Monday, November 20, 2017 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
വിജയാനന്ദപ്രഭു
Monday 20 Nov 2017 12.32 AM

രണ്ടു ചായ, രണ്ടു കടി, രണ്ടു സിഗരറ്റ്‌, ചിലപ്പോള്‍ ഒരു പെഗ്‌ മദ്യം... വര്‍ഷങ്ങള്‍​കൊണ്ട്‌ നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് 1.9 കോടി രൂപ; സമ്പാദിക്ക​ണോ ഇതു വായിച്ചുനോക്കൂ

uploads/news/2017/11/167001/fami-bud.jpg

രണ്ടു ചായ, രണ്ടു കടി, രണ്ടു സിഗരറ്റ്‌, ചിലപ്പോള്‍ (ദിവസവും) ഒരു പെഗ്‌ മദ്യം കഴിക്കുന്ന ഒരു മനുഷ്യന്‍ ഒരു ദിവസം ചെലവാക്കുന്ന തുക കുറഞ്ഞത്‌ 120 രൂപയാണ്‌. അതായത്‌ ഒരു മാസം 3600 രൂപ. ഇതില്‍ നിന്ന്‌ ചായ എന്ന ഘടകത്തെ മാറ്റി നിര്‍ത്തിയാല്‍ കൂടി മറ്റ്‌ മൂന്നും ശരീരത്തിന്‌ കേടു വരുത്തുന്നവയാണ്‌. അങ്ങനെ ചായ കൂടാതെ തന്നെ ഒരു മാസം 3000 രൂപ വേണ്ടി വരും. മദ്യത്തിനൊപ്പം വാങ്ങുന്ന വറപൊരി ഭക്ഷണങ്ങള്‍ കൂടാതെ തന്നെ. ഒരാള്‍ 20 വയസ്‌ മുതല്‍ തുടങ്ങി 60 വയസുവരെയുള്ള കാലയളവില്‍ മാസം ചിലവാക്കുന്ന ഈ തുക എഴ്‌ ശതമാനം പലിശനിരക്കില്‍ നിക്ഷേപിച്ചാല്‍ തന്നെ 40 വര്‍ഷംകൊണ്ട്‌ ഇത്‌ 78 ലക്ഷം രൂപയാകും. അതിനു ശേഷം 80 വയസു വരെ ഒരു പലിശയും കിട്ടിയില്ലെങ്കില്‍ തന്നെ മാസം 33000 രൂപ പിന്‍വലിക്കാന്‍ ഇതുകൊണ്ട്‌ സാധിക്കും. കണക്കിന്റെ കളികള്‍ അപാരം തന്നെ. ഇതു തന്നെ 10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചാല്‍ 78 ലക്ഷം എന്നുള്ളിടത്ത്‌ കിട്ടാവുന്ന തുക 1.90 കോടിയാണ്‌. 90 വയസുവരെ ജീവിച്ചാലും പ്രതിമാസം 52000 രൂപ വീതം എ.ട.എമ്മില്‍ നിന്നും പിന്‍വലിക്കാനാക്കും.
ഇത്രയായിട്ടും വായന നിര്‍ത്തിയില്ലെങ്കില്‍ നല്ലത്‌. ഇനിയുള്ളത്‌ ആശ്വാസം പകരുന്ന വാക്കുകളാവും. ദിവസം കുറച്ച്‌ മദ്യം കഴിക്കുന്നത്‌ അത്ര ചീത്ത ശീലമല്ല എന്ന വാദത്തിനോട്‌ യോജിച്ചു നിന്നു കൊണ്ട്‌ സംസാരിക്കുകയാണെങ്കില്‍ ചെലവു ചുരുക്കാവുന്ന മറ്റു മാര്‍ഗങ്ങള്‍ ധാരാളമുണ്ട്‌. ഇവയെല്ലാം പക്ഷേ വിരല്‍ ചൂണ്ടുന്നത്‌ ഒരു വാദത്തിനെതിരെയാണ്‌. എന്റെ കൈയ്യില്‍ മാറ്റിവയ്‌ക്കാന്‍ കാശ്‌ ഒന്നു തന്നെയില്ല എന്ന വാദം. അനാവശ്യ ചെലവുകള്‍ നമുക്ക്‌ ധാരാളം ഉണ്ട്‌.

ഭക്ഷണവും വെള്ളവും

പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോള്‍ വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ വരുന്നതിനെക്കാള്‍ മൂന്നിരട്ടി ചെലവു വരും. ശരീരവും കേടാകും. അധിക ചെലവും മരുന്നിനു വേണ്ടിവരുന്ന കാശും നോക്കുകയാണെങ്കില്‍ വീട്ടില്‍ നിന്നും പാകം ചെയ്‌തു കൈവശം കൊണ്ടുപോകുന്നത്‌ എന്തുകൊണ്ടും ലാഭകരമാണ്‌. വൈള്ളത്തിന്റെ കാര്യവും അതു തന്നെ.
ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നവര്‍ ഒരു കുപ്പി വെള്ളവും ഒരു നേരത്തെ ഭക്ഷണവും വാങ്ങി അധികമായി ചെലവാക്കുന്ന തുക 50 മുതല്‍ 100 രൂപ വരെയാണ്‌. ഇത്‌ കൂട്ടിയാല്‍ ഒരു മാസം 1500-3000 രൂപയോളം വരും. നേരത്തെ പറഞ്ഞ 3000 രൂപയുടെ കൂടി കൂട്ടിയാല്‍ ഇതു 6000 രൂപയായി. ഇനി വേണമെങ്കില്‍ നമുക്ക്‌ മദ്യത്തിനു വേണ്ടി ചെലവാക്കുന്ന തുക ഇതില്‍ നിന്നും മാറ്റി നിര്‍ത്താം. അങ്ങനെ 1500-2000 രൂപ മാറ്റിയാല്‍ ബാക്കി 4000 രൂപയുണ്ട്‌. ഭക്ഷണവും വെള്ളവും കൈയ്യില്‍ കരുതാത്തതുകൊണ്ട്‌ സംഭവിക്കുന്നതാണിത്‌.

ഷോപ്പിങ്‌

അനാവശ്യമായ സാധനങ്ങള്‍ വാങ്ങാതിരിക്കാനും, വാങ്ങിയ സാധനങ്ങള്‍ കേടാക്കിക്കളയാതിരിക്കാനും ശ്രദ്ധിക്കാം. സൂപ്പര്‍ മാര്‍ക്കറ്റില്‍ ട്രോളി തള്ളി നടന്നുകൊണ്ട്‌ ഇടത്തു നിന്നും വലത്തു നിന്നും കവറുകള്‍ വാരിക്കുട്ടുമ്പോള്‍ ഒരു കാര്യം ചെയ്യാവുന്നതാണ്‌. ബില്ലിങ്‌ കൗണ്ടറില്‍ പോകുന്നതിനു മുമ്പ്‌ എല്ലാ സാധങ്ങളും ഒന്നു കൂടി നോക്കുക. അനാവശ്യമായി എന്തെങ്കിലും എടുത്തിട്ടുണ്ടോ എന്നു നോക്കുക. എന്തെങ്കിലും ഭക്ഷണസാധനം വേഗം കേടുവരുന്നതുണ്ടെങ്കില്‍ അതിന്റെ എണ്ണം കുറയ്‌ക്കാം. ഒന്നിച്ചുള്ള ഷോപ്പിങ്‌ ഒഴിവാക്കി ആഴ്‌ചയിലൊരിക്കല്‍ ഷോപ്പ്‌ ചെയ്‌താല്‍ നഷ്‌ടവും കേടാകാനുള്ള സാധ്യതയും കുറയ്‌ക്കാം. വലിയ തോതിലുള്ള ഷോപ്പിങ്‌ നടത്തുമ്പോള്‍ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ പോകണം. ഒരാള്‍ക്ക്‌ ചിലപ്പോള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സഹായിക്കാന്‍ ഒരാള്‍ കൂടെ ഉണ്ടെങ്കില്‍ അനാവശ്യ പര്‍ച്ചേസ്‌ കുറയ്‌ക്കാം. ഒരു ലിസ്‌റ്റ് കൈയ്യില്‍ കരുതി അതില്‍ ഉള്ളതു മാത്രം വാങ്ങാം. എന്നും ആവശ്യം വരുന്നതും എന്നാല്‍ കേട്‌ വരാത്തതുമായ സാധനങ്ങള്‍ ഒന്നിച്ചു വാങ്ങുക.
ഒരോ ദിവസവും എന്തെങ്കിലും വസ്‌തു കേടാക്കിക്കളയുന്നുണ്ടെങ്കില്‍ അതിന്റെ മൂല്യം കലണ്ടറില്‍ രേഖപ്പടുത്തി വയ്‌ക്കുക. അത്‌ എത്ര ചെറുതാണെങ്കില്‍ കൂടി. ഒരു ശരാശരി കുടുംബത്തിന്‌ കുറഞ്ഞത്‌ 500 രൂപയെങ്കിലും ഒരു മാസം നഷ്‌ടം വരാം. ആവശ്യത്തിനുമാത്രം പാകം ചെയ്‌താല്‍ ഇത്‌ പരമാവധി കുറയ്‌ക്കാം.

പരാതിയില്‍ത്തന്നെയുണ്ട് പരിഹാരം

ഒരോ പരാതിയിലും അതിനുള്ള പരിഹാരം ഒളിഞ്ഞു കിടപ്പുണ്ട്. ഒരു പത്തു മിനിറ്റ് ആഴത്തില്‍ വിശകലനം ചെയ്താല്‍ മാത്രം മതി. പാഴ്‌ചെലവുകള്‍ എല്ലാവര്‍ക്കുമുണ്ട്. അവ പില്‍ക്കാലത്തെ നിധികളാക്കി മാറ്റാനുള്ള തന്ത്രം അറിഞ്ഞിരിക്കണം. എന്റെ കൈയ്യില്‍ കാശൊന്നും നില്‍ക്കുന്നില്ലെന്നു പറയുന്ന ആള്‍ തന്നെ അനാവശ്യചെലവുകള്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്നവനായിരിക്കും.

'ശ്ശെ'എന്ന വാക്ക് നാം എത്ര പ്രാവശ്യം ഉപയോഗിക്കുന്നുവോ അത്രയും തവണ നാം പണം പാഴാക്കാറുണ്ട്. അങ്ങനെയുള്ള 'ശ്ശെ' കള്‍ ഒരു കുടുക്കയിലിട്ട് അത് എല്ലാ മാസവും നിക്ഷേപിച്ചാല്‍ പില്‍ക്കാലത്തെ 'ശ്ശൊ'കള്‍ ഒഴിവാക്കാം. പല നിക്ഷേപങ്ങള്‍ക്ക് 15 വര്‍ഷം കൊണ്ട് കൈവരിക്കാവുന്ന വളര്‍ച്ച താഴെക്കാണിക്കുന്നു. എല്ലാം പ്രതിമാസ നിക്ഷേപങ്ങളാണ്.

uploads/news/2017/11/167001/fami-2.jpg

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ നിക്ഷേപകാര്യ വിദഗ്ധനാണ് ലേഖകന്‍)

Ads by Google
വിജയാനന്ദപ്രഭു
Monday 20 Nov 2017 12.32 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW