Wednesday, July 24, 2019 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Nov 2017 03.03 PM

അമ്മ തന്നെ, അമ്മായിയമ്മ അല്ല

''കുടുംബബന്ധങ്ങള്‍ അനുദിനം ശിഥിലമാകുന്ന ഇക്കാലത്ത് പരസ്പരം സ്‌നേഹിക്കുന്ന ഒരു അമ്മായിയമ്മയും മരുമകളും ഇതാ... അഭിനേത്രികളായ ശോഭാ മോഹനും വിദ്യയും. ''
uploads/news/2017/11/167801/Weeklyvinumohan221117b.jpg

വിവാഹാലോചന തുടങ്ങുമ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിക്കുന്നത് ഭാവി അമ്മായിയമ്മ എങ്ങനെ ആയിരിക്കും എന്നുചിന്തിച്ചാണ്.

ചെറുക്കനും പെണ്ണും തമ്മിലുള്ള പൊരുത്തം പോലെ തന്നെ പ്രധാനമാണ് മരുമകളും അമ്മായിയമ്മയും തമ്മിലുള്ള സ്വരച്ചേര്‍ച്ച. മരുമകളല്ല മകളാണെന്നും അമ്മായിയമ്മയല്ല അമ്മയാണെന്നും രണ്ടുപേരും കരുതുമ്പോള്‍ മാത്രമേ ആ ബന്ധം വിജയിക്കൂ.

അച്ഛന്റെയും അമ്മയുടെയും ഒറ്റമകളായി വളര്‍ന്ന ഞാന്‍, വിനുവിന്റെ ജീവിതത്തിലേക്ക് കടന്നപ്പോഴും പലതരം ആശങ്കകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. നിലവിളക്കേന്തി നിന്ന് അമ്മ ''വലതുകാല്‍ വെച്ച് കയറി വാ മോളെ'' എന്ന് പറഞ്ഞ ആ സ്‌നേഹത്തിലും ചുണ്ടില്‍ വിരിഞ്ഞ ആത്മാര്‍ഥത തുളുമ്പിയ പുഞ്ചിരിയിലും എന്റെ ഭയാശങ്കകള്‍ അലിഞ്ഞില്ലാതായി.

അമ്മയുടെ മകളായി മാറാന്‍ പിന്നെ എനിക്ക് അധിക നേരം വേണ്ടി വന്നില്ല. യഥാര്‍ത്ഥത്തില്‍ മക്കളുടെ സന്തോഷം ആഗ്രഹിക്കുന്ന അമ്മമാര്‍ക്ക് മാത്രം സാധിക്കുന്ന ഇന്ദ്രജാലമാണത്. ഒരു പെണ്ണ് മകന്റെ ജീവിതം കൂടുതല്‍ സുന്ദരമാക്കാന്‍ വരുന്നു എന്നതിനുപകരം അവളുടെ വരവോടെ എന്റെ മോനെ എനിക്ക് നഷ്ടമാകും എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

വിനു നായകനായ 'ഈ തിരക്കിനിടയില്‍' എന്ന ചിത്രത്തില്‍ എനിക്ക് അതിഥി വേഷമായിരുന്നു. അമ്മയും ആ സിനിമയില്‍ അഭിനയിച്ചിരുന്നു. അതിന്റെ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുന്നത്.

uploads/news/2017/11/167801/Weeklyvinumohan221117.jpg

ശോഭ മോഹന്‍ എന്ന അഭിനേത്രിക്കും കൊട്ടാരക്കര ശ്രീധരന്‍ നായരെന്ന അതുല്യ പ്രതിഭയുടെ മകള്‍ക്കുമപ്പുറം ആ ലാളിത്യമാണ് എന്നെ ആകര്‍ഷിച്ചത്. അപ്പോഴും ആ അമ്മയുടെ മകന്റെ ഭാര്യ ആകുമെന്നൊന്നും സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല.

സന്തോഷകരമായ കുടുംബാന്തരീക്ഷത്തിന് വിട്ടുവീഴ്ച വരുത്താതെ അഭിനയം വിവാഹശേഷവും തുടരാന്‍ സാധിച്ചത് ഭര്‍ത്താവിനൊപ്പം അമ്മയുടെയും കൂടി പിന്തുണ ഉള്ളതുകൊണ്ടാണ്.

വീട്ടിലെല്ലാവരും ഈ മേഖലയില്‍ ഉള്ളവരായതും ഒരു പ്ലസ് ആണ്. 'വല്ലി' എന്ന തമിഴ് സീരിയലിന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് മാസത്തില്‍ ഇരുപത് ദിവസം ഞാന്‍ ബംഗളൂരുവിലോ ചെന്നൈയിലോ ആയിരിക്കും.

വീട്ടില്‍ എത്തുമ്പോള്‍ എന്റെ ക്ഷീണം മനസിലാക്കി ''മോള്‍ റെസ്‌ററ് എടുത്തോ'' എന്നുപറഞ്ഞ് എനിക്കിഷ്ടമുള്ള പാവയ്ക്കാ തീയലുണ്ടാക്കി കാത്തിരിക്കുന്ന ആളെ എങ്ങനെയാണ് അമ്മായിയമ്മ ആയി കാണുക? ഞാന്‍ വന്നതോടെ ഒരു മകളില്ലാത്ത വിഷമം മാറിയെന്ന അമ്മയുടെ വാക്കില്‍ സത്യമുണ്ട്.

മകളായി തന്നെ എന്നെ ഉള്‍ക്കൊള്ളുന്നതുകൊണ്ട് ഞാനെന്റെ വീട്ടില്‍ പോയി നില്‍ക്കുന്നതിന് പരാതി പറയുകയോ മുഖം മുഷിയുകയോ ഇല്ല.അമ്മയും ഈ ഘട്ടത്തിലൂടെ കടന്നുവന്ന ആളാണെന്ന ഓര്‍മയോടെയാണ് പെരുമാറുക. എന്റെ മുഖമൊന്നു വാടിയാല്‍ അമ്മയ്ക്ക് വേഗം പിടികിട്ടും.

തിരിച്ചും അങ്ങനെതന്നെ ആയതുകൊണ്ട് പരസ്പരം വിഷമം ഉണ്ടാക്കാത്ത കാര്യങ്ങളേ ഞങ്ങള്‍ ചെയ്യാറുള്ളു. അനിയന്‍ അനുവിനാണെങ്കിലും ചേട്ടത്തിയമ്മയ്ക്കപ്പുറം ഞാനൊരു ഫ്രണ്ടാണ്.കുടുംബത്തില്‍ തന്നെയുള്ള മഹേശ്വരി എന്ന പെണ്‍കുട്ടിയുമായുള്ള അടുപ്പം രഹസ്യമായി അവന്‍ എന്നോടാണ് പറഞ്ഞത്.

അവരുടെ വിവാഹം എന്നെ സംബന്ധിച്ച് ഏറ്റവും ത്രില്ലിംഗ് ആയ അനുഭവമായിരുന്നു. എല്ലാവര്‍ക്കുമുള്ള ഡ്രെസ്സ് സെലക്ട് ചെയ്യുന്നതടക്കം ഓരോ കാര്യങ്ങളും ആസ്വദിച്ചാണ് ചെയ്തത്.

uploads/news/2017/11/167801/Weeklyvinumohan221117c.jpg

പെങ്ങളുടെ സ്ഥാനത്ത് നിന്ന് ഞാനാണ് അനുവിന്റെ പെണ്ണിന് താലി മുറുക്കി കെട്ടുന്ന ചടങ്ങു ചെയ്തത്. വന്നുകയറിയ പെണ്ണായി എന്നെ ആരും കണ്ടിട്ടില്ല. അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കു തന്നെയാണ്.

ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിനിടയില്‍ അമ്മ മറ്റൊരു ലോകത്തേയ്ക്ക് പോകുന്നതും കണ്ണുനിറയുന്നതും ആദ്യം കാണുന്നത് ഞാനായിരിക്കും. അച്ഛനെ ഓര്‍ത്താണെന്നും ആ വിടവ് നികത്താനാവില്ലെന്നും അറിയാവുന്നതുകൊണ്ട് അമ്മയെ പഴയ മൂഡിലേക്ക് കൊണ്ടുവരാന്‍ ഞാനോരോ പൊട്ടത്തരങ്ങള്‍ പറയും.

അതുകേള്‍ക്കേണ്ട താമസം,അമ്മ നിര്‍ത്താതെ ചിരിക്കും.എന്തും അംഗീകരിക്കാനുള്ള അപാരമായ കഴിവുണ്ട് അമ്മയ്ക്ക്. അതുകൊണ്ടുതന്നെ ഉപദേശിച്ചാല്‍ അത് നമ്മുടെ നന്മയ്ക്കാണെന്നു മനസ്സിലാവുകയും ഞങ്ങള്‍ അനുസരിക്കുകയും ചെയ്യും.

നല്ല വാക്കുകള്‍ എപ്പോഴും ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടും. കുറ്റങ്ങള്‍ മാത്രം പറയുകയും തെറ്റുകള്‍ കണ്ടുപിടിക്കുകയും ചെയ്യുന്ന ഒരമ്മ ആയിരുന്നെങ്കില്‍ ജീവിതം ഒരിക്കലും ഇതുപോലെ സന്തോഷത്തോടെ മുന്നോട്ടു പോകില്ല.ഞങ്ങളുടേതായ ഈ ലോകത്ത് ഞങ്ങള്‍ സന്തുഷ്ടരാണ്.

മീട്ടു റഹ്മത്ത് കലാം

Ads by Google
Wednesday 22 Nov 2017 03.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW