Tuesday, October 16, 2018 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.34 AM

മെഡിക്കല്‍കോഴക്കേസ്‌ : വിധി ഇന്ന്‌

uploads/news/2017/11/165251/d4.jpg

ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച, ജഡ്‌ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴക്കേസില്‍ ഇന്നു വിധി പ്രസ്‌താവിക്കും. ജസ്‌റ്റിസുമാരായ അരുണ്‍മിശ്ര, ആര്‍.കെ. അഗര്‍വാള്‍, ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. ചീഫ്‌ ജസ്‌റ്റിസിനെതിരായ കോഴ ആരോപണം കോടതിയലക്ഷ്യമാണെന്ന്‌ അഭിപ്രായപ്പെട്ട സുപ്രീംകോടതി, കൈക്കൂലിയാരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസിന്‌ കോട്ടമുണ്ടാക്കിയെന്നും നിരീക്ഷിച്ചു. സുപ്രീംകോടതിയെ നാണക്കേടിലേക്കും പ്രതിസന്ധിയിലേക്കും വലിച്ചിഴയ്‌ക്കുംവിധത്തിലുള്ള രംഗങ്ങള്‍ക്കു കാരണമായ കേസ്‌ ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ പരിഗണനയ്‌ക്കെടുത്തത്‌.
ലഖ്‌നൗവിലെ മെഡിക്കല്‍ കോളജ്‌ അനുമതിക്കായി ജഡ്‌ജിമാരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചീഫ്‌ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര കൂടി പരോക്ഷമായി ആരോപണവിധേയനായതിനാല്‍, വിരമിച്ച ചീഫ്‌ ജസ്‌റ്റിസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്‌സ്വാള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ വിധിയുണ്ടാകുക. ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തിലും ഇന്നു തീരുമാനം അറിയിക്കും. കേസ്‌ ഭരണഘടനാ ബെഞ്ചിനു വിട്ട മുതിര്‍ന്ന ജഡ്‌ജി ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റെ ഉത്തരവ്‌ അസാധാരണ നടപടിയിലൂടെ ചീഫ്‌ജസ്‌റ്റിസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബെഞ്ച്‌ വെള്ളിയാഴ്‌ച റദ്ദാക്കിയിരുന്നു.
ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ ശാന്തി ഭൂഷണ്‍, മകനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍ എന്നിവരാണ്‌ ഹാജരായത്‌.
അസാധാരണവും പല സവിശേഷതകളുമുള്ള ഈ കേസ്‌ നിരുപാധികം പിന്‍വലിച്ച്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കേസ്‌ അഭിഭാഷകര്‍ക്കും ജഡ്‌ജിമാര്‍ക്കുമിടയില്‍ ഉണങ്ങാത്ത മുറിവുണ്ടാക്കിയെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ നിലപാട്‌ കോടതിയും ഹര്‍ജിക്കാരും തള്ളി. ഹര്‍ജി പിന്‍വലിക്കില്ലെന്ന്‌ പ്രശാന്ത്‌ ഭൂഷണും അറിയിച്ചു. പ്രഥമദൃഷ്‌ട്യാ ആരോപണങ്ങള്‍ ജൂഡീഷ്യറിയെയും സുപ്രീംകോടതിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന്‌ ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര പറഞ്ഞു. ആരോപണങ്ങളില്‍ അടിസ്‌ഥാനവുമില്ലെന്നും തങ്ങളുടെ പേരുപറഞ്ഞ്‌ ആരെങ്കിലും വിലപേശിയാല്‍ അതിന്‌ ജഡ്‌ജിമാര്‍ക്ക്‌ എങ്ങിനെ ഉത്തരവാദിത്വമുണ്ടാവുമെന്നും അദ്ദേഹം ചോദിച്ചു. തെറ്റ്‌ ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, ആരെയും സംരക്ഷിക്കാനല്ല ശ്രമമെന്നും ബെഞ്ച്‌ വ്യക്‌തമാക്കി.
ഈ കേസ്‌ പരിഗണിക്കുന്ന ബെഞ്ചിലും നേരത്തേ കേസ്‌ പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെട്ടതില്‍ പ്രതിഷേധം അറിയിച്ച ഹര്‍ജിക്കാര്‍, കേസിന്റെ ഗുണദോഷങ്ങളിലേക്കു കൂടുതല്‍ പോയില്ല. കേസ്‌ ഭരണഘടനാബെഞ്ചിനു വിടണമെന്ന്‌ ശാന്തി ഭൂഷണ്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. ഹര്‍ജി അഞ്ചംഗ ബെഞ്ചിന്‌ വിട്ടു ജസ്‌റ്റിസ്‌ ചെലമേശ്വര്‍ ഇറക്കിയ ഉത്തരവ്‌ റദ്ദാക്കാന്‍ ചീഫ്‌ ജസ്‌റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്‌ അധികാരമില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍, ചീഫ്‌ ജസ്‌റ്റിസിനെതിരേ നേരിട്ട്‌ ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ലെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍ മറുപടി നല്‍കി. സി.ബി.ഐ. തയാറാക്കിയ എഫ്‌.ഐ.ആറില്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ്‌ ഹര്‍ജി ഫയല്‍ ചെയ്‌തത്‌.
എഫ്‌.ഐ.ആറില്‍ ഒരുജഡ്‌ജിയുടെയും പേര്‌ നേരിട്ട്‌ പറയുന്നില്ലെങ്കിലും കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സ്വാധീനിക്കാന്‍ കൈക്കൂലിയെപ്പറ്റി പറയുന്നുണ്ട്‌. ഇതു വളരെ ഗൗരവമായി കാണണമെന്നും ഭൂഷണ്‍ പറഞ്ഞു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 14 Nov 2017 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW