Tuesday, November 14, 2017 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.39 AM

ചാണ്ടി ഇപ്പോഴും കരയില്‍ ; മുന്നണി നടുക്കായലില്‍

uploads/news/2017/11/165293/k1.jpg

തിരുവനന്തപുരം/കൊച്ചി : മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി ഒഴിവാക്കാന്‍ ഇന്നത്തെ ഹൈക്കോടതി വിധിയില്‍ അത്ഭുതം പ്രതീക്ഷിച്ച്‌ എന്‍.സി.പി. നേതൃത്വം. ഒരേയൊരു കച്ചിത്തുരുമ്പ്‌ മുന്നില്‍കണ്ട്‌, മന്ത്രിയുടെ രാജിനീട്ടാനും എല്‍.ഡി.എഫ്‌. തീരുമാനത്തെ വെല്ലുവിളിക്കാനുമാണു പാര്‍ട്ടിനീക്കം. രാജ്യത്തുതന്നെ എന്‍.സി.പിക്കുള്ള ഏകമന്ത്രിസ്‌ഥാനം എങ്ങനെയും നിലനിര്‍ത്താനാണു പാര്‍ട്ടി ദേശീയനേതൃത്വത്തിന്റെ നിര്‍ദേശം.
ഹൈക്കോടതിയില്‍നിന്ന്‌ അനുകൂല പരാമര്‍ശമുണ്ടായാല്‍ ഇന്നുചേരുന്ന എന്‍.സി.പി. സംസ്‌ഥാനസമിതി തോമസ്‌ ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കില്ല. ഹൈക്കോടതിയില്‍ തനിക്കുവേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ്‌ എം.പി. കൂടിയായ അഡ്വ. വിവേക്‌ തന്‍ഖയെ നിശ്‌ചയിച്ചതിലൂടെ തന്റെ രാജിക്കു മുറവിളി കൂട്ടുന്ന കോണ്‍ഗ്രസിനെ തോമസ്‌ ചാണ്ടി പ്രതിസന്ധിയിലുമാക്കി. ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇന്നലെ ക്ലിഫ്‌ ഹൗസ്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. മാര്‍ച്ചിനു നേരേയുണ്ടായ പോലീസ്‌ നടപടിയില്‍ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസിനടക്കം പരുക്കേല്‍ക്കുകയും ചെയ്‌തു.
കായല്‍ കൈയേറ്റവിഷയത്തില്‍ ആരോപണവിധേയനായ തോമസ്‌ ചാണ്ടി രാജിവയ്‌ക്കണമെന്നായിരുന്നു കഴിഞ്ഞദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലെ പൊതുവികാരം. അതിനായി രണ്ടുദിവസം സാവകാശമാണ്‌ എന്‍.സി.പിക്ക്‌ ഇടതുമുന്നണി നല്‍കിയത്‌. അതിനകം തീരുമാനമുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടും. ഘടകകക്ഷികളായ സി.പി.ഐയും ജനതാദളും (എസ്‌) തോമസ്‌ ചാണ്ടി ഒഴിയണമെന്ന്‌ ആവശ്യപ്പെടുകയും സി.പി.എം. വഴങ്ങുകയും ചെയ്‌തതോടെയാണു രാജിയെന്ന അനിവാര്യതയിലേക്കു ഞായറാഴ്‌ച ചേര്‍ന്ന ഇടതുമുന്നണി യോഗം എത്തിച്ചേര്‍ന്നത്‌. എന്നാല്‍, അതിനു പിന്നാലെ ഇന്നലെ എന്‍.സി.പി. നിലപാടു മാറ്റി. ഇന്നു ഹൈക്കോടതി കേസ്‌ പരിഗണിക്കുന്നതിനാല്‍ അതിനുശേഷം തീരുമാനമെടുക്കാമെന്നാണ്‌ ഇപ്പോഴത്തെ നിലപാട്‌. തോമസ്‌ ചാണ്ടിക്കെതിരായ മൂന്നു പൊതുതാത്‌പര്യഹര്‍ജികളും ആലപ്പുഴ ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ടിനെതിരേ ചാണ്ടി നല്‍കിയ ഹര്‍ജിയുമാണു ഹൈക്കോടതി പരിഗണിക്കുന്നത്‌. കോടതിവിധി എതിരായാല്‍ മാത്രം മന്ത്രി രാജിവച്ചാല്‍ മതിയെന്നാണ്‌ എന്‍.സി.പി. തീരുമാനം. ഇന്നു ചേരുന്ന എന്‍.സി.പി. യോഗത്തിന്റെ അജന്‍ഡയില്‍ തോമസ്‌ ചാണ്ടിയുടെ രാജിക്കാര്യം ഉള്‍പ്പെടുത്തിയിട്ടല്ലെന്ന്‌ സംസ്‌ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ കൊച്ചിയില്‍ പറഞ്ഞു. ഹൈക്കോടതിയിലുള്ള വിഷയത്തില്‍ കേന്ദ്രനേതൃത്വവുമായി ആലോചിച്ചശേഷമേ തീരുമാനമെടുക്കൂ. എല്ലാ ആരോപണവും മന്ത്രി ഡയറക്‌ടറായ കമ്പനിക്കെതിരേയാണ്‌. അല്ലാതെ തോമസ്‌ ചാണ്ടിക്കെതിരേയല്ലെന്നും പീതാംബരന്‍ ന്യായീകരിച്ചു.
ഇടതുമുന്നണി തീരുമാനം അവഗണിക്കാനുള്ള എന്‍.സി.പി. നീക്കത്തിനെതിരേ ശക്‌തമായ താക്കീതുമായി സി.പി.ഐ. രംഗത്തെത്തി. മുന്നണിയെടുക്കുന്ന തീരുമാനങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും പോലെയല്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തോമസ്‌ ചാണ്ടി രാജിവയ്‌ക്കണമെന്നു പന്ന്യന്‍ രവീന്ദ്രനും ആവശ്യപ്പെട്ടു.

Ads by Google
Tuesday 14 Nov 2017 02.39 AM
YOU MAY BE INTERESTED
TRENDING NOW