Wednesday, January 10, 2018 Last Updated 26 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 11.31 AM

ഗൗരി ലങ്കേഷിന്റെ കൊലയാളികളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

മറ്റൊരു സംസ്ഥാനത്തുനിന്നും എത്തിയ കൊലയാളികള്‍ കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. കൃത്യത്തിന് പ്രദേശിക സഹായവും ലഭിച്ചിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.
Gauri Lankesh

ബംഗലൂരു: കര്‍ണാടകയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷി (55)ന്റെ കൊലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ് റെഡ്ഡി. പ്രത്യേക അന്വേഷണ സംഘമാണ് ഗൗരിയുടെ കൊലപാതകം അന്വേഷിക്കുന്നത്. ഈ മാസം അവസാനത്തോടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് മന്ത്രി ശനിയാഴ്ച നല്‍കിയ സൂചന. സെപ്തംബര്‍ അഞ്ചിനാണ് ഗൗരി വീടിനു മുന്നില്‍ വെടിയേറ്റു മരിച്ചത്.

നരേന്ദ്ര ദബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സാരെയുടെയും കേസുകളിലെ പോലെയല്ല, ഈ കേസില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ഈ മാസം തന്നെ പുറത്തുവിടുമെന്നും റെഡ്ഡി വ്യക്തമാക്കി.

കൊലപാതകത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും മറ്റ് തിരിച്ചറിയാന്‍ കഴിഞ്ഞതായി പ്രത്യേക അന്വേഷണ സംഘവും വ്യക്തമാക്കിയിട്ടുണ്ട്. നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംശയങ്ങള്‍ മാറാന്‍ ചില സാങ്കേതിക വിവരങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.

സെപ്തംബര്‍ അഞ്ചിന് വൈകിട്ടാണ് പശ്ചിമ ബംഗലൂരുവിലെ വീടിനു മുന്നില്‍ ഗൗരി വെടിയേറ്റ് വീണത്. ആക്രമണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നുവെങ്കിലും കൊലപാതകികളെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. ദിവസങ്ങളോളം ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ദബോല്‍ക്കറുടേയും പന്‍സാരെയുടെയും വധവുമായി ഇതിനുള്ള സാമ്യവും അന്വേഷണസംഘം തിരിച്ചറിഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെന്നു സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളും കഴിഞ്ഞ മാസം പോലീസ് പുറത്തുവിട്ടിരുന്നു.

മറ്റൊരു സംസ്ഥാനത്തുനിന്നും എത്തിയ കൊലയാളികള്‍ കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. കൃത്യത്തിന് പ്രദേശിക സഹായവും ലഭിച്ചിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

Ads by Google
TRENDING NOW