Tuesday, November 14, 2017 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.29 AM

ഇറാന്‍-ഇറാഖ്‌ അതിര്‍ത്തിയില്‍ ഭൂകമ്പം: മരണം 353

uploads/news/2017/11/165240/in3.jpg

ടെഹ്‌റാന്‍: ഇറാന്‍-ഇറാഖ്‌ അതിര്‍ത്തിയിലുണ്ടായ ശക്‌തമായ ഭൂകമ്പത്തില്‍ 353 പേര്‍ മരിച്ചു. മരിച്ചവരില്‍ 348 പേരും ഇറാന്‍കാരാണ്‌. ഇരുരാജ്യങ്ങളിലുമായി വീടുകള്‍ തകര്‍ന്ന്‌ ആയിരങ്ങള്‍ നിരാലംബരായി.
ഇറാന്റെ പടിഞ്ഞാറന്‍ മേഖലയായ കെര്‍മന്‍ഷായിലാണു ഭൂകമ്പം ഏറെ നാശം വിതച്ചത്‌. ഇറാനില്‍ മാത്രം6,603 പേര്‍ക്കു പരുക്കേറ്റു. മലയോരമേഖലയായ കെര്‍മന്‍ഷായില്‍ ജനങ്ങളിലേറെയും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്‌. ഇറാഖില്‍ ഏഴുപേര്‍ മരിച്ചു; 535 പേര്‍ക്കു പരുക്കേറ്റു. രാജ്യത്തിന്റെ തെക്കന്‍മേഖലയായ കുര്‍ദിലാണ്‌ ഏറെ നാശനഷ്‌ടം.
മാപിനിയില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കിഴക്കന്‍ ഇറാഖി നഗരമായ ഹലാബ്‌ജയ്‌ക്ക്‌ 31 കിലോമീറ്റര്‍ ചുറ്റളവിലാണ്‌. 23 കിലോമീറ്റര്‍ താഴ്‌ചയില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായാണു യു.എസ്‌. ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്‌. ഇറാനില്‍ നൂറിലേറെത്തവണ തുടര്‍ചലനങ്ങള്‍ ഉണ്ടായതിനേത്തുടര്‍ന്ന്‌ ജനം രാത്രി വീടുവിട്ട്‌ സുരക്ഷിതസ്‌ഥാനങ്ങള്‍ തേടി പാഞ്ഞു. ഇറാനെയും ഇറാഖിനെയും വേര്‍തിരിക്കുന്ന സാഗ്രോസ്‌ പര്‍വതനിരകളിലെ സാര്‍പോള്‍-ഇ-സഹാബ്‌ പട്ടണം ഭൂകമ്പത്തില്‍ പൂര്‍ണമായി തകര്‍ന്നു.
ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തിന്‌ ഇറാന്റെ പരമോന്നത ആത്മീയനേതാവ്‌ ആയത്തുള്ള അലി ഖമൈനിയും ഇറാഖ്‌ പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദിയും ഉത്തരവിട്ടു. ഇറാനിലെ 14 മേഖലകള്‍ ഭൂകമ്പബാധിതമാണ്‌.
ഇറാഖില്‍ ഇര്‍ബില്‍ മുതല്‍ ബാഗ്‌ദാദ്‌ വരെയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ വീടുവിട്ട്‌ തെരുവിലിറങ്ങി. സദ്ദാം ഹുസൈന്റെ ഭരണകാലത്ത്‌, 1988-ല്‍, രാസായുധപ്രയോഗത്തേത്തുടര്‍ന്ന്‌ 5,000 പേര്‍ കൊല്ലപ്പെട്ട നഗരമാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഹാലാബ്‌ജ നഗരം.
ഭൂകമ്പബാധിതമായ ഇറാഖിലേക്കു തുര്‍ക്കി അടിയന്തരമായി രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചു. ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സഹായമെത്തിക്കുമെന്നു തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പറഞ്ഞു. 3,000 കൂടാരങ്ങളും ഹീറ്ററുകളും 10,000 കിടക്കകളും പുതപ്പുമായി റെഡ്‌ ക്രെസന്റ്‌ (അറബ്‌ രാജ്യങ്ങളിലെ റെഡ്‌ ക്രോസ്‌ വിഭാഗം) ട്രക്കുകള്‍ ഇറാഖിലെ സുലൈമാനിയ നഗരത്തിലേക്കു പുറപ്പെട്ടു. ഇറാന്‍ ആവശ്യപ്പെട്ടാല്‍ സഹായമെത്തിക്കുമെന്ന്‌ അങ്കാരയും വ്യക്‌തമാക്കി.
ഇറാനില്‍ 2003-ലുണ്ടായ ഭൂകമ്പത്തില്‍ ചരിത്രനഗരമായ ബാം നാമാവശേഷമാവുകയും 26,000 പേര്‍ക്കു ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. 2012 ഓഗസ്‌റ്റില്‍ കഴിക്കന്‍ ഇറാനിലെ അസര്‍ബെയ്‌ജാനിലുണ്ടായ ഭൂകമ്പത്തില്‍ മുന്നൂറിലേറെപ്പേര്‍ മരിച്ചു.
ഭൂകമ്പത്തിന്റെ പ്രതിഫലനം സൗദി അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലും അനുഭവപ്പെട്ടു. സൗദി അറേബ്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൗദിയില്‍ ഉനൈസ, ബുറൈദ, ഹഫര്‍ ബാത്തിന്‍, ഹായില്‍, അല്‍ജൗഫ്‌, സകാക്ക എന്നിവിടങ്ങളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌.

Ads by Google
Tuesday 14 Nov 2017 02.29 AM
YOU MAY BE INTERESTED
TRENDING NOW