Tuesday, January 01, 2019 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 18 Nov 2017 03.12 PM

എന്റെ ശശിയേട്ടന്‍

uploads/news/2017/11/166641/Weeklyorma18117.jpg

ആദ്യമായി ഞാന്‍ ഐ.വി. ശശിസാറിനെ കാണുന്നത് 'തുഷാരം' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ്.

ശ്രീവിദ്യയുടെ ഭര്‍ത്താവായിരുന്ന ജോര്‍ജ് ആണ് എന്നെ അദ്ദേഹത്തെ പരിചയപ്പെടുത്താനായി എ.വി.എം. സ്റ്റുഡിയോയില്‍ കൊണ്ടുപോകുന്നത്. ചെന്ന് എന്റെ അഭിനയമോഹം അറി
യിച്ചപ്പോള്‍ എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. എന്നിട്ട് 'ദേവസ്യേ' എന്ന് നീട്ടിയൊരു വിളി. പ്രശസ്ത മെയ്ക്കപ്പ്മാന്‍ എം.ഒ. ദേവസ്യ അതാ മുന്നില്‍.

''ഈ ക്യാപ്റ്റനെ നമ്മുടെ മറ്റേ മെയ്ക്കപ്പൊന്നിട്ട് കൊണ്ടുവാ.''
ഞാന്‍ അത്ഭുതപ്പെട്ടു. എന്തു മറ്റേ മെയ്ക്കപ്പ്?''

എം.ഒ. ദേവസ്യയ്‌ക്കൊപ്പം ഞാന്‍ പോയി. അദ്ദേഹം എന്നെയിരുത്തി. ആദ്യം ചായമെടുത്ത് നെറ്റിയില്‍ ഒരു കുരിശു വരച്ചു. സാധാരണ നമ്മള്‍ മുകളില്‍നിന്ന് താഴേക്കാണ് വരയ്ക്കുന്നത്.
പക്ഷേ അദ്ദേഹം താഴെനിന്ന് മുകളിലേക്ക് വരച്ചു.

ഞാന്‍ തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അവിടെയിരിക്കുന്നത് ഒരു സാധാരണ സംവിധായകനല്ല. അസാധാരണ കഴിവും ദീര്‍ഘവീക്ഷണവുമുള്ള അതുല്യ കലാകാരനാണ്. അതാണ് കുരിശ് താഴെനിന്നു വരയ്ക്കാന്‍ തുടങ്ങിയത്. നീയിന്ന് ഒരു കരിയര്‍ തുടങ്ങാന്‍ പോവുകയാണ്. താഴെനിന്ന് മുകളിലേക്കാണു പോവേണ്ടത്. അതാണദ്ദേഹം 'മറ്റേ മെയ്ക്കപ്പി'ലൂടെ ഉദ്ദേ
ശിച്ചത്.

അന്ന് ആ നെറ്റിയില്‍ പേറിയ കുരിശുമായി ക്യാപ്റ്റന്‍ രാജു മലയാള സിനിമയുടെ പടവുകള്‍ കയറാന്‍ തുടങ്ങി.
പല ഓര്‍മകള്‍ക്കിടയിലും ഇന്നും മറക്കാനാവാത്തത് ആ വ്യക്തിത്വത്തിന്റെ രണ്ടു ധ്രുവങ്ങളിലുള്ള സ്വഭാവവൈവിധ്യമാണ്.

ഒരിക്കല്‍ ഇന്നത്തെ പല മുതിര്‍ന്ന താരങ്ങളുമൊക്കെയായി ഒരു വിദേശരാജ്യത്ത് ഷൂട്ടിംഗിനു പോയി. ഹോങ്കോംഗില്‍ പോകുമ്പോള്‍ അവിടേക്ക് കടലിനടിയിലൂടെ റണ്‍വേ ഉണ്ടായിരുന്നു.

അതിലൂടെ പോകുമ്പോള്‍ ശശിയേട്ടന്‍ അവിടെവച്ചുതന്നെ സ്‌ക്രിപ്റ്റ് എഴുതി ചില സീനുകള്‍ ചിത്രീകരിക്കുമായിരുന്നു. അത് പലപ്പോഴും അപ്പപ്പോള്‍ തോന്നുന്ന ബുദ്ധിയാണ്.

ഞങ്ങള്‍ പലപ്പോഴും അത്ഭുതപ്പെട്ടിരിക്കും. പക്ഷേ ഞങ്ങളെ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ച് നല്ല സീനുണ്ടാക്കും. അവിടെ പലപ്പോഴും വലിയ സാഹസികമായ ഷോട്ടുകള്‍ ആയിരുന്നു എടുത്തിരുന്നത്. ഈ കുറിയ മനുഷ്യന് ഇത്രയധികം ധൈര്യമുണ്ടോ എന്ന് ഞങ്ങള്‍ക്ക് പലവട്ടം തോന്നി.

പക്ഷേ ഷൂട്ടിംഗിന് അവസാനം പായ്ക്കപ്പ് ചെയ്ത് തിരികെ വരാനായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം ഇഷ്ടപ്പെട്ടു വാങ്ങിയ ചില കളിപ്പാട്ടങ്ങള്‍, ഓവര്‍ വെയ്റ്റ് കാരണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എടുത്തുമാറ്റി. ഒരു വാക്കുപോലും ഉരിയാടാതെ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു.

ഒരുവശത്ത് ധൈര്യശാലിയും കഠിനഹൃദയനുമായ ഐ.വി. ശശി എന്ന സിനിമാക്കാരനെയും മറുവശത്ത് തന്റെ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം കൈവിട്ടു പോയപ്പോള്‍ കണ്ണീര്‍ നിറഞ്ഞ മനുഷ്യനെയും കാണാന്‍ കഴിഞ്ഞ അപൂര്‍വം ഭാഗ്യവാന്‍മാരില്‍ ഒരാളാണ് ഞാന്‍. ശശിയേട്ടനെപ്പറ്റി ഒരു ഈരടിയില്‍ ഞാനിത് അവസാനിപ്പിക്കട്ടെ.

''ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരാറുള്ള അവതാരങ്ങള്‍ എവിടെ?''
അതേ. മലയാള സിനിമയില്‍ ആയിരം യുഗങ്ങളില്‍ വന്ന ഒരേയൊരു അവതാരം ആയിരുന്നു എന്റെ ശശിയേട്ടന്‍.

Ads by Google
Saturday 18 Nov 2017 03.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW