Tuesday, November 14, 2017 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 02.11 AM

ശബരിമലയില്‍ കനത്ത സുരക്ഷ; തുടക്കത്തില്‍ 1500 പോലീസുകാര്‍

ശബരിമല: മണ്ഡല, മകരവിളക്ക്‌ ഉത്സവത്തോടനുബന്ധിച്ച്‌ സന്നിധാനത്തു കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. തുടക്കത്തില്‍ 1500 പോലീസുകാരുണ്ടാകും. മകരവിളക്ക്‌ സമയത്ത്‌ മൂവായിരം പേരുടെ സേവനം ലഭ്യമാക്കും.
പമ്പയില്‍ തീര്‍ഥാടനത്തിന്റെ ആദ്യ പാദത്തില്‍ 1000 പോലീസുകാരും മകരവിളക്ക്‌ കാലയളവില്‍ 2000 പേരും ഉണ്ടാകും. സന്നിധാനത്ത്‌ 12 മേഖലകളായി തിരിച്ച്‌ പോലീസിനെ വിന്യസിക്കും. ഓരോ മേഖലയുടെയും ചുമതല ഓരോ ഡിവൈ.എസ്‌.പിക്കാണ്‌.
പതിനെട്ടാം പടിക്കു താഴെ വലിയ നടപ്പന്തലില്‍ ക്യൂ അവസാനിക്കുന്ന ഭാഗം, സ്‌റ്റാഫ്‌ ഗേറ്റ്‌, വടക്കേ നട, ഭസ്‌മക്കുളത്തിനു സമീപത്തുനിന്നു തന്ത്രി മുറിയിലേക്ക്‌ പ്രവേശിക്കാന്‍ കഴിയുന്ന വാതില്‍, വടക്കേ നടയ്‌ക്കു സമീപം ജനറേറ്റര്‍ മുറിയുടെ എതിര്‍വശത്തു തിരുമുറ്റത്തേക്കു പ്രവേശിക്കാന്‍ കഴിയുന്ന വാതില്‍, പാണ്ടിത്താവളം ഭാഗത്തു മാഗുണ്ട നിലയം, വിരിപ്പന്തലിനു സമീപം എന്നിവിടങ്ങളില്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ സ്‌ഥാപിക്കും.
കുന്നാര്‍ അണക്കെട്ട്‌ മേഖലയില്‍ സായുധസേനയെ വിന്യസിക്കും. വനാന്തരങ്ങള്‍, അരവണ പ്ലാന്റിനു സമീപം, ജനറേറ്റര്‍ റൂം, ഡീസല്‍ ടാങ്കുകള്‍, ഭൂഗര്‍ഭ പാത, മാളിപ്പുറം ഫ്‌ളൈ ഓവര്‍, സ്വാമി അയ്യപ്പന്‍ റോഡ്‌ ജലസംഭരണികള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പട്രോളിങ്ങും ഏര്‍പ്പെടുത്തും.
പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്നവര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കും. വടശേരിക്കര മുതല്‍ പമ്പ വരെ ബൈക്കുകളിലും ജീപ്പിലുമായി പോലീസ്‌ സംഘം 24 മണിക്കൂറും പടോളിങ്‌ നടത്തും.
പമ്പ ഗണപതി കോവിലിലെ പടിക്കെട്ടിലും ഗാര്‍ഡ്‌ റൂമിന്‌ മുന്നിലും സ്‌ഥാപിച്ചിരിക്കുന്ന മെറ്റല്‍ ഡിറ്റക്‌ടറിലൂടെ കര്‍ശന പരിശോധനയ്‌ക്കുശേഷമേ തീര്‍ഥാടകരെ മലകയറാന്‍ അനുവദിക്കൂ. സന്നിധാനത്തു വലിയ നടപ്പന്തലിലും പമ്പ ഗാര്‍ഡ്‌ റൂമിന്‌ മുന്നിലും തീര്‍ഥാടകര്‍ കൊണ്ടുവരുന്ന ബാഗുകളും തോള്‍സഞ്ചിയും പരിശോധിക്കാന്‍ സ്‌കാനര്‍ സ്‌ഥാപിക്കും. സന്നിധാനം മുതല്‍ പമ്പ വരെ സ്‌ഥാപിച്ചിരിക്കുന്ന ക്ലോസ്‌ഡ് സര്‍ക്യുട്ട്‌ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പമ്പ കണ്‍ട്രോള്‍ റൂമിലിരുന്നു പോലീസ്‌ നിരീക്ഷിക്കും. മണ്ഡലകാലം ആരംഭിക്കുമ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രംകമ്മിഷണര്‍ പി.കെ. മധുവായിരിക്കും സന്നിധാനം പോലീസ്‌ സ്‌പെഷല്‍ ഓഫീസര്‍.

Ads by Google
Tuesday 14 Nov 2017 02.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW