Tuesday, November 14, 2017 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.39 AM

റോഡ്‌ റബറൈസേഷന്‍ പദ്ധതി അട്ടിമറിച്ചു

uploads/news/2017/11/165297/k5.jpg

കോട്ടയം : വിലയിടിവില്‍ നട്ടം തിരിയുന്ന റബര്‍ കര്‍ഷകര്‍ക്കു കൈത്താങ്ങാകുമെന്നു പ്രതീക്ഷിച്ച റോഡ്‌ റബറൈസേഷന്‍ പദ്ധതിക്ക്‌ ആമവേഗം. കഴിഞ്ഞ വര്‍ഷം റബറൈസ്‌ഡ്‌ റോഡ്‌ നിര്‍മിക്കാന്‍ 50,000 ടണ്‍ റബര്‍ ഉപയോഗിക്കുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഉപയോഗിച്ചത്‌ 18,000 ടണ്‍ മാത്രം. കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച ഈ വര്‍ഷം ഉപയോഗിക്കുന്നതു വെറും 28,000 ടണ്‍ മാത്രവും.
ടാറിങ്ങിന്‌ ഉപയോഗിക്കുന്ന ബിറ്റുമിനില്‍ പരമാവധി മൂന്നു ശതമാനമാണു റബര്‍ ഉപയോഗിക്കുന്നതെങ്കിലും സംസ്‌ഥാനത്തെ മുഴുവന്‍ റോഡുകളുടെയും ടാറിങ്ങിനു റബര്‍ ഉപയോഗിച്ചാല്‍ റബര്‍ വിപണിയില്‍ ചലനം സൃഷ്‌ടിക്കാന്‍ കഴിയുമായിരുന്നു.
2016 ജൂലൈ 11നു ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു റോഡ്‌ നിര്‍മാണത്തിന്‌ 50,000 ടണ്‍ റബര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌. പൊതുമരാമത്തു റോഡുകള്‍ക്കും ഹൈവേകള്‍ക്കുമായി 40,000 ടണ്ണും തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ റോഡ്‌ നിര്‍മാണത്തിനു 10000 ടണ്‍ റബറും ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഉപയോഗിച്ചതു 18,000 ടണ്‍ മാത്രം. അലോട്ട്‌മെന്റ കുറെഞ്ഞന്ന ന്യായം പറഞ്ഞാണു റോഡ്‌ നിര്‍മാണത്തില്‍നിന്ന്‌ റബര്‍ ഒഴിവാക്കിയത്‌. ഈ വര്‍ഷം കൂടുതല്‍ റബര്‍ ഉപയോഗിക്കപ്പെടുമെന്നു കരുതിയിരുന്നെങ്കിലും ഉപയോഗിക്കുന്നത്‌ 28,000 ടണ്‍ മാത്രം.
കേന്ദ്രപദ്ധതിക്കു കീഴില്‍ വരുന്ന റോഡുകളുടെ നിര്‍മാണത്തിനു റബര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടു വാണിജ്യമന്ത്രാലയം ഗ്രാമവികസന മന്ത്രാലയത്തിനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍, ഇത്‌ പ്രാവര്‍ത്തികമായിട്ടില്ല. വാണിജ്യമന്ത്രാലയത്തിനായി റബര്‍ ബോര്‍ഡാണു റോഡ്‌ റബറൈസേഷനായി റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.
1998 - 99 കാലത്താണു സംസ്‌ഥാനത്തു റബറൈസ്‌ഡ്‌ ടാറിങ്‌ ആരംഭിക്കുന്നത്‌. കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന ഗുണമേന്മയേറിയ ലാറ്റക്‌സ്‌ രൂപമാറ്റം വരുത്തി പ്രകൃതിദത്ത റബര്‍ മോഡിഫൈഡ്‌ ബിറ്റുമിനാക്കി മാറ്റിയാണ്‌ ടാറിങ്ങിന്‌ ഉപയോഗിക്കുന്നത്‌. ഇതിനായി കൊച്ചിന്‍ റിഫൈനറിയില്‍ പ്ലാന്റ്‌ സ്‌ഥാപിച്ചെങ്കിലും പ്രവര്‍ത്തനം നിലച്ചു. പിന്നീട്‌, 2014 റബറൈസേഷന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അട്ടിമറിക്കപ്പെട്ടു.
റബറൈസ്‌ഡ്‌ ടാറിങ്‌ നടത്തുന്ന റോഡുകളില്‍ വാര്‍ഷിക അറ്റകുറ്റപ്പണികളുടെ തോത്‌ മറ്റു റോഡുകളെ അപേക്ഷിച്ച്‌ 35 ശതമാനം കുറവാണെന്നു സെന്‍ട്രല്‍ റോഡ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വാഹനങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കുറവാണെന്നും പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.

ഷിന്റോ തോമസ്‌

Ads by Google
Tuesday 14 Nov 2017 02.39 AM
YOU MAY BE INTERESTED
TRENDING NOW