Tuesday, November 14, 2017 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 12.09 PM

സംഗീത ആല്‍ബത്തില്‍ പുകഴ്ത്തല്‍ 20 തവണയോളം ; എങ്ങും പ്രകീര്‍ത്തിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളും ; പി ജയരാജനെ വെട്ടി നിരത്തിയത് നേതാക്കളുടെ മുകളിലേക്ക് വളര്‍ന്നതിനാല്‍

uploads/news/2017/11/165339/p-jayarajan.jpg

തിരുവനന്തപുരം: സംഗീത ആല്‍ബം പുറത്തു വന്നതിന് പിന്നാലെ വന്‍ വിമര്‍ശനം നേരിട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വന്‍ തിരിച്ചടിയായത് പാട്ടിലെ അമിതമായ പുകഴ്ത്തലെന്ന് വിലയിരുത്തല്‍. കണ്ണൂര്‍ പ്രാദേശിക സമ്മേളനങ്ങള്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ആല്‍ബത്തില്‍ ജില്ലാ നേതാവിനെ സാമാന്യം നന്നായി തന്നെ പൊക്കിയടിച്ചിട്ടുണ്ടെന്നതാണ് മുന്‍ സെക്രട്ടറിയും കണ്ണൂരുകാരനും കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജനെതിരേ ആഞ്ഞടിച്ചതും പിണറായി വിജയന്‍ തന്നെയായിരുന്നു.

ആല്‍ബത്തില്‍ 20 ലധികം തവണയാണ് ജയരാജന്റെ പേര് പരാമര്‍ശിക്കുന്നത്. ഇതിനൊപ്പം പുകഴ്ത്തലുകളും ലാവിഷായി തന്നെയുണ്ട്. പുരാച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ സംഗീത ആല്‍ബം സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണൂരില്‍ പി ജയരാജന് വേണ്ടിയുള്ള വ്യക്തിപൂജകള്‍ അദ്ദേഹത്തെ പാര്‍ട്ടിക്കതീതനാക്കി മാറ്റുന്നെന്നാണ് പ്രധാനമായി ഉയര്‍ന്ന ആരോപണം. ആല്‍ബത്തിന് പുറമേ ജയരാജനെ പ്രകീര്‍ത്തിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ എന്നിവയ്‌ക്കെതിരേ സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂരില്‍ പി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

സമ്മേളനങ്ങളിലും, പൊതുപരിപാടികളിലും പാര്‍ട്ടിക്കു പ്രാധാന്യം നല്‍കേണ്ടതിനുപകരം ജയരാജന് അമിതപ്രാധാന്യം നല്‍കുന്നെന്നായിരുന്നു പരാമര്‍ശം. ജയരാജനു പ്രാധാന്യം നല്‍കി ഇറങ്ങിയ ആല്‍ബവും ഫഌക്‌സ് ബോര്‍ഡുകളുമൊക്കെ ഇതിന്റെ ഭാഗമാണെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഈ വിലയിരുത്തലാണു സംസ്ഥാന സമിതിയില്‍ പിണറായി അവതരിപ്പിച്ചത്. പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് അമിതപ്രാധാന്യം നല്‍കേണ്ടെന്നു പരാമര്‍ശിക്കുന്നതായിരുന്നു പിണറായിയുടെ വാക്കുകള്‍. സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം ആളുകളും ഇതിനെ അനുകൂലിച്ചു. പാര്‍ട്ടിയില്‍ വ്യക്തിപൂജ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്.

അതേസമയം പ്രചരണമെല്ലാം ചില മാധ്യമങ്ങള്‍ നടത്തിയപ്പോള്‍ ഒക്‌ടോബര്‍ 2 ന് ക്ഷമാപണവുമായി ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. തന്റെ അറിവോടെയല്ല ആല്‍ബം പുറത്തിറക്കിയതെന്നും, ഫഌകസ് ബോര്‍ഡ് വച്ചതെന്നുമായിരുന്നു ജയരാജന്റെ മറുപടി. ''ഗ്രാമീണ കലാവേദി ഗാനങ്ങള്‍ തയാറാക്കിയത് എന്നോട് ആലോചിച്ചിട്ടല്ല. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്നുവരുന്ന സ്വാധീനം വെട്ടി നിരത്താന്‍ വേണ്ടിയാണ് പി ജയരാജന് നേരെ തൊടുത്തിരിക്കുന്ന വിമര്‍ശനം എന്ന ആരോപണം ശക്തമാണ്. പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നു എന്നു കുറ്റപ്പെടുത്തി സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ച് പി. ജരാജന്റെ മൂക്കുകയറിലാണു പിടിമുറുക്കിയിരിക്കുന്നത്.

ഒരു ഓണക്കാലത്ത് ആര്‍.എസ്.എസുകാര്‍ വീട്ടില്‍ക്കയറി വെട്ടിനുറുക്കുകയും പിന്നീട് അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തുകയും ചെയ്ത പി. ജയരാജന്‍ പിന്നീട് കണ്ണൂരില്‍ പാര്‍ട്ടിയുടെ മാസ്റ്റര്‍ ബ്രെയിനായി മാറി. രാഷ്ട്രീയ എതിരാളികളെ ശക്തികൊണ്ടും മുട്ടുകുത്തിച്ച ചരിത്രമുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പോക്ക് പാര്‍ട്ടിക്കു ഭീഷണിയാണെന്നാണു വിലയിരുത്തല്‍! സ്വയം ബിംബവല്‍ക്കരണം നടത്തുന്നു എന്നാണു വിധിയെഴുത്ത്. ജയരാജന്‍ ത്രിമൂര്‍ത്തികളില്‍ രണ്ടുപേര്‍ പാര്‍ട്ടി നടപടിക്കു വിധേയരാകുമെന്നുറപ്പിക്കുന്നതോടെ മൂന്നാമന്റെ വഴി തെളിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

അതേസമയം തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അവകാശമുണ്ട്. എന്നാണ് ജയരാജന്റെ നിലപാട് പാര്‍ട്ടിയുടെ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും. സാധാരണ അംഗം മുതല്‍ ഉയര്‍ന്ന ഘടകത്തിലെ സഖാക്കള്‍ വരെ വിമര്‍ശനത്തിനു വിധേയമാണ്. എല്ലാ ഘടകത്തിലും വിമര്‍ശനമുണ്ടാകും. വിമര്‍ശനമില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. ഏതു വിഷയവും പാര്‍ട്ടിഘടകങ്ങളില്‍ ചര്‍ച്ച ചെയ്യും''-ജയരാജന്‍ പറഞ്ഞു. അതിനിടയില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെക്കുറിച്ചുള്ള വ്യക്തികേന്ദ്രീകൃത പ്രചാരണത്തിനെതിരേ നിലപാടു സ്വീകരിച്ച പാര്‍ട്ടിയെ വിമര്‍ശിച്ചു സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി കമ്യൂണിസ്റ്റ് രീതിയോ എന്നാണ് സജീവമായി പ്രചരിക്കുന്ന കുറിപ്പുകളിലൊന്നിലെ ചോദ്യം. പി. ജയരാജനോട്, ഒരുപാടു കടുത്ത വിയോജിപ്പുകള്‍ക്കുമൊപ്പം, ചില ആദരവുകളുണ്ട് എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സംഘപരിവാറിനോടുള്ള സന്ധിയില്ലാത്ത പോരാട്ടം, മരണത്തിന്റെ വക്കില്‍നിന്നു തിരിച്ചുവന്നു സംഘടനാ പ്രവര്‍ത്തനത്തില്‍ പുലര്‍ത്തുന്ന സജീവത തുടങ്ങിയ കാര്യങ്ങളാണ് ജയരാജനെ ആദരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു കുറിപ്പില്‍ പറയുന്നു.

സ്വന്തം കുട്ടികളെ സ്വാശ്രയത്തില്‍ പഠിപ്പിച്ചു വിദേശത്തു കോര്‍പ്പറേറ്റ് കമ്പനികളില്‍ ഉദ്യോഗത്തിനയച്ചില്ലെന്നതും ബഹുമാനം തോന്നാന്‍ കാരണമായതായി പറയുന്നു. ''യുവതയോട്: അറിയണം പിണറായിയെ'' എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയെക്കുറിച്ചാണ് കുറിപ്പിലെ വിമര്‍ശനം. ഡോക്യുമെന്ററിയിലെ ഒരോ രംഗവും പിണറായിയെ മഹത്വവല്‍ക്കരിക്കുന്നതാണെന്നും വിമര്‍ശകന്‍ കുറ്റപ്പെടുത്തുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW