Wednesday, September 12, 2018 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 03.57 PM

മനസ്സാണ് കരുത്ത്

പരിശീലനം പൂര്‍ത്തിയാക്കി എക്സൈസ് വകുപ്പില്‍ സേവനമാരംഭിച്ച ആദ്യ ബാച്ചിലെ ഒരംഗമായ മിനി.പി.വിജയ് കന്യകയ്ക്കൊപ്പം.
uploads/news/2017/11/165065/miniinspirlife131117a.jpg

വനംവന്യജീവി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, എക്‌സൈസ് തുടങ്ങിയ വകുപ്പുകളില്‍ കുറച്ചു നാള്‍ മുന്‍പു വരെ വനിത ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പുരുഷന്‍മാര്‍ മാത്രമായിരുന്ന എല്ലാ വകുപ്പുകളിലും സ്ത്രീ സാന്നിദ്ധ്യം ഉറപ്പു വരുത്താനാണ് അധികൃതരുടെ തീരുമാനം.

വനം വകുപ്പിലേക്കുള്ള നാനൂറോളം വനിതകള്‍ പരിശീലനം നടത്തുമ്പോള്‍, എക്സൈസിലെ വനിതാ വിഭാഗം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച ആദ്യ ബാച്ചിലെ ഒരംഗമാണ്, ഈരാറ്റുപേട്ട എക്സൈസ് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ മിനി.പി.വിജയ്. വകുപ്പുകളില്‍ വനിതകളുടെ പ്രാധാന്യവും ആവശ്യകതയും മിനി പങ്കുവയ്ക്കുന്നു.

സ്ത്രീകള്‍ക്കു വേണ്ടി


സംസ്ഥാനത്ത് സ്ത്രീശാക്തീകരണം പല ഘട്ടങ്ങളായി നടക്കുകയാണ്. ജോലിയിലും, ജനപ്രതിനിധികളിലും എല്ലായിടത്തും സ്ത്രീകള്‍ക്കായി സംവരണം ഏര്‍പ്പെടുത്തിട്ടുണ്ട്. എന്നാല്‍ അപൂര്‍വ്വമായി ചില വകുപ്പുകളില്‍ സ്ത്രീ ജീവനക്കാരില്ലായിരുന്നു.

ഫയര്‍ഫോഴ്സ്,വനം വകുപ്പ,് എക്സൈസ് തുടങ്ങിയ വകുപ്പുകളില്‍ വനിതകളുണ്ടെങ്കില്‍ ഗുണമുണ്ടാകില്ലെന്നു മാത്രമല്ല ദോഷവും ബുദ്ധിമുട്ടമുണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും മനസ്സില്‍. എന്നാല്‍ സ്ത്രീകളെ നിയമിച്ചത് തെറ്റായില്ലെന്നു അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

യൂണിഫോം വകുപ്പുകളില്‍ സ്ത്രീകള നിയമിക്കണമെന്നു മൂന്നു വര്‍ഷം മുന്‍പാണ് ഉത്തരവിറങ്ങിയത്. സ്ത്രീകളുടെ സുരക്ഷയും സ്ത്രീശാക്തീകരണം മാത്രമല്ല എക്സൈസില്‍ വനിതകളെ ഉള്‍പെടുത്താനുള്ള തീരുമാനത്തിനു പിന്നില്‍.

മറിച്ച് അബ്കാരി കേസുകളിലെ പ്രതിപ്പട്ടികയില്‍ സ്ത്രീകളും വര്‍ധിക്കുന്നു എന്ന താണ്. വനിതാ ഉദ്യോഗസ്ഥരില്ലാതെ ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലന്ന നിയമതടസ്സം എക്സൈസിനെയാണ് ഏറെ വലച്ചത്.

വനിതകള്‍ ഉള്‍പെട്ട കേസുണ്ടായാല്‍ പോലീസിലെ ഉദ്യോഗസ്ഥയെയും കൂട്ടിയാണ് എക്സൈസ് അറസ്റ്റ് ചെയ്യാന്‍ പോകുന്നത്. അത്തരം നീക്കങ്ങള്‍ രണ്ടു വകുപ്പിലും ബുദ്ധിമുട്ടുണ്ടാക്കുകയും പ്രതികളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെയാണ് എക്സൈസിലും വനിതകളെ നിയമിക്കാന്‍ ഉത്തരവിറങ്ങിയത്.

ഉത്തരവ് വന്നയുടന്‍ തന്നെ ഒരു ബാച്ച് വനിതകള്‍ ജോലിയില്‍ പ്രവേശിച്ചു. പക്ഷേ അവര്‍ക്ക് പരിശീലനം നല്‍കാനായില്ല. കാരണം, പോലീസൊഴികെയുള്ള വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വിരമിക്കുന്നതിനു മുന്‍പ് എപ്പോഴെങ്കിലുമാണ് പരിശീലനം.

പുരുഷന്‍മാര്‍ മാത്രമായതിനാല്‍ ശാരീരിക ക്ഷമതയുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്ന കാരണത്താലായിരിക്കാം പരിശീലനം ആദ്യം നല്‍കാതിരുന്നത്. അതുകൊണ്ട് സ്ത്രീകളെ നിയമിച്ചപ്പോഴും അതേ പാത പിന്തുടര്‍ന്നു..

''പതിവിനു വിപരീതമായി ഞാനുള്‍പ്പെട്ട രണ്ടാം ബാച്ച് പരിശീലനത്തിനു ശേഷമാണ് ജോലിയാരംഭിച്ചത്. 180 ദിവസമുള്ള കഠിന പരിശീലനത്തിലൂടെ ജോലിയെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും നല്ലൊരു അവബോധമുണ്ടാക്കിയെടുക്കാന്‍ സാധിച്ചു. കൃത്യമായ പരിശീലനത്തിനു ശേഷം മാത്രം ജോലിയാരംഭിച്ചതോടെ രണ്ടാം ബാച്ചായിരുന്നിട്ടും ആദ്യ ബാച്ചായി ഞങ്ങളറിയപ്പെട്ടു തുടങ്ങി.'' മിനി കൂട്ടിച്ചേര്‍ക്കുന്നു.

അധ്യാപിക റോളില്‍ നിന്നും


രാമപുരം കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് അധ്യാപികയില്‍ നിന്നാണ് മിനി, സിവില്‍ എക്സൈസ് ഓഫീസറായി മാറിയത്. പി.എസ്.സി. പരീക്ഷകള്‍ സ്ഥിരമായി എഴുതുന്നതിനിടെ എക്സൈസിന്റെയും പരീക്ഷയെഴുതി. ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞപ്പോള്‍ പലരും മിനിയെ നിരുത്സാഹപ്പെടുത്തി.

ഉയര്‍ന്ന വിദ്യാഭ്യാസം നേടി കോളജ് അധ്യാപികയില്‍ നിന്നും ഒരുപാട് താഴെയുള്ള ഒരു സ്ഥാനത്തേക്കു പോകുന്നത് ശരിയല്ലെന്നു വരെ പറഞ്ഞിട്ടും, മിനി സിവില്‍ എക്സൈസ് ഓഫീസറായി ചുമതലയേറ്റു. ഭര്‍ത്താവ് അനീഷിന്റെയും അമ്മ റോസമ്മയുടെയും പിന്തുണ മാത്രം മതിയായിരുന്നു മിനിയ്ക്ക്.

uploads/news/2017/11/165065/miniinspirlife131117.jpg
മിനി ഭര്‍ത്താവ് അനീഷിനോടൊപ്പം

സ്‌കൂള്‍ പഠനകാലത്തും അധ്യാപകവൃത്തിയ്ക്കിടയിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷഫലങ്ങള്‍ വ്യക്തിപരമായി ഏറെ അനുഭവിച്ചതും ഈ വഴി തെരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. മദ്യപിക്കുന്ന കുട്ടികളുടെ എണ്ണം ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ പ്ലസ്സ് ടു വരെയുള്ള കുട്ടികളെ ഒരു ബോധവല്‍ക്കരണ ക്ലാസ്സുകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയും.

ഇത്തരം പ്രവണതകള്‍ കണ്ടെത്താനും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി നേര്‍വഴി കാണിക്കാനും ഒരു പുരുഷനെക്കാള്‍ കൂടുതള്‍ സ്ത്രീകള്‍ക്കു കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്..

അബ്കാരി കേസുകളില്‍ അറസ്റ്റു ചെയ്യുക, ബാക്കി നിയമനടപടികള്‍ സ്വീകരിക്കുക എന്നതു മാത്രമല്ല എക്സൈസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

മദ്യം,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തെക്കുറിച്ചും അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളെയും സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികളെയും ബോധവാന്‍മാരാക്കുക പോലെ ഒരുപാട് പ്രവര്‍ത്തനങ്ങളുണ്ട്. അതെല്ലാം സംഘടിപ്പിക്കുന്നതും നടത്തുന്നതും എക്സൈസ് ഉദ്യോഗസ്ഥരാണ്.

പത്രപ്രവര്‍ത്തകയാകാന്‍ കൊതിച്ചിരുന്ന മിനിയ്ക്ക് അതിനുള്ള ചെറിയൊരു അവസരമാണ് അമൃത ടിവി ഒരുക്കിയ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് എന്ന റിയാലിറ്റി ഷോ നല്‍കിയത്. മത്സരത്തിന്റെ അവസാന റൗണ്ട് വരെയെത്തിയ മിനി,മാധ്യമപ്രവര്‍ത്തനമെന്ന തന്റെ ആഗ്രഹം താല്‍ക്കാലികമായെങ്കിലും നിറവേറ്റി.

പെണ്‍കരുത്ത്


ഒപ്പമുണ്ടായിരുന്നവരില്‍ ഭൂരിപക്ഷം പേരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത കൊണ്ടു മാത്രമാണ് ഈ ജോലി തെരഞ്ഞെടുക്കുന്നത്. സാധാരണദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരും എട്ടുവരെയാണ് ജോലിസമയം.

അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് അസമയത്ത് വനിതകള്‍ക്ക് പോകേണ്ടിവരുന്നത്..

ജോലി ലഭിച്ചപ്പോള്‍,അത് സ്വീകരിച്ചതും പരിശീലനം കഠിനമായിരുന്നിട്ടും അതില്‍ വിജയിക്കാന്‍ കഴിഞ്ഞതും എന്റെ അമ്മ നല്‍കിയ കരുത്തിലാണ്. അച്ഛന്റെ മരണശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നെയും അനിയനെയും വളര്‍ത്തിയത്. പഠനം കഴിഞ്ഞയുടനെ വിവാഹിതയാകാന്‍ അമ്മ നിര്‍ബന്ധിച്ചിട്ടില്ല. അന്നും ഇന്നും പഠനത്തിനാണ് അമ്മ പ്രാധാന്യം നല്‍കുന്നത്..

എന്റെ അമ്മയിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം കണ്ടിട്ടുള്ളത്. പ്രശ്നങ്ങള്‍ക്കിടയിലും ഞങ്ങളെ പഠിപ്പിച്ച അമ്മയുടെ മനസ്സും കരുത്തും അത്രയേറെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

56 വയസ്സുള്ള അമ്മ, മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഡിപ്ലോമ കോഴ്സ് പഠിച്ച് ഒന്നാം ക്ലാസ്സോടെ വിജയിച്ച്, അതിന്റെ തുടര്‍പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍. ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ എത്ര കഷ്ടപ്പെടാനും അമ്മ തയാറാണ്. അതൊക്കെയാകും എന്നെയും ഇവിടെ വരെ എത്തിച്ചത്..

എന്നോടൊപ്പം ജോലിയില്‍ പ്രവേശിച്ച എല്ലാവരും ഈ ജോലിയോടുള്ള താല്‍പര്യം കൊണ്ടാണ് വന്നത്. ഇത്തരം വകുപ്പുകളില്‍ സ്ത്രീകളെത്തുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശാരീരികമായുള്ള ബുദ്ധിമുട്ടുകളാണ്. പോലീസ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് അതെല്ലാം മനസ്സിലായത്.

വ്യായാമം,യോഗ,കായിക പരിശീലനം തുടങ്ങിയവ ജോലിയുടെ ഭാഗമായി പഠിച്ചതാണെങ്കിലും ഇന്ന് എല്ലാ സ്ത്രീകളും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. മാനസികമായും ശാരീരകമായും സ്ത്രീകള്‍ ശക്തരാകണം മിനി ഓര്‍മ്മിപ്പിക്കുന്നു.

വിദ്യാഭ്യാസം,വിവാഹം,കുടുംബം,കുട്ടികള്‍ ഇതില്‍ മാത്രമായിരുന്ന വനിതകള്‍ പല മേഖലകളിലും കഴിവുതെളിയിച്ച് ഉയരങ്ങളിലേക്ക് പറക്കുകയാണ്. അതിനെല്ലാം കരുത്ത് നല്‍കിയത് പുറമേ മൃദുലമാണന്നു കരുതിയ, തീക്ഷ്ണവും ശക്തവുമായ അവരുടെ മനസ്സും തീരുമാനങ്ങളുമാണ്.

രാഷ്ട്ര നിര്‍മ്മാണത്തിലും, നിയമ നിര്‍മ്മാണത്തിലും കൃത്യനിര്‍വ്വഹണത്തിലുമെല്ലാം വനിതകള്‍ ഇന്ന് സജീവമാണ്.

കെ. ആര്‍ ഹരിശങ്കര്‍

Ads by Google
Ads by Google
Loading...
TRENDING NOW