Monday, December 10, 2018 Last Updated 36 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.11 AM

ശബരിമലയിലേക്കുള്ള ആദ്യ സംഘം പേട്ടതുള്ളി

uploads/news/2017/11/165200/re5.jpg

എരുമേലി: മണ്ഡല മകരവിളക്ക്‌ തീര്‍ഥാടനത്തിന്‌ രണ്ടു നാള്‍ അവശേഷിക്കേ തീര്‍ഥാടകര്‍ എത്തി തുടങ്ങി. മകരവിളക്ക്‌ തീര്‍ഥാടനത്തെ വരവേല്‍ക്കാനൊരുങ്ങി എരുമേലി. രണ്ടു നാള്‍ കഴിഞ്ഞാല്‍ എരുമേലിയുടെ പകലിരവുകള്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും.
ശബരിമലയിലേക്കുള്ള ആദ്യ സംഘം ഇന്നലെ പേട്ടതുള്ളി. തമിഴ്‌നാട്ടില്‍ നിന്നുമുള്ള സംഘമാണ്‌ പേട്ടതുള്ളിയത്‌. പോലീസിന്റെ നേതൃത്വത്തില്‍ ഇത്തവണ സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുന്നതിനും പ്ലാസ്‌റ്റികിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുമായി പുണ്യം പൂങ്കാവനം പദ്ധതി നടപ്പിലാക്കും.
ജില്ലയിലെ പ്രധാന ഇടത്താവളങ്ങളില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ സന്ദേശമെത്തിക്കും. ശുചിത്വമിഷന്റെയും വിവിധ വകുപ്പുകളെയും ക്ഷേത്ര, ഭക്‌ത, സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. പ്ലാസ്‌റ്റിക്‌ കുപ്പികള്‍ എരുമേലിയില്‍ തന്നെ ശേഖരിക്കുന്നതിനും, പ്ലാസ്‌റ്റിക്‌ കവറുകള്‍ക്ക്‌ പകരമായി തുണി സഞ്ചികള്‍ നല്‍കുന്നതിനുമായി സംവിധാനമുണ്ടാകും.
പ്ലാസ്‌റ്റിക്‌ ശേഖരിക്കുന്നതിനായി പ്രത്യേക ബിന്നുകള്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഥാപിക്കും. എരുമേലിയെ പ്ലാസ്‌റ്റിക്‌ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. നാളെ മുതല്‍ ടൗണില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. കാനനപാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍, ആംബുലന്‍സ്‌, ക്‌ളിനിക്‌ എന്നീ സേവനങ്ങള്‍ ആരോഗ്യ വകുപ്പ്‌ നടപ്പാക്കും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ശുദ്ധജലവിതരണമുണ്ടാകും. കാട്ടാനയുടെ ശല്യമുള്ളതിനാല്‍ കാനനപാതയില്‍ തീര്‍ഥാടകര്‍ക്ക്‌ രാത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
എരുമേലിയിലെത്തുന്ന തീര്‍ഥാടകര്‍ക്കായുള്ള സജ്‌ജീകരണങ്ങള്‍ ആരംഭിച്ചെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന്‌ ആരോപണമുണ്ട്‌. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ ആരംഭിച്ച കെട്ടിടങ്ങളുടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. ഇന്‍ഫര്‍മേഷന്‍ സെന്ററിനും, താല്‍ക്കാലിക ഡിസ്‌പന്‍സറിക്കുമായാണ്‌ കെട്ടിടം നിര്‍മ്മിക്കുന്നത്‌. എരുമേലി ധര്‍മ്മശാസ്‌താ ക്ഷേത്രത്തിനു സമീപത്തുള്ള കുളിക്കടവ്‌ ശുചീകരണം പഞ്ചായത്ത്‌ ഏറ്റെടുത്തെങ്കിലും പണികള്‍ ആരംഭിച്ചിട്ടില്ല. കുളിക്കടവില്‍ പ്രത്യേകം ഘടിപ്പിക്കുന്ന ഷവര്‍ബാത്ത്‌ സ്‌ഥാപിച്ചിട്ടില്ല.
പൊതുമരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തില്‍ റോഡുകളുടെ അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രധാന പാതകളില്‍ പോലും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിയിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു വര്‍ഷം മുന്‍പ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എരുത്വാപ്പുഴ -കണമല സമാന്തരപാത ഇത്തവണയും ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവില്ലായെന്ന്‌ പോലീസ്‌ പറഞ്ഞു.
ക്രാഷ്‌ബാരിയര്‍ സ്‌ഥാപിക്കല്‍, പാതയോരങ്ങളിലെ കാടു തെളിയിക്കല്‍, ദിശാ സൂചന ബോര്‍ഡ്‌ തെളിയിക്കല്‍ തുടങ്ങിയവയില്‍ പൊതുമരാമത്ത്‌ വീഴ്‌ച്ച വരുത്തിയതായി ആക്ഷേപമുണ്ട്‌. മുണ്ടക്കയം -എരുമേലി പാതയിലെ പുലിക്കുന്ന്‌, കണ്ണിമല എന്നിവിടങ്ങളില്‍ ക്രാഷ്‌ ബാരിയര്‍ സ്‌ഥാപിക്കേണ്ടതുണ്ട്‌. പ്രധാന സ്‌നാന ഘട്ടങ്ങളായ ഓരുങ്കല്‍ കടവ്‌, കൊരട്ടി, മൂക്കന്‍പെട്ടി, കണമല തുടങ്ങിയ സ്‌ഥലങ്ങളില്‍ താല്‍ക്കാലികമായി വൈദ്യുതി വിളക്കുകള്‍ ഇതുവരെയും സ്‌ഥാപിച്ചിട്ടില്ല. കാനനപാത ആരംഭിക്കുന്ന പേരൂര്‍തോട്‌ മുതല്‍ കോയിക്കകാവ്‌ വരെയുള്ള പ്രദേശങ്ങളില്‍ വഴിവിളക്കുകളില്ലാത്തതിനാല്‍ തീര്‍ഥാടകര്‍ ദുരതത്തിലാകും.
എരുമേലി ടൗണ്‍, ക്ഷേത്രപരിസരം, തീര്‍ഥാടകര്‍ ക്യാമ്പ്‌ ചെയ്യുന്ന മറ്റ്‌ സ്‌ഥലങ്ങള്‍ നീരീക്ഷിക്കാന്‍ 16 സി. സി. ടി. വി. ക്യാമറകള്‍ ഘടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന്‌ പോലീസിന്‌ നിരീക്ഷിക്കാനാകും. കെ. എസ്‌. ആര്‍. ടി. സി പമ്പയിലേയ്‌ക്ക്‌ പത്ത്‌ സ്‌പെഷ്യല്‍ ബസുകള്‍ ഉള്‍പ്പെടെസര്‍വീസുകള്‍ ക്രമീകരിക്കും. പോലീസ്‌ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇന്ന്‌ രാവിലെ 10.30 ന്‌ ജില്ലാ പോലീസ്‌ മേധാവി മുഹമ്മദ്‌ റഫീക്‌ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Tuesday 14 Nov 2017 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW