Sunday, October 14, 2018 Last Updated 40 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 26 Nov 2017 01.06 AM

അനുഭൂതികളുടെ വസന്തകാലം

uploads/news/2017/11/168832/sun4.jpg

''എന്റെ കൈവിരല്‍തുമ്പുകള്‍ തെറിപ്പിക്കുന്ന അഗ്നിസ്‌ഫുലിംഗങ്ങളുടെ ചിതറിയ വെളിച്ചത്തില്‍ ദുഃഖത്തിന്റെ ഗുഹാകവാടം ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും, ആള്‍മറയോ മതിലുകളോ ഇല്ലാത്തതും ഉപയോഗശൂന്യമായ കിണര്‍ പോലെ ഭയാനകവുമായ അതില്‍നിന്ന്‌ തെളിനീര്‍ വലിച്ചെടുത്ത്‌ ഞാനെന്നെ ശ്രദ്ധയോടെ കുളിപ്പിക്കുന്നു'' ആത്മവിസ്‌ഫോടനങ്ങളുടെ അഗ്നിജ്വാലകള്‍ ചിതറിച്ചുകൊണ്ട്‌ വാക്കിന്റെ ആകാശത്തെ ധ്രുവനക്ഷത്രമായി മാറിയ കമലാദാസിന്റെ വാക്കുകളാണിവ. വാക്ക്‌ എന്നാല്‍ പവിത്രമായ അഗ്നിയാണ്‌. ആ അഗ്നിയുടെ വെളിച്ചത്തില്‍ ഇരുട്ടിനെ പിന്‍തുടരുന്നവനാണ്‌ കവി. കാറ്റിളകാത്ത പ്രഭാതത്തില്‍ ഹൃദയത്തിലെമഞ്ഞുതുള്ളി കൊണ്ട്‌ ഒരു പനിനീര്‍പ്പൂവിനെ അലട്ടിയലട്ടി തുള്ളി കളിപ്പിക്കുന്നവന്‍. ഒരു സമ്പ്രദായത്തെ മുറുകെ പിടിക്കുകയോ ഒന്നില്‍ തന്നെ പറ്റി നില്‍ക്കുകയോ ചെയ്യാതെ, വര്‍ത്തമാന കാലമെന്ന തടവറയില്‍ കുടുങ്ങാതെ, സൂര്യനിലേക്കും ചന്ദ്രനിലേക്കും ചിറകുവിടര്‍ത്തുന്നവന്‍. തൂവല്‍ പോലെ സ്വാതന്ത്ര്യം നേടിയവന്‍. വിസ്‌മയങ്ങളുടെ മായക്കാഴ്‌ചകളിലേക്ക്‌ മാത്രമല്ല, മറച്ചുവയ്‌ക്കപ്പെടുന്ന സത്യങ്ങളിലേക്കുമുള്ള ലോകത്തിന്റെ കണ്ണാണ്‌ കവി. ഇപ്രകാരം അപരസൗന്ദര്യങ്ങളുടെ ആഴങ്ങളിലേക്കു വായനക്കാരനെ കൊണ്ടെത്തിക്കുന്ന വായനാ അനുഭവം സമ്മാനിക്കുന്ന ഒരു കൃതിയാണ്‌ ഇടക്കുളങ്ങര ഗോപന്റെ 'ങേ ഉം' എന്ന കവിതാ സമാഹാരം.
ഹൃദയത്തിന്റെ വാതിലില്‍ മുട്ടിവിളിച്ച ആശയങ്ങളെ സങ്കടങ്ങളുടെ പഴുതുകളിലൂടെ സംവാദം നടത്തി പലകാലങ്ങളില്‍ പല വേഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ട കവിതയെ അതിനൂതനമായ സങ്കേതങ്ങളിലൂടെ നവീനപാതയിലെത്തിച്ചിരിക്കുന്നു എന്നതാണ്‌ ഈ കൃതിയുടെ പ്രത്യേകത. പരിണാമ സിദ്ധാന്തത്തില്‍ മനുഷ്യനില്‍നിന്നു ബിഷപ്പിലേക്കുള്ള ദൂരമളക്കാന്‍ മറന്നതിന്‌ ബിഷപ്പിന്റെ മേടയിലെത്തി കുമ്പസാരിക്കുന്ന ഡാര്‍വിനും വെളിച്ചത്തെ മറയ്‌ക്കുന്നനിഴല്‍ അടര്‍ത്തി മാറ്റാത്തതിന്‌ പാതിരിയെ തെറി വിളിക്കുന്ന മാര്‍ക്‌സും ഇന്നോളമുള്ള കാവ്യബിംബങ്ങളെ പൊളിച്ചെഴുതുന്ന കാഴ്‌ച 'സ്വപ്‌നത്തിലെ നിലാവ്‌' എന്ന ആദ്യ കവിതയില്‍ തന്നെ കാണാം.
ആകാശത്തിന്റെ പഴുതുകള്‍ ആശയദാരിദ്ര്യത്തിന്റെ കല്ലുകള്‍ കൊണ്ട്‌ അടയ്‌ക്കുന്ന കാലഘട്ടത്തിന്റെ നഗ്നമായ ചിത്രീകരണമാണ്‌ 'എന്റെ രാജ്യം വരേണമേ' എന്ന കവിത 'പ്രാര്‍ത്ഥനയുടെ അര്‍ത്ഥം അറിയാത്തവന്‍ മതത്തിന്റെ ഏണിയില്‍ കയറി പുതിയ സൂര്യനെ പിടിച്ചു'' തുടങ്ങിയ വരികള്‍ മനുഷ്യന്റെ സമാധാന ജീവിതത്തെ തച്ചുടയ്‌ക്കാന്‍ കാത്തു നില്‍ക്കുന്ന മതത്തിന്‌ നേരെയുള്ള പരിഹാസത്തിന്റെ കൂരമ്പുകളാണ്‌.
കലങ്ങിമറിഞ്ഞ കാലത്തിനൊപ്പം യൗവനം പടികടന്നു പോയിട്ടും മറവിയില്‍ ഒളിക്കാതെ പോയ ചില കണ്ണീരോര്‍മകളുടെ കവിതയാണ്‌ 'മുഴക്കം' പ്രഷര്‍കുക്കര്‍ ഇല്ലാത്ത അടുക്കളയിലെ അമ്മയുടെ ശ്വാസനാളത്തിന്റെ വിസിലടി ശബ്‌ദവും, പകലന്തിയോളം ജീവിതം നീന്തുന്ന അച്‌ഛന്റെ വിയര്‍ത്ത കൈകളും, വാതില്‍പ്പടിയില്‍ അച്‌ഛനോളം ആകാന്‍ നീളം അളക്കുന്ന കുട്ടിയും ഗൃഹാതുരതയുടെ ആര്‍ദ്ര ഭാവങ്ങളിലേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.ക്ല ാസിലെ ഭാരത്തെക്കുറിച്ച്‌ കുട്ടിയും കുടുംബ ഭാരത്തെക്കുറിച്ച്‌ അച്‌ഛനും പേടിക്കുന്ന 'ഭാരം' എന്ന കവിത ,അമ്മയോടൊപ്പം പടിയിറങ്ങിപ്പോയ മണങ്ങളെ ഓര്‍മ്മിക്കുന്ന മുറി തുടങ്ങിയവ എടുത്തു പറയേണ്ട കവിതകളാണ്‌.
ഇടയ്‌ക്കൊക്കെ നൊട്ടി നുണയാതിരിക്കാന്‍, ചുണ്ടു രുമ്മാതിരിക്കാന്‍, മേല്‍കുപ്പായത്തിനടിയിലെ വയനാടന്‍ കുന്നുകളില്‍ ചെന്നിനായകം പുരട്ടിയ പ്രണയത്തിന്റെ ആര്‍ദ്ര ഭാവത്തെ ചിത്രീകരിച്ചിരിക്കുന്ന 'കിനാവള്ളി' എന്ന കവിത ഒരിളം കാറ്റുപോലെ വായനക്കാരന്റെ മനസ്സിലൂടെ കടന്നു പോവുന്നു. എത്ര ഹരിച്ചാലും ശിഷ്‌ടങ്ങള്‍ ബാക്കിയാവുന്ന,സങ്കലനങ്ങള്‍ പെരുകുന്ന ജീവിതത്തെ ''കാലം പണിത കാരിരുമ്പിന്റെ നിലവറ'' എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്ന 'ഗണിതം' ഏറെ ശ്രദ്ധേയമായ ഒരു കവിതയാണ്‌. ജീവിതം ഏല്‍പ്പിച്ചുകൊടുത്ത പ്രഹരങ്ങള്‍ എല്ലാം ലാഘവത്തോടെ കണ്ടുകൊണ്ട്‌, മറ്റുള്ളവര്‍ക്കായി നെയ്‌തു കൂട്ടുന്നതില്‍ എല്ലാം ഒരു കനല്‍ ബാക്കി വയ്‌ക്കുന്നവനിലേക്ക്‌, കാറ്റും വെയിലും മഴയും കാലവും കടലും ഒഴുകിയെത്തുന്നു എന്നു പറയുന്ന' ഹോ' എന്ന കവിത വളരെ വ്യത്യസ്‌തമാര്‍ന്ന ഒരു സൃഷ്‌ടിയാണ്‌. തിരിച്ചടികള്‍ക്കും, തിരിച്ചെടുക്കലുകള്‍ക്കും അപ്പുറം ജീവിതം ചിലതെല്ലാം ബാക്കി വയ്‌ക്കുമെന്നും, വേനലറുതിയില്‍ തപിച്ചാലും ആത്യന്തികമായി ജീവിതം ഒരു വസന്തം ആണെന്നും ഈ കവിതയിലൂടെ കവി പറയുന്നു.
ചില വര്‍ത്തമാന കാല ചിന്തകളെ ശക്‌തമായി പരിഹസിക്കുന്ന കവിതയാണ്‌ 'പാല്‍ മണം' .മുമ്പ്‌ കരം കൊടുത്തിരുന്ന ഒന്നിനെ കയറിപ്പിടിച്ചതിന്‌ ജുഡീഷ്യല്‍ അന്വേഷണം, പോലീസ്‌ നായയെ വരുത്തി മണപ്പിക്കുക തുടങ്ങിയ ഹാസ്യ പ്രയോഗങ്ങളും താഴെ വീണെന്നു കരുതി താങ്ങിപ്പിടിച്ച താണെന്ന മറുപക്ഷ വാദവും കവിതയെ രസകരമാക്കുന്നു.
വളരെ ഉന്മാദിയായി നിറഞ്ഞൊഴുകിയ പുഴ ഒരടയാളവും ശേഷിപ്പിക്കാതെ മറഞ്ഞതിന്റെ ദുഃഖം പങ്കുവയ്‌ക്കുകയാണ്‌' ''എവിടെപ്പോയി എന്റെ പൊന്നേ' എന്നവസാനിക്കുന്ന 'പൊഴ'എന്ന കവിത. ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയവും കാലികവുമായ കവിതയാണ്‌ 'അവസാനത്തെ രോഗി'. ആള്‍ തിരക്കാണു തഥാഗതാ സര്‍ക്കാര്‍ ആശുപത്രിയിലാണു നീ നില്‍ക്കുന്നത്‌ ''എന്ന്‌ തുടങ്ങുന്ന ഈ കവിത ''എല്ലാം ക്ഷയ്യിച്ചു ജീവന്‍ കെട്ട്‌ ദേഹത്തിന്റെ ഉള്ളില്‍ ഉറഞ്ഞ നിലവിളികള്‍'' വായനക്കാരന്റെ ഹൃദയത്തില്‍ എത്തിക്കാന്‍ പ്രാപ്‌തമായ ഒരു രചനയാണ്‌ .''ശ്വസന യന്ത്രത്തിന്റെ താളപ്പിഴകള്‍ തന്‍ താണ്ഡവ നടനം'',, ''നൊമ്പര ചാലുകള്‍ കീറിയ സവാരികള്‍'', ''വായ്‌മൊഴി നിലച്ച മൗനക്കടല്‍ മാറിടം പൊട്ടിയൊഴുകുമ്പോല്‍ ആള്‍ത്തിരക്ക്‌'' തുടങ്ങിയ പ്രയോഗങ്ങളിലൂടെയും,, ''ചിതയൊരുക്കി പണക്കിഴിയും കൊടുത്തിട്ടു മരണത്തെ പിടിയിലൊതുക്കാന്‍ കാത്തിരിപ്പ്‌'' തുടങ്ങിയ വരികളിലൂടെയും വേറിട്ടുനില്‍ക്കുന്നു.
''മരം മുറിക്കുമ്പോള്‍ ജീവിതം മുറിക്കുന്നു , തൊലിയിലെ പ്രതിരോധ കനവുകള്‍ മുറിക്കുന്നു'' മുറിച്ച്‌ മാറ്റപ്പെടുന്ന പൈതൃകത്തെകുറിച്ചുള്ള നിശബ്‌ദ വേദനയാണ്‌ 'മരം മുറിക്കുമ്പോള്‍' എന്ന കവിത. ''ചാന്തുപൊട്ട്‌ തൊട്ട കുട്ടിക്യൂറ പൗഡറിന്റെ മണം'' പേറുന്ന 'അത്രമേല്‍', ''ഏത്‌ മൗനത്തെയും മാന്തിയെടുത്താല്‍ ഒരു മാതേവി ചരിതം എഴുതാം'' എന്നു പറയുന്ന'മതി', ''നിന്റെ മുറിവുകളെ തുന്നിക്കെട്ടാന്‍ എന്റെ സൂചിയില്‍ ഏത്‌ നൂലാണ്‌ കുരുക്കുക''എന്ന വരികളുള്ള 'ആശയക്കുഴപ്പം' തുടങ്ങി ആര്‍ദ്ര കാല്‌പനിക ചിന്തകള്‍ പങ്കു വയ്‌ക്കുന്ന ചില കവിതകളും ഈ കൃതിയില്‍ ഉള്‍പ്പെടുന്നു
കവിതയുടെ പരോളില്ലാത്ത ഹൃദയ തടവറയ്‌ക്കുള്ളില്‍ നാം ബന്ധിതരാകുന്ന ഒരു അനുഭവം നല്‍കുന്നവയാണ്‌ ഇടക്കുളങ്ങര ഗോപന്റെ രചനകള്‍.ലോകത്തെ പിന്തള്ളിക്കൊണ്ട്‌ , മേഘങ്ങള്‍ക്കിടയിലെ അപകടമേഖലയില്‍ വസിച്ചുകൊണ്ട്‌, തന്റെ ആത്മ ഗീതികളെ മാനവ ഹൃദയങ്ങളിലേക്ക്‌ പകരുന്നവന്‍ ആണ്‌ കവി എന്ന സങ്കല്‌പത്തെ അടിവരയിട്ടുറപ്പിക്കുന്ന ഒരു കൃതിയാണ്‌ 'ങേ ഉം'.
എം.എന്‍.വിജയന്റെ വാക്കുകള്‍പോലെ ''ചിന്തയുടെ അഗ്നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്‌ അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ, സ്വയം ഇല്ലാതായി മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്‌. അത്‌ ഒരു സാഫല്യമാണ്‌.

മിനി വിനീത്‌

Ads by Google
Sunday 26 Nov 2017 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW