Thursday, December 13, 2018 Last Updated 35 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 12.25 AM

ക്രെസാവാ കൊച്ചി

uploads/news/2017/11/164501/2.jpg

അനന്തമായി നീളുന്ന യാത്ര. ജാലകത്തിനപ്പുറം ഇപ്പോള്‍ ഗ്വാളിയോറാണ്‌. ചരിത്രമുറങ്ങുന്ന കോട്ടയുടെ കമാനങ്ങളും ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിലെ വിളക്കുകാലുകളും പരസ്‌പരം തലപ്പൊക്കം കാട്ടുന്നതു കാണാം. കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്ന്‌ കേരളത്തിന്റെ സ്വന്തം 'കളിക്കോട്ട'യിലേക്ക്‌ തിരിഞ്ഞുനോക്കാന്‍ ഇതിലും അര്‍ഥവത്തായ മറ്റൊരു നേരം കിട്ടാനിടയില്ല.
എഴുതിത്തുടങ്ങും മുമ്പ്‌ സ്വയം ഒരു നുള്ളി നോക്കി ബോധ്യപ്പെട്ടു സത്യം... കൊച്ചിയില്‍ സാക്ഷാല്‍ ലോകകപ്പിന്റെ മാമാങ്കം സമാപിച്ചിരിക്കുന്നു. സ്വപ്‌നം മാത്രമെന്നു കരുതിയിരുന്നത്‌ കണ്‍മുന്നില്‍ അവതരിച്ചതിന്റെ അത്ഭുതം ഇപ്പോഴും ബാക്കി. കേരളത്തിനും കൊച്ചിക്കും എന്നെന്നും അഭിമാനിക്കാവുന്ന നേട്ടം. ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളിന്‌ വേദിയൊരുക്കിയതിലൂടെ നമ്മളും ഇനി ആഗോള ഫുട്‌ബോളിന്റെ ഭാഗം.
പണ്ട്‌, ഇന്ത്യയുടെ ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കെല്ലാം ചുമതലക്കാരനായി കൊച്ചി സ്‌റ്റേഡിയത്തിലെത്തിയിരുന്ന ബി.സി.സി.ഐ. മീഡിയാ ഓഫീസര്‍ ഡോ. ബാബയെ പലപ്പോഴും ആരാധനയോടെ നോക്കിനിന്നിട്ടുണ്ട്‌. അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ കവര്‍ചെയ്യാനെത്തുന്ന പത്രമാധ്യമ സമൂഹത്തിന്‌ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും മീഡിയ വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള ചാലകശക്‌തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മീഡിയ ഓഫീസറുടെ 'മാനറിസങ്ങള്‍' അന്നേ മനസിലുണ്ട്‌. ഇന്നിതാ... ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ലോഗോ പതിച്ച ഇളം നീല നിറമുള്ള യൂണിഫോം ഷര്‍ട്ട്‌ ധരിക്കാനെടുക്കുന്ന ഓരോ തവണയും ഓര്‍ത്തുപോകുന്നതും അക്കാര്യംതന്നെ.
ബ്രസീല്‍, സ്‌പെയിന്‍, ജര്‍മനി, നൈജര്‍, ഉത്തരകൊറിയ, ഗിനിയ, ഹോണ്ടുറാസ്‌, ഇറാന്‍... എട്ട്‌ ലോകോത്തര ടീമുകള്‍ക്ക്‌ വേദിയൊരുക്കാന്‍ അഞ്ച്‌ മത്സരദിവസങ്ങള്‍കൊണ്ട്‌ കൊച്ചിക്കു സാധിച്ചു. മറ്റ്‌ വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത സംഘാടനം. കൊച്ചി വളരെ കൂളായിത്തന്നെ ഒരു ലോകകപ്പിനെ വരവേറ്റു, ആതിഥ്യമരുളി, വിടയും ചൊല്ലി.
നന്ദി, ആരോടൊക്കെയാണ്‌ ചൊല്ലേണ്ടത്‌? ലിസ്‌റ്റാക്കിയാല്‍ നീളം വര്‍ധിച്ചുകൊണ്ടേയിരിക്കും. ഫിഫ- ലോകകപ്പിന്‌ കൊച്ചിയില്‍ വെന്യൂ പ്രസ്‌ ഓഫീസറുടെ തസ്‌തികയിലേക്ക്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാമായിരുന്നില്ലേ, എന്ന്‌ സ്‌നേഹപൂര്‍വം അന്വേഷിച്ച മുന്‍ ഫിഫ റഫറി മൈക്കല്‍ ആന്‍ഡ്രൂസില്‍നിന്ന്‌ തുടങ്ങണം അത്‌. മാസങ്ങള്‍ക്കു മുമ്പൊരു ദിവസം അദ്ദേഹമത്‌ സൂചിപ്പിച്ചില്ലായിരുന്നെങ്കില്‍, ഇന്നീ കുറിപ്പ്‌ എഴുതേണ്ടിവരുമായിരുന്നില്ല. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പിന്തുണയും കൂടി ലഭിച്ചതോടെയാണ്‌ ഫിഫ- എല്‍.ഒ.സി. സ്‌റ്റാഫായി നിയമനം വേഗത്തില്‍ കൈവന്നതും. ഔദ്യോഗിക ജീവിതത്തില്‍ നിരവധി തവണ പത്രപ്രവര്‍ത്തകനായി കയറിയിറങ്ങിയ കൊച്ചി സ്‌റ്റേഡിയം മീഡിയ സെന്ററിന്റെയും പ്രസ്‌ ബോക്‌സിന്റെയുമെല്ലാം നോക്കിനടത്തിപ്പിനുള്ള അവസരം, ഈശ്വരന്‍ കൈവെള്ളയിലേക്ക്‌ നീട്ടിയ വരമായി കാണാനാണ്‌ എനിക്കിഷ്‌ടം.
ഹെഡ്‌ ഓഫ്‌ വെന്യൂസ്‌ റോമഖന്ന, മീഡിയ മാനേജര്‍ അനികേത്‌ മിശ്ര.... കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചുമതലക്കാരനായി നിയോഗിക്കപ്പെട്ടതിനു പിന്നില്‍ ഈ രണ്ടുപേരുടെയും ആശീര്‍വാദവും കൂടിയുണ്ടായിരുന്നു. മൂന്നുമാസത്തെ നിയോഗം പൂര്‍ത്തിയാക്കുമ്പോള്‍ ഇവര്‍ രണ്ടുപേരെയും നിരാശപ്പെടുത്തിട്ടില്ലെന്നാണ്‌ വിശ്വാസം.
മീഡിയ ട്രിബ്യൂണ്‍, എസ്‌.എം.സി, വര്‍ക്‌സ്റ്റേഷന്‍, മിക്‌സഡ്‌ സോണ്‍, ഫോട്ടോഗ്രാഫേഴ്‌സ് ഏരിയ അറ്റ്‌ എഫ്‌.ഒ.പി.... ഫിഫ ടൂര്‍ണമെന്റിന്റെ മാത്രം പ്രത്യേകതയായ ഒരുപാട്‌ മീഡിയ പദങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങള്‍കൊണ്ട്‌ ജീവിതത്തിന്റെ ഭാഗമായി. തീര്‍ന്നില്ല..., പ്രസ്‌ കോണ്‍ഫറന്‍സ്‌ റൂം ഹെഡ്‌ ടേബിള്‍, ഹെഡ്‌ ചെയേഴ്‌സ്, ബാക്ക്‌ ഡ്രോപ്പ്‌, 800 ലക്‌സ് വെളിച്ചം, മിക്‌സഡ്‌ സോണ്‍ മീഡിയന്‍... തുടങ്ങി എല്ലായിടത്തും പുതുമ നിറഞ്ഞ അനുഭവങ്ങള്‍ മാത്രമായിരുന്നു. ഒരേ സമയത്ത്‌ പലയിടത്ത്‌ കണ്ണും കാലും കാതും എത്തേണ്ട സ്‌ഥിതി.... എന്തിന്‌? ഫോട്ടോ മാര്‍ഷലിംഗിന്‌ വളന്റിയര്‍മാര്‍ ഉപയോഗിച്ച മഞ്ഞനിറമുള്ള നൈലോണ്‍ കയര്‍ വരെ പ്രസ്‌ ഓഫീസര്‍ നേരിട്ടുപോയി വാങ്ങിയത്‌. പാലാരിവട്ടത്തെ വ്യാപാരഭവന്‍ വരെ അനുഗമിച്ച ഓഫീസ്‌ അഡ്‌മിന്‍ ലിയാന്ററിന്‌ നന്ദി.
2017 ഒക്‌ടോബര്‍ ഏഴിന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ കൊച്ചിയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ സുവര്‍ണ നിമിഷത്തിനു നാന്ദികുറിച്ച്‌ ബ്രസീല്‍- സ്‌പെയിന്‍ മത്സരത്തിന്റെ കിക്കോഫ്‌ വിസില്‍ മുഴങ്ങുമ്പോള്‍ മുകളില്‍ മീഡിയ ട്രിബ്യൂണിലായിരുന്നു ഞാന്‍. 92 പത്രലേഖകര്‍, ഒപ്പം ഫിഫ ടി.വി, ഫിഫ ഡിജിറ്റല്‍ പ്രതിനിധികളും താഴെ ഗ്രൗണ്ടില്‍ ക്യാമറാക്കണ്ണുകള്‍ തുറന്നു വെച്ച്‌ ഗ്രീന്‍ ബിബ്‌സില്‍ 46 പ്രസ്‌ ഫോട്ടോഗ്രഫര്‍മാരും. വെന്യൂ പ്രസ്‌ ഓഫീസര്‍ എന്ന നിലയില്‍ ഏറ്റവും അവിസ്‌മരണീയമായ നിമിഷം. മൈതാനത്ത്‌ കളി നടന്ന എല്ലാ ദിവസങ്ങളിലും കൊച്ചിയിലെ പ്രസ്‌ ഫോട്ടോഗ്രാഫി സമൂഹം പാലിച്ച അച്ചടക്കത്തിന്‌ നൂറു നന്ദി. ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ ജിപ്‌സണ്‍ സിഖേര യുടെ പക്കല്‍ നിന്ന്‌ ഗ്രൗണ്ടില്‍ കളഞ്ഞു പോയ വന്‍ തുകയുടെ കവര്‍ കണ്ടെത്തി തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ല എന്നത്‌ ഇതിനിടയിലെ സങ്കടവുമായി. എങ്കിലും നിരവധി പേരുടെ അക്രഡിറ്റേഷന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സാധിച്ചതില്‍ അവരെക്കാള്‍ സന്തോഷമനുഭവിക്കുകയും ചെയ്‌തു.
മീഡിയ ട്രിബ്യൂണില്‍ ആദ്യ ദിവസം ഇന്റര്‍നെറ്റിനു നേരിട്ട ചെറിയ തടസവും ചായ- കാപ്പി ലഭ്യമാവാതിരുന്നതും മാത്രമായിരുന്നു നെഗറ്റീവ്‌ ഫീഡ്‌ബാക്ക്‌സ്. എന്നാല്‍ രണ്ടാം മത്സരദിവസത്തോടെ ഇതും പരിഹരിക്കപ്പെട്ടു. വ്യക്‌തിപരമായി നേരിടേണ്ടിവന്ന ബുദ്ധിമുട്ട്‌ ഓരോ മാച്ച്‌ ഡേയിലും ചുരുങ്ങിയത്‌ അഞ്ച്‌- ആറ്‌ തവണയെങ്കിലും മുകളില്‍ മീഡിയ ട്രിബ്യൂണിലേക്കും താഴെ മീഡിയ സെന്ററിലേക്കും കയറിയിറങ്ങേണ്ടിവന്നതിന്റെ ശാരീരിക പ്രശ്‌നങ്ങളാണ്‌. പന്തുകളിക്കാരെപ്പോലെതന്നെ ഫിറ്റ്‌നസ്‌ നമ്മളും കാത്തുസൂക്ഷിക്കണമെന്ന സന്ദേശം.... അശരീരിപോലെ.
ഓര്‍മകളില്‍ ആഹ്‌ളാദം ഇരട്ടിയാകുന്ന മറ്റൊരു സന്ദര്‍ഭം ബ്രസീലിന്റെ കാനറിപ്പക്ഷികള്‍ക്ക്‌ കൊച്ചിയിലേക്ക്‌ വഴികാട്ടിയാവാനായി എന്നതാണ്‌. കൊല്‍ക്കത്തയില്‍ ടൂര്‍ണമെന്റിനു മുന്നോടിയായുള്ള മീഡിയ ടീം മീറ്റിംഗ്‌ കഴിഞ്ഞ്‌ മടങ്ങും വഴി മുംബൈയില്‍നിന്ന്‌ ഒരുമിച്ചായിരുന്നു കൊച്ചിയിലേക്കു യാത്ര. വിമാനത്താവളത്തില്‍വച്ചുതന്നെ ബ്രസീല്‍ താരങ്ങളുമായി കൂട്ടുകൂടി. വൈ-ഫൈ ഉപയോഗിക്കാനായി എന്റെ ഫോണ്‍ നമ്പര്‍ അടക്കം വാങ്ങിയ അലന്‍ സൂസ ഗ്വിമാറസുമായി നല്ല ചങ്ങാത്തം സ്‌ഥാപിക്കാനും സാധിച്ചു. മീഡ്‌ഫീല്‍ഡില്‍ അലന്‍ ഒന്നാന്തരം പ്രകടനമാണ്‌ കൊച്ചിയില്‍ നടന്ന മത്സരങ്ങളില്‍ കാഴ്‌ചവെച്ചതും. അവിടം മുതലെയുള്ള സെല്‍ഫികളില്‍ ലിങ്കണും പോളിത്തോയും എല്ലാം ഉള്‍പ്പെടുന്നു.
സ്‌പെയിനുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാനെത്തിയ ഇറാന്‍ ടീമിന്റെ ലെയ്‌സണ്‍ ഓഫീസര്‍ അബ്‌ദുള്‍ റഹ്‌മാന്‍ അല്‍സാരിയാണ്‌ ലോകകപ്പ്‌ സമ്മാനിച്ച മറ്റൊരു വിലപ്പെട്ട സൗഹൃദം. മഹാരാജാസ്‌ ഗ്രൗണ്ടില്‍ ആദ്യദിവസം പരിശീലനത്തിന്‌ എത്തുമ്പോള്‍ ടീമിനൊപ്പം ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ഇല്ലായിരുന്നു. ട്രെയിനിങ്‌ ചിത്രങ്ങള്‍ കൃത്യമായി സംഘടിപ്പിച്ച്‌ അയച്ചുകൊടുത്തതുവഴി അദ്ദേഹവുമായുള്ള ബന്ധം സുദൃഢമായി.
24 പേരടങ്ങുന്ന മീഡിയ വൊളന്റിയേഴ്‌സ് ടീമിനെയും മലേഷ്യയില്‍നിന്നെത്തി മനസു കീഴടക്കിയ എഫ്‌.എം.ഒ. ക്രിസ്‌റ്റഫര്‍ രാജിനെയും നാഗ്‌പൂരുകാരന്‍ അസിസ്‌റ്റന്റ്‌ ഫോമ രാംടേക്കെയെയും പരാമര്‍ശിക്കാതെ കൊച്ചിയിലെ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓര്‍മക്കുറിപ്പ്‌ പൂര്‍ണമാകില്ല. ശിവാംഗി, ഉജേഷ്‌, ശ്രുതി, സാന്റോ, പ്രഭു, ഡാറ്റെസ്‌, അസീം, ഹരികൃഷ്‌ണന്‍, ഇല്യാസ്‌, രാഹുല്‍, അനുപം.... അപൂര്‍ണമാണ്‌ ഈ ലിസ്‌റ്റെങ്കിലും തികച്ചും പ്ര?ഫഷണലായി കാര്യങ്ങള്‍ ഭംഗിയാക്കാന്‍ ഈ കുട്ടികളുടെ സേവനമായിരുന്നു ഏറ്റവും വലുത്‌. ക്രിസ്‌ മടങ്ങിയത്‌ സ്‌നേഹസൗഹൃദങ്ങളുടെ ഒരിക്കലും മറക്കാത്ത മൂന്നാഴ്‌ചകള്‍ സമ്മാനിച്ചാണ്‌. ഫുട്‌ബോളിനപ്പുറം കൊച്ചിയുടെ മീന്‍ വിഭവങ്ങളിലേക്കാണ്‌ അദ്ദേഹത്തിന്റെ മനസു പാഞ്ഞത്‌. ഈ ചെറിയ കാലയളവിനുള്ളില്‍ കൊച്ചി നഗരത്തില്‍ ഞങ്ങള്‍ സന്ദര്‍ശിക്കാത്ത ഫിഷ്‌ വെറൈറ്റി റസ്‌റ്റോറന്റുകളില്ല. ഫിഫ മീഡിയ ഓഫീസര്‍ റൂമില്‍നിന്ന്‌ ''സൈജൂ സാര്‍....'' എന്ന്‌ സ്‌നേഹത്തോടെയുള്ള ആ നീട്ടിവിളി ഇപ്പോഴും കാതുകളില്‍ നില്‍പ്പുണ്ട്‌.
ബ്രസീല്‍- ഹോണ്ടുറാസ്‌ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തിന്‌ മുമ്പ്‌ ലഭിച്ച ഇടവേള ദിവസങ്ങളൊന്നില്‍ ഫിഫ ഒഫീഷ്യല്‍സും എല്‍.ഒ.സി. ടീമും ചേര്‍ന്ന്‌ ലോകകപ്പ്‌ മൈതാനത്തുതന്നെ സൗഹൃദ മത്സരം കളിച്ചതും ആവേശംതരുന്ന ഓര്‍മയാണ്‌. അന്ന്‌ കളിക്കിടെ ഗെറ്റി ഇമേജസ്‌ ഫോട്ടോഗ്രാഫര്‍ മൈക്ക്‌ ഹ്യൂയിറ്റ്‌ പകര്‍ത്തിയ ചിത്രം എഫ്‌.ബിയില്‍ എന്റെ പുതിയ പ്ര?ഫൈല്‍ പിക്‌ ആയി മാറുകയും ചെയ്‌തു. കാല്‍ നൂറ്റാണ്ടിന്റെ ലോക കായിക പരിചയമുള്ള മൈക്കിനെ പോലെ ലെജന്‍ഡറിയായ ഒരു സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ എന്റെ ചിത്രവും പതിഞ്ഞത്‌ കൊച്ചി നല്‍കിയ മറ്റൊരു സൗഭാഗ്യം. കൊച്ചിയില്‍ ഒഫീഡ്യല്‍ കമന്റേറ്ററായിരുന്ന നിക്ക്‌ ലജനുമായി കമന്‍ട്രി ബോക്‌സില്‍ സൗഹൃദം പങ്കുവച്ച നിമിഷങ്ങളും സ്‌മരണീയം. കൈയില്‍ മൈക്കില്ലാതെ കൊച്ചിയിലെ കമന്‍ട്രി ബോക്‌സില്‍ മറ്റൊരു കമന്റേറ്റര്‍ക്ക്‌ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നിയോഗവും കൗതുകംതരുന്നതായിരുന്നു.
കൊച്ചിയില്‍ ഗ്രൂപ്പ്‌ മത്സരങ്ങള്‍ കളിച്ച നാലു ടീമുകളുടെയും ടീം ലെയ്‌സണ്‍ ഓഫീസര്‍മാര്‍ മുന്‍ പരിചയക്കാരായ നാലു മുന്‍ താരങ്ങളായിരുന്നു. ഷറഫലി, കെ.ടി. ചാക്കോ, കുരികേശ്‌ മാത്യു, ശ്യാംകുമാര്‍. ടീമുകളുടെ നിഴല്‍പോലെനിന്ന ഇവര്‍ നാലുപേരെയും പലപ്പോഴായി പലയിടങ്ങളിവെച്ച്‌ കൂട്ടിമുട്ടി- സ്‌പാനിഷ്‌ താരങ്ങളായ ആബേല്‍ റൂയിസ്‌, ഫെറാന്‍ ടോറസ്‌ എന്നിവരുമായി എളുപ്പം സൗഹൃദത്തിലാവാനുള്ള സാഹചര്യം സൃഷ്‌ടിച്ചത്‌ ഒപ്പം പ്രിയസുഹൃത്ത്‌ കെ.ടി. ചാക്കോയുടെ സാന്നിധ്യമായിരുന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍മയിലേക്ക്‌ വീണ്ടും വീണ്ടും തട്ടിത്തെറിച്ചു വരുന്ന പന്തുകളേറെയാണ്‌. കൊച്ചിയിലെ ഗ്യാലറിയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമിരുന്ന്‌ ലോകകപ്പ്‌ ആസ്വദിച്ച ദിവസം. കോട്ടയ്‌ക്കലെയും കായംകുളത്തെയും ചാലക്കുടിയിലെയും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂള്‍ കുട്ടികളുടെ ആവേശത്തില്‍ അവര്‍ക്കൊപ്പം പങ്കുചേര്‍ന്ന നിമിഷങ്ങള്‍. ഫിഫയുടെ നീലപ്പതാകയേന്തി ഇളയപുത്രന്‍ അഥിനവ്‌ ലോകകപ്പിന്റെ മൈതാനത്തേക്കു ചുവടുവയ്‌ക്കുന്നത്‌ അച്‌ഛന്‍ എന്ന നിലയില്‍ ഗ്യാലറിയില്‍നിന്നു കണ്ടു കൈയടിച്ചത്‌.... അണ്ടര്‍ 17 ലോകകപ്പിന്റെ ഓര്‍മപ്പുസ്‌തകത്തില്‍ ഇനിയും താളുകള്‍ ഏറെയാണ്‌.
കാര്യങ്ങള്‍ ഭംഗിയായി നടക്കാനായി സ്‌ഥിരം വഴക്കുകൂടിയവരും ഉണ്ട്‌. കൊച്ചി എല്‍.ഒ.സി. മേധാവികളായ മാധവിയെയും നിഖിലിനെയും നിരന്തരം ശല്യം ചെയ്‌തത്‌ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഏറ്റവും ഭംഗിയാവണം എന്ന ഉദ്ദേശത്തോടെ മാത്രം. ഒടുവില്‍ ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ ഹാവിയന്‍ സെപ്പിയുടെ ശകാരം കേട്ട ഏക എല്‍.ഒ.സി. സ്‌റ്റാഫും ഞാന്‍ മാത്രമാവും. മത്സരസമയത്ത്‌ വി.ഐ.പി. ഏരിയയില്‍ അനാവശ്യമായി എന്റെ സാന്നിധ്യം കണ്ടതിനായിരുന്നു അത്‌. എത്രമാത്രം പ്ര?ഫഷണല്‍ ആണ്‌ ഇക്കാര്യങ്ങളില്‍ അദ്ദേഹം എന്നതിന്റെ തെളിവിന്‌ ഈതൊരു ശകാരം മാത്രം മതി. നന്ദി... പ്രിയ ഹാവിയര്‍ കൊച്ചിയുടെ ലോകകപ്പ്‌ ഏറ്റവും ഭംഗിയാക്കിയതിന്‌.
ലാത്വിയക്കാരന്‍ മാക്‌സിംസ്‌ റാസ്‌പോവ്‌ ആയിരുന്നു കൊച്ചിയിലെ ഫിഫ ജനറല്‍ കോര്‍ഡിനേറ്റര്‍. അവസാന ദിവസം മത്സരം കഴിഞ്ഞുള്ള ഡീ-ബ്രീഫ്‌ മീറ്റിംഗിനൊടുവില്‍ അദ്ദേഹം സ്‌നേഹപൂര്‍വം സമ്മാനിച്ച മാച്ച്‌ബോള്‍ ഇപ്പോള്‍ കൊച്ചിയിലെ വീടിന്റെ ഷോ-കെയ്‌സില്‍ ഇരിപ്പുണ്ട്‌. 'ക്രെസാവ' പന്തുകളാണ്‌ ഇത്തവണ അഡിഡാസ്‌ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്‌ ഉപയോഗിച്ചത്‌. റഷ്യന്‍ വാക്കാണ്‌ ക്രെസാവ. ഏറ്റവും ഭംഗിയായി ഭാവനാപരമായി ഒരു കാര്യം ചെയ്യുന്നതിനെ പ്രകീര്‍ത്തിക്കുന്ന വാക്കാണിത്‌. ലോകകപ്പ്‌ ഭംഗിയായി കൈകാര്യം ചെയ്‌ത കൊച്ചിയോടും ഇപ്പോള്‍ നമുക്ക്‌ പറയാന്‍ കഴിയുന്ന വാക്ക്‌.... 'ക്രെസാവ'.

ഷൈജു ദാമോദരന്‍

Ads by Google
Sunday 12 Nov 2017 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW