Saturday, December 08, 2018 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 13 Nov 2017 01.13 PM

രാഷ്ട്രീയം ' അവസരവാദം മലക്കംമറിച്ചല്‍'

തോമസ്ചാണ്ടിക്കെതിരെ ചന്ദ്രഹാസമിളക്കി നില്‍ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസാണ്. ഇത്തരത്തില്‍ ചന്ദ്രഹാസം ഇളക്കുന്നതിന് മുമ്പ് അവര്‍ തങ്ങളിലേക്ക് ഒന്നു ഊളിയിട്ടുനോക്കണം. ഇതുമാത്രമല്ല, ഇതിനെക്കാള്‍ ഭീകരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുപോലും മുന്‍കാലത്ത് യു.ഡി.എഫിലെ ഒരു മന്ത്രിയും രാജിവച്ചിട്ടില്ല.
uploads/news/2017/11/165042/moonamkannunov-1317.jpg

കേരളത്തില്‍ ഇന്ന് പ്രധാന ചര്‍ച്ച സോളാറും ഭൂമി കൈയേറ്റങ്ങളും ധാര്‍മ്മികതയുമൊക്കെയാണ്. കാലം മാറിയാലും വിഷയങ്ങള്‍ മാറില്ലെന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഈ ചര്‍ച്ചകള്‍. ഭരണത്തിന്റെ ഇടനാഴികളിലെ അപശ്രുതികളാണ് മാധ്യമങ്ങള്‍ക്ക് എന്നും ജനകീയ പ്രശ്‌നങ്ങളെക്കാള്‍ ഇഷ്ടം. അതുകൊണ്ടുതന്നെ ഇവയൊക്കെ എന്നും കേരളത്തിലെ ഇഷ്ടചര്‍ച്ചാവിഷയങ്ങളുമാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പൊതുസ്വാഭാവമുണ്ടെങ്കിലും കാലത്തിനനുസരിച്ച് അധികാരത്തിന്റെ കിരീടവും ചെങ്കോലും കൈയില്‍ കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ മാറിമറിയുന്നതും കേരളരാഷ്ട്രീയത്തില്‍ പ്രകടമാണ്. ഇന്നലെ പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടായിരിക്കില്ല, ഇന്ന് ഭരണത്തില്‍ വരുമ്പോള്‍ അതുപോലെത്തന്നെ തിരിച്ചും. ഈ അവസരവാദവും മലക്കംമറിച്ചിലും.

ഏറ്റവും ഒടുവിലായി കേരളം വീണ്ടും ചര്‍ച്ചചെയ്യുന്നത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റീസ് ജി. ശിവരാജന്‍ നല്‍കിയ റിപ്പോര്‍ട്ടാണ്. റിപ്പോര്‍ട്ട് അന്നത്തെ ഭരണത്തെ പ്രത്യേകിച്ചും അതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയുള്ള കുറ്റപത്രമാണ്. കൈക്കൂലി മാത്രമല്ല, സദാരചാരവിരുദ്ധതയും റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നു. ഒന്നിലും കൃത്ത്യമായ തീരുമാനങ്ങള്‍ ഒന്നുമില്ലെങ്കിലും അന്ന് ആരോപണവിധേയരായവരെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം ശക്തിക്ഷയം സംഭവിച്ച യു.ഡി.എഫിനെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ കരകയറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഇത്തരം ഒരു റിപ്പോര്‍ട്ട് വരുന്നത് അവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. അതുകൊണ്ട് തങ്ങളുടെ കുഞ്ഞാണെങ്കില്‍പ്പോലും അതിനെ തള്ളിക്കളയുകയെന്നതാണ് തന്ത്രം. അതിന്റെ ഭാഗമായി ഒരിക്കല്‍ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ, എന്നും പൂര്‍ണ്ണവിശ്വാസം പ്രകടിപ്പിച്ച, റിപ്പോര്‍ട്ട് വരുന്നതിന് മുമ്പുവരെ ഒരു ആരോപണവും ഉന്നയിക്കാതിരുന്ന കമ്മിഷനെ തന്നെ കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചിരിക്കുന്നത്.

ഇഷ്ടമില്ലാത്ത അച്ച് തൊട്ടതെല്ലാം കുറ്റമെന്നപോലെ കമ്മിഷന്റെ സ്വഭാവത്തേയും റിപ്പോര്‍ട്ടിനെയൂം അതിലെ ഓരോവരിയേയും പുച്ഛിച്ചുതള്ളുന്നുവെന്ന് മാത്രമല്ല, കമ്മിഷനെതിരെ ഗുരുതരമായ അട്ടിമറി ആരോപണം വരെ ഉന്നയിക്കുന്നുമുണ്ട്.

ഇതാണ് മലക്കംമറിച്ചിലിന്റെ രാഷ്ട്രീയം. തങ്ങള്‍ക്ക് അനുകൂലമല്ലാതെ വരുന്നതിനെയെല്ലാം തെറ്റെന്ന് വിളിച്ചുകൂവിക്കൊണ്ട് അവരെ പ്രതിസ്ഥാനത്തുനിര്‍ത്തുകയെന്നത്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ഇന്ന് ഭരണത്തിലിരിക്കുന്നവര്‍ക്ക് നേരെയായിരുന്നു വന്നിരുന്നുവെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നുവോയെന്നാണ് ചിന്തിക്കേണ്ടത്. തങ്ങള്‍ നിയമിച്ച കമ്മിഷന്‍, അവര്‍ നല്‍കിയ റിപ്പോര്‍ട്ട് അതിനെ തള്ളിക്കളയുകയെന്നത് അന്ന് തങ്ങള്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ഇഷ്ടമില്ലാത്തതരത്തിലുള്ള റിപ്പോര്‍ട്ട് ലഭിക്കാത്തതുകൊണ്ട് നിഷ്പക്ഷമായ ഒരു കമ്മിഷനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തിന് ഗുണകരമാവില്ല.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് തര്‍ക്കമുണ്ടായിരിക്കാം. അത് നിയമപരമായി നേരിടുകയാണ് വേണ്ടത്. ഏത് അന്വേഷണത്തേയും ഭയമില്ലെന്ന് പറയുന്നവര്‍ അന്വേഷണത്തെ നേരിട്ട് കുറ്റവിമുക്തരായി കേരള സമൂഹത്തില്‍ മാതൃകകാട്ടുകയാണ് വേണ്ടത്. അല്ലാതെ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത് വരുമ്പോള്‍ അതിനെയൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതി ശരിയല്ല.

ഇത് ആദ്യത്തെ സംഭവമല്ല, കേരളം ഏറെ, ഒരു ദശകത്തിലേറെ ചര്‍ച്ചചെയ്ത വിഷയമാണ് ലാവ്‌ലിന്‍ അഴിമതികേസ്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയജീവിതം തന്നെ ഇരുട്ടിലാക്കുന്നതായിരുന്നു അത്. സി.എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആ കേസ് ഉണ്ടാകുന്നത്. പതിമൂന്ന് വര്‍ഷമാണ് ഇത് നീണ്ടുനിന്നത്. ഇന്നും പൂര്‍ണ്ണമായി അവസാനിച്ചുവെന്ന് പറയാനാവില്ല. അന്ന് ഏറ്റവും സത്യസന്ധവും നീതിയുക്തവുമായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. എന്നാല്‍ ഇതേ സി.എ.ജിയാണ് തങ്ങളുടെ കഴിഞ്ഞ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം
തുറമുഖത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ലാവ്‌ലിനിലെ സി.എ.ജി റിപ്പോര്‍ട്ടിനെ പുണ്യരേഖയായി ഉയര്‍ത്തിക്കൊണ്ടുനടന്നവര്‍ തന്നെ അത് വിഴിഞ്ഞത്തിലെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു.

റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിക്കുക മാത്രമല്ല, കേരളത്തിലെ അക്കൗണ്ടന്റ് ജനറലിനെത്തന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. അന്നും ഇതുപോലെ റിപ്പോര്‍ട്ട് ചിലരുടെ സമ്മര്‍ദ്ദം മൂലം അട്ടിമറിച്ചുവെന്ന ആരോപണമാണ് ഉയര്‍ത്തിയത്. ചുരുക്കത്തില്‍ തങ്ങള്‍ക്ക് ഗുണകരമാണെന്ന് വന്നാല്‍ അതൊക്കെ മഹത്തരവും അല്ലെങ്കില്‍ രാഷ്ട്രീയപ്രേരിതവുമെന്ന നിലയിലാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതിനെ വിലയിരുത്തപ്പെടുന്നത്.

ഇതേ നില തന്നെയാണ് മന്ത്രി തോമസ്ചാണ്ടിയുടെ കാര്യത്തിലും. കേരളത്തില്‍ ഒരുപക്ഷേ ധാര്‍മ്മികതയെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇടതുമുന്നണിയായിരിക്കും. ആരെങ്കിലും തുമ്മിയാല്‍ ഉടന്‍ തന്നെ ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്ക്കണമെന്ന ആവശ്യം എപ്പോഴും ഉയര്‍ത്തിയിരുന്നവരാണ് ഇടതുമുന്നണി. എന്നാല്‍ ഇപ്പോള്‍ ശരം തങ്ങള്‍ക്കുനേരെ തിരിഞ്ഞപ്പോള്‍ അവര്‍
തന്ത്രം മാറ്റികളിക്കുകയാണ്.

കേരളത്തിലെ മൂന്നുകോടി ജനങ്ങളെ ഭരിക്കുന്ന മന്ത്രിയാണ് സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത്. അദ്ദേഹം തെറ്റുചെയ്‌തോ ഇല്ലയോ എന്നത് രണ്ടാമത്തെ വിഷയമാണ്. എന്നാല്‍ കോടതി തന്നെ കെ.എം. മാണിയുടെ കേസില്‍ പറഞ്ഞപോലെ സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം.

തോമസ്ചാണ്ടി മന്ത്രിയായതിന് ശേഷമോ, അല്ലെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമോ അല്ല ഈ പറയുന്ന നിയമലംഘനങ്ങള്‍ നടത്തിയത് എന്നത് വസ്തുതയാണ്. അതൊക്കെ നടന്നത് കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തുമാണ്. എന്നുകരുതി നേരത്തെ ഉന്നയിച്ചിരുന്ന നിലപാടുകളില്‍ നിന്നും ധാര്‍മ്മികമായി ഇടതുമുന്നണി പിന്നോക്കം പോകാന്‍ പാടില്ല. മന്ത്രിക്കെതിരെ അന്വേഷണം എന്നാല്‍ അദ്ദേഹം മാറിനില്‍ക്കണമെന്നതാണ് ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം അതിന്റെ അര്‍ത്ഥം. അത് ഇത്രയും നീട്ടിക്കൊണ്ടുപോകുന്നത്
ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രതിച്ഛായക്ക് നല്ലതല്ലെന്നാണ്. ഇതും രാഷ്ട്രീയമലക്കംമറിച്ചിലിന്റെ ഭാഗമാണ്.

ഈ മലക്കംമറിച്ചിലിനോടൊപ്പം അവസരവാദവും ഈ വിഷയങ്ങളില്‍ ഉറ്റുനോക്കുന്നുണ്ട്. തോമസ്ചാണ്ടിക്കെതിരെ ചന്ദ്രഹാസമിളക്കി നില്‍ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസാണ്. ഇത്തരത്തില്‍ ചന്ദ്രഹാസം ഇളക്കുന്നതിന് മുമ്പ് അവര്‍ തങ്ങളിലേക്ക് ഒന്നു ഊളിയിട്ടുനോക്കണം. ഇതുമാത്രമല്ല, ഇതിനെക്കാള്‍ ഭീകരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുപോലും മുന്‍കാലത്ത് യു.ഡി.എഫിലെ ഒരു മന്ത്രിയും രാജിവച്ചിട്ടില്ല. അതുമാത്രമല്ല, കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് തോമസ്ചാണ്ടിയുടെ നിയമലംഘനത്തില്‍ ഭൂരിഭാഗവും നടന്നിട്ടുളളത്. അതൊക്കെ പൂഴ്ത്തിവച്ച് തങ്ങള്‍ മഹാന്മാരാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന അവസരവാദസമീപനമാണ് കോണ്‍ഗ്രസ് കാട്ടുന്നത്.

കേരളത്തിലെ കായല്‍ മുഴുവന്‍ സ്വകാര്യകമ്പനിക്ക് എഴുതിക്കൊടുക്കാന്‍ തുനിഞ്ഞവരാണ് അവസരവാദനിലപാട് സ്വീകരിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങളും ഇതില്‍ നിന്നും വിഭിന്നമല്ല. സ്വാര്‍ത്ഥതയ്ക്ക് വേണ്ടി എന്തും എഴുന്നെള്ളിക്കുന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ അധഃപതിച്ചുവെന്നതും കാണാനാകും. ചുരുക്കത്തില്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍ മലക്കംമറിച്ചിലിന്റെയും അവസരവാദ രാഷ്ട്രീയത്തിന്റെയും കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ശുദ്ധീകരണമാണ് നാളത്തെ നന്മ ആഗ്രഹിക്കുന്നതെങ്കില്‍ വേണ്ടിവരിക.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 13 Nov 2017 01.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW