Tuesday, June 18, 2019 Last Updated 31 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 10.36 AM

സിനിമയെ വെല്ലുന്ന എന്‍.എന്‍. പിള്ളയുടെ പ്രണയകഥ തുറന്നു പറഞ്ഞ് മകന്‍ വിജയരാഘവന്‍

യുദ്ധത്തില്‍ മരിച്ചുപോയെന്നു കരുതിയ അച്ഛനെ വര്‍ഷങ്ങള്‍ കാത്തിരുന്ന, വിവാഹത്തിനു മുന്‍പുതന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കളെ സ്വന്തം വീട്ടില്‍കൊണ്ടുവന്ന് ശുശ്രൂഷിച്ച അമ്മയുടെ അനശ്വരപ്രണയ കഥ മകന്‍ വിജയരാഘവന്‍ പറയുന്നു
uploads/news/2017/11/167133/Weeklyvijayarakhvan.jpg

സിനിമയില്‍ തിരക്കേറുമ്പോള്‍ സാധാരണയായി നടന്മാര്‍ യാത്രാസൗകര്യത്തിനും നഗരജീവിതത്തിലും ആകൃഷ്ടരായി നാട്ടിന്‍പുറങ്ങളെ വിട്ട് മെട്രോസിറ്റികളിലേക്ക് താമസം മാറ്റുന്നത് പതിവാണ്. അവരില്‍ നിന്നും വ്യത്യസ്തനാണ് കുട്ടന്‍ എന്ന വിജയരാഘവന്‍.

നാട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും ഇദ്ദേഹം കുട്ടനും കുട്ടേട്ടനുമൊക്കെയാണ്. എന്നാല്‍ സിനിമാപ്രേമികള്‍ക്ക് ഇദ്ദേഹം വിജയരാഘവനാണ്.

സമൂഹത്തിലെ ദുഷ്പ്രവണതകളെ നാടകങ്ങളിലൂടെ പുറംലോകത്തിന് കാട്ടിക്കൊടുത്ത നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ മകനായ ഇദ്ദേഹം മലയാളസിനിമയിലെ സജീവസാന്നിധ്യമാണ്.

നായകനായും പ്രതിനായകനായും സ്വഭാവനടനായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത കുട്ടന്‍ ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് തന്റെ വീടാണ്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമകനുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്ന സുഖം മറ്റെവിടെയും കിട്ടില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

അച്ഛന്റെ ആത്മകഥ സിനിമയാകുന്നതിനെക്കുറിച്ച്?


അതിലേറ്റവുമധികം സന്തോഷിക്കുന്നത് ഞാനാണ്. ഇക്കാലത്തെ കുട്ടികള്‍ക്ക് എന്‍.എന്‍.പിള്ള എന്ന പേര് കേള്‍ക്കുമ്പോള്‍ 'ഗോഡ്ഫാദറിലെ അഞ്ഞൂറാന്‍'എന്ന കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നത്. എന്നാല്‍ അച്ഛന്റെ ജീവിതവുമായി ആ കഥാപാത്രത്തിന് യാതൊരുബന്ധവുമില്ല.

75-ാം വയസ്സിലാണ് അദ്ദേഹം ആ വേഷം ചെയ്യുന്നത്. അതിലെ സംസാരരീതിയോ ഭാവങ്ങളോ അച്ഛന് ഉണ്ടായിരുന്നില്ല. നാടകത്തെ പ്രാണവായുവായി കരുതിയിരുന്ന അദ്ദേഹം, ഇഷ്ടമില്ലാത്തത് കണ്ടാല്‍ ആരുടെമുന്നിലും തുറന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു.

കഥകളെപ്പോലും വെല്ലുന്ന പ്രണയത്തിലെ നായികാനായകന്മാരായിരുന്നു എന്റെ അച്ഛനമ്മമാര്‍. അച്ഛന്റെ ഉറ്റസുഹൃത്തിന്റെ പെങ്ങളായിരുന്നു അമ്മ. നിരന്തരമായുള്ള കണ്ടുമുട്ടല്‍ അവരെ തമ്മില്‍ അടുപ്പിച്ചു.

മലേഷ്യയില്‍ പോകുന്ന വിവരം പോലും അച്ഛന്‍ അമ്മയോടാണ് ആദ്യം പറഞ്ഞത്. തിരിച്ചുവരുന്നത് വരെ കാത്തിരിക്കുമെന്ന ഉറപ്പ് അമ്മ കൊടുത്തു. അന്നൊന്നും മലേഷ്യക്ക് പോകാന്‍ ഇന്നത്തെപ്പോലെ വിസ വേണ്ടിയിരുന്നില്ല. ഒരുപാട് ജോലികള്‍ അവിടെ അച്ഛന്‍ ചെയ്തിട്ടുണ്ട്.

ആ സമയത്താണ് സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടുന്നതും നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരിലേക്ക് വരുന്നതും. ഇതില്‍ ആകൃഷ്ടനായ അച്ഛന്‍ അങ്ങനെ ഐ.എന്‍.എ.യില്‍ ചേര്‍ന്നു. അവിടെവച്ചാണ് അച്ഛന്‍ ആദ്യമായി നാടകം എഴുതുന്നത്. 'കുര്‍ബാനി 'എന്നായിരുന്നു അതിന്റെ പേര്.

നേതാജിയുടെ മുമ്പില്‍ ഈ നാടകം അവതരിപ്പിക്കുകയും, അത് കണ്ടിഷ്ടപ്പെട്ട അദ്ദേഹം അച്ഛന് ഒരു പേഴ്‌സ് സമ്മാനമായി കൊടുക്കുകയും ചെയ്തു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ യുദ്ധം നടക്കുകയും ഐ.എന്‍.എ. പിരിച്ചുവിടുകയും ചെയ്തു. അച്ഛന്റെ വിവരങ്ങളൊന്നും കിട്ടാതെ വന്നപ്പോള്‍ അദ്ദേഹം മരിച്ചുപോയെന്നാണ് വീട്ടുകാര്‍ കരുതിയത്.

അമ്മയുടെ സഹോദരിമാരൊക്കെ വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുമ്പോള്‍ അമ്മമാത്രം അച്ഛന്റെ ഓര്‍മ്മകള്‍ പേറി ജീവിച്ചു. എന്നും അമ്മ അച്ഛന്റെ വീട്ടില്‍ വരികയും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കാവശ്യമായ കാര്യങ്ങള്‍ മരുമകളുടെ സ്ഥാനത്ത് നിന്ന് ചെയ്തുകൊടുക്കുകയും ചെയ്തു.

അവര്‍ക്ക് തീരെ വയ്യാതായപ്പോള്‍ അമ്മ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതൊന്നും അറിയാതെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ തിരികെയെത്തിയത്. മരിച്ചുപോയി എന്ന് കരുതിയ ആളുടെ തിരിച്ചുവരവ് എല്ലാവരെയും അദ്ഭുതപ്പെടുത്തി.

അച്ഛന്‍ നാട്ടില്‍ വന്ന് മൂന്നാംദിവസം തന്നെ അമ്മയെ വിവാഹം ചെയ്തു. എന്റെ മൂത്ത സഹോദരി ജനിച്ച ശേഷം അച്ഛനും അമ്മയും മലേഷ്യക്ക് പോയി. ഞാന്‍ അവിടെയാണ് ജനിച്ചത്. . ഇവിടംവരെയുള്ള അച്ഛെന്റ ജീവിതമാണ് ആത്മകഥയില്‍. ഇത് തന്നെയാണ് സിനിമയാകുന്നത്.

ആദ്യത്തെ ഡിസ്‌കഷന്‍ കഴിഞ്ഞതേയുള്ളൂ. നിവിന്‍പോളിയാണ് നായകന്‍. ബാക്കി കാര്യങ്ങളൊന്നും ഇതുവരെ തീരുമാനമായിട്ടില്ല.

കുട്ടിക്കാലത്തെ ഓര്‍മ്മകളെ ഇപ്പോഴും താലോലിക്കുന്നു?


കൂട്ടുകാരുമൊത്ത് തമാശകള്‍ പറഞ്ഞും ചിരിച്ചും കളിച്ചും സ്‌കൂളിലേക്ക് പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. രാവിലെ കുളിച്ച് റെഡിയായി വീടിന് വെളിയിലിറങ്ങി കൂട്ടുകാരെ വിളിക്കും.

വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്തായിരുന്നു അവര്‍ താമസിച്ചിരുന്നത്. വിളി കേള്‍ക്കേണ്ട താമസം, ചെല്ലപ്പനും ബാലനുമൊക്കെ ഓടിവരും. എന്നിട്ട് ബാഗും തോളത്തിട്ട് ഞങ്ങളുടെ മൂവര്‍ സംഘം സ്‌കൂളിലേക്ക് യാത്ര തിരിക്കും.

ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീട്ടിലേക്ക് വരുന്നതാണ് രസം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നിര്‍ത്താതെയുള്ള ഒരോട്ടമാണ്. ചോറുണ്ടു കഴിയുമ്പോള്‍ തിരിച്ചും അങ്ങനെതന്നെ. അഞ്ചാം ക്‌ളാസ് മുതല്‍ കോട്ടയം ജില്ലയിലെ പരിപ്പ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്.

വീട്ടില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ദൂരത്താണ് സ്‌കൂള്‍. ബസില്‍ പോകാമെങ്കിലും നടക്കാനിഷ്ടമുള്ളതുകൊണ്ട് അത്രയും ദൂരം നടക്കും. വര്‍ത്തമാനങ്ങള്‍ പറഞ്ഞുപോകുമ്പോള്‍ ദൂരം ഒരു പ്രശ്‌നമേ ആയിരുന്നില്ല. അച്ഛന്‍ നാട്ടിലറിയപ്പെടുന്ന വ്യക്തിയായതിനാല്‍ ആരെങ്കിലും പറഞ്ഞുകൊടുക്കുമോ എന്ന ഭയം കൊണ്ട് കുരുത്തക്കേടുകളൊന്നും ചെയ്തിരുന്നില്ല.

Ads by Google
Loading...
TRENDING NOW