Wednesday, July 17, 2019 Last Updated 16 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 16 Nov 2017 03.19 PM

ഒറ്റപ്പെടലിനിടയില്‍ കിട്ടിയ കൈത്താങ്ങ്

''ഏകാന്തതയുടെ നീറ്റല്‍ മനസ്സില്‍ കിടന്ന് പുളയുമ്പോഴും വേദന കടിച്ചമര്‍ത്തി മറ്റുള്ളവര്‍ കൂട്ടുകാരുമൊത്ത് രസിക്കുന്നത് കൊതിയോടെ നോക്കി നിന്ന എന്റെ ജീവിതത്തിലേയ്ക്ക് ശ്രീകുമാര്‍ എന്ന അദ്ധ്യായം എഴുതിച്ചേര്‍ത്തത് ദൈവം എനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.''
uploads/news/2017/11/166036/Weeklyfrndship161117a.jpg

ഒരുപാട് സൗഹൃദങ്ങള്‍ ഉള്ള ഒരാളല്ല ഞാന്‍.ആരെങ്കിലും കൂടെ കൂട്ടിയിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുകയും അതുനടക്കാതെ വരുമ്പോള്‍ ആരും കാണാതെ ഇരുന്ന് കരഞ്ഞും തീര്‍ത്ത ബാല്യത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നതുപോലും മനസ്സിനിന്നും ഭാരമാണ്.

ഏകാന്തതയുടെ നീറ്റല്‍ മനസ്സില്‍ കിടന്ന് പുളയുമ്പോഴും വേദന കടിച്ചമര്‍ത്തി മറ്റുള്ളവര്‍ കൂട്ടുകാരുമൊത്ത് രസിക്കുന്നത് കൊതിയോടെ നോക്കി നിന്ന എന്റെ ജീവിതത്തിലേയ്ക്ക് ശ്രീകുമാര്‍ എന്ന അദ്ധ്യായം എഴുതിച്ചേര്‍ത്തത് ദൈവം എനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സമപ്രായക്കാര്‍ അല്ലെങ്കിലും മാനസികമായി ഞങ്ങള്‍ക്കിടയിലൊരു രസതന്ത്രമുണ്ട്. കടന്നുപോയ അനുഭവങ്ങള്‍ക്കുപോലുമുണ്ട് സമാനസ്വഭാവം.കളിയാക്കലുകളുടെയും അവഹേളനങ്ങളുടെയും സങ്കടങ്ങള്‍ പരസ്പരം പങ്കുവയ്ക്കുമ്പോള്‍ നൊമ്പരങ്ങള്‍ അലിഞ്ഞില്ലാതാകുന്നത് തിരിച്ചറിഞ്ഞപ്പോള്‍ മുതലാണ് ഞങ്ങള്‍ക്കിടയിലെ ബന്ധത്തെ എന്തുപേരിട്ട് വിളിക്കണമെന്ന് ചിന്തിച്ചുതുടങ്ങിയത്. മറ്റൊരു ബന്ധത്തിലൂടെയും അനുഭവിക്കാന്‍ സാധിക്കാതിരുന്ന ആ സുഖം തന്നെയാണ് സൗഹൃദമെന്ന് എനിക്ക് മനസ്സിലായി.

പ്രായത്തില്‍ മുതിര്‍ന്ന സുഹൃത്തിനെ കിട്ടിയതുകൊണ്ട് ഒരു ജ്യേഷ്ഠന്റെ സ്‌നേഹവും കരുതലും ഉപദേശങ്ങളും ബോണസ് പോലെ എനിക്ക് കിട്ടി.ഒരു ലക്ഷ്യംവെച്ച് അതിനായി പരിശ്രമിച്ചാല്‍ എത്ര പ്രയാസമുള്ള കാര്യമായാലും അത് സാധിച്ചെടുക്കാന്‍ പ്രപഞ്ചശക്തി മുഴുവന്‍ ഒപ്പം നില്‍ക്കുമെന്ന് പൗലോ കൊയ്‌ലോയുടെ 'ആല്‍ക്കമിസ്റ്റ്' വായിക്കും മുന്‍പ് തന്നെ എന്റെ കൂട്ടുകാരനില്‍ നിന്ന് ഞാന്‍ പഠിച്ചു.

അവനാണെന്റെ റോള്‍ മോഡല്‍.മറ്റുള്ളവര്‍ക്ക് വീട്ടില്‍ നിന്ന് പോക്കറ്റ് മണി കിട്ടുമ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് ശ്രീകുമാര്‍ കണ്ടെത്തുന്ന സമ്പാദ്യത്തിലൊരു പങ്കായിരുന്നു എന്റെ കീശയെ ധന്യമാക്കിയിരുന്നത്. മറ്റൊരാളുടേത് എന്ന തോന്നലില്ലാതെ സ്വാതന്ത്ര്യത്തോടെ ശ്രീകുമാറിന്റെ പോക്കറ്റില്‍ നിന്നേ ഞാന്‍ കാശെടുത്തിട്ടുള്ളു.

എസ്.എസ്.എല്‍.സി പാസ്സായാല്‍ പിന്നെ വൈറ്റ് കോളര്‍ ജോലി മാത്രം ചെയ്യുന്നവരെ കണ്ടുശീലിച്ച എനിക്ക് മുന്നില്‍ ഏതുതൊഴിലിനും അന്തസ്സുണ്ടെന്ന് ബോധ്യപ്പെടുത്തിയത് ശ്രീകുമാറാണ്.എല്ലാത്തിനും അവനു വ്യക്തമായ കാഴ്ചപ്പാടുണ്ട്.

ചങ്ങനാശ്ശേരി പെരുന്നയാണെന്റെ നാട്. അവിടെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ ശ്രീകുമാറിന് സ്റ്റാള്‍ ഇടുന്ന പതിവുണ്ടായിരുന്നു. കാശ് അടിച്ചുമാറ്റുമോ എന്ന സംശയമില്ലാതെ വിശ്വസിച്ചവിടുത്തെ കാര്യങ്ങള്‍ എന്നെ മാത്രമേ ഏല്‍പ്പിച്ചിരുന്നുള്ളു. എന്നോടൊപ്പം ചെയ്യുന്ന കച്ചവടം ലാഭകരമായിരിക്കുമെന്നൊരു വിശ്വാസവും ഉണ്ടായിരുന്നു. എന്റെ സത്യസന്ധതയാണോ തമ്മിലെ രാശിയാണോ അതിനു കാരണമെന്ന് ഇപ്പോഴും അറിയില്ല.

uploads/news/2017/11/166036/Weeklyfrndship161117a2_1.jpg

ബാങ്ക് ഉേദ്യാഗസ്ഥനാവുക എന്നതായിരുന്നു ശ്രീകുമാറിന്റെ സ്വപ്നം. കോളേജില്‍ ജോലി ലഭിച്ചിട്ടും ആ ലക്ഷ്യം മറന്നില്ല. ജോലിയില്‍ ഇരിക്കെ ബാങ്ക് ടെസ്റ്റുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ജോലി നേടുകയും ചെയ്തു. അവന്‍ ആ സ്വപ്നത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഞാനായിരിക്കും.

ഞങ്ങളുടെ സൗഹൃദം തുടങ്ങിയ ഇടയ്ക്ക് നാട്ടിലെ ഒരു പ്രമാണി ആര്‍ഭാടപൂര്‍വം അയാളുടെ മകളുടെ വിവാഹം നടത്തി. നാടടച്ച് വിളിച്ച് വലിയ ആഘോഷമായിരുന്നു.ഗാനമേളയൊക്കെ അന്ന് വിവാഹങ്ങള്‍ക്ക് അത്യപൂര്‍വമാണ്.

ഇതുവരെ സാക്ഷ്യം വഹിക്കാത്തത്ര വലിയ കല്യാണം കാണാന്‍ നാട്ടുകാരെല്ലാം പോയി.സ്റ്റാറ്റസ് ഒരു വലിയ ഘടകമായിരുന്ന അക്കാലത്ത് മനഃപൂര്‍വം അയാള്‍ എന്നെയും ശ്രീകുമാറിെനയും ക്ഷണിക്കാതിരുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു.

ആഘോഷാരവങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ കലികയറി. ഞങ്ങള്‍ രണ്ട് ബിയറൊക്കെ അടിച്ച് കല്യാണ വീടിന്റെ വഴിയേ നടന്നു.റോഡ് മുഴുവന്‍ അലങ്കാരങ്ങള്‍ കണ്ട് തമ്മില്‍ തമ്മില്‍ നോക്കി പുച്ഛിച്ചു. പെട്ടെന്നാണ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന അതിസുന്ദരമായ ആര്‍ച്ച് ഞങ്ങള്‍ കണ്ടത്.

പിന്നെ ഒന്നും നോക്കിയില്ല. അതങ്ങ് അടിച്ചു തകര്‍ത്തു. ഉള്ളിലെ ദേഷ്യം മുഴുവന്‍ അതില്‍ തീര്‍ത്തു.ശബ്ദം കേട്ട് ആളുകള്‍ ഓടിവന്നപ്പോള്‍ ഞങ്ങള്‍ അതിനേക്കാള്‍ സ്പീഡില്‍ അവിടന്നു മുങ്ങി. ശ്രീകുമാറിന് വെളുപ്പിന് വരുന്ന മില്‍മയുടെ പാല്‍ക്കവറുകള്‍ വാങ്ങിവയ്ക്കുന്ന ചെറിയൊരു കടയുണ്ടായിരുന്നു. അങ്ങോട്ടേയ്ക്കാണ് ഞങ്ങള്‍ ഓടിയത്.

അവിടൊരു റൗണ്ട് അടിച്ച് പാല്‍ കവറുമായി ഞങ്ങള്‍ തിരിച്ചുവന്നപ്പോഴും ആര്‍ച്ച് തകര്‍ത്ത വേന്ദ്രന്മാര്‍ക്കായുള്ള തിരച്ചിലിലായിരുന്നു പാവം നാട്ടുകാര്‍. സഹായത്തിന് ഞങ്ങളും കൂടിയതുകൊണ്ട് ആളെ പിടിക്കാന്‍ പറ്റിയില്ല.

ചെറിയ ജോലികള്‍ ചെയ്തുകിട്ടുന്ന കാശ് സ്വരുക്കൂട്ടിവെച്ച് ടൂര്‍ പോയിരുന്നതാണ് ഞങ്ങളുടെ സൗഹൃദത്തിലെ മറ്റൊരു രസകരമായ ഓര്‍മ. ഒരിക്കല്‍ ഞങ്ങളങ്ങനെ പഴനിയില്‍ പോയി മൊട്ടയടിച്ചു.അവിടെവെച്ച് പരിചയപ്പെട്ട ചിലര്‍ എന്തിനുവന്നതാണെന്ന് ചോദിച്ചപ്പോള്‍ എന്റെ വായില്‍ വന്നത് സിനിമയ്ക്ക് ലൊക്കേഷന്‍ നോക്കാന്‍ ഡയറക്ടര്‍ വിട്ടതാണ് എന്നാണു.

uploads/news/2017/11/166036/Weeklyfrndship161117a1.jpg

അന്നെന്റെ സ്വപ്നത്തിലെങ്ങും സിനിമയില്ല. കേട്ടുനിന്നവര്‍ മതിപ്പോടെ നോക്കിയപ്പോള്‍ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. പിന്നീട് സംവിധാന സഹായി ആയിരിക്കെ രാജമാണിക്യത്തിനും ചട്ടമ്പിനാടിനും വേണ്ടി അതേ സ്ഥലത്ത് ലൊക്കേഷന്‍ നോക്കാന്‍ ഞാന്‍ പോയിട്ടുണ്ടെന്നതാണ് കഥയിലെ ട്വിസ്റ്റ്.

മമ്മൂക്കയോടൊപ്പം ഫോട്ടോ എടുക്കണമെന്ന ശ്രീകുമാറിന്റെ ആഗ്രഹവും ആ സെറ്റില്‍വെച്ച് ഞാന്‍ സാധിച്ചുകൊടുത്തു. സിനിമയിലേക്ക് പോകണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മറ്റെല്ലാവരും എന്നെ കളിയാക്കിയിട്ടേയുള്ളു. ആഗ്രഹമുണ്ടെങ്കില്‍ നീ പോകണം, പൈസ ഒന്നും നോക്കേണ്ട, ഞാന്‍ തരാം എന്ന് പറയാന്‍ ശ്രീകുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ശ്രീകുമാര്‍ ഡിഗ്രി പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയത്ത്,അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ മറ്റൊരു സംഭവമുണ്ടായി. ഞങ്ങളെല്ലാവരും ജോളി മൂഡില്‍ പാര്‍ട്ടിയൊക്കെ കഴിഞ്ഞ് പടക്കമൊക്കെ പൊട്ടിച്ച് ആ രാത്രി ആഘോഷത്തിമിര്‍പ്പിലായിരുന്നു.

ഒരു ഗുണ്ട് പൊട്ടിയില്ലല്ലോ എന്ന് കൂട്ടത്തില്‍ ആരോ പറഞ്ഞതും ശ്രീകുമാര്‍ അത് കയ്യിലെടുത്തു നോക്കിയതും ഒരുമിച്ചായിരുന്നു .പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് എല്ലാവരും പരിഭ്രാന്തരായി. തല്‍ക്ഷണം അവന്റെ വലതു കയ്യിലെ ഒരുവിരല്‍ അറ്റുപോകുന്നത് ഞെട്ടലോടെ ഞങ്ങള്‍ കണ്ടുനിന്നു.

ചികിത്സയൊക്കെ കഴിഞ്ഞ് അവന്‍ അതുമായി പൊരുത്തപ്പെട്ടെങ്കിലും ഒരു വിരലില്ലാതെ അവന്‍ ഭക്ഷണം കഴിക്കുന്നതും ബാങ്കിലെ ജോലി ചെയ്യുന്നതും കാണുമ്പോള്‍ ഇപ്പോഴുമെന്റെ കണ്ണുനിറയും.ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു പിടച്ചിലായി ആ ഓര്‍മ്മ എന്നും എന്റെ ഉള്ളില്‍ അവശേഷിക്കും.

മീട്ടു റഹ്മത്ത് കലാം

Ads by Google
Thursday 16 Nov 2017 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW