Wednesday, November 14, 2018 Last Updated 21 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 12.25 AM

ഷഡ്‌പദം

uploads/news/2017/11/164502/3.jpg

ആകാംക്ഷയക്ക്‌ അധികം ആയുസ്‌ ഉണ്ടായില്ല. ഗുരുജി അടുത്തേക്ക്‌ വന്ന്‌ അവന്റെ തോളില്‍ കയ്യിട്ടു. പിന്നെ ചേര്‍ത്തുപിടിച്ച്‌ അല്‍പ്പദൂരം നടന്നു. ഇരുട്ടറ പോലെ ഒരു മുറിയിലേക്ക്‌ അവന്‍ ആനയിക്കപ്പെട്ടു. അവിടെങ്ങും വൈദ്യൂതി ഇല്ലായിരുന്നുവെന്ന്‌ രാമു ശ്രദ്ധിച്ചു. എന്നാല്‍ വൈദ്യൂതവിളക്കുകളെ വെല്ലുന്ന പ്രകാശത്താല്‍ സമ്പന്നമായിരുന്നു മുറികള്‍. അലങ്കാരസമൃദ്ധമായ നെയ്‌വിളക്കുകളില്‍ നിന്ന്‌ തേജോമയമായ പ്രകാശധാര ഒഴുകിക്കൊണ്ടേയിരുന്നു. ഇരുട്ടറ പോലെ തോന്നിച്ച മുറിയില്‍ മുനിഞ്ഞു കത്തുന്ന ഒരു ചെറുതിരി മാത്രം അവശേഷിച്ചു. പാതി വെളിച്ചവും പാതി ഇരുട്ടും നിറഞ്ഞ ആ അന്തരീക്ഷത്തിലിരുന്ന്‌ ഗുരുജി അവനോട്‌ സംസാരിച്ചു തുടങ്ങി.
''നിന്റെ പേര്‌ എനിക്കറിയില്ല. നാടറിയില്ല. ജീവിതസാഹചര്യങ്ങള്‍ ഒന്നുമറിയില്ല. ഒന്ന്‌ എനിക്കറിയാം. നീ എന്റെ നാട്ടുകാരനാണ്‌. സമാനമായ ഭാഷ കൊണ്ട്‌ നമുക്ക്‌ സംവദിക്കാന്‍ എളുപ്പമാണ്‌. ആ ഇഷ്‌ടം, അടുപ്പം കൊണ്ട്‌ ഞാന്‍ പറയുകയാണ്‌. നീ ഭാഗ്യവാനാണ്‌ മോനെ. നിന്റെ ഭൂതകാലത്തിന്‌ ഇനി പ്രസക്‌തിയില്ല. പ്രവചനാതീതമാം വിധം അഥവാ അതിശയകരമായ വലിയ ഭാവിയും സാദ്ധ്യതകളുമാണ്‌ നിന്നെ കാത്തിരിക്കുന്നത്‌. നീ എനിക്കൊപ്പം നിന്നു തന്നാല്‍ മതി. ബാക്കിയെല്ലാം ഞാന്‍ ചെയ്‌തു തരാം..''
രാമു ഒന്നും മനസിലാകാത്ത മട്ടില്‍ അന്തം വിട്ടു നിന്നു. ഗുരുജി ചിരിച്ചു.
''ഞാന്‍ പറയുന്നത്‌ നിനക്ക്‌ പിടികിട്ടുന്നില്ല അല്ലേ..? ഇരിക്കൂ...''
പീഠം പോലെ തോന്നിച്ച തടികൊണ്ട്‌ നിര്‍മ്മിച്ച ഇരിപ്പിടത്തില്‍ രാമു ഇരുന്നു. എതിര്‍വശത്തെ ചാരുകസാര പോലെയുളള ആടുന്ന ഇരിപ്പിടത്തില്‍ ഗുരുജിയും ഇരുന്നു. അയാളുടെ മുഖം ഗൗരവതരമാകുന്നത്‌ അവന്‍ കണ്ടു. പതിഞ്ഞ ശബ്‌ദത്തില്‍ അയാള്‍ സംസാരിച്ചു തുടങ്ങി.
''നിന്റെ ജീവിതം മാറിമറിയുകയാണ്‌. നിനക്കോ എനിക്കോ സ്വപ്‌നം കാണാന്‍ കഴിയാത്ത ഒരവസ്‌ഥയിലേക്ക്‌ നീയും ഞാനും ഈ നാടും പരിണമിക്കുകയാണ്‌. ഇത്‌ ആരും പറഞ്ഞു തന്നതല്ല. എന്റെ മനസാക്ഷി എന്നോട്‌ മന്ത്രിക്കുന്നതാണ്‌. നമ്മള്‍ അകക്കണ്ണ്‌ എന്നൊക്കെ പറയാറില്ലേ. അതുപോലെ...ഇന്നേവരെ എന്റെ കണക്ക്‌കൂട്ടലുകള്‍ പിഴച്ച ചരിത്രമില്ല. ഇതും മറിച്ചാവാന്‍ വഴിയില്ല. എന്താണ്‌ ഞാന്‍ പറഞ്ഞു വരുന്നതെന്നാവും നീ ആലോചിക്കുന്നത്‌? എല്ലാം കാത്തിരുന്ന്‌ കാണുക. പറഞ്ഞറിയുന്നതിനേക്കാള്‍ നല്ലതല്ലേ കണ്ടറിയുന്നത്‌..''
രാമുവിന്‌ അത്ഭുതവും ഭയവും തോന്നി. ഇതെന്താ ഭ്രാന്തന്‍മാരുടെ നാടോ? വിചിത്രമായ ആചാരങ്ങളും പെരുമാറ്റങ്ങളും ജീവിതരീതികളും ഭാഷയും. മലയാളിയെന്ന്‌ പറയുന്ന ഇയാളൂടെ പോലും സംഭാഷണത്തില്‍ എവിടെയൊക്കെയോ ചില അസ്വാഭാവികതകള്‍.
ഗുരുജി അവന്റെ അന്തരംഗം വായിച്ചിട്ടെന്ന പോലെ ഇരിപ്പിടത്തില്‍ നിന്നും എണീറ്റു. അവനും എണീക്കാന്‍ ഒരുങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.
''ഇരിക്കൂ..ആ പീഠത്തില്‍ ചമ്രം പടഞ്ഞിരിക്കൂ..''
അവന്‍ അനുസരിച്ചു. ഗുരുജി മുറിയിലെ അലമാര പോലുളള ഒന്നില്‍ നിന്നും കര്‍പ്പൂരത്തട്ട്‌ എടുത്ത്‌ അഗ്നിവിരിയിച്ചു. അവന്റെ മുഖത്തിന്‌ ചുറ്റും മൂന്ന്‌ തവണ ഉഴിഞ്ഞു. പിന്നെ പ്രവചനത്തിന്റെ ദൃഢഗാംഭീര്യത്തോടെ പ്രതിവചിച്ചു.
''ഈ നിമിഷം മുതല്‍ നീ മനുഷ്യനല്ല. ദൈവമാണ്‌..ദൈവം..''
രാമു വൈദ്യൂതാഘാതമേറ്റതു പോലെ ഒന്ന്‌ പിടഞ്ഞു.
ഇത്‌ തനി ഭ്രാന്ത്‌ തന്നെ. അവന്‍ ഉളളില്‍ പിറുപിറുത്തു.
''എനിക്ക്‌ ഭ്രാന്താണെന്ന്‌ നിനക്ക്‌ തോന്നുന്നുണ്ടാവാം. എല്ലാ വലിയ ദൗത്യങ്ങളുടെയും സ്രോതസ്‌ ചില ഭ്രാന്തന്‍ ആശയങ്ങളില്‍ നിന്നാണ്‌ മകനേ..''
വാത്സല്യത്തോടെയാണ്‌ അയാള്‍ പറഞ്ഞു നിര്‍ത്തിയത്‌. രാമു മനസിലാക്കാന്‍ കഴിയാത്ത അനുഭവങ്ങളുടെ അര്‍ത്ഥം തിരഞ്ഞ്‌ തലപുകച്ചു. ഗുരുജി വീണ്ടും അവന്റെ സന്ദേഹങ്ങള്‍ക്കുളള മറുപടിയായി.
''വിഢികളുടെ സ്വര്‍ഗമാണ്‌ ഈ ദേശം. അല്‍പ്പജ്‌ഞനായ ഞാന്‍ ഇവര്‍ക്ക്‌ ഗുരുജിയാണ്‌. തസ്ര ഭാഷയില്‍ മര്‍ദ്ദു എന്ന്‌ പറയും. ഗുരു എന്ന്‌ അര്‍ത്ഥം.
അപരിമേയ അജ്‌ഞതയാണ്‌ ഇവരെ നയിക്കുന്നത്‌. ഇന്ദ്രജാലം എന്ന കല ഇവര്‍ക്ക്‌ കേട്ടുകേള്‍വി പോലുമില്ല. എല്ലാ വിസ്‌മയങ്ങളും സംഭവിക്കുന്നത്‌ അജ്‌ഞതയില്‍ നിന്നാണ്‌. അത്‌ മുതലാക്കി മുന്നേറുന്നതിലാണ്‌ ബുദ്ധിമാന്റെ വിജയം. ഈ നാട്ടില്‍
മറ്റെല്ലാമുണ്ട്‌.ഇല്ലാത്തത്‌ ഒന്നുമാത്രമാണ്‌. ദൈവം...! അതുകൊണ്ട്‌ ഇനി ഞങ്ങള്‍ക്ക്‌ ഒരു ദൈവം വേണം. നിനക്ക്‌ അങ്ങിനെയാകാനുളള എല്ലാ യോഗ്യതയുമുണ്ട്‌. നീ പ്രദര്‍ശിപ്പിക്കുന്ന അത്ഭുതവിദ്യകള്‍ ഒരു തട്ടിപ്പാണെന്ന്‌ എനിക്ക്‌ മനസിലായി. ഒരു കലയാണെന്നും വേണമെങ്കില്‍ പറയാം. പക്ഷെ അതേക്കുറിച്ച്‌ അറിയുന്ന ഒരാള്‍ പോലും ഈ നാട്ടിലില്ല. അവര്‍ക്ക്‌ മുന്നില്‍ നീ ദൈവമാണ്‌. ശൂന്യതയില്‍ നിന്ന്‌ അത്ഭുതങ്ങള്‍ വിരിയിക്കാന്‍ കെല്‍പ്പുളള അതിമാനുഷന്‍. ഒരു ജനതയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും വേണ്ടി നിന്നോട്‌ ഞാന്‍ യാചിക്കുകയാണ്‌. നീ ഞങ്ങള്‍ക്ക്‌ ദൈവമാകണം. അതിലൂടെ ഈ നാട്‌ വികസിക്കും. ഇതരനാട്ടുകാര്‍ ഈ നാട്ടിലേക്ക്‌ ഒഴുകിയെത്തും.''
''നിങ്ങള്‍ പറയുന്നതിന്റെ യുക്‌തി എനിക്ക്‌ മനസിലാകുന്നില്ല''
''ഇതില്‍ മനസിലാക്കാന്‍ ഒന്നുമില്ല. മനുഷ്യമനസുകള്‍ ദുര്‍ബലമാണ്‌. പുറമെ കരുത്തരെന്ന്‌ ഭാവിക്കുന്നവര്‍ ഉളളില്‍ കൂടുതല്‍ ദൗര്‍ബല്യം പേറുന്നവരാണ്‌. അവര്‍ക്ക്‌ ആശ്രയിക്കാന്‍ ഒരു ബിംബം വേണം. വെറുതെ ഒരു കല്‍വിഗ്രഹം പണിതുവച്ചാല്‍ അവര്‍ വിശ്വസിക്കണമെന്നില്ല. അതിന്‌ ഒരു രൂപം വേണം. ജീവന്‍ വേണം. നീയാണ്‌ അതിന്‌ യോജിച്ച രൂപം. ആശ്രയിക്കാന്‍ എന്തെങ്കിലും ലഭിച്ചില്ലെങ്കില്‍ ഞങ്ങളുടെ അടുത്ത തലമുറ മുഴുവന്‍ മാനസികരോഗികളായി പോകും. കാരണം അത്രയ്‌ക്ക് പ്രശ്‌നസങ്കീര്‍ണ്ണമായ നാളുകളാണ്‌ ഇനി വരാന്‍ പോകുന്നത്‌''
രാമു എല്ലാം കേട്ടു നിന്നു. അയാള്‍ക്ക്‌ ഒന്നും മനസിലായില്ല. മനസിലാകാതെയിരുന്നുമില്ല.
അനിവാര്യമായ വിധി തനിക്ക്‌ മുന്നില്‍ അരങ്ങൊരുക്കുകയാണെന്ന്‌ അയാള്‍ക്ക്‌ ഉറപ്പായിരുന്നു. രംഗവേദി തയ്യാറായിക്കഴിഞ്ഞു. നാടകവും വേഷഭൂഷാദികളും സംഭാഷണം പോലും ആരൊക്കെയോ തയ്യാറാക്കിയേക്കാം. നിന്നുകൊടുക്കുക എന്നത്‌ മാത്രമാണ്‌ തന്റെ ദൗത്യം. ഒരേസമയം ഭയവും കൗതുകവും തോന്നി. ദൈവമായി അഭിനയിക്കാന്‍ പാടുണ്ടോ?
പൂജാമുറിയില്‍ ദൈവരൂപങ്ങള്‍ സ്‌ഥാപിക്കുന്നത്‌ കൂടി ദോഷമാണെന്നാണ്‌ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുളളത്‌.
അതേസമയം മനുഷ്യനില്‍ നിന്ന്‌ വിഭിന്നമായ, അമാനുഷികമായ ഒരവസ്‌ഥയുടെ വൈചിത്ര്യപുര്‍ണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നു പോകാന്‍ അയാളുടെ മനസ്‌ അഭിലഷിച്ചു. പുതുമകളാണ്‌ ജീവിതത്തെ മുന്നോട്ട്‌ നയിക്കുന്നത്‌. അതുവരെ അറിയാത്ത പ്രതലത്തിലൂടെ സഞ്ചരിക്കാനുളള ത്വര. അതിന്റെ സുഖവും സന്തോഷവും കൗതുകവും അനുഭവിക്കാനുളള അഭിവാഞ്ച. അതിന്റെ പാരമ്യതയില്‍ രാമു സ്വയം ഒരു തീരുമാനമെടുത്തു. ഇനി ദൈവമാകുക തന്നെ. അതിനായി മാനസികവും ശാരീരികവുമായി ഒരുങ്ങേണ്ടതുണ്ട്‌.
''അതേക്കുറിച്ച്‌ നീ വ്യാകുലപ്പെടേണ്ടതില്ല. അതിനുളള പോംവഴികള്‍ ഞാന്‍ പറഞ്ഞു തരാം...''
''ഇതൊക്കെ ഗുരുജിക്ക്‌ എങ്ങനെ അറിയാം?''
''ഇവര്‍ കാണാത്ത ലോകങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇവര്‍ക്ക്‌ അറിയാത്ത സാധ്യതകളെക്കുറിച്ചുളള അവബോധവും എനിക്കുണ്ട്‌. നീ നിന്നു തന്നാല്‍ മതി. നിനക്ക്‌ ദൈവമാകാം. എനിക്ക്‌ ദൈവത്തെ സൃഷ്‌ടിച്ചവനുമാകാം''
അതും പറഞ്ഞ്‌ അയാള്‍ ഉറക്കെ ചിരിച്ചു.
''ദൈവത്തെ സൃഷ്‌ടിക്കുകയോ?''
രാമുവിന്‌ അത്‌ പുതിയ അറിവായിരുന്നു. അതിന്റെ ഉത്തരവും അയാള്‍ തന്നെ പറഞ്ഞു തന്നു.
''സൃഷ്‌ടിപ്രക്രിയയാണ്‌ ഏറ്റവും വലിയ അനുഭൂതി.അത്‌ തലമുറകളെ സൃഷ്‌ടിക്കുമ്പോള്‍ മാത്രമല്ല കലാസൃഷ്‌ടിയിലും ദൈവസൃഷ്‌ടിയിലും എല്ലാറ്റിലും അനുഭവവേദ്യമാണ്‌. അതീതനാവുന്നതിന്റെ മനസുഖം പറഞ്ഞാല്‍ നിനക്ക്‌ മനസിലാവില്ല''
രാമു ആലോചനയോടെ നിന്നപ്പോള്‍ ഗുരുജി പറഞ്ഞു.
''മൗനമാണ്‌ ഏറ്റവും ഫലപ്രദമായ ആയുധം. ശുദ്ധാത്മാക്കള്‍ വാചാലരാവും. ബുദ്ധിമാന്‍മാര്‍ മിതഭാഷികളും. അധികം സംസാരിച്ചാല്‍ നാം സ്വയം വെളിപ്പെടും. അതുകൊണ്ട്‌ ഏത്‌ സാഹചര്യത്തിലും നീ കഴിയുന്നത്ര മൗനം പാലിക്കുക. നിനക്ക്‌ വേണ്ടി ഞാന്‍ സംസാരിച്ചു കൊളളാം. അല്ലെങ്കിലും ദൈവങ്ങള്‍ സംസാരിക്കുന്നത്‌ നീ കേട്ടിട്ടുണ്ടോ?''
ഗുരുജി പറയുന്നതിന്റെ ഭാഗികമായ അര്‍ത്ഥം രാമുവിന്‌ വെളിപ്പെട്ട്‌ തുടങ്ങി.
നിന്നുകൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു. ജീവിതത്തിന്‌ ഏതോ അദൃശ്യതലങ്ങളില്‍ ആരോ എഴുതപ്പെട്ട വഴികളും തീരുമാനങ്ങളുമുണ്ടെങ്കില്‍ അതിന്‌ വിധേയനാകുക എന്നല്ലാതെ മനുഷ്യന്‌ മുന്നില്‍ മറ്റെന്ത്‌ വഴിയാണുളളത്‌?
പുറത്ത്‌ എന്തോ ആരവം കേട്ട്‌ ഗുരുജി കാതോര്‍ത്തു. പിന്നെ രാമുവിന്റെ കൈകളില്‍ ബലമായി അമര്‍ത്തിപ്പിടിച്ച്‌ അയാള്‍ നടന്നു. വലിച്ചിഴച്ചെന്ന പോലെ അത്ര വേഗതയിലാണ്‌ അയാള്‍ പുറത്തേക്ക്‌ കൊണ്ടുപോയത്‌. എല്ലാം അറിയേണ്ട ദൈവപുരുഷന്‍ ആ പ്രവൃത്തിയുടെ പൊരുള്‍ അറിയാതെ പകച്ചു. ഗുരുജിയുടെ കൈകള്‍ക്കും പിടിക്കും ഉരുക്കിന്റെ കരുത്തുളളതായി അവന്‌ തോന്നി. കോട്ടയ്‌ക്ക് പുറത്തെത്തുമ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ജനാവലി. അറിയാതെ നിലത്തു വീണുപോയ മധുരാംശത്തിന്‌ മുന്നില്‍ തടിച്ചുകൂടുന്ന പരസഹസ്രം എറുമ്പിന്‍കൂട്ടങ്ങളെയാണ്‌ രാമുവിന്‌ ഓര്‍മ്മ വന്നത്‌. ഷഡ്‌പദങ്ങള്‍ എന്ന പേരില്‍ അവയെക്കുറിച്ച്‌ നാലാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ പഠിച്ചിട്ടുമുണ്ട്‌. രാമു കാര്യമറിയാതെ ഗുരുജിയെ നോക്കി. സഫലമായ ഒരു ദൗത്യത്തിന്റെ സംതൃപ്‌തി നിറഞ്ഞ പുഞ്ചിരി ആ മുഖത്ത്‌ ദൃശ്യമായി.
''മഹാപ്രഭോ..അങ്ങയെ ദര്‍ശിക്കാന്‍ അവിടത്തേക്ക്‌ മുഖം തരാന്‍ വന്ന ജനങ്ങളാണിത്‌. ഇതാദ്യമായാണ്‌ ഒരു പുണ്യപുരുഷന്‍ തസ്രക്കിന്റെ മണ്ണില്‍ കാലുകുത്തുന്നത്‌. അവിടത്തെ പാദസ്‌പര്‍ശം ഏറ്റതോടെ ഈ മണ്ണ്‌ ധന്യമായി. പാപവിമുക്‌തമായി.''
എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ ഗുരു പ്രഖ്യാപിച്ചു. ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി. അവര്‍ ആര്‍ത്തുവിളിച്ചു. അതിവിധേയഭാവത്തില്‍ താണുവീണ്‌ തൊഴൂതു. ചിലര്‍ ആ പാദാരവിന്ദങ്ങളില്‍ നമസ്‌കരിച്ചു. സാഷ്‌ടാംഗപ്രണാമം ചെയ്‌തു. ചിലര്‍ പുക്കള്‍ കൊണ്ട്‌ അഭിഷേകം ചെയ്‌തപ്പോള്‍ മറ്റ്‌ ചിലര്‍ ആരതിയുഴിഞ്ഞ്‌ പൂജിച്ചു. ഒരു മഹാവിസ്‌മയ സാഗരത്തിന്റെ ആഴങ്ങളിലേക്ക്‌ താണ്‌താണ്‌ പോവുന്നതായി രാമുവിന്‌ തോന്നി. അവന്റെ അന്തര്‍ഗതം വായിച്ചിട്ടെന്നോണം ഗുരുജി പറഞ്ഞു.
''അങ്ങയുടെ മഹത്‌ സാന്നിദ്ധ്യം സംഭവിച്ച നിമിഷം തന്നെ തലൈവര്‍ അനുചരന്‍മാരെ അയച്ച്‌ നാടിന്റെ നാനാദിക്കിലും വിവരം കൊടുത്തു''
സംഭവിക്കുന്നതെല്ലാം ഒരു മായികാസ്വപ്‌നം പോലെ രാമുവിന്‌ തോന്നി. ഇന്നലെ വരെ കറിവേപ്പിലയുടെ വിലയില്ലാതിരുന്ന ഒരു ജന്മം പൊടുന്നനവെ അര്‍ത്ഥമുളളതായി മാറുന്നു. ആരാധിക്കപ്പെടുന്നു. ഇതാണ്‌ വിധിയെങ്കില്‍ ഈ വൈരുദ്ധ്യങ്ങളെയെല്ലാം സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ഒരു ദൈവവും എവിടെയോ മറഞ്ഞിരിക്കുന്നില്ലേ?
താനും അവരിലൊരാളായി മാറുന്നുവെന്ന്‌ അപ്പോഴും അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
''സഹസ്രവര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്‌ അവതാര പുരുഷന്‍മാര്‍. ഇദ്ദേഹവും അങ്ങനെയൊരു മഹാത്ഭുതമാണ്‌. നമുക്ക്‌ പൂജിക്കാനും പ്രാര്‍ത്ഥിക്കാനും ആരാധിക്കാനൂം സങ്കടങ്ങള്‍ ഉണര്‍ത്താനും നമ്മെ നേര്‍വഴിക്ക്‌ നടത്താനുമായി പ്രകൃതി കനിഞ്ഞു നല്‍കിയ സവിശേഷജന്മം. അവിടന്ന്‌ ഇനി മുതല്‍ ഈശ്വര്‍ജി എന്ന പേരില്‍ അറിയപ്പെടും. അവിടത്തെ ജന്മദേശം ഏതെന്നോ മാതാപിതാക്കള്‍ ആരെന്നോ യഥാര്‍ത്ഥ നാമം ഏതെന്നോ പ്രസക്‌തമല്ല. നമ്മുടെ ഭൂമികയാണ്‌ പരമകാരുണികനായ സര്‍വേശ്വരന്‍ അദ്ദേഹത്തിന്റെ കര്‍മ്മഭൂമിയായി തെരഞ്ഞെടുത്തിട്ടുളളത്‌. നമുക്ക്‌ അതില്‍ ആഹ്‌ളാദിക്കാം..''
ഗുരുജി ഈശ്വര്‍ജിയെ സ്‌തുതിച്ചുകൊണ്ട്‌ ഒരു ശ്ലോകം ആലപിച്ചു. ജനങ്ങള്‍ കൈകൊട്ടി, ഭക്‌തിലഹരിയില്‍ തലയാട്ടി താളത്തില്‍ അതേറ്റു പാടി. തലൈവര്‍ ആ ദിവ്യസന്നിധിയിലേക്ക്‌ ആഗതനായി. അദ്ദേഹം ഗിരിശൃംഗങ്ങള്‍ പോലുളള ശരീരം വളച്ച്‌ ഈശ്വര്‍ജിയുടെ മുന്നില്‍ സാഷ്‌ടാംഗപ്രണാമം ചെയ്‌തു. അതുകണ്ട്‌ വഴികാട്ടിയായ വൃദ്ധന്‌ തലചുറ്റി. ഒരു ചരിത്രനിമിഷത്തിന്‌ നിമിത്തമാവാന്‍ കഴിഞ്ഞ സന്തോഷത്തിന്റെ ലഹരിയില്‍ അയാള്‍ മതിമറന്നു.
ജനങ്ങള്‍ വീണ്ടും ആര്‍പ്പുവിളിച്ചു. കുരവയിട്ടു. ആനന്ദനൃത്തം ചെയ്‌തു. ഇത്രയും കാലം അനാഥരായ തങ്ങള്‍ക്കും ഒരു നാഥനുണ്ടായിരിക്കുന്നു. ആശ്രയിക്കാനും സങ്കടങ്ങള്‍ ഉണര്‍ത്തിക്കാനും ഒരു ദിവ്യസന്നിധി. ദൈവത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ അഭൗമമായ ലഹരിയിലായിരുന്നു അവരില്‍ പലരും.
കൂട്ടത്തില്‍ പ്രായം ചെന്ന ഒരു സ്‌ത്രീ മുന്നോട്ട്‌ വന്നു.
''ഗഗാഡു ഗോദി തയലവുനസു....''
അവര്‍ എന്തൊക്കൊയോ പുലമ്പിക്കൊണ്ടിരുന്നു. അവര്‍ പറയുന്നതിന്റെ അര്‍ത്ഥം രാമുണ്ണിക്ക്‌ വ്യക്‌തമായില്ല. നിസഹായതയോടെ രാമു ഗുരുജിയെ നോക്കി.
അദ്ദേഹം അവന്റെ കാതില്‍ അര്‍ത്ഥം വിശദീകരിച്ചു.
''അവരുടെ മകന്‌ തളര്‍വാതം ബാധിച്ച്‌ മാസങ്ങളായി വലതുകരം ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അതിന്‌ എന്ത്‌ ചെയ്യണമെന്നാണ്‌ ചോദ്യം?''
രാമുവിനെ അടിമുടി വിയര്‍ക്കാന്‍ തുടങ്ങി.ചെറുതായി വിറയ്‌ക്കാനും. ഏത്‌ ധര്‍മ്മസങ്കടത്തിനും പരിഹാരം കണ്ടെത്താന്‍ ബാധ്യസ്‌ഥനായ ദൈവമാണ്‌ താന്‍ ഇപ്പോള്‍. അസാധ്യം എന്നൊരു വാക്കിന്‌ തന്റെ നിഘണ്ടുവില്‍ സ്‌ഥാനമില്ല. പക്ഷെ എങ്ങിനെ? എങ്ങനെ അത്‌ സാധിക്കും?
അയാള്‍ പോംവഴിയറിയാതെ കുഴങ്ങി. ഗുരുജി തന്നെ അതിനുളള മാര്‍ഗവും ചെവിയില്‍ മന്ത്രിച്ചു.

സജില്‍ ശ്രീധരന്‍

Ads by Google
Sunday 12 Nov 2017 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW