Thursday, June 27, 2019 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Nov 2017 02.44 PM

പുതുജീവനുമായി തോമസ് ചേട്ടന്‍...

''നവജീവന്‍ എന്ന ജീവകാരുണ്യപ്രസ്ഥാനത്തിലൂടെ മാനുഷികതയുടെ മഹത്തായ സന്ദേശവാഹകനായി മാറിയ പി.യു. തോമസിന്റെ ജീവിതത്തിലൂടെ...''
uploads/news/2017/11/167452/Weeklytnomaschettan211117.jpg

മറ്റുളളവരുടെ സങ്കടങ്ങളും നൊമ്പരങ്ങളും തൊട്ടറിയാന്‍ ഉന്നതവിദ്യാഭ്യാസമൊന്നും ആവശ്യമില്ലെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ച വ്യക്തിയാണ് കോട്ടയം അതിരമ്പുഴ സ്വദേശി പി.യു തോമസ്.

സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ച് അസാധാരണ ജീവിതം നയിച്ച് നവജീവന്‍ ട്രസ്റ്റിന് രൂപം നല്‍കിയ അദ്ദേഹം കോട്ടയംകാര്‍ക്ക് മാത്രമല്ല കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന മറ്റ് ജില്ലക്കാര്‍ക്കും തെരുവില്‍ അലയുന്ന മനോരോഗികള്‍ക്കും ആരോരുമില്ലാത്തവര്‍ക്കും കണ്‍കണ്ട ദൈവമാണ്. എല്ലാവരും അദ്ദേഹത്തെ സ്‌നേഹത്തോടെ തോമസ് ചേട്ടന്‍ എന്നാണ് വിളിക്കാറ്.

'തന്നെപ്പോലെ തന്റെ സഹജീവികളെയും സ്‌നേഹിക്കുക' എന്ന ബൈബിള്‍ വാക്യം സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കിയ വ്യക്തിയാണ് അദ്ദേഹം. ഒന്നുമില്ലായ്മയില്‍ നിന്ന് നവജീവന്‍ തുടങ്ങി അന്‍പത്തിരണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇരുന്നൂറ്റിയന്‍പതിലധികം അന്തേവാസികള്‍ ഈ സ്ഥാപനത്തില്‍ അഭയം തേടിയിട്ടുണ്ട്. തോമസു ചേട്ടന്‍ സ്വന്തം കഥ പറയുന്നു.

രോഗികളുടെ പ്രിയപ്പെട്ട തോമസ് ചേട്ടന്‍


''അപ്പന്റെയും അമ്മയുടെയും അഞ്ചുമക്കളില്‍ മൂത്തയാളായിരുന്നു ഞാന്‍. അന്നൊന്നും ഇന്നത്തെപ്പോലെ ആയിരുന്നില്ല. പട്ടിണിയുടെയും ദുരിതങ്ങളുടെയും കാലം. കൊടിയ ദാരിദ്ര്യത്തിലും ജാതിയോ മതമോ നോക്കാതെ വീട്ടില്‍ വരുന്നവര്‍ക്ക് മാതാപിതാക്കള്‍ ഭക്ഷണം കൊടുക്കുമായിരുന്നു. അതു കണ്ടാണ് ഞാനും വളര്‍ന്നത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അമ്മ എനിക്ക് തന്നുവിടുന്ന പൊതിച്ചോറ് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമായിരുന്നു. എം.ബി.എയോ എം.എസ്.ഡബ്യൂയോ ഒന്നും പഠിക്കാതെയാണ് വെറും എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ഞാന്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.

പതിനേഴാം വയസ്സില്‍ അള്‍സര്‍രോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തി. അവിടെ ഞാന്‍ കണ്ട കാഴ്ചകള്‍ ഇന്നും മനസ്സിലുണ്ട്. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും മാര്‍ഗ്ഗമില്ലാതെ വലയുന്ന രോഗികള്‍. ജനനത്തിനും മരണത്തിനുമിടയില്‍ നിസ്സഹായരായി നില്ക്കുന്ന മനുഷ്യര്‍.

വളരെ ദയനീയമായ കാഴ്ചകള്‍. അമ്മ എനിക്ക് കൊണ്ടുവന്ന ഭക്ഷണം ഞാന്‍ വിശന്നിരുന്നവര്‍ക്ക് നല്‍കി. പിന്നീട് അസുഖം മാറി ആശുപത്രിവിട്ടെങ്കിലും വിശന്നു തളര്‍ന്നിരുന്നവരുടെ
മുഖങ്ങള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.

പതിനേഴാം വയസ്സില്‍, സ്വന്തമായി ജോലി പോലുമില്ലാത്ത ഞാന്‍ എങ്ങനെ? ഒരുപാട് ആലോചിച്ചതിനുശേഷം അടുത്തുളള വീടുകളില്‍ നിന്ന് ഒരുനേരത്തെ ഭക്ഷണം ചോദിച്ച് വാങ്ങി. അവയെല്ലാം ശേഖരിച്ച് തീരെ നിവൃത്തിയില്ലാത്തവരെ കണ്ടെത്തി അവര്‍ക്ക് നല്‍കി.

uploads/news/2017/11/167452/Weeklytnomaschettan211117a.jpg

അങ്ങനെ ആ പ്രവൃത്തി തുടര്‍ന്നു... ഓരോ വര്‍ഷം ചെല്ലും തോറും പൊതിച്ചോറുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അന്നുമുതല്‍ ഈ നിമിഷം വരെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു മുടക്കവും സംഭവിച്ചിട്ടില്ല. എല്ലാം ദൈവാനുഗ്രഹം അല്ലാതെ ഒന്നുമല്ല.

ഭക്ഷണം നല്‍കുന്നതിനോടൊപ്പം അവിടുത്തെ രോഗികളെ ശുശ്രൂഷിക്കാനും ആരംഭിച്ചു. 1969 ല്‍ മെഡിക്കല്‍ കോളേജില്‍ എനിക്ക് താല്‍ക്കാലിക ജോലി ലഭിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് സ്ഥിരമായി.

2004 ല്‍ അറ്റന്‍ഡര്‍ ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും എന്റെ പ്രവര്‍ത്തനം കണ്ടിട്ടാവാം സര്‍ക്കാര്‍ രണ്ടുവര്‍ഷം കൂടി സര്‍വ്വീസ് നീട്ടിത്തന്നു. ഇപ്പോഴും എന്നും രാവിലെ അവിടത്തെ കാര്യങ്ങള്‍ ചെയ്ത് കൊടുക്കാറുണ്ട്.

നവജീവന് തുടക്കം കുറിച്ചത്...


1991 ല്‍ ആര്‍പ്പുക്കരയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ ഒരു മുറി എന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഴിഞ്ഞു തന്നു. രോഗം ഭേദപ്പെട്ടിട്ടും ആശുപത്രിയില്‍ നിന്ന് പോകാന്‍ ഇടമില്ലാത്ത അഞ്ചു മനോരോഗികളെ ഞാനവിടെ താമസിപ്പിച്ചു. അവര്‍ക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു.

ആ സമയത്താണ് പൂര്‍ണ്ണ ഗര്‍ഭിണിയും മനോരോഗിയുമായ 'മനുഭായി' എന്ന യുവതിയെ തെരുവില്‍ നിന്നു കണ്ടെത്തിയത്. അവരെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയും നല്‍കി. മാസങ്ങള്‍ക്കുളളില്‍ ആ സ്ത്രീയൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ദിവസങ്ങള്‍ക്കുശേഷം അവരെ ഡിസ്ചാര്‍ജ് ചെയ്തു.

ആശുപത്രി ജീവനക്കാരുടെയും ഡോക്ടറുടെയും നിര്‍ദ്ദേശപ്രകാരം മനുഭായിയെ തിരുവനന്തപുരം മനോരോഗ ആശുപത്രിയില്‍ എത്തിച്ചു. തിരികെ പോരാന്‍ നേരത്ത് ആ സ്ത്രീ എന്റെ കൈകളില്‍ പിടിച്ച് യാചിച്ചു.
''എന്നെ ഇവിടെ ഉപേക്ഷിച്ച് പോകരുതെ...''

മനുഭായിയെ കൂടെക്കൂട്ടാന്‍ അന്ന് എനിക്കു മുന്‍പില്‍ യാതൊരു വഴിയും ഇല്ലായിരുന്നു. തിരികെ കോട്ടയത്തേക്ക് വണ്ടികയറിയെങ്കിലും എന്റെ ഉളളില്‍ ആ സ്ത്രീയുടെ കരച്ചിലായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വരുന്ന വഴി അനാഥര്‍ക്കൊരു ഭവനം എന്ന ആശയം തോന്നി. അങ്ങനെ വാടകകെട്ടിടത്തില്‍ 1991 ല്‍ നവജീവന്‍ ആരംഭിച്ചു.

uploads/news/2017/11/167452/Weeklytnomaschettan211117b.jpg

45 മനോരോഗികളുമായി അഞ്ചുവര്‍ഷം തുടര്‍ന്നു. നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പനമ്പാലത്ത് ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി കെട്ടിടം പണിതു. അധികം വൈകാതെ മനുഭായിയെ കൂട്ടിക്കൊണ്ടു വന്നു. കഴിഞ്ഞ വര്‍ഷം അവര്‍ മരിച്ചു.

മനോരോഗത്തിന് അടിമപ്പെട്ട് തെരുവില്‍ അലഞ്ഞു നടക്കുന്നവരും മക്കള്‍ക്ക് വേണ്ടാത്ത മാതാപിതാക്കളും ആശുപത്രി വാസത്തിനുശേഷം തിരിച്ച് പോകാന്‍ ഇടമില്ലാത്തവരും ഉള്‍പ്പെടെ ഇരുന്നൂറ്റിയന്‍പതിലധികം പേര്‍ ഇന്ന് നവജീവനിലുണ്ട്. മക്കള്‍ നേരിട്ട് കൊണ്ടുത്തരുന്നവരെ സ്വീകരിക്കാറില്ല.

കാരുണ്യത്തിന്റെ വഴികള്‍


അന്‍പത്തിരണ്ട് വര്‍ഷം മുന്‍പ് ചെറിയ രീതിയില്‍ തുടക്കമിട്ട സൗജന്യ ഭക്ഷണ വിതരണം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി. ജില്ലാ ആശുപത്രി, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ എത്തുന്ന അയ്യായിരത്തോളം രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.

പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്തവര്‍ക്ക് താമസയോഗ്യമായ വീടുകളും യുവതികള്‍ക്ക് വിവാഹ സഹായവും കിഡ്‌നി, കാന്‍സര്‍ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലെ വീട്ടുചിലവുകളും ചികിത്സാ സഹായങ്ങള്‍ എന്നിവയൊക്കെ ചെയ്യാറുണ്ട്.

സര്‍ക്കാര്‍ സഹായമോ വിദേശ ഫണ്ടുകളോ ഒന്നുമില്ലാതെ സുമനസുകളുടെ സഹായം കൊണ്ട് മാത്രമാണ് എനിക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കുന്നത് അയല്‍ക്കാരും കോളേജ് വിദ്യാര്‍ത്ഥികളും മറ്റ് സന്നദ്ധപ്രവര്‍ത്തകരുമാണ്.

ഇതിനോടകം ഇരുന്നൂറിലധികം അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട രോഗികളും അവരുടെ ആശ്രിതരും വയറുനിറയെ ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ ചിരിച്ച മുഖത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഈ അവാര്‍ഡുകള്‍ക്കോ അംഗീകാരങ്ങള്‍ക്കോ നല്‍കാനാവില്ല.

മറ്റുളളവരുടെ വിശപ്പടക്കുന്നതില്‍പരം പുണ്യം മറ്റൊന്നുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് മുന്നിലെത്തുന്നവരെ ഞാന്‍ നിരാശപ്പെടുത്താറില്ല. ജീവിതത്തിലുണ്ടായിട്ടുളള എല്ലാ പ്രതിസന്ധികള്‍ക്കിടയിലും പൂര്‍ണ്ണ പിന്തുണയുമായി എന്റെ ഭാര്യയും മക്കളും ഒപ്പം നിന്നു.

''നാം ജീവിക്കുന്നതിനോടൊപ്പം ജീവിക്കാന്‍ അവസരം നഷ്ടപ്പെട്ടവര്‍ക്കും നാം സഹായമായി നില്‍ക്കുമ്പോള്‍ ദൈവം നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.''എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അഞ്ജു രവി

Ads by Google
Tuesday 21 Nov 2017 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW