Tuesday, November 14, 2017 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 03.24 PM

സൂര്യദശയിലെ കുജാപഹാരഫലം (4 മാസം 6 ദിവസം)

നിങ്ങളുടെ ദശാകാലഫലങ്ങള്‍ - ഭാഗം - 9
uploads/news/2017/11/165383/joythi141117a.jpg

സൂര്യദശാകാലം തുടങ്ങി 9 മാസവും 18 ദിവസവും കഴിഞ്ഞശേഷം ചൊവ്വയുടെ (കുജന്‍) അപഹാരം തുടങ്ങും. 4 മാസവും 6 ദിവസവുമാണ് ചൊവ്വാപഹാര സമയം.

സൂര്യദശയിലെ ചൊവ്വയുടെ ഭൂക്തികാലത്തില്‍ രോഗങ്ങള്‍ ഉണ്ടാവുകയും സ്ഥാനഭ്രംശം നേരിടുകയും ഊരു പീഡയുണ്ടാവുകയും വ്രണങ്ങള്‍ പിടിപെടുകയും സ്വജനങ്ങള്‍ക്ക് വിരോധമുണ്ടാവുകയും രാജഭയം നേരിടുകയും ധനനാശം സംഭവിക്കുകയും മറ്റും ചെയ്യും.

ഇപ്രകാരമാണ് പ്രമാണമെങ്കിലും ഫലചിന്തനയില്‍ ചൊവ്വയുടെ ബലാബലം കണക്കിലെടുത്തുവേണം ഫലം ഉറപ്പിക്കുവാന്‍.

ദശാനാഥനായ സൂര്യനും, അപഹാരാധിപനായ ചൊവ്വയും പരസ്പരം ബന്ധുക്കളാണ്. അതിനാല്‍ പൊതുവില്‍ അനുകൂലങ്ങളായ പല അനുഭവങ്ങളും ഈ സമയത്തിലുണ്ടാകാം.

കൂടാതെ, ജാതകത്തില്‍ ചൊവ്വ ഉച്ചത്തിലോ, സ്വക്ഷേത്രാദി ബലമുള്ള രാശികളിലോ, ലഗ്നാല്‍, കേന്ദ്ര- ത്രികോണ രാശിയിലോ പതിനൊന്നിലോ ആണെങ്കില്‍ ആ ചൊവ്വ ഏറ്റവും അനുകൂലങ്ങളായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്.

ഭൂമിലാഭം, സഹോദരങ്ങളാല്‍ അഭിവൃദ്ധി, മാനസികമായ ധൈര്യം, ഉത്സാഹം എന്നിവയുടെ വര്‍ദ്ധനവ്, വ്യവഹാരങ്ങളില്‍ വിജയം തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവമാകും. ഇപ്രകാരം ബലവാനായ ചൊവ്വ ലഗ്നാധിപനോട് ചേര്‍ന്നു നില്‍ക്കുകയാണെങ്കില്‍ ചൊവ്വയുടെ അപഹാരസമയത്ത് രാജകീയ ബഹുമാനസ്ഥാനലബ്ധി, അധികാര പ്രാപ്തി തുടങ്ങിയ ഗുണങ്ങളനുഭവമാകും.

ഒമ്പതാം ഭാവാധിപനോടോ, പതിനൊന്നാം ഭാവാധിപനോടോ ചേര്‍ന്നു നിന്നാലും സര്‍വ്വാഭീഷ്ടസിദ്ധിയും മനോധൈര്യവും സഹോദരാഭിവൃദ്ധിയുമുണ്ടാകും.സൂര്യദശയിലെ ചൊവ്വാപഹാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജാതകത്തില്‍ ചൊവ്വ സൂര്യനില്‍നിന്നും ഇഷ്ടസ്ഥാനത്താണോ എന്നുകൂടി പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്.

ദശാനാഥനില്‍നിന്നും ഏതൊരു ഭാവത്തിലാണോ അപഹാരാധിപന്‍ നില്‍ക്കുന്നത് ആ ഭാവത്തിന് അനുസരണങ്ങളായ ഫലങ്ങളെ അപഹാരാധിപന്‍ നല്‍കുന്നതാണ്. ദശാനാഥന്റെ 6-8-12 ഈ ഭാവങ്ങളില്‍ നില്‍ക്കുന്ന അപഹാരാധിപന്മാര്‍ ദുഃഖത്തേയും മറ്റു ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്ന അപഹാരാധിപന്മാര്‍ സുഖത്തേയും നല്‍കുന്നതാണ്.

ഉദാ: ദശാനാഥനായ സൂര്യന്റെ രണ്ടാം ഭാവത്തില്‍ അപഹാരാധിപനായ ചൊവ്വ നിന്നാല്‍ ഭൂമി മുതലായ ധനങ്ങളുണ്ടാകും. നാലില്‍ നിന്നാല്‍ കുടുംബസുഖമുണ്ടാകും. ഇങ്ങനെ ചിന്തിക്കണം. അതുപോലെ ചൊവ്വയ്ക്ക് കാരകത്വമുള്ള ഭാവങ്ങളുടെ ഇഷ്ടസ്ഥാനത്താണോ അനിഷ്ടസ്ഥാനത്തിലാണോ എന്നുകൂടി നോക്കിവേണം ഫലം പറയുവാന്‍.

പൊതുവില്‍ ജാതകത്തില്‍ ചൊവ്വ സൂര്യനില്‍നിന്നും 11-10-9-7-5-4-2 എന്നീ ഭാവങ്ങളിലാണെങ്കില്‍ വളരെ നല്ല ഫലങ്ങളും 6-8-12 എന്നീ ഭാവങ്ങളിലാണെങ്കില്‍ കഷ്ടഫലങ്ങളെയും പറയാം. ചൊവ്വയുടെ ബലാബലവും ചിന്തിക്കണം.

ജാതകത്തില്‍ ചൊവ്വ ബലഹീനനായി 6-8-12 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ രവിദശയിലെ ആ ചൊവ്വാപഹാരകാലത്തില്‍ അപകടങ്ങള്‍, സഹോദരവിരോധം, ആയുധങ്ങള്‍, സഹോദരവിരോധം, ആയുധങ്ങളാല്‍ മുറിവ് ചതവുകള്‍, കാരാഗൃഹവാസം അഗ്നിഭയം തുടങ്ങിയ ക്ലേശഫലങ്ങള്‍ അനുഭവമാകാം. അതുപോലെ ജാതകത്തില്‍ ചൊവ്വയ്ക്ക് രണ്ടാം ഭാവത്തിന്റെയോ, ഏഴാംഭാവത്തിന്റെയോ ആധിപത്യം വന്നാലും ക്ലേശഫലങ്ങളെ ചിന്തിക്കേണ്ടതുണ്ട്.

പരിഹാരകര്‍മ്മങ്ങള്‍


ഈ കാലയളവില്‍ സൂര്യനേയും ചൊവ്വയേയും പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. സൂര്യപ്രീതിക്കായി അനുഷ്ഠിക്കേണ്ട പരിഹാരങ്ങള്‍ മുന്‍ ലക്കത്തില്‍ എഴുതിയിരുന്നു. ഈ ലക്കം കുജ പ്രീതികരങ്ങളായ പരിഹാരകര്‍മ്മങ്ങള്‍ മനസ്സിലാക്കാം. മനുഷ്യന്റെ എല്ലാത്തരത്തിലുള്ള ബലത്തെയും സൂചിപ്പിക്കുന്നത് ചൊവ്വയാണ്.

ചൊവ്വയ്ക്ക് ജാതകത്തില്‍ ബലക്കുറവുണ്ടെങ്കില്‍ ആത്മവിശ്വാസക്കുറവും പ്രവര്‍ത്തനശേഷിയില്‍ മൗഢ്യവുമുണ്ടാകാം. അതിനാല്‍ത്തന്നെ ആത്മവിശ്വാസവും മനോബലവും ശരീരശക്തിയും വളര്‍ത്തിയെടുക്കാന്‍ വേണ്ടതായ കാര്യങ്ങള്‍ ബോധപൂര്‍വം ചെയ്യേണ്ടതുണ്ട്.

വ്യായാമം, യോഗ, ഈശ്വരപ്രാര്‍ത്ഥന, സല്‍കര്‍മ്മങ്ങള്‍ തുടങ്ങിയവയ്ക്ക് സമയം കണ്ടെത്തണം. അതുപോലെ, അമിതമായ മദ്യാസക്തി, ക്രൂരസ്വഭാവം തുടങ്ങിയവയും ഉപേക്ഷിക്കണം.

വ്രതം: -

കുജദോഷശാന്തിക്കായി അനുഷ്ഠിക്കാവുന്ന പ്രധാന വ്രതം ചൊവ്വാഴ്ച വ്രതമാണ്. സാമാന്യവ്രതവിധി അനുസരിച്ചുള്ള നിഷ്ഠകളും ശുദ്ധിയും പാലിച്ചുകൊണ്ടും ഉപവസിച്ചുകൊണ്ടും ഈ ദിവസം കഴിയാം. ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്.

ജാതകത്തില്‍ ചൊവ്വ ഓജരാശിയിലാണെങ്കില്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കാം. യുഗ്മരാശിയിലെങ്കില്‍ ദേവീപ്രീതികരങ്ങളായ വ്രതങ്ങളുമെടുക്കാം.

വസ്ത്രം: -

ദോഷപരിഹാരത്തിനും ഗുണം വര്‍ദ്ധിക്കുവാനും വേണ്ടി ഈ സമയത്ത് ചൊവ്വയ്ക്ക് പറഞ്ഞിട്ടുള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഗുണകരമാണ്.ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ വളരെ ഗുണകരമാണ്. ചൊവ്വാഴ്ച ദിവസം ചുവന്ന വസ്ത്രം ധരിക്കുന്നത് വിശേഷിച്ചും ശുഭകരമാണ്.

പുഷ്പം: -

കുജപ്രീതിക്കായി ചൂടേണ്ട പുഷ്പങ്ങള്‍ തെച്ചി, ചെന്താമര തുടങ്ങിയ ചുവന്ന പുഷ്പങ്ങളാണ്. ഇവയെ സ്ത്രീകള്‍ ഭക്തിയോടെ മുടിയിഴയിലും പുരുഷന്മാര്‍ ചെവിക്ക് പുറകിലും വയ്ക്കാവുന്നതാണ്.

രത്‌നം: -

കുജപ്രീതിക്കായി ധരിക്കേണ്ട രത്‌നം ചുവന്ന പവിഴം അഥവാ റെഡ്‌കോറല്‍ ആണ്. എന്നാല്‍ ജാതകചിന്തനം ചെയ്യാതെ രത്‌നം ധരിക്കാന്‍ പാടില്ല. ജാതകപ്രകാരം ചുവന്ന പവിഴം അനുകൂലമല്ലായെങ്കില്‍ ഈ രത്‌നം ധരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷങ്ങള്‍ ചെയ്യുന്നതാണ്. അതിനാല്‍ രത്‌നം ധരിക്കുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമേ ചെയ്യാവൂ.

യന്ത്രം: -

കുജദോഷശാന്തിക്കായി ധരിക്കാവുന്ന യന്ത്രമാണ് കുജയന്ത്രം അഥവാ ഭൂപുത്രയന്ത്രം. കുജദോഷശാന്തിക്ക് ഉത്തമമായ പ്രസ്തുതയന്ത്രം ശത്രുദോഷം, ആഭിചാരദോഷം എന്നിവയെ പരിഹരിക്കുകയും ഐശ്വര്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ജാതകത്തില്‍ ചൊവ്വ ഓജരാശിയിലാണെങ്കില്‍ സുബ്രഹ്മണ്യയന്ത്രവും യുഗ്മരാശിയിലാണെങ്കില്‍ അശ്വാരൂഢം മുതലായ ദേവീയന്ത്രങ്ങളും ധരിക്കാവുന്നതാണ്. ഏതു യന്ത്രം ധരിക്കണമെന്നതിന് ജാതകചിന്തനം ചെയ്യേണ്ടതുണ്ട്.

ജാതകത്തില്‍ ചൊവ്വ ഓജരാശിയിലാണെങ്കില്‍ സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാം. യുഗ്മരാശിയിലാണെങ്കില്‍ ഭദ്രകാളിയേയും പ്രാര്‍ത്ഥിക്കാം.

ദോഷപരിഹാരാര്‍ത്ഥം ജപിക്കേണ്ട മന്ത്രങ്ങള്‍

ജപാഭം ശിവസ്വേദജം ഹസ്തപത്‌മൈ-
ഗദാശൂലശക്തിര്‍വ്വരം ധാരയന്ത്രം
അവന്തീസമുത്ഥം സുമേഷാസനസ്ഥം
ധരാനന്ദനം രക്തവസ്ത്രം സമീഢേ.

സാരം:


ഭൂമീപുത്രനും ശിവന്റെ വിയര്‍പ്പില്‍ നിന്നുണ്ടായവനും ചെമ്പരത്തിപ്പൂവില്‍ നിന്നുണ്ടായവനും ചെമ്പരത്തിപ്പൂവിന്റെ നിറമുള്ളവനും അവന്തി ദേശത്തിന്റെ അധിപനും ഗദ, ശൂലം, ശക്തി, വരദം എന്നിവ നാലു കൈകളില്‍ ധരിച്ചവനും ചുവന്ന വസ്ത്രം ധരിച്ചവനും വലിയ ആടിന്റെ പുറത്തു സഞ്ചരിക്കുന്നവനുമായ കുജനെ ഞാന്‍ സ്തുതിക്കുന്നു.

ധരണീ ഗര്‍ഭസംഭൂതം
വിദ്യുത്കാന്തി സമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗലം പ്രണമാമ്യഹം.

കുജഗായത്രി
ഓം ഭൂമിപുത്രായ വിദ്മഹെ
ലോഹിതാംഗായ ധീമഹി
തന്നഃ ഭൗമഃ പ്രചോദയാത്.

( തുടരും.. സൂര്യദശയിലെ രാഹു അപഹാരഫലം )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്, പാലക്കാട്
മൊ: 9447320192

Ads by Google
Ads by Google
TRENDING NOW