Monday, December 10, 2018 Last Updated 21 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 12.25 AM

ലാസ്യലയം ഐശ്വര്യം

uploads/news/2017/11/164503/4.jpg

ചരിത്രവും കലയും സംസ്‌കാരവും ഇഴപിരിഞ്ഞു കിടക്കുന്ന വഡോദരയുടെ ഹൃദയത്തിലേക്കാണു കേരളത്തിന്റെ തനതു കലാരൂപമായ മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയുമായി ഐശ്വര്യ വാര്യര്‍ ചുവടുകള്‍ വച്ചുകയറിയത്‌. കലയെ കച്ചവടമാക്കാതെ തനിക്കു പറയാനുള്ളതു മോഹിനിയാട്ടത്തിലൂടെ ശക്‌തമായി അവതരിപ്പിക്കുകയാണ്‌ ഈ കലാകാരി. അഞ്ചു വയസു മുതല്‍ നൃത്തത്തെ ഉപാസിച്ചു തുടങ്ങിയ ഐശ്വര്യ ഇന്ന്‌ അറിയപ്പെടുന്ന നര്‍ത്തകിയായതിന്റെ പിന്നില്‍ കഠിനാധ്വാനവും അര്‍പ്പണബോധവും ഗവേഷണവുമുണ്ട്‌.
ചിലങ്കയണിയിച്ചത്‌ അമ്മ
അമ്മ ശ്രീബാല മേനോനാണ്‌ അഞ്ചു വയസില്‍ ഐശ്വര്യയെ ചിലങ്കയണിയിച്ചത്‌. അന്തരിച്ച നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുടെ ഇളയ സഹോദരിയാണ്‌ ശ്രീബാല. കലാമണ്ഡലം സരസ്വതിയുടെ ആദ്യ ശിഷ്യയും. മത്സരവേദികളില്‍ വിജയിക്കാന്‍ ആ അമ്മ ഉപദേശം നല്‍കിയില്ല. പകരം ദൈവീകമായ ഒരു അനുഭവമായി നൃത്തത്തെ മകള്‍ക്കു പകര്‍ന്നുകൊടുത്തു.
നാടകപ്രവര്‍ത്തകനും എയര്‍ ഇന്ത്യയില്‍ എന്‍ജിനീയറുമായ പിതാവ്‌ മുകുന്ദന്‍ മേനോനും മകളുടെ നൃത്താഭിരുചിക്കു പ്രോല്‍സാഹനം നല്‍കി. ഈയൊരു കലാപാരമ്പര്യം തന്നെയാണ്‌ ഐശ്വര്യയ്‌ക്കും തുണയായത്‌.
ജനിച്ചതു കോഴിക്കോടാണെങ്കിലും ഐശ്വര്യ വളര്‍ന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്‌. കഥകളി നൃത്തകലാകാരനായ ഉദ്യോഗമണ്ഡല്‍ വിക്രമനായിരുന്നു അവിടെ ഗുരു. വിവാഹശേഷം ജര്‍മന്‍ കമ്പനിയില്‍ ഉദ്യോഗസ്‌ഥനായിരുന്ന ഭര്‍ത്താവ്‌ രാജേഷ്‌ വാര്യര്‍ക്കൊപ്പം പൂനെയിലെത്തി. പൂനെ സര്‍വകലാശാലയിലെ നൃത്തവിഭാഗം മേധാവിയായിരുന്ന ഡോ. സുചേത ബിദേ ചപേക്കറിന്റെ കീഴില്‍ ക്ലാസിക്കല്‍ നൃത്തത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീടു വഡോദരയിലേക്കു (ബറോഡ) താമസം മാറി.
മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും പ്രാഗത്ഭ്യം നേടിയെങ്കിലും മോഹിനിയാട്ടത്തിന്റെ സാധ്യതകളിലാണു ഐശ്വര്യ തന്റെ ശ്രദ്ധ പതിപ്പിച്ചത്‌. വഡോദരയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും ക്ഷേത്രങ്ങളിലും സജീവ നൃത്ത സാന്നിധ്യമായി അവര്‍ നിറഞ്ഞുനിന്നു. ബറോഡയില്‍ മോഹിനിയാട്ടത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാനും ഐശ്വര്യയുടെ നൃത്തപരിപാടികള്‍ക്കു സാധിച്ചു.
സോപന സംഗീതവും മോഹിനിയാട്ടവും
ഐശ്വര്യയുടെ പിതാവിന്റെ സുഹൃത്തായിരുന്നു നാടകകൃത്തും കവിയുമായ കാവാലം നാരായണപ്പണിക്കര്‍.
വഡോദരയിലെ ഐശ്വര്യയുടെ നൃത്തവിദ്യാലയത്തിന്റെ വാര്‍ഷികത്തില്‍ കാവാലം അതിഥിയായി എത്തി. തന്റെ രചന ഐശ്വര്യ നൃത്തമായി അവതരിപ്പിച്ചതു കണ്ടിഷ്‌ടപ്പെട്ട കാവാലം സോപാനസംഗീതം അഭ്യസിക്കാനായി ക്ഷണിച്ചു. തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സോപനം എന്ന രംഗകലാപഠന ഗവേഷണകേന്ദ്രത്തിലെത്തി സോപാന സംഗീതത്തില്‍ അറിവു നേടി. മോഹനിയാട്ടത്തില്‍ സോപാന സംഗീതത്തിന്റെ സാധ്യതകളും ഉള്‍ക്കൊള്ളിച്ചു. വിദേശ രാജ്യങ്ങളിലടക്കം നിരവധി വേദികളില്‍ ഐശ്വര്യയുടെ നൃത്തപരീക്ഷണങ്ങള്‍ നിരൂപക പ്രശംസ പിടിച്ചുപറ്റി.
മലിനമാക്കപ്പെട്ട ഗംഗാനദി
സാമൂഹിക പ്രസക്‌തിയുള്ള വിഷയങ്ങളെ പുരാണകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാനാണ്‌ ഐശ്വര്യയുടെ ശ്രമം. പുണ്യനദിയായ ഗാംഗാനദിയെ മലിനമാക്കുന്നതിനോടുള്ള പ്രതിഷേധവും ദുഃഖവുമായിരുന്നു മാതാ ഗംഗാ പ്രണമാമ്യഹം എന്ന നൃത്താവിഷ്‌കാരത്തിന്റെ കാതല്‍. ഗംഗയെ അമ്മയായി സങ്കല്‍പ്പിച്ച്‌ നദിയുടെ കഥ പറയുകയാണിവിടെ. ഉല്‍ഭവിച്ചതു മുതല്‍ ഇന്നത്തെ ഗംഗയുടെ അവസ്‌ഥവരെ പ്രതിപാദിക്കുന്നു.
ഊര്‍മിളയുടെ ദുഃഖം
കാവാലം നാരായണപ്പണിക്കരുടെ ഊര്‍മിള എന്ന കവിത മനസിനെ പിടിച്ചുലച്ചപ്പോഴാണ്‌ ഊര്‍മിള എന്ന നൃത്താവിഷ്‌കാരമുണ്ടായത്‌. രാമായണത്തിലെ സീതയ്‌ക്ക് ഭര്‍ത്താവിനൊപ്പം വനവാസത്തിനു പോകാന്‍ അനുവാദം ലഭിച്ചപ്പോള്‍ അയോധ്യയില്‍ ഒറ്റപ്പെട്ടുപോയ ലക്ഷമണന്റെ ഭാര്യ ഊര്‍മിളയുടെ വിരഹവും ദുഃഖവും ആരുമറിയാതെ പോയി. ഊര്‍മിളയുടെ തീവ്രദുഃഖത്തിന്റെ വിവിധ ഭാവങ്ങള്‍ മോഹിനിയാട്ടത്തിലൂടെ ഐശ്വര്യ ആവിഷ്‌കരിച്ചപ്പോള്‍ അതേറെ പ്രേക്ഷകപ്രീതീ നേടി. മറ്റൊരു പരീക്ഷണമായിരുന്നു കാളിദാസന്റെ മേഘദൂത്‌ ബാലെയായി അവതരിപ്പിച്ചത്‌. മോഹിനിയാട്ടം, ഭരതനാട്യം എന്നിവയ്‌ക്കൊപ്പം കളരിപ്പയറ്റും സംയോജിപ്പിച്ചായിരുന്നു ഈ നൃത്തരൂപം അരങ്ങേറിയത്‌.
നീലിമ
ആകാശനീലിമ, സമുദ്രനീലിമ.. നമുക്കറിയുന്ന നീലയുടെ അനന്തതയ്‌ക്കപ്പുറമുള്ളൊരു നീലയിലേക്കാണ്‌ ഐശ്വര്യയുടെ പുതിയ പരീക്ഷണമായ നീലിമ എന്ന നൃത്തസിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്‌. നീലയെ ഒരു ഭാവമായി കണ്ട്‌ അതിന്റെ സാധ്യതകളാണ്‌ നീലിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ആട്ടക്കഥാകൃത്തും ബാലസാഹിത്യകാരനുമായിരുന്ന മാലി മാധവന്‍ നായരുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കവിതയ്‌ക്ക് ഐശ്വര്യ നൃത്താവിഷ്‌കാരം നല്‍കുകയായിരുന്നു. കവിതയുടെയും മോഹിനിയാട്ടത്തിന്റെയും മനോഹരമായൊരു സങ്കലനമാണ്‌ ഈ നൃത്തസിനിമ. നൃത്തത്തിലെ തന്റെ ഗവേഷണത്തിനിടെയാണ്‌ ഐശ്വര്യ ഈ കവിതയെ കണ്ടെത്തുന്നത്‌. 22 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഈ നൃത്തസിനിമയുടെ രചനയും സംവിധാനവും ഐശ്വര്യ തന്നെയാണ്‌ നിര്‍വഹിച്ചിട്ടുള്ളത്‌.
നൃത്ത്യോദയ
മകള്‍ സുകന്യയെ നൃത്തം പഠിപ്പിക്കാനാണ്‌ അധ്യാപികയുടെ വേഷം ആദ്യം അണിഞ്ഞത്‌. പിന്നീട്‌ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. 2002-ല്‍ നൃത്ത്യോദയ സ്‌കൂള്‍ ഓഫ്‌ ക്ലാസിക്കല്‍ ഡാന്‍സ്‌ എന്ന പേരില്‍ ബറോഡയില്‍ നൃത്തവിദ്യാലയം ആരംഭിച്ചു. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരാണ്‌ ഇവിടെ കേരളത്തിന്റെ സ്വന്തം കലാരൂപം അഭ്യസിക്കാനെത്തുന്നത്‌. സ്‌കൈപ്പിലൂടെ ഓണ്‍ലൈനായി ബംഗളുരുവിലും മറ്റു സ്‌ഥലങ്ങളിലും ക്ലാസെടുക്കുന്നുണ്ട്‌. സൂര്യ, നിശാഗന്ധി, സ്വരലയ നൃത്തോല്‍സവങ്ങളില്‍ പല വര്‍ഷങ്ങളായി ഐശ്വര്യ വാര്യര്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്‌. നിരവധി അംഗീകാരങ്ങളും ഐശ്വര്യയെ തേടിയെത്തിയിട്ടുണ്ട്‌.
വഡോദരയും കേരളവും
കേരളത്തിലെ കുട്ടികള്‍ മത്സരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ്‌ കലാപഠനം നടത്തുന്നത്‌. വിദ്യാഭ്യാസകാലം കഴിഞ്ഞാല്‍പിന്നെ ഭൂരിപക്ഷം പേരും കലാരംഗത്തുനിന്നു പിന്‍വലിയും. വഡോദരയില്‍ നിരവധി ഉത്തരേന്ത്യക്കാരായ കുട്ടികള്‍ മോഹിനിയാട്ടം പഠിക്കാനെത്തുന്നുണ്ട്‌. അവിടെ മത്സരങ്ങളില്ല. കഴിവുള്ള കുട്ടികള്‍ക്ക്‌ നൃത്തം അവതരിപ്പിക്കാനുള്ള നിരവധി വേദികളും ഐശ്വര്യ ഒരുക്കിക്കൊടുക്കുന്നു.
മോഹിനിയാട്ടത്തിന്റെ തനിമയും പാരമ്പര്യവും കൈവിടാതെയാണ്‌ ഐശ്വര്യയുടെ നൃത്തപരീക്ഷണങ്ങള്‍. കലയ്‌ക്കു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നു ഐശ്വര്യ വിശ്വസിക്കുന്നു. സമൂഹത്തിലെ പല സംഭവങ്ങളോടുമുള്ള തന്റെ പ്രതികരണങ്ങള്‍ മോഹനിയാട്ടത്തിലൂടെ അവര്‍ അവതരിപ്പിക്കുന്നു.

അനിത മേരി ഐപ്പ്‌

Ads by Google
Sunday 12 Nov 2017 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW