Tuesday, October 16, 2018 Last Updated 19 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 26 Nov 2017 01.07 AM

ഷഡ്‌പദം-സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/11/168836/sun3.jpg

ആശ്രമത്തിലും പുറത്തും രാമു ഈശ്വര്‍ജി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. സ്വന്തം പേര്‌ പോലും രാമു മറന്നു തുടങ്ങി. ഒരു ദിവസംപരസ്‌പരം കണ്ടുമുട്ടിയപ്പോള്‍ രാമു ഗുരുജിയോട്‌ പറഞ്ഞു.
''എന്റെ പേര്‌ പോലും എനിക്ക്‌ നഷ്‌ടമായല്ലോ ഗുരുജി..''
നിസഹായതയുടെ അപാരതയില്‍ നിന്നെന്നോണമായിരുന്നു ആ പരിദേവനം.
''രാമുണ്ണിയെന്ന്‌ ആരെങ്കിലും ഒന്ന്‌ വിളിച്ചുകേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നു. പക്ഷെ ആ പേര്‌ പറഞ്ഞാല്‍ അത്‌ ഞാനാണെന്ന്‌ അറിയുന്നവര്‍ പോലും ഈ ഭൂമുഖത്തില്ല. കണ്ണാടിയില്‍ നോക്കിയാല്‍ എന്റെ രൂപഭാവങ്ങള്‍ പോലും മാറിയിരിക്കുന്നു. നീട്ടിവളര്‍ത്തിയ താടിയും മുടിയും വയലറ്റ്‌ നിറമുളള കുപ്പായവും മറ്റും കണ്ടാല്‍ മറ്റാരോ ആണെന്ന്‌ എനിക്കു തന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു.''
ഗുരുജി ചിന്താമഗ്നനായി ഇരുന്നു. ഗൗരവം വിടാതെ അദ്ദേഹം അവന്‌ ഉത്തരം നല്‍കി.
''എന്തെങ്കിലും നഷ്‌ടപ്പെടാതെ എന്തെങ്കിലും നേടുക അപ്രാപ്യമാണ്‌ ഉണ്ണീ. നിന്റെ നഷ്‌ടങ്ങള്‍ എന്റെ കാഴ്‌ചപ്പാടില്‍ വളരെ ചെറുതാണ്‌. നേട്ടങ്ങളോ ഒരു പുരുഷായുസില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്തതും. നൂറ്റാണ്ടില്‍ ഒരാള്‍ക്ക്‌ പോലും ഇങ്ങനെയൊരു ഭാഗ്യം കരഗതമായെന്ന്‌ വരില്ല..''
ഗുരുജി രാമുണ്ണിക്ക്‌ ധൈര്യം കൊടുത്തു കൊണ്ടേയിരുന്നു. ഏത്‌ പ്രതിസന്ധിയിലും മനുഷ്യന്‌ പ്രചോദനം പകരേണ്ട വിശുദ്ധജന്മത്തിന്‌ താന്‍ ഇതാ ധൈര്യം പകരുന്നു. അതിലെ അപഹാസ്യതയോര്‍ത്ത്‌ ഗുരുജി ഉളളില്‍ ചിരിച്ചു.
രാമു അനിവാര്യവും നിര്‍ബന്ധിതവുമായ ഒരവസ്‌ഥയുടെ ബന്ധനത്തില്‍ നിന്നും വിമോചിതനാവാന്‍ കഴിയാത്തതിന്റെ നിസഹായതയോടെ മരവിച്ച്‌ നിന്നു. എല്ലാ അര്‍ത്ഥത്തിലും താനൊരു വിഗ്രഹമായി മാറിക്കഴിഞ്ഞുവെന്ന്‌ അയാള്‍ക്ക്‌ തോന്നി. വികാരങ്ങളും വിചാരങ്ങളും സ്വാതന്ത്ര്യവും സ്വന്തമായ തീരുമാനങ്ങളും നിലപാടുകളും ചലനാത്മകതയും ഒന്നുമില്ലാത്ത ഒരു കല്‍വിഗ്രഹം.
ഗുരുജി ആത്മീയവ്യാപാരത്തിന്റെ അനന്തസാദ്ധ്യകള്‍ രാമുവിനെ അനുദിനം ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു. അയാളെ സമര്‍ത്ഥമായി ഉപയോഗിച്ച്‌ ആശ്രമം വളര്‍ത്തിക്കൊണ്ടുമിരുന്നു.
''മേക്ക്‌ ബിലീഫ്‌...ഒരു കാര്യം യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിക്കുന്നു എന്ന്‌ തോന്നിക്കുന്ന തരത്തില്‍ അഭിനയിച്ച്‌ ഫലിപ്പിക്കാന്‍ കഴിയണം. അവതാരപുരുഷന്‍ എന്ന്‌ ആളുകള്‍ വിശ്വസിക്കുന്നയാളുടെ നിലനില്‍പ്പ്‌ അവിടെയാണ്‌ ''
''മനസിലായില്ല''
''ഭക്‌തരുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു വച്ച്‌ അവരുടെ മുന്നില്‍ അവതരിപ്പിച്ച്‌ അമ്പരപ്പിക്കണം''
''ഇതൊക്കെ ഞങ്ങടെ നാട്ടിലെ തുക്കടാ ജ്യോത്സ്യന്‍മാര്‍ പോലും ചെയ്യുന്ന തട്ടിപ്പ്‌ നമ്പറുകളാണ്‌..''
''പക്ഷെ ആ നാടും ഈ നാടും തമ്മില്‍ വ്യത്യാസമുണ്ട്‌. അത്‌ ജ്‌ഞാനികളുടെ നാട്‌. യുക്‌തിചിന്തയും സാമാന്യബോധവുമുള്ളവരുടെ നാട്‌. ഇത്‌ അജ്‌ഞരുടെ നാട്‌. എന്നിട്ടും വളരെ പ്ര?ഫഷനലായാണ്‌ നമ്മള്‍ തട്ടിപ്പുകള്‍ നടത്തുന്നത്‌. നടത്തേണ്ടതും... ''
''ഞാന്‍ എന്ത്‌ ചെയ്യണമെന്ന്‌ ഗുരുജി പറയൂ..''
ഗുരുജി റിമോട്ട്‌ കണ്‍ട്രോള്‍ വഴി മുറിയിലെ ടിവി ഓണ്‍ ചെയ്‌തു. ഭക്‌തജനങ്ങള്‍ തിങ്ങി നിറഞ്ഞ ഹാളിന്റെ ദൃശ്യം എല്‍.ഇ.ഡി സ്‌ക്രീനില്‍ തെളിഞ്ഞു.
''അവിടെ ആള്‍ക്കൂട്ടത്തിന്‌ നടുവിലെ നീലഷര്‍ട്ടുകാരനെയും പച്ചസാരിക്കാരിയെയും കണ്ടോ? അവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണ്‌..''
''അതിന്‌..?''
രാമു ജിജ്‌ഞാസുവായി.
''നമ്മുടെ ആളുകള്‍ തന്നെ ഭക്‌തരുടെ വേഷം കെട്ടി ആശ്രമത്തിന്റെ പല ഭാഗത്തായി നടപ്പുണ്ട്‌. അവര്‍ ഇക്കൂട്ടരില്‍ നിന്നും പല വിവരങ്ങളും സമര്‍ത്ഥമായി പിടിച്ചെടുത്ത്‌ നമുക്ക്‌ കൈമാറും. ഓരോ ദിവസവും ദര്‍ശനം തുടങ്ങും മുന്‍പ്‌ ചിലരുടെ വിവരങ്ങള്‍ കൃത്യമായി അറിയിക്കും. ദര്‍ശനത്തില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും വിശദാംശങ്ങള്‍ ശേഖരിക്കുക പ്രായോഗികമല്ല. തെരഞ്ഞെടുത്തവരെ മാത്രം. അല്ലാത്തവര്‍ക്ക്‌ വെറും ദര്‍ശനവും പ്രസാദവും സ്‌പര്‍ശനവും നല്‍കി മടക്കി അയക്കുക. ദര്‍ശനത്തിന്‌ മുന്‍പ്‌ ആളുകളുടെ വിശ്വാസം നേടാന്‍ ഇത്തരം ഗിമ്മിക്കുകള്‍ പയറ്റണം. നീലഷര്‍ട്ടുകാരനെ അടുത്തുവിളിച്ച്‌ അയാളുടെ പ്രശ്‌നങ്ങളും ഭൂതകാലവും പരസ്യമായി അയാളോട്‌ പറയണം. ഹാളില്‍ മൈക്കിലുടെ അത്‌ കേള്‍ക്കുന്ന മുഴുവന്‍ പേരും അത്ഭുതപ്പെടും. അയാള്‍ തന്നെ അത്‌ നൂറുകണക്കിന്‌ പേരോട്‌ സാക്ഷ്യം പറയും. മൗത്ത്‌ പബ്ലിസിറ്റിയാണ്‌ ഏറ്റവും വലിയ പ്രചാരണമാര്‍ഗം..''
രാമുണ്ണി അമ്പരപ്പോടെ എല്ലാം കേട്ടിരുന്നു.
''ഈശ്വര്‍ജിയില്‍ നിന്നും വിസ്‌മയിപ്പിക്കുന്ന അനുഭവങ്ങളുണ്ടായവരുടെ മൊഴികള്‍ നമ്മള്‍ വീഡിയോയില്‍ പകര്‍ത്തും. ഇത്‌ വെബ്‌സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയയിലുടെയും ലോകമൊട്ടുക്ക്‌ പ്രചരിപ്പിക്കും. പിന്നെ ദൈവവിശ്വാസമില്ലാത്ത ഭരണാധികാരികളും ശാസ്‌ത്രജ്‌ഞന്‍മാരും പോലും നിന്റെ മുന്നില്‍ മുട്ടുകുത്തും. അത്‌ കാണുന്ന സാധാരണക്കാരന്റെ വിശ്വാസം പതിന്‍മടങ്ങ്‌ വര്‍ദ്ധിക്കും..''
''വലിയ വലിയ ആളുകളും അജ്‌ഞരാണോ?''
രാമു നിഷ്‌ളകളങ്കമായ സംശയം ചോദിച്ചു.
''അവര്‍ അജ്‌ഞരല്ല, ബുദ്ധിരാക്ഷസന്‍മാരാണ്‌. ചിലര്‍ക്ക്‌ ഭക്‌തവേഷം കെട്ടിയാടാന്‍ ആശ്രമം പണം നല്‍കും. ചിലര്‍ അവരുടെ രഹസ്യസമ്പാദ്യം ചാരിറ്റിയുടെ മറവില്‍ ആശ്രമത്തില്‍ സൂക്ഷിക്കും. ഇതൊന്നും ആരും സംശയിക്കുകയുമില്ല''
ഗുരുജി അതും പറഞ്ഞ്‌ ഉറക്കെ ചിരിച്ചു.
അവിശ്വസനീയമായ ആത്മവഞ്ചനയുടെയും സാമുഹ്യവിരുദ്ധതയുടെയും ഒരു ലോകത്തിന്‌ താന്‍ സാക്ഷിയും ഉപകരണവുമാകുന്നതായി രാമുവിന്‌ തോന്നി. അയാളൂടെ നൈതികത മനസുകൊണ്ട്‌ അതിനോട്‌ വിയോജിച്ചു. പക്ഷെ വിമുഖത പുറത്ത്‌ കാണിക്കാന്‍ തത്‌കാലം നിര്‍വാഹമില്ല. ഗുരുജിയുടെ വിരല്‍ത്തുമ്പിന്റെ നിയന്ത്രണങ്ങള്‍ക്കൊത്ത്‌ ചലിക്കാന്‍ വിധിക്കപ്പെട്ട പാവയാണ്‌ തത്‌കാലം താന്‍.
എത്രയൊക്കെ ശ്രമിച്ചിട്ടും ഒരുനാള്‍ രാമുണ്ണിയുടെ ക്ഷമയുടെ അതിരുകള്‍ ലംഘിക്കപ്പെട്ടു.
''പക്ഷെ എന്നെ വിശ്വസിച്ച്‌ കടലുകള്‍ താണ്ടി ഇവിടെ എത്തുന്ന സാധുക്കളെ വഞ്ചിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഇനിയും ഇതാവര്‍ത്തിച്ചാല്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി ഞാന്‍ ലോകത്തെ അറിയിക്കും..''
ഗുരുജിയുടെ കണ്ണുകള്‍ ചെറുതാകുന്നതും അവിടെ പകയുടെ കനലുകള്‍ തിളങ്ങുന്നതും രാമു കണ്ടു. ഗുരുജി അവന്റെ മുഖത്തിന്‌ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി.
''അങ്ങനെ വല്ലതും ചെയ്‌താല്‍ നീയും ഞാനും ഒരുമിച്ച്‌ മുങ്ങും. ഇത്രയും കാലം എല്ലാ തട്ടിപ്പിനും കൂട്ടുനിന്നിട്ട്‌ ഇപ്പോള്‍ ഈ മനംമാറ്റം എങ്ങിനെ ഉണ്ടായി എന്ന്‌ ചോദ്യം ഉയരും. മാത്രമല്ല വളരെ കഷ്‌ടപ്പെട്ട്‌ ഞാന്‍ പണിതുയര്‍ത്തിയതാണ്‌ ഈ പ്രസ്‌ഥാനം. ഇതിന്‌ ഒരു പോറലേറ്റാല്‍ പിന്നെ നീ ജീവനോടെ ഉണ്ടാവില്ല.''
രാമു ഒന്ന്‌ നടുങ്ങി. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്നയാളാണ്‌ ഗുരുജി. അയാളുടെ തീരുമാനങ്ങള്‍ക്കപ്പുറം ഒരു ലോകം ഈ ആശ്രമത്തിലില്ല. തത്‌കാലം സമ്പൂര്‍ണ്ണവിധേയത്വമല്ലാതെ മറ്റൊരു മാര്‍ഗവും തന്റെ മുന്നിലില്ല.
ഓരോ ദിവസവും പുതിയ തന്ത്രങ്ങളുമായി ഗുരുജി അവന്റെ സ്വാസ്‌ഥ്യത്തിന്റെ ചിറകൊടിച്ചു.
''നമ്മള്‍ എന്തൊക്കെ അത്ഭുതവിദ്യകള്‍ കാണിച്ചാലും ഭക്‌തരുടെ കണ്ണില്‍ നീ ഒരു സാധാരണ മനുഷ്യനാണ്‌. വേഷം കൊണ്ട്‌ ഒരു ആത്മീയനേതാവിന്റെ തലത്തിനപ്പുറം അവര്‍ നിങ്ങളെ കാണണമെന്നില്ല. ഈശ്വരന്‍ നേരിട്ട്‌ ഭൂമിയിലേക്ക്‌ അയച്ച പ്രതിപുരുഷനാണെന്ന തോന്നല്‍ ജനിപ്പിക്കണം ''
''അതിന്‌ ഞാനെന്ത്‌ ചെയ്യണമെന്നാണ്‌ ഗുരുജി പറഞ്ഞു വരുന്നത്‌?''
''നീ ദൈവീകരൂപം കെട്ടി ഭക്‌തര്‍ക്ക്‌ ദര്‍ശനം നല്‍കണം. ഓരോ ദിവസവും ഓരോരോ വേഷങ്ങള്‍. പുരാണത്തിലെ പ്രസിദ്ധരായ അവതാരപുരുഷന്‍മാരാകാം..''
രാമുവിന്റെ മുഖം മങ്ങി.
''ഇതെന്താ ഫാന്‍സിഡ്രസോ? ഗുരുജി എന്ത്‌ അസംബന്ധമാണ്‌ ഈ പറയുന്നത്‌? ദൈവം മനുഷ്യാതീതമായ മഹാശക്‌തിയാണ്‌. ദൈവമായി വേഷം കെട്ടുന്നത്‌ മഹാപരാധമാണെന്ന്‌ അറിഞ്ഞുകുടെ നിങ്ങള്‍ക്ക്‌? ഈശ്വരനിഷേധം ''
പൊടുന്നനെ ഗുരുജി ക്ഷോഭിച്ചു.
''ഏതാണ്‌ ഈശ്വരഹിതം, ഏതാണ്‌ അഹിതം എന്ന്‌ ഞങ്ങള്‍ തീരുമാനിച്ചോളാം. നീ ഞങ്ങള്‍ പറയും പോലെ ചെയ്‌താല്‍ മതി ''
അയാള്‍ ചവുട്ടിത്തുളളി മുറിവിട്ട്‌ ഇറങ്ങിപോയി.
അടുത്തദിവസം തന്നെ അയാള്‍ തിടുക്കപ്പെട്ട്‌ ഈശ്വര്‍ജിയുടെ പുര്‍ണ്ണകായപ്രതിമകളും വിഗ്രഹങ്ങളും നാടുനീളെ സ്‌ഥാപിക്കാന്‍ ശിഷ്യഗണങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.
ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നതിലെ യുക്‌തി ഒരു സഹചരന്‍ ചോദിക്കുമ്പോള്‍ ഗുരുജി നല്‍കിയ മറുപടി രാമു വാതിലിന്‌ മറഞ്ഞു നിന്ന്‌ കേട്ടു.
''നമുക്ക്‌ വേണ്ടത്‌ ഒരു രൂപമാണ്‌. ബിംബം. അത്‌ ജനങ്ങളുടെ മനസില്‍ ഉറപ്പിക്കണം. നാളെ ഇയാള്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചാലും നമുക്ക്‌ ജീവിക്കണ്ടേ. മഠത്തിന്‌ നിലനില്‍ക്കണ്ടേ?''
രാമു സ്‌തബ്‌ധതയുടെ പാരമ്യതയില്‍ ഒരു ശിലാവിഗ്രഹമായി. തന്റെ മരണം പോലും അവര്‍ ഇപ്പോഴേ കണക്ക്‌ കൂട്ടുന്നു. അതിന്റെ വ്യാപാരസാദ്ധ്യതകള്‍ ഗണിക്കുന്നു.

Ads by Google
Sunday 26 Nov 2017 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW