Wednesday, February 20, 2019 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 15 Nov 2017 03.25 PM

മദ്യലഹരിയില്‍ എല്ലാം മറന്നു ജീവിച്ച അലക്‌സ് അറിഞ്ഞില്ല കൂട്ടുകാരുടെ മനസ്സിലിരുപ്പ്; വിവാഹമോചന നോട്ടീസില്‍ നിന്ന് അക്കാര്യം അറിഞ്ഞ അയാള്‍ നീനയോട് പെരുമാറിയത്‌

'' പ്രായപൂര്‍ത്തിയായ മക്കളുള്ള കാര്യംപോലും ഓര്‍ക്കാതെ ഒരുദിവസം രാത്രി ഏറെ വൈകി അദ്ദേഹം കൂട്ടുകാരനെയുംകൂട്ടി വീട്ടിലെത്തി''
uploads/news/2017/11/165712/Weeklyfamalycourt151117.jpg

നീന എന്ന യുവതി എന്നെ വന്നു കണ്ട് അവരുടെ സങ്കടങ്ങള്‍ പറഞ്ഞു. അത് ഏതാണ്ട് ഇപ്രകാരമായിരുന്നു.

''എന്റെ കുട്ടിക്കാലത്ത് തന്നെ അമ്മ മരിച്ചുപോയി. അമ്മയില്ലാത്ത ബുദ്ധിമുട്ട് അറിയിക്കാതെയാണ് അച്ഛനും ചേട്ടനും എന്നെ വളര്‍ത്തിയത്. ചേട്ടന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

അവളുടെ വീട്ടില്‍ വിവാഹാലോചനകള്‍ വന്നുതുടങ്ങിയപ്പോള്‍ ചേട്ടന്‍ ആ പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ട് വന്നു. നാത്തൂന്‍ വന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍തന്നെ വീട്ടില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. എന്നും എന്തെങ്കിലും കാരണം പറഞ്ഞ് വഴക്കിടുന്നത് പതിവായി. അതുകൊണ്ടുതന്നെ എന്നെയോര്‍ത്ത് അച്ഛന് വേവലാതിയായിരുന്നു.

ആ സമയത്താണ് അച്ഛന്റെ മൂത്ത സഹോദരി വഴി അലക്‌സിച്ചായന്റെ ആലോചന വന്നത്. കാണാന്‍ നല്ല ചെറുപ്പക്കാരന്‍, നല്ല സ്വഭാവം. എല്ലാം കൊണ്ടും നല്ല ബന്ധം. അച്ഛന്റെ പെങ്ങള്‍ കൊണ്ടുവന്ന ആലോചനയായതുകൊണ്ട് പിന്നെ ഒന്നും നോക്കിയില്ല. അധികം വൈകാതെ തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹം എന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്നാല്‍ കുറച്ചുനാളുകള്‍ക്കുശേഷം ചീത്തക്കൂട്ടുകെട്ടി ല്‍ പെട്ട് അദ്ദേഹം മദ്യപാനം തുടങ്ങി. മദ്യപിച്ചുകഴിഞ്ഞാല്‍ ഇച്ചായന്‍ മറ്റൊരാളായി മാറും.

ഒരു കാര്യവുമില്ലാതെ മറ്റുളളവര്‍ കേള്‍ക്കെ എന്നെ അസഭ്യവാക്കുകള്‍ വിളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യും. ഭാര്യയെന്ന പരിഗണനപോലും എനിക്ക് തന്നിട്ടില്ല. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുളള ഉപകരണമായി മാത്രമാണ് എന്നെ കണ്ടിരുന്നത്.

ഇച്ചായന്റെ മദ്യപാനം കാരണം അദ്ദേഹത്തിന് ട്രാവല്‍ ഏജന്‍സിയില്‍ ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു. മറ്റൊരു ജോലി കണ്ടെത്താന്‍ ശ്രമിക്കാതെ എന്തെങ്കിലും പണിക്കുപോയി കിട്ടുന്ന കാശിന് കുപ്പിവാങ്ങി വീട്ടില്‍ കൊണ്ടുവന്ന് കൂട്ടുകാരുമായി കുടിക്കും.

കുട്ടികളുടെ പഠനച്ചെലവും വീട്ടുകാര്യങ്ങളും എങ്ങനെ നടക്കുമെന്നുപോലും അദ്ദേഹം അന്വേഷിച്ചില്ല. മദ്യപിച്ച് എന്നെ ഉപദ്രവിക്കുന്നത് മക്കളെയോര്‍ത്ത് സഹിച്ചും ക്ഷമിച്ചും ഞാനവിടെ നിന്നു.

എന്റെ അപേക്ഷകള്‍ ചെവിക്കൊളളാതെ, പ്രായപൂര്‍ത്തിയായ മക്കളുള്ള കാര്യംപോലും ഓര്‍ക്കാതെ ഒരുദിവസം രാത്രി ഏറെ വൈകി അദ്ദേഹം കൂട്ടുകാരനെയുംകൂട്ടി വീട്ടിലെത്തി.

ഇരുവരും മദ്യപിക്കാന്‍ തുടങ്ങി. അദ്ദേഹം മദ്യപിച്ച് ബോധമില്ലാതായി. ആ തക്കം നോക്കി കൂട്ടുകാരന്‍ എന്നെ കടന്നുപിടിച്ചു. ചെറുത്തുനില്‍ക്കാനുളള ശ്രമത്തിനിടെ കൈയില്‍ കിട്ടിയ എന്തൊക്കെയോ എടുത്ത് ഞാനയാളെ എറിഞ്ഞു.

ആ ശബ്ദംകേട്ട് ഉറങ്ങിക്കിടന്ന മക്കള്‍ എഴുന്നേറ്റ് ഓടിവന്നു. അവരെ കണ്ടതോടെ അയാള്‍ പെട്ടെന്ന് ഓടി രക്ഷപെട്ടു. എന്തുപറയണമെന്നറിയാതെ ഞാന്‍ മക്കള്‍ക്കു മുന്നില്‍ പകച്ചു നിന്നുപോയി. മൂത്തമോള്‍ക്ക് പതിമൂന്നും ഇളയയാള്‍ക്ക് പതിനൊന്നും വയസ്സായി. കാര്യങ്ങള്‍ തിരിച്ചറിയാനുളള പ്രായം അവര്‍ക്കുണ്ടായിരുന്നു.

ആ നിമിഷംതന്നെ അവിടെനിന്ന് ഇറങ്ങണമെന്ന് കരുതിയതാണ്. പക്ഷേ അസമയത്ത് രണ്ടു പെണ്‍കുട്ടികളുമായി എങ്ങനെ? ഒരുനിമിഷം ഞാന്‍ ചിന്തിച്ചു. അതുകൊണ്ട് പിറ്റേദിവസം രാവിലെ അദ്ദേഹത്തിന് ബോധം വീഴുംമുമ്പ് മക്കളെയും കൂട്ടി ഞാന്‍ ആ പടിയിറങ്ങി. വീട്ടിലേക്ക് കയറിച്ചെല്ലാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ട് അടുത്തുളള കന്യാസ്ത്രീമഠത്തി ല്‍ അഭയം തേടി. ഞാനവിടെ കുശിനിപ്പണി ചെയ്തുകൊടുത്തു.

ഇതിനിടെ ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹം പലപ്രാവശ്യം വന്നെങ്കിലും കൂടെപ്പോകാന്‍ ഞാനും മക്കളും തയ്യാറായില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുമായി സുരക്ഷിതമല്ലാത്ത ആ വീട്ടില്‍ എങ്ങനെ ജീവിക്കുമെന്ന് എനിക്ക് ഭയമാണ്.

'ഇനി ഈ ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് എത്രയും പെട്ടെന്ന് ബന്ധം വേര്‍പെടുത്തിത്തരണം സാര്‍' എന്ന് നീന എന്നോടാവശ്യപ്പെട്ടു.
നീനയുടെ ആവശ്യപ്രകാരം അലക്‌സിന് ഡിവോഴ്‌സ് നോട്ടീസ് അയച്ചു.

നോട്ടീസ് കൈപ്പറ്റിയപ്പോഴാണ് ഭാര്യയും മക്കളും പിണങ്ങിപ്പോയതിന്റെ കാര്യം അയാള്‍ക്ക് വ്യക്തമായത്. തന്റെ തെറ്റ് മനസ്സിലാക്കിയ അയാള്‍ അതേറ്റുപറയുകയും ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന വാക്കില്‍ ഇരുവരും ഒന്നാകുകയും ചെയ്തു. ഇപ്പോള്‍ മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണവര്‍.

അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW