Friday, February 23, 2018 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 12.09 AM

നാലുവട്ടം ചാമ്പ്യനായ ഇറ്റലിക്ക്‌ ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യത നേടാനായില്ല

uploads/news/2017/11/165436/1.jpg

മിലാന്‍: നാലുവട്ടം ചാമ്പ്യനായ ഇറ്റലിക്ക്‌ റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനു യോഗ്യത നേടാനായില്ല.
സ്വീഡനെതിരേ മിലാനിലെ സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ പ്ലേഓഫ്‌ മത്സരം ഗോള്‍രഹിത സമനിലയായതോടെയാണ്‌ ഇറ്റലി പുറത്തായത്‌. 1958 നു ശേഷം ആദ്യമായാണ്‌ ഇറ്റലിയെ കൂടാതെ ലോകകപ്പ്‌ മത്സരം നടക്കുക. യോഗ്യത നേടിയില്ലെങ്കില്‍ 'മഹാദുരന്ത'മെന്നാകുമെന്ന ഇറ്റാലിയന്‍ സോക്കര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കാര്‍ലോ ടാവെചിയോ സെപ്‌റ്റംബറില്‍ പ്രസ്‌താവിച്ചത്‌ സത്യമായി.
ലോകകപ്പ്‌ യോഗ്യത നേടാത്തവരുടെ പട്ടികയിലെ ഏറ്റവും പ്രബലനാണ്‌ ഇറ്റലി. 2010 ല്‍ റണ്ണര്‍ അപ്പാകുകയും കഴിഞ്ഞ തവണ മൂന്നാംസ്‌ഥാനക്കാരാകുകയും ചെയ്‌ത ഹോളണ്ട്‌, കോണ്‍കാകാഫ്‌ മേഖലയിലെ ജേതാക്കളായ യു.എസ്‌.എ., കോപ്പാ അമേരിക്കന്‍ ചാമ്പ്യന്‍ ചിലി, ആഫ്രിക്കന്‍ ചാമ്പ്യനായ ഘാന എന്നിവരാണ്‌ ഇറ്റലിയെ കൂടാതെ പുറത്തിരിക്കുന്നത്‌. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ഒന്നാംപാദ പ്ലേഓഫില്‍ 1-0 ത്തിനു തോറ്റതോടെ ഇറ്റലിക്ക്‌ രണ്ടാംപാദ മത്സരത്തില്‍ രണ്ടു ഗോള്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമായി. സമനില മാത്രം മതിയായിരുന്ന സ്വീഡന്‍ മികച്ച ആക്രമണങ്ങള്‍ക്കു മുതിരാത്തതോടെ മത്സരം വിരസുമായി.
അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിച്ച ഇറ്റലിക്കാരെ സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നാട്ടുകാരായ കാണികള്‍ കൂക്കി വിളിച്ചിരുന്നു. മത്സരം രണ്ടാംപകുതിയുടെ ഇഞ്ചുറി ടൈമിലേക്കു നീങ്ങിയപ്പോള്‍ 'ഗോള്‍, ഗോള്‍' എന്ന കാണികളുടെ അലര്‍ച്ച മാത്രമായിരുന്നു കേള്‍ക്കാനുണ്ടായിരുന്നത്‌. റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ നായകനും വിഖ്യാത ഗോള്‍കീപ്പറുമായ ജിയാന്‍ ലൂയിജി ബഫണ്‍ വിതുമ്പിക്കരഞ്ഞ്‌ ഗ്രൗണ്ടില്‍ വീണു. ബഫണിനെ സമാശ്വസിപ്പിക്കാന്‍ റഫറി ഉള്‍പ്പെടെയെത്തിയത്‌ ഇതിഹാസ താരത്തിനുള്ള ബഹുമതിയായി. ചങ്ങല എന്നര്‍ഥം വരുന്ന 'കറ്റെനാസിയോ' എന്ന പ്രതിരോധപ്പൂട്ടിന്റെ ആശാന്‍മാരെ റഷ്യയില്‍ കാണാന്‍ കഴിയില്ലെന്ന സത്യം ഫുട്‌ബോള്‍ ലോകം ഏറെ വൈകിയാണ്‌ അംഗീകരിച്ചത്‌.
ആറാം ലോകകപ്പ്‌ കളിച്ചു വിടപറയാമെന്ന്‌ 39 വയസുകാരനായ ബഫണിന്റെ സ്വപ്‌നമാണ്‌ സമനിലയോടെ പൊലിഞ്ഞത്‌. ''ഇറ്റാലിയന്‍ ഫുട്‌ബോളിനു വേണ്ടി ക്ഷമിക്കൂ; കൂടുതല്‍ കരുത്തും ഇച്‌ഛാശക്‌തിയും നേടി ഇറ്റാലിയന്‍ ഫുട്‌ബോള്‍ തിരിച്ചുവരും'' -വിടവാങ്ങല്‍ പ്രഖ്യാപനം നടത്തവേ ബഫണ്‍ വികാരാധീനനായി പറഞ്ഞൊപ്പിച്ചു. ഇറ്റലി ഇതുവരെ 14 ലോകകപ്പുകളില്‍ കളിച്ചു. ബ്രസീലും (20) ജര്‍മനിയും (16) മാത്രമാണു മത്സരങ്ങളുടെ എണ്ണത്തില്‍ മുന്നിലുള്ളത്‌. ഇത്തിരിക്കുഞ്ഞന്‍ രാജ്യങ്ങളായ പനാമയും ഐസ്ലന്‍ഡുമാണു റഷ്യന്‍ ലോകകപ്പിലെ പുതുമുഖങ്ങള്‍. 2006 നു ശേഷം ആദ്യമായാണു സ്വീഡന്‍ ലോകകപ്പ്‌ യോഗ്യത നേടുന്നത്‌. 29 -ാമത്തെ ടീമായാണു സ്വീഡന്‍ ലോകകപ്പ്‌ യോഗ്യത നേടിയത്‌.
അവസാന മൂന്നു സ്‌ഥാനക്കാരെ വൈകാതെ അറിയാനാകും. അയര്‍ലന്‍ഡ്‌, ഡെന്‍മാര്‍ക്ക്‌, ഓസ്‌ട്രേലിയ, ഹോണ്ടുറാസ്‌, പെറു, ന്യൂസിലന്‍ഡ്‌ എന്നിവരാണു 'വെയ്‌റ്റിങ്‌ ലിസ്‌റ്റില്‍'. 2006 ലെ കിരീടം നേടിയ ശേഷം ഇറ്റലിയുടെ ലോകകപ്പിലെ പ്രകടനം മെച്ചമായിരുന്നില്ല. 2010, 2014 ലോകകപ്പുകളില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ തന്നെ അവര്‍ പുറത്തായി. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ന്യൂസിലന്‍ഡിനു പിന്നിലായിരുന്നു ഇറ്റലി ഫിനിഷ്‌ ചെയ്‌തത്‌. ബ്രസീല്‍ ലോകകപ്പില്‍ ഇറ്റലിയെയും ഇംഗ്ലണ്ടിനെയും മറികടന്ന്‌ കോസ്‌റ്ററിക്കയും യുറുഗ്വേയും നോക്കൗട്ടില്‍ കടന്നു. യോഗ്യതാ റൗണ്ടില്‍ (ജി ഗ്രൂപ്പ്‌) സ്‌പെയിനു പിന്നില്‍ രണ്ടാംസ്‌ഥാനക്കാരായാണ്‌ ഇറ്റലി ഫിനിഷ്‌ ചെയ്‌തത്‌. സ്‌പെയിനെതിരേ ഹോം മത്സരത്തില്‍ സമനില വഴങ്ങിയതും മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ 3-0 ത്തിനു തോറ്റതുമാണ്‌ ഇറ്റലിക്കു തിരിച്ചടിയായത്‌. സ്വീഡനെ അനായാസം മറികടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കോച്ച്‌ ജിയാന്‍ പിയറോ വെഞ്ചുറ. ഇറ്റലി പുറത്തായി വൈകാതെ വെഞ്ചുറ സ്‌ഥാനമൊഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജിവച്ചിട്ടില്ലെന്ന വിശദീകരണവുമായി വെഞ്ചുറ പിന്നീടു രംഗത്തുവന്നു.

Ads by Google
Wednesday 15 Nov 2017 12.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW