Friday, June 21, 2019 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 17 Nov 2017 08.56 PM

തര്‍ക്കിക്കുന്ന താക്കോല്‍ക്കാരന്‍

Punyalan private ltd. movie review

നമ്മുടെ നാട്ടിലെ തൊഴില്‍- വ്യവസായ അന്തരീക്ഷത്തെ വിമര്‍ശനാത്മകമായും ആക്ഷേപഹാസ്യകരമായും സമീപിച്ച കള്‍ട്ട് സിനിമകളായ വരവേല്‍പ്പ്, മിഥുനം തുടങ്ങിയവയുടെ പാത പിന്തുടര്‍ന്ന സിനിമയാണ് പുണ്യാളന്‍ അഗര്‍ബത്തീസ്; തിയറ്ററില്‍ നല്ലനിലയില്‍ സ്വീകരിക്കപ്പെട്ട രഞ്ജിത്ത് ശങ്കറിന്റെ സിനിമ. അതിനൊരു തുടര്‍ച്ച വരുമ്പോള്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതുതന്നെയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. എന്നാല്‍ മധ്യവര്‍ഗ ആശങ്കളെപ്പറ്റിയുള്ള ഡയലോഗുകളാലും മോണോലോഗുകളാലും മുഖരിതമായ ആഖ്യാനം ആദ്യസിനിമയിലെപ്പോലൊരു എന്റര്‍ടെയ്‌നിങ് അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നു സംശയമാണ്.

ഹര്‍ത്താലിനെതിരേയുള്ള ജോയ് താക്കോല്‍ക്കാരന്‍ എന്ന യുവവ്യവസായിയുടെ ഒറ്റയാള്‍ പ്രതിഷേധമാണ് ആദ്യസിനിമയെങ്കില്‍ ഇക്കുറി രാഷ്ട്രീയ-ഭരണകൂട സംവിധാനങ്ങളോടുള്ള ഒറ്റയാള്‍ ചെറുത്തുനില്‍പ്പാണ്. രഞ്ജിത്തിന്റെ സിനിമകള്‍ അല്ലെങ്കിലും വ്യവസ്ഥിതിയോടുള്ള നായകന്റെ/നായികയുടെ ഒറ്റയാള്‍ പോരാട്ടങ്ങളാണല്ലോ. ആദ്യസിനിമയായ പാസഞ്ചറില്‍ അഴിമതി, രണ്ടാം സിനിമ അര്‍ജുനന്‍ സാക്ഷിയില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ, മൂന്നാംസിനിമ മോളി ആന്റി റോക്‌സില്‍ ആദായനികുതിയുടെ നൂലാമാലകള്‍, പുണ്യാളനില്‍ ബ്യൂറോക്രാറ്റിക്-രാഷ്ട്രീയ ഇടപെടലുകള്‍, സു സു സുധീ വാല്‍മീകത്തില്‍ ശബ്ദവൈകല്യമുള്ളയാളുടെ അതിജീവനം, രാമന്റെ ഏദന്‍തോട്ടത്തില്‍ കുടുംബം എന്ന സംവിധാനത്തോടും പുരുഷാധിപത്യകാഴ്ചപ്പാടിനോടുമുള്ള എതിര്‍പ്പ്....ഇങ്ങനെ പോകുന്നു.'പ്രേതം' മാത്രമാണ് വേറിട്ട നടത്തം. സ്ത്രീ/പുരുഷ വേര്‍തിരിവുകളില്ലാതെയാണ് ഈ അവതരണം എന്ന് ഏറെ ശ്രദ്ധേയം. മോളിയാന്റി റോക്ക്‌സിലെ മോളിയും ഏദന്‍തോട്ടത്തിലെ മാലിനിയും ഉദാഹരണം. എന്നാല്‍ പുണ്യാളന്‍ സെക്കന്റിലേയ്‌ക്കെത്തുമ്പോള്‍ അതു മുഴുവന്‍ വ്യവസ്ഥിതിയ്ക്കുമെതിരേയുളള പോരാട്ടമാണ്.

ആധാറിനെ വിമര്‍ശിക്കുന്ന, നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്ന, തിയറ്ററിലെ ദേശീയഗാനം അടിച്ചേല്‍പ്പിച്ചതിനെ വിമര്‍ശിക്കുന്ന താക്കോല്‍ക്കാരന്‍ നടപ്പുസമൂഹത്തിലെ സാധാരണക്കാരന്റെ പ്രതീകമാണ്. സമൂഹമാധ്യമങ്ങളില്‍ ദിവസേനയെന്നോണം നാം കാണുന്ന കുറിപ്പുകളെ ഓര്‍മിപ്പിക്കുന്നതാണ് ജോയ് താക്കോല്‍ക്കാരന്റെ വ്യക്തിത്വം. ആദ്യസിനിമയില്‍ ജോയ് താക്കോല്‍ക്കാരന്‍ എന്ന റിബലിന്റെ സ്വഭാവത്തെ സ്ഥാപിക്കാനാണ് രഞ്ജിത്ത് ശങ്കര്‍ സമയമെടുത്തതെങ്കില്‍ ഇക്കുറി വ്യവസ്ഥിതിയോടുള്ള അയാളുടെ പോരാട്ടത്തിന് വഴിയൊരുക്കാനാണ് ഏറെ സമയമെടുത്തിട്ടുള്ളത്. കഷ്ടിച്ച് രണ്ടുമണിക്കൂറിന് മുകളിലാണ് സിനിമയുടെ ദൈര്‍ഘ്യം.

Punyalan private ltd. movie review

ആനപ്പിണ്ടത്തില്‍നിന്നുളള അഗര്‍ബത്തി ബിസിനസ് പൊളിഞ്ഞ്, ഫാക്ടറി ജപ്തിയുടെ വക്കിലാണ് ജോയ് താക്കേല്‍ക്കാരന്‍ എന്ന് ഓപ്പണിങ് ക്രെഡിറ്റ് തീരുംമുമ്പേ സിനിമ പറയുന്നുണ്ട്. രാഷ്ട്രീയത്തില്‍നിന്നൊക്കെ ഒഴിഞ്ഞ് ജീവിക്കുന്ന താക്കോല്‍ക്കാരന്റെ ഇത്തവണത്തെ നൂതന ഐഡിയ ആനമൂത്രത്തില്‍നിന്നു കുടിവെള്ള നിര്‍മാണമാണ്. അതിന്റെ ഡെലിവറിയ്ക്കിടയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പാഴ്‌സല്‍ സര്‍വീസുമായുളള പ്രശ്‌നം സ്‌റ്റേറ്റുമായുള്ള പോരാട്ടത്തിലേക്ക് വീണ്ടും താക്കോല്‍ക്കാരനെ വലിച്ചിഴയ്ക്കുന്നു.

അസാധാരണമായ ട്വിസ്‌റ്റോ, നാടകീയതകളോ, കഥാപാത്രങ്ങളുടെ രംഗപ്രവേശങ്ങളോ ഒന്നുമില്ലാതെ തികച്ചും പ്രതീക്ഷിക്കാവുന്ന, ഏറെക്കുറെ റിയലിസ്റ്റിക്കായ സന്ദര്‍ഭങ്ങളിലൂടെയാണു സിനിമ പുരോഗമിക്കുന്നത്. ഷങ്കറിന്റെ മുതല്‍വനിലെ ഒരുനാള്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചുകൊണ്ട് 24 മണിക്കൂര്‍ മുഖ്യമന്ത്രിക്കൊപ്പമുളള താക്കോല്‍ക്കാരന്റെ യാത്രയാണ് സിനിമയുടെ ഹൈലൈറ്റ്. പൊതുവേ പതിഞ്ഞ താളത്തിലുള്ള സിനിമയുടെ ഗതിവേഗം കൂട്ടുന്നതും ഈ യാത്രയാണ്.

ജയസൂര്യ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ബലം. ജയസൂര്യ ഏറെക്കുറെ ഒറ്റയ്ക്കു സിനിമയെ മുന്നോട്ടുനയിക്കുന്നുണ്ട്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണു സിനിമയുടെ നിര്‍മാണവും. ശരീരഭാഷകൊണ്ടും സ്വഭാവികമായ നര്‍മബോധം കൊണ്ടും ജയസൂര്യ അനായാസമായാണ് താക്കോല്‍ക്കാരനെ അവതരിപ്പിക്കുന്നത്. രൂപ, ശരീരഭാഷകളില്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ ജയസൂര്യക്ക് ലളിതമായി സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കുറി ജയസൂര്യയ്ക്കു നായികയില്ല. ആദ്യഭാഗത്തില്‍ താക്കോല്‍ക്കാരന്റെ ഭാര്യയായി വേഷമിട്ട നൈല ഉഷ ഇക്കുറി ഫോട്ടോകളില്‍ മാത്രമാണെത്തുന്നത്. അവര്‍ പ്രസവത്തോടെ മരിച്ചുവെന്ന് സിനിമ തുടക്കത്തില്‍ തന്നെ അറിയിക്കുന്നുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും 'നോ' എന്നത് 'നെക്‌സ്റ്റ് ഓപ്പര്‍ച്യൂണിറ്റി' ആണെന്ന ഫിലോസഫിയില്‍ മുന്നോട്ടുപോകുന്ന താക്കോല്‍ക്കാരന് ഇടവേളയോടുകൂടി ഒരു പ്രതിയോഗിയെ കിട്ടുന്നു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ശക്തന്‍ രാജശേഖരന്‍(വിജയരാഘവന്‍). ഇവര്‍ രണ്ടുപേരും കണ്ടുമുട്ടുന്നതോടെ സിനിമ ഏറെക്കുറെ ഒരു സംവാദത്തിന്റെ, വാഗ്വാദത്തിന്റെ തലത്തിലേയ്ക്ക് മാറുന്നു. ഒരുപക്ഷേ ഈ സീക്വലില്‍ രഞ്ജിത്തിന് സംഭവിച്ച ഏറ്റവും വലിയ പിഴവും ആഖ്യാനത്തെ ഡലലോഗ് ഓറിയന്റഡ് ആക്കാന്‍ തീരുമാനിച്ചതാവും. നേരാണ്, നീതിരാഹിത്യം നേരിട്ട ഓരോ സാധാരണക്കാരനും കൈയടിക്കുന്ന ഡയലോഗ് തന്നെയാണ് താക്കോല്‍ക്കാരന്‍, കോടതിയിലും മാധ്യമങ്ങളോടും ഫെയ്‌സ്ബുക്ക് ലൈവിലും പറയുന്നത്. പക്ഷേ ആ പറച്ചിലിന് ഒരു ഫെയ്‌സ്ബുക്ക് കമന്റിന്റെ വിലയേ തോന്നുള്ളു. അത്രമേല്‍ ശുഷ്‌കവും ഉപരിപ്ലവവുമാണ് രാഷ്ട്രീയത്തെ കൈാര്യം ചെയ്യുന്നത്. സിനിമ തീര്‍ച്ചയായും രാഷ്ട്രീയ സിനിമയാണ്. അതുപക്ഷേ പറയുന്നത്, മധ്യവര്‍ഗത്തിന്റെ ഉപരിപ്ലവമായ രാഷ്ട്രീയബോധം മാത്രമാണെന്ന് പറയേണ്ടിവരും.

താക്കോല്‍ക്കാരനില്‍തന്നെ ഊന്നി കഥ പറയുന്നതുകൊണ്ട് സിനിമയുടെ ഏറിയപങ്കിലും ജയസൂര്യയുടെ സാന്നിധ്യമുണ്ട്. സിനിമ ന്യൂജനറേഷനായാലും ഓള്‍ഡ് ജനറേഷനായാലും ഒരുപോലെ കൈകാര്യം ചെയ്യുന്ന വിജയരാഘവനാണ് എതിരാളി എന്നത് ജയസൂര്യയുടെ കഥാപാത്രത്തിന് കരുത്തുനല്‍കുന്നുണ്ട്. എന്നാല്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് അല്‍പം പോലും പ്രാധാന്യമില്ല. സഹതാരങ്ങളെ മിക്കവരെയും കോമാളികളായാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീജിത്ത് രവി, ധര്‍മജന്‍ ബോള്‍ഗാട്ടി, ജയരാജ് വാര്യര്‍, സുനില്‍ സുഗദ, ഗിന്നസ് പക്രു, വിഷ്ണു ഗോവിന്ദ്, ആര്യ എന്നിവരാണ് മറ്റുള്ളവര്‍. അജു വര്‍ഗീസിന് വീഡിയോ ലൈവിലൂടെയുള്ള വേഷമേയുള്ളു. ആദ്യഭാഗം ലളിതനര്‍മങ്ങളിലൂന്നിയതാണെങ്കില്‍ ഇക്കുറി പലതും പഞ്ചില്ലാത്ത നിര്‍ദോഷ തമാശകളാണ്. എങ്കിലും സംവാദശീലമുള്ള സിനിമയെ ക്ഷമയോടെ കണ്ടിരിക്കാന്‍ തുണയ്ക്കുന്നുണ്ട്.
വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. ടൈറ്റില്‍ സോങ് ഒഴികെയുള്ള സംഗീതം ആനന്ദ് മധുസൂദനനും. പശ്ചാത്തലസംഗീതത്തിന്റെ അമിതമായ പ്രയോഗം പലയിടത്തും അലോസരമുണ്ടാക്കുന്നുണ്ട്.

evshibu1@gmail.com

Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 17 Nov 2017 08.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW