Tuesday, April 23, 2019 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍ കൃഷ്ണന്‍
Thursday 16 Nov 2017 12.21 PM

സി.പി.ഐയുടെ നിലപാടുകള്‍ക്ക് പിന്നില്‍ വിഭാഗീയതയെന്ന് പരാതി; പൂട്ടാന്‍ സി.പി.എമ്മും ഒരുങ്ങുന്നു

അടുത്തുതന്നെ ഒരു സി.പി.ഐ ഉന്നതനെതിരെ ചില നീക്കങ്ങള്‍ ഉണ്ടാകുമെന്നും സി.പി.എം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
CPI,  CPM

തിരുവനന്തപുരം: സി.പി.എമ്മിനെതിരെയുള്ള സി.പി.ഐയുടെ കടുത്ത നിലപാടുകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയത. പരസ്യമാകുന്നില്ലെങ്കിലും പാര്‍ട്ടിയില്‍ രണ്ടുപക്ഷങ്ങള്‍ തമ്മില്‍ നടക്കുന്ന അധികാരവടംവലിയാണ് ഇടതുമുന്നണിയുടെ തന്നെ നാശത്തിലേക്ക് വഴിവയ്ക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നത്. സി.പി.എമ്മിനെതിരെ ശക്തമായ പ്രതികരണമാണ് ഇപ്പോള്‍ സി.പി.ഐയില്‍ സ്ഥാനം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം എന്നതുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുണ്ടാകുന്നതെന്നാണ് സൂചന.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ഉടലെടുത്ത ചില പ്രശ്‌നങ്ങളില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൗനമാണ് പാലിച്ചിരുന്നത്. അന്ന് അദ്ദേഹത്തിന്റെ എതിര്‍ചേരിയിലുള്ള സി.ദിവാകരനും മറ്റും സി.പി.എമ്മിനെയും പിണറായിയേയും കടന്നാക്രമിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ തന്റെ നിലനില്‍പ്പ് അവതാളത്തിലാക്കുമെന്ന് കണ്ടുകൊണ്ടാണ് കാനവും ഔദ്യോഗികപക്ഷവും ഇപ്പോള്‍ ശക്തമായ നിലപാടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, ഭരണത്തിന്റെ മുഴുവന്‍ നിയന്ത്രണവും പിണറായി വിജയന്‍ കൈപ്പിടിയിലൊതുക്കുന്നതിനോടും സി.പി.ഐക്ക് താല്‍പര്യമില്ല. ആ അവസരത്തില്‍ പിണറായിയെ കഴിയുന്നത്ര പൊതുസമൂഹത്തില്‍ ഇടിച്ചുതാഴ്ത്തുകയെന്ന തന്ത്രവും സി.പി.ഐ നീക്കത്തിന് പിന്നിലുണ്ട്. ഇതിനെ വളരെ ഗൗരവത്തോടെ കാണാന്‍ തന്നെയാണ് സി.പി.എമ്മിന്റെ തീരുമാനം. അതിന്റെ ഭാഗമായി അടുത്തുതന്നെ ഒരു സി.പി.ഐ ഉന്നതനെതിരെ ചില നീക്കങ്ങള്‍ ഉണ്ടാകുമെന്നും സി.പി.എം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

തോമസ്ചാണ്ടിയുടെ അനിവാര്യമായ രാജി സംഭവിച്ചുവെങ്കിലും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ കൂടുതല്‍ അകന്നതോടെ ഇടതുമുന്നണിയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി ഈ വിഷയത്തില്‍ പരസ്യമായ പ്രതികരണം വേണ്ടെന്ന് സി.പി.ഐ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ സംഭവവികാസങ്ങള്‍ സൃഷ്ടിച്ച ആഘാതം ഒരിക്കലും അടുക്കാനാകാത്തവിധമുള്ള അകല്‍ച്ച ആ രണ്ടുപാര്‍ട്ടികളും തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. ചരിത്രത്തിലാദ്യമായി ഇന്നലെ പ്രതിഷേധസൂചകമായി മന്ത്രിസഭ ബഹിഷ്‌ക്കരിക്കാന്‍ കൂടി സി.പി.ഐ തീരുമാനിച്ചതോടെ ഇടതുമുന്നണിയിലെ രണ്ടു പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള വിടവ് അടയ്ക്കാനാകാത്ത തലത്തിലുമായി.

കഴിഞ്ഞ കുറേനാളുകളായി പലകാര്യങ്ങളിലും സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായതാണ്. തോമസ്ചാണ്ടി വിഷയത്തിലെത്തിയതോടെ അത് മൂര്‍ദ്ധന്യത്തിലുമായി. ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ പരസ്യമായ നിലപാട് സ്വീകരിച്ച സി.പി.എമ്മിനെ തുടക്കം മുതല്‍ തന്നെ പ്രതിരോധത്തിലുമാക്കിയിരുന്നു. ഇത് സി.പി.എമ്മിനുള്ളില്‍ കടുത്ത അതൃപ്തി നേരത്തെതന്നെയുണ്ടാക്കിയിട്ടുണ്ട്. അതിന് പുറമെ ഇന്നലെ മന്ത്രിസഭ ബഹിഷ്‌ക്കരിക്കാന്‍ കൂടി അവര്‍ തീരുമാനിച്ചതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ചെയ്തു.

സര്‍ക്കാരിന്റെ പ്രതിച്ഛായയെ പലപ്പോഴും ബാധിക്കുന്നത് സി.പി.ഐയുടെ നിലപാടാണെന്നാണ് സി.പി.എമ്മിന്റെ പരാതി. പല പ്രശ്ങ്ങളും മുന്നണിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ പരസ്യനിലപാട് എടുത്ത് അവര്‍ വഷളാക്കുന്നത് പതിവായിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് സി.പി.ഐ സ്വീകരിക്കുന്നതെന്നാണ് അവരുടെ ആരോപണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്കെതിരെ ഇതിനെക്കാള്‍ വളരെ ശക്തമായ ആരോപണങ്ങള്‍ തെളിവുസഹിതം ഉയര്‍ന്നെങ്കിലും അവര്‍ക്ക് അന്ന് പിടിച്ചുനില്‍ക്കാനായത് ഘടകകക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടതുകൊണ്ട് മാത്രമാണ്. ബാര്‍കേസില്‍ മാത്രമാണ് ഘടകകക്ഷികളില്‍ നിന്നുള്ള എതിരഭിപ്രായം അവര്‍ക്ക് നേരിടേണ്ടിവന്നത്. അതേസമയം ഇവിടെ അത്തരത്തിലൊരു സംഭവവും ഉണ്ടായില്ലെങ്കിലൂം സി.പി.എമ്മിനെ പൊതുസമൂഹത്തില്‍ മോശമാക്കി തങ്ങളുടെ ശക്തിവര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് സി.പി.ഐ നടത്തുന്നത്.

കൂടെനിന്നുകൊണ്ട് പിന്നില്‍ നിന്ന് കുത്തുകയാണ് അവര്‍ ചെയ്യുന്നതെന്ന അഭിപ്രായമാണ് സി.പി.എം പറയുന്നത്. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. ദേശീയതലത്തിലെ ഇടതുപക്ഷഐക്യത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഐക്യം തുടരുന്നത്. എന്നാല്‍ ദേശീയതലത്തില്‍പോലും ആ ഐക്യത്തിനെ തുരങ്കംവയ്ക്കുന്ന നടപടികള്‍ സി.പി.ഐയില്‍ നിന്നുമുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഈ വികാരം സി.പി.എമ്മിനുള്ളില്‍ പുകയുന്നിടത്തോളം മുന്നണി വരുംദിവസങ്ങളിലും കെട്ടുറപ്പോടെ പോവില്ലെന്നാണ് പൊതുവില്‍ ലഭിക്കുന്ന സൂചന. സി.പി.എമ്മിന് വലതുപക്ഷവ്യതിയാനം സംഭവരിച്ചുവെന്ന് വരുത്തിതീര്‍ത്ത് തങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് വരുത്തിതീര്‍ത്ത് അടിത്തറ ശക്തിപ്പെടുത്താനാണ് സി.പി.ഐയുടെ നീക്കമെന്നും സി.പി.എം. സംശയിക്കുന്നു. അതോടൊപ്പം തന്നെ ഇപ്പോള്‍ സി.പി.ഐയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയ്ക്കും സര്‍ക്കാരിനെതിരായ ഇത്തരം കര്‍ക്കശനിലപാട് സ്വീകരിക്കുന്നതിന് വഴിവയ്ക്കുന്നുണ്ടാകുമെന്നും സി.പി.എമ്മിന് അഭിപ്രായമുണ്ട്. കാനം മൗനം പാലിച്ചാല്‍ മറുപക്ഷം കര്‍ശനമായി രംഗത്ത് എത്തും ഇതാണ് അവരെ ഭയപ്പെടുത്തുന്നത്. തര്‍ക്കം ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സി.പി.ഐക്കെതിരെ എന്തെങ്കിലും കടുത്ത നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടാകുമോയെന്ന ആശങ്കയും ഇടതുമുന്നണി പങ്കുവയ്ക്കുന്നുണ്ട്.

എന്നാല്‍ ഇടതുമുന്നണിയുടെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള നടപടികളാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നാണ് സി.പി.ഐയുടെ അഭിപ്രായം. ഇന്നലെ മന്ത്രിസഭയില്‍ നിന്നും തങ്ങള്‍ മാറിനിന്നതുകൊണ്ട് തോമസ്ചാണ്ടിവിഷയത്തില്‍ നേട്ടം മറ്റുള്ളവര്‍ കൊയ്തുകൊണ്ടുപോകുന്നതില്‍ നിന്നും തടയാന്‍ കഴിഞ്ഞുവെന്നും സി.പി.ഐ പറയുന്നു. യു.ഡി.എഫുമായി ഇടതുമുന്നണിയെ താരതമ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ്അവര്‍ക്കുള്ളത്. അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും ഒരുകാലത്തും കൂട്ടുനിന്നിട്ടുള്ള പാരമ്പര്യമല്ല ഇടതുമുന്നണിക്കുളളത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിയമലംഘനം വ്യാപകമായി ചര്‍ച്ചയാകുമ്പോള്‍ പാര്‍ട്ടിക്ക് മൗനം പാലിക്കാന്‍ കഴിയില്ല. ഈ നിലപാടുകള്‍ പരസ്യപ്പെടുത്തിയാണ് മുന്നണി അധികാരത്തിലെത്തിയത്. അങ്ങനെയുള്ള മുന്നണി നിലപാടുകള്‍ മറന്നുപോകുമ്പോള്‍ അതിലെ ഒരു പ്രധാനപ്പെട്ട കക്ഷിയെന്ന നിലയില്‍ അവയൊക്കെ ഓര്‍മ്മപ്പെടുത്തേണ്ട ബാദ്ധ്യതയും തങ്ങള്‍ക്കുണ്ടെന്നും സി.പി.ഐ പറയുന്നു.

എന്തായാലും ഇടതുമുന്നണി പൊട്ടിത്തെറിയുടെ വക്കിലൂടെയാണ് കടന്നുപോകുന്നത്. പിണറായിവിജയനെ ലക്ഷ്യമാക്കി തന്നെയാണ് സി.പി.ഐയുടെ നീക്കം. അതുകൊണ്ടുതന്നെ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നതില്‍ മുന്നണിയ്ക്കുളളില്‍ ഒരു സംശയവുമില്ലതാനും. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ എപ്പോഴാണ് പൊട്ടിത്തെറിയുണ്ടാകുകയെന്ന ആശങ്കയിലാണ് മറ്റ് ഘടകകക്ഷികള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW