Tuesday, July 02, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 03.03 PM

ഒറ്റയാള്‍ ജീവിതം

വെള്ളിത്തിരയ്ക്ക് പിന്നിലെ സുനില്‍ സുഖദ
uploads/news/2017/11/165054/Weeklysunilsugatha131117a.jpg

കലകളെ ഇഷ്ടപ്പെടുന്നവരാണ് തൃശൂര്കാര്‍. വിവാഹം പോലും ഒഴിവാക്കി കലാജീവിതത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അതിന്‌വേണ്ടി ജീവിക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരനുണ്ട്. സുഖദ എന്ന വീട്ടുപേര് അപ്രതീക്ഷിതമായി തന്റെ പേരിനൊപ്പം ചേര്‍ന്നപ്പോള്‍ അദ്ദേഹം സുനില്‍ സുഖദയായി.

നാടകം, സിനിമ, ഫോട്ടോഗ്രഫി, കോസ്റ്റിയൂം ഡിസൈനിംഗ്, ചിത്രകല തുടങ്ങി വിവിധ മേഖലകളില്‍ തന്‍േറതായ കൈയൊപ്പ് ചാര്‍ത്തിയ സുനിലിന്റെ ഇതുവരെയുള്ള പച്ചയായ ജീവിതാനുഭവങ്ങള്‍ മംഗളം വായനക്കാര്‍ക്കായി അദ്ദേഹമിതാ പങ്കുവെക്കുന്നു.

നാടകം പ്രാണവായുവായി കരുതിയതിന് പിന്നില്‍?


നാടകത്തില്‍ വൈകിയെത്തിയ ഒരാളാണ് ഞാന്‍. പഠിക്കുന്ന സമയത്ത് നാടകത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. പഠനം കഴിഞ്ഞ് ബോംബെയില്‍ ജോലി ചെയ്യുന്ന കാലത്ത് ധാരാളം നല്ല മറാട്ടി, ഇംഗ്ലീഷ് നാടകങ്ങള്‍ കാണാന്‍ സാധിച്ചു.

അനുപം ഖേറിനെപ്പോലെ പ്രശസ്തരായ താരങ്ങള്‍ പോലും സമയം കണ്ടെത്തി ആ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. നാട്ടിലാണെങ്കില്‍ ഉത്സവം പോലുള്ള വിശേഷാവസരങ്ങളില്‍ സൗജന്യമായിട്ടായിരുന്നല്ലോ നാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ അവിടത്തെ സ്ഥിതി മറിച്ചാണ്. ടിക്കറ്റ് വെച്ചാണ് നാടകം നടത്തിയിരുന്നത്.

ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നവരും ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുന്നതുമൊക്കെ കാണുമ്പോള്‍ നാടകത്തിന് ഇത്രയും പ്രാധാന്യമുണ്ടോയെന്ന കാര്യത്തില്‍ എനിക്കും അത്ഭുതം തോന്നി. ഒരുപാട് നാടകങ്ങള്‍ കണ്ട് ശീലിച്ചതുകൊണ്ടാകാം, നാടകങ്ങളോട് താല്‍പര്യം തോന്നി.

അങ്ങനെയിരിക്കെ ഞാനൊരുദിവസം അവധിക്ക് നാട്ടില്‍ വന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം കഴിഞ്ഞ് ഫ്രാന്‍സില്‍ പോയി നാടകം പഠിച്ചിരുന്ന കെ.കെ.രാജന് മലയാളത്തില്‍ ഒരു നാടകം ചെയ്യാന്‍ ഫ്രഞ്ച് ഗവണ്മെന്റ് ഫണ്ട് കൊടുത്തിരുന്നു. അങ്ങനെ അദ്ദേഹം നാടകത്തിനു വേണ്ടിയുള്ള തയാറെടുപ്പുകളും തുടങ്ങി. ആ നാടകത്തില്‍ എന്റെ സുഹൃത്തായ അജിത്തും അഭിനയിച്ചിരുന്നു. റിഹേഴ്‌സലിനിടയില്‍ അജിത്തിന്റെ കാലൊടിഞ്ഞു.

വിവരമറിഞ്ഞ് അദ്ദേഹത്തിന്റെയടുത്ത് ചെന്നപ്പോഴാണ് നാടകത്തിന്റെ കാര്യം അറിയുന്നത്. അവന് വയ്യാത്തതിനാല്‍ പകരക്കാരനായി ഞാന്‍ ചെന്നു. നാടകം കണ്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് കൂടുതലൊന്നും അറിയാമായിരുന്നില്ല. നാടകസമിതിയിലുളളവര്‍ പറയുന്നത് പോലെ ചെയ്തു.

ഓരോ കഥാപാത്രം ചെയ്യുമ്പോഴും സദസ്യര്‍ എന്നെ താല്‍പര്യപൂര്‍വ്വം നോക്കുകയും നാടകം കഴിഞ്ഞ് പ്രശംസിക്കുകയും ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ചെറുപ്രായം മുതല്‍ ഒരുപാട് ജോലികള്‍ ചെയ്തിരുന്നു. അപ്പോഴും എന്റെ ജീവിതം ഇതില്‍ മാത്രമായി ഒതുങ്ങിപ്പോകരുതെന്നും മറ്റെന്തെങ്കിലുമൊക്കെ ചെയ്യണമെന്നും തോന്നിയിട്ടുണ്ട്. പ്രൊഫഷണല്‍ നാടകങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ സംതൃപ്തനായിരുന്നു. നാലുമാസം കൂടുമ്പോഴാണ് ഒരു കളി കിട്ടുന്നത്.

ഞാനന്ന് ബോംബെയില്‍ ഒരു സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യുകയാണ്. നാടകം ഉള്ളപ്പോള്‍ നാട്ടില്‍ നിന്നും വിളി വരും. ജോലി സ്ഥലത്ത് നിന്ന് എന്തെങ്കിലും കള്ളം പറഞ്ഞ് മൂന്നാല് ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് പോരും. കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് നാടകം കളിക്കാനെത്തുന്നവരുടെ കൂട്ടത്തില്‍ ബോംബെയില്‍ നിന്നും നാടകം കളിക്കാനായി ട്രെയിനില്‍ വരുന്നത് ഞാന്‍ മാത്രമായിരുന്നു. ഒരു കൊല്ലത്തോളം ആ നാടകം തുടര്‍ന്നു.

പിന്നീട് ലീവിന് നാട്ടില്‍ വന്നപ്പോഴാണ് സണ്‍ഡേ തിയേറ്ററിന് തുടക്കമിട്ടത്. വയലാര്‍ വാസുദേവപിള്ള സാറായിരുന്നു ഈ സ്‌കൂളിന്റെ ഡയറക്ടര്‍. എല്ലാ ഞായറാഴ്ചകളിലും നാടകത്തോട് താല്‍പര്യമുള്ള ആളുകളുടെ കൂട്ടായ്മയാണ് സണ്‍ഡേ തിയേറ്റര്‍ കൊണ്ടുദ്ദേശിക്കുന്നത്. പത്രവാര്‍ത്തയിലൂടെയാണ് സണ്‍ഡേ തിയേറ്ററിനെക്കുറിച്ച് അറിഞ്ഞത്.

ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കൂലിപ്പണിക്കാര്‍, വീട്ടമ്മമാര്‍, അധ്യാപകര്‍, ജോലിയൊന്നുമില്ലാത്തവര്‍ എന്നുതുടങ്ങി ധാരാളമാളുകള്‍ ഇതില്‍ അംഗങ്ങളായിരുന്നു, കൂട്ടത്തില്‍ ഞാനും.

വളരെ രസമുള്ള ഗ്രൂപ്പായിരുന്നു ഇത്. ജോലിയും നാടകവും ഒരുപോലെ കൊണ്ടുനടക്കാന്‍ പറ്റാതെ വന്നപ്പോള്‍ ബോംബെയിലെ ജോലി വേണ്ടെന്നുവച്ചു. പകരം നാട്ടില്‍ത്തന്നെ ഒരു ജോലി സംഘടിപ്പിച്ചു.

അങ്ങനെയിരിക്കെ ഏഷ്യന്‍ തിയേറ്റര്‍ ഫെസ്റ്റിന്റെ ഭാഗമായി ഞങ്ങളുടെ ടീം സൗത്ത് കൊറിയയില്‍ ഒരു നാടകം കളിച്ചു. ജോലിക്കിടയിലായിരുന്നു ഇങ്ങനെയുള്ള യാത്രകള്‍ നടത്തിയത്. ആദ്യമൊക്കെ മുതലാളി നല്ല സപ്പോര്‍ട്ടായിരുന്നു.

നാടകമുള്ള ദിവസങ്ങളില്‍ ഓഫീസിലേക്കുള്ള പോക്കുവരവ് നന്നേ കുറവായിരുന്നു.'എപ്പോഴും നാടകത്തിന് പിറകെ പോയാല്‍ ശരിയാകില്ല, സുനില്‍. അതുകൊണ്ട് ഇനി ജോലിക്ക് വരണമെന്നില്ല' എന്ന് അദ്ദേഹം പറഞ്ഞു.

അത് കേട്ടപ്പോള്‍ എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എന്തെന്നാല്‍ ജോലിയെക്കാള്‍ ജീവനായി ഞാന്‍ കരുതിയത് നാടകമായിരുന്നു. ഈ സമയത്ത് എന്റെ സഹോദരങ്ങള്‍ പഠിച്ച് ജോലി സമ്പാദിച്ച് സ്വന്തംകാലില്‍ നില്‍ക്കുന്നവരായി.

Ads by Google
Loading...
TRENDING NOW