‌ക്കൊപ്പം ആന്റണി ജീവനും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ്. സമകാലിന സാമൂഹികപ്രശ്‌നത്തെ അതിന്റെ സത്ത ചോരാതെ ഒരു പ്രണയം പശ്ചാത്തലമാക്കി അവതരിപ്പിക്കാന്‍ ഈ രചനയ്ക്കാവുന്നുണ്ട്. ഇടവേളയെത്തുമ്പോള്‍ അതുവരെ നര്‍മസല്ലാപം കണ്ടുകൊണ്ടിരിക്കുന്നവരിലേക്കു കുടിവെള്ളം എന്ന വിഷയത്തിന്റെ തീവ്രത എത്തിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ പിന്നീടങ്ങോട് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയറിലീസില്‍ കണ്ടതുപോലുള്ള മാധ്യമ ഇടപെടലുകളും സോഷ്യല്‍ എക്‌സ്പിരിമെന്റുകളുമായി സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിന് സൊലൂഷന്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതോടെ കാടുകയറിപ്പോകുന്നുണ്ട്. ആ പതിവുവഴിയല്ലായിരുന്നു പറയാനുണ്ടായിരുന്നതെങ്കില്‍ അടുത്തകാലത്ത് ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്കു കയറാനുള്ള മികവും രാഷ്ട്രീയ, സാമൂഹിക ബോധവും ഈ പൈപ്പിന്‍ ചുവട്ടിലുണ്ട്. ഗപ്പി, പറവ സിനിമകളുടെ അതേ ശ്രേണിയിലേക്കാണ് പൈപ്പിന്‍ചുവട്ടിലേയും ചേരിവാസികളുടെ ജീവിതമെത്തുന്നത്. അത്തരം സിനിമകള്‍ ആസ്വദിച്ചവര്‍ക്കു നിരാശരാകേണ്ടിവരില്ല.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 26 Nov 2017 01.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW