Tuesday, November 14, 2017 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.25 AM

വ്യാജആധാരം പണയംവച്ച്‌ 20 ലക്ഷം തട്ടിയ നാലുപേര്‍ അറസ്‌റ്റില്‍

uploads/news/2017/11/165231/c3.jpg

അടിമാലി: വിവിധ വില്ലേജുകളില്‍ ഭൂമിയുണ്ടെന്നവകാശപ്പെട്ട്‌ റവന്യൂ രേഖകള്‍ ചമച്ച്‌ ബാങ്കില്‍നിന്ന്‌ 20 ലക്ഷം രൂപ തട്ടിയ കേസില്‍ നാലുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രാജാക്കാട്‌ പുളിമൂട്ടില്‍ പി.ഡി. ദേവസ്യ (57), രാജാക്കാട്‌ ചെരുപുറം കരിമ്പിന്‍കാലായില്‍ ജോസഫ്‌ മാത്യൂ (77), രാജാക്കാട്‌ ഉറുമ്പില്‍ ബാലകൃഷ്‌ണന്‍ (ബാലന്‍-65), ചെമ്മണ്ണാര്‍ സ്വദേശി നിരപ്പില്‍ മാത്യു വര്‍ക്കി (56) എന്നിവരെയാണു വെള്ളത്തൂവല്‍ എസ്‌.ഐ: എസ്‌. ശിവലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
പോലീസ്‌ പറയുന്നതിങ്ങനെ: 2007-08 സാമ്പത്തിക വര്‍ഷത്തില്‍ പി.ഡി. ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം കുഞ്ചിത്തണ്ണി ഫെഡറല്‍ ബാങ്ക്‌ ശാഖയില്‍ നിന്നാണ്‌ പണം രൂപ തട്ടിയെടുത്തത്‌. മൂന്നു ലക്ഷത്തില്‍പരം രൂപ വീതമുള്ള വിവിധ വായ്‌പകളാണു സംഘം നേടിയത്‌. ശാന്തന്‍പാറ, ചതുരംഗപ്പാറ, രാജാക്കാട്‌, കാന്തിപ്പാറ, ഉടുമ്പന്‍ചോല വില്ലേജുകളുടെ പരിധിയില്‍ സ്‌ഥലമുണ്ടെന്നു കാണിച്ചു തീറാധാരം അടക്കമുള്ള രേഖകള്‍ ചമച്ചാണു ബാങ്കില്‍ നല്‍കിയത്‌. മൂന്നു ലക്ഷത്തിലധികമുള്ള വായ്‌പകള്‍ക്ക്‌ നാലേക്കറിനു മുകളില്‍ ഭൂമി വേണമെന്ന വ്യവസ്‌ഥയുള്ളതിനാല്‍ ഓരോ ഭൂരേഖയും നാലേക്കറിനു മുകളിലുണ്ടെന്നാണു കാണിച്ചിരുന്നത്‌.
സംഘത്തില്‍പെട്ട ബാലകൃഷ്‌ണനു മാത്രമാണ്‌ നാലേക്കര്‍ ഭൂമിയുണ്ടായിരുന്നത്‌. ഈ ഭൂമി ഏലപ്പട്ടയമായതിനാല്‍ വായ്‌പ ലഭിക്കില്ലായിരുന്നു. വായ്‌പ എടുത്ത കുറച്ചുനാള്‍ തിരിച്ചടച്ചെങ്കിലും ക്രമേണ നിലച്ചു. ഓഡിറ്റിങ്‌ സംഘം കുടിശിക കാരുടെ വായ്‌പാ രേഖകള്‍ പരിശോധിച്ചതോടെയാണു തട്ടിപ്പ്‌ പുറത്തായത്‌.
തുടര്‍ന്നാണു ബാങ്ക്‌ അധികൃതര്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയത്‌. 2014 ഡിസംബര്‍ മുതല്‍ പോലീസ്‌ അന്വേഷണം തുടങ്ങി. അതിനിടെ സംഘത്തിലെ രണ്ടുപേര്‍ മരിച്ചു. രേഖകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടിയിരുന്ന ലീഗല്‍ അഡൈ്വസര്‍, ഫീല്‍ഡ്‌ ഓഫീസര്‍ തുടങ്ങിയവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും. വില്ലേജ്‌ ഓഫീസിലെ അന്നത്തെ ജീവനക്കാരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്‌. ഇന്നലെ രാവിലെ പ്രതികളുടെ വീട്ടിലെത്തിയാണു കസ്‌റ്റഡിയിലെടുത്തത്‌.
അഡീഷണല്‍ എസ്‌.ഐമാരായ ജോസ്‌ ജേക്കബ്‌, കെ.സി. ചാക്കോച്ചന്‍, എ.എസ്‌.ഐമാരായ പി.വി. വര്‍ഗീസ്‌, കെ.എന്‍. സോമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. അടിമാലി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Tuesday 14 Nov 2017 02.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW