ഒരു ശിശു ജന്മം കൊള്ളുന്നതും പിറവി മുതല്‍ വളര്‍ച്ചയിലേക്ക് കുതിക്കുന്നതും, ഓജസ്സും തേജസ്സും ഉളവാക്കി ഊര്‍ജ്ജത്തോടും ആര്‍ജ്ജവത്തോടും ജീവിക്കുന്നതും മാതാപിതാക്കള്‍ നല്കിയ ഉന്നതമായ ഗുണഗണങ്ങള്‍ മൂലമാണെന്നുള്ളതില് സംശയിക്കേണ്ടതില്ല. ഭാര്യയും ഭര്‍ത്താവുമാണല്ലോ മാതാപിതാക്കള്‍ എന്ന പദവിയിലേക്ക് എത്തിച്ചേരുന്നത്. അവരുടെ സത്കര്‍മ്മങ്ങള്‍ ആണ് സത്സന്താനങ്ങള്ക്ക് ജന്മമേകുന്നത്.
മറിച്ച് സുകൃതകര്മ്മങ്ങളെ ആരും പരിപാലിക്കുന്നില്ലെങ്കില് ദുഷ്ടസന്താനങ്ങളുണ്ടാകുന്നു. മാതാപിതാക്കള്‍ക്കും നാടിനും വീടിനും എന്നും ദുഃഖം വരുത്തി സര്വ്വവിധനാശത്തിലേക്ക് അവര്‍ കൂപ്പുകുത്തുന്നു. ഈശ്വരന്റെ സവിശേഷമായ ദാനമായ സന്താനലാഭം കൊതിക്കുന്നവര്‍ ദാമ്പത്യജീവിതം വിശുദ്ധവും വിശി
ഷ്ടവും വിലപ്പെട്ടതുമാക്കണം.
'ദ്യൂനേബലോദ്രിക്ത ശുഭേശമിത്ര
പ്രാപ്തേക്ഷിതേ, ദ്യൂനപതൗ സിതേവാ
സദ്വര്ഗ്ഗ സംസ്ഥേ സബലേചഭാര്യാ
ഭവന്തി തത്ഖേട ഗുണാനുരൂപാഃ
എന്ന പ്രമാണപ്രകാരം, ഏഴാം ഭാവത്തിന്റെ അധിപന്, ശുക്രന് ഇവയിലൊന്നിന് ബലമുള്ളതായ ശുഭന്മാരുടെയോ, ശുഭക്ഷേത്രാധിപന്റെയോ ഭാഗ്യഭാവമായ ഒന്‍പതാം ഭാവാധിപന്റെയോ, ഒന്‍പതാം ഭാവാധിപന്റെ സുഹൃത്തിന്റെയോ (ബന്ധുവിന്റെ) യോഗദൃഷ്ടികളില് ഒന്നെങ്കിലും ഉണ്ടായിരിക്കുക, അവ ബലവാന്മാരായിരിക്കുക, ശുഭവര്ഗ്ഗത്തില് നില്ക്കുക തുടങ്ങിയ ഗുണഗണങ്ങള്‍ ഉണ്ടോയെന്ന് ഗ്രഹനില പരിശോധിച്ച് നല്ലവണ്ണം വിലയിരുത്തുക.
എന്നാല്‍ തീര്‍ച്ചയായും ഭാര്യ ഐശ്വര്യവതിയായിരിക്കും. ഇവയില്‍ ഏഴാം ഭാവാധിപന് ആയിരിക്കും ഫലദാതാവ്. അതനുസരിച്ച് അതിന് ഷഡ്വാര്ഗ്ഗാദി ബന്ധമുള്ള മറ്റു ഗ്രഹങ്ങളുടേയും സ്വഭാവാദി ഗുണങ്ങള്‍ ഭാര്യയ്ക്കുണ്ടായിരിക്കും. സ്ത്രീ ജാതകത്തില്‍ ഇതേ ഗുണങ്ങളുള്ളപക്ഷം ഭര്‍ത്താവിനും ഈ മഹിമകള്‍ ഉണ്ടായിരിക്കും.
ഭാര്യയ്ക്ക് ദോഷങ്ങളുണ്ടോയെന്നും, വിവാഹയോഗം എങ്ങനെയെന്നും അറിയാന്‍ പ്രമാണഗ്രന്ഥങ്ങള്‍ നല്കുന്ന വിവരങ്ങള്‍ ശരിക്കും പഠിക്കേണ്ടതാണ്.
പാപഃ പാപേക്ഷിതോ വായദി ബലരഹിത-
പാപവര്ഗ്ഗസ്ഥിതോ വാ
പുത്രസ്ഥാനിധിപോ വാമൃദിഭവനപതിര്
മാന്ദി രാശീശ്വരോ വാ
നീചസ്ഥശ്ചാമരേഡ്യോ, മധുപഗത സിത
പാപസംയുക്ത ശുക്ര.
കുര്യുസ്തേ ദാരനാശം മദനമുപഗതാഃ
സൗമ്യയോഗേക്ഷണോനാഃ
പാപന്റെ ദൃഷ്ടിയോടുകൂടി നില്ക്കുന്ന പാപന്, ബലഹീനതയുള്ള പാപന്, പാപവര്ഗ്ഗസ്ഥിതിയുള്ള (പാപന്റെ ക്ഷേത്രത്തില്‍ അല്ലെങ്കില്‍ രാശിയില്‍) നില്ക്കുന്ന പാപന്, അഞ്ചാം ഭാവാധിപന്, എട്ടാം ഭാവത്തിന്റെ അധിപന്, മാന്ദി (ഗുളികന്) നില്ക്കുന്ന രാശിയുടെ അധിപന് നീചത്തില് (മകരത്തില്‍) നില്ക്കുന്ന വ്യാഴം വൃശ്ചികരാശിയിലോ, പാപനോടുകൂടിയോ നില്ക്കുന്ന ശുക്രന് ഇവയിലേതെങ്കിലും ഒരു ഗ്രഹം 7-ാം ഭാവത്തില്‍ ഉണ്ടായിരിക്കുകയും ആ ഗ്രഹത്തിന് ശുഭന്മാരുടെ യോഗമോ, ദൃഷ്ടിയോ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഭാര്യ മരിക്കുന്നതാകുന്നു. ഇവിടെ ശുഭപാപഗ്രഹചിന്ത സുപ്രധാനമാകുന്നു.
ശുഭന്മാരില്‍ ഒന്നാമന് സര്‍വേശ്വരകാരകനായ വ്യാഴം (ഗുരു) തന്നെ. തുടര്‍ന്ന് ശുക്രന്, പക്ഷബലമുള്ള ചന്ദ്രന്, ശുഭനോടുകൂടി നില്ക്കുന്ന ബുധന്‍ എന്നിവരാണ്.
പാപന്മാരില് ഒന്നാമന് ചൊവ്വതന്നെ. കൂടാതെ ശനി, രാഹു, കേതു, പക്ഷബലമില്ലാത്ത ചന്ദ്രന്, പാപനോടുകൂടി നില്ക്കുന്ന ബുധന്‍ എന്നിവരാണ്. രവിയെ പാപനെന്ന് പറയാറില്ല. ക്രൂരനെന്നാണ്. മാന്ദി അഥവാ ഗുളികനും ഏറ്റവും വലിയ പാപത്വമുള്ള ആളാണ്.
എന്നാല്‍ എപ്പോഴും ഇവര്‍ പാപത്വം ചെയ്യുന്നില്ല. സ്വക്ഷേത്രസ്ഥിതരായി ചൊവ്വ, ശനി, രവി എന്നിവര്‍ നില്ക്കുമ്പോള് പാപത്വം ഇല്ല. മാത്രമല്ല പാപന്മാര് അനിഷ്ട സ്ഥാനങ്ങളായ 3, 6, 8, 12 എന്നിവിടങ്ങളില്‍ നില്‍ക്കുമ്പോഴും പാപശക്തി കുറയുന്നു. കൂടാതെ ഗജകേസരിയോഗം, ശുഭവീക്ഷണം ശക്തിയുളളപ്പോഴും പാപന്മാരുടെ ശക്തിക്ക് കുറവുവരും. ചൊവ്വ പല സ്ഥലത്തും ഗുണകാരിയാണ്.
പുംസാം പ്രധാനം ഖലു സപ്തമര്ഷം,
തഥാഷ്ടമം, സപ്തമഭംചനാര്യാം' എന്നപ്രമാണപ്രകാരം ദാമ്പത്യഘടന ചിന്തിക്കുമ്പോള്‍ പുരുഷജാതകത്തില്‍ പ്രധാനമായി ഏഴാം ഭാവവും സ്ത്രീ ജാതകത്തിലെ ഏഴാം ഭാവവും, എട്ടാം ഭാവവും ശരിയായി ചിന്തിക്കേണ്ടതാണ്.വൈധവ്യം നിധനേചിന്ത്യം
ശരീരം ജന്മലഗ്നയോഃ
സപ്തമോ പതിസൗഭാഗ്യം
പന്തുമേ പ്രസവസ്തഥ' എന്ന സാരാവലി പ്രമാണം പ്രധാനം തന്നെ. 8-ാം ഭാവം മരണ ചിന്തയാണ്. സ്ത്രീയുടെ 8-ാം ഭാവത്തിന്റെ അടിസ്ഥാനം ഭര്‍ത്താവിന്റെ ആയുസ്സ് നിര്‍ണ്ണയമാണ്. വൈധവ്യചിന്ത ഭര്‍ത്താവിന്റെ ആയുസ്സിന്റെ അടിസ്ഥാനത്തിലാണല്ലോ നിശ്ചയിക്കുന്നത്? ഹോരാചാര്യനും ഇപ്രകാരം സ്ഥാപിക്കുന്നു.