Saturday, December 08, 2018 Last Updated 24 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 12 Nov 2017 12.25 AM

ഫുഡ്‌ബോളില്‍ ബ്രസീല്‍ മയങ്ങി: ബ്രസീല്‍ ഞാനും

uploads/news/2017/11/164500/1.jpg

കൃത്യമായി പറഞ്ഞാല്‍ 28 ദിവസം. അതൊരു അനുഭവമായിരുന്നു. ബ്രസീല്‍ ടിമിന്റെ സെക്യുരിറ്റി ലെയ്‌സണ്‍ ഓഫീസറായി നിയോഗിക്കപ്പെട്ടതു തന്നെ ഭാഗ്യമായിട്ടാണ്‌ കരുതുന്നത്‌. ഫുട്‌ബോള്‍ ഒരു വികാരമെന്നപോലെ കരുതുന്ന ഒരു രാജ്യത്തിനൊപ്പം സഞ്ചരിക്കുന്നതുപോലെയായിരുന്നു അത്‌. ബ്രസീലിന്റെ യുവതലമുറ ഫുട്‌ബോളിനെ ഹൃദയത്തോട്‌ ചേര്‍ത്തുപിടിക്കുന്നതെങ്ങനെയെന്നറിയുക അപൂര്‍വതയായിരുന്നു. അവര്‍ ഫുട്‌ബോളിനെ ധ്യാനിക്കുകയായിരുന്നു. ഊണിലും ഉറക്കത്തിലുമെല്ലാം. മറ്റൊരു ചിന്ത അവരുടെ മനസില്‍ ഇല്ലായിരുന്നു എന്ന തോന്നല്‍. കളിക്കല്ലാതെ മറ്റൊരുകാര്യത്തിനായി അവര്‍ സമയം ചെലവഴിച്ചില്ല. കോച്ച്‌ പറയുന്നതെല്ലാം ശ്രവിക്കുക. അതു കളിക്കളത്തില്‍ നടപ്പാക്കുക എന്നതായിരുന്നു അവരുടെ ശൈലി. ഏറ്റവും രസകരമായ ഒരു കാര്യമുണ്ട്‌. കളിക്കുമ്പോള്‍ പോലും അവര്‍ക്ക്‌ ടെന്‍ഷനില്ല. അത്‌ തോറ്റാല്‍പ്പോലും. ജയിച്ചാല്‍ കളിക്കളത്തിലുള്ള ആഹ്‌ളാദപ്രകടനങ്ങളിലൊതുങ്ങും. മറ്റെല്ലാം പതിവുപോലെ. ഒരു കളി ജയിച്ചല്ലോ എന്ന അമിതാവേശമൊന്നും കളിക്കാരിലില്ല.
മറ്റു വിനോദങ്ങളിലൊന്നും അവര്‍ ഏര്‍പ്പെടുന്നതു കണ്ടില്ല. പരിശീലന മത്സരങ്ങള്‍ക്കിറങ്ങുമ്പോഴും വണ്ടിയില്‍ യാത്രചെയ്ുമ്പയോഴുമൊന്നും പിരിമുറുക്കമൊന്നും കളിക്കാരുടേയോ പരിശീലകരുടേയോ മുഖത്തുപോലുമില്ല. അത്‌ വേറിട്ടകാഴ്‌ചയായിരുന്നു. ലോകകപ്പ്‌ പോലുള്ള മത്സരങ്ങളില്‍ കളിക്കുമ്പോള്‍ സ്വാഭാവികമായി പിരിമുറക്കം പതിവുള്ളതാണെന്ന എന്റെ സംശയം പോലും അടിസ്‌ഥാനമില്ലാത്തതായിരുന്നു. ഇംഗ്‌ളണ്ടിനോട്‌ തോറ്റു ഫൈനല്‍ കാണാതെ പുറത്തുപോരുമ്പോഴും ബ്രസീല്‍ ടീമിന്‌ ടെന്‍ഷനില്ലായിരുന്നു. അതുകണ്ടു ഞാന്‍ അമ്പരന്നുപോയി. ടീം ഒന്നിച്ചിരുന്നുള്ള വിലയിരുത്തലില്‍ നഷ്‌ടപ്പെട്ട അവസരങ്ങളെക്കുറിച്ച്‌ അവരുടെ ഭാഷയില്‍ അവര്‍ പറയുന്നത്‌ കേള്‍ക്കാമായിരുന്നു. എല്ലാദിവസവും രാവിലെ തലേന്നത്തെ മത്സരങ്ങളുടെ റിപ്പോര്‍ട്ടിങ്‌ കളിക്കാര്‍ക്കു നല്‍കുന്ന പതിവുണ്ട്‌. കോച്ചുമാരും ടെക്‌നീഷ്യന്‍മാരുമാണ്‌ അതിനു നേതൃത്വം നല്‍കുന്നത്‌. ടീമിന്‌ സ്വന്തമായി വീഡിയോ ഫോട്ടോഗ്രാഫര്‍മാരുണ്ട്‌. അവര്‍ കളി വീഡിയോയില്‍ ഇട്ടു കാണിച്ചു നല്‍കും. അതിനു പുറമേ ബോര്‍ഡില്‍ ചോക്കുകൊണ്ട്‌ വരച്ചും വിശദീകരിക്കുന്നത്‌ കാണാമായിരുന്നു. ഗുണദോഷസമ്മിശ്രമായ അത്തരം സെഷനുകളിലാണ്‌ അടുത്ത ദിവസത്തെ മത്സരത്തെ നേരിടാന്‍ അവര്‍ തയാടെുത്തിരുന്നത്‌.
അച്ചടക്കമാണ്‌ കളിക്കാരുടെ എടുത്തുപറയേണ്ട പ്രത്യേകത. നാട്ടിലേക്ക്‌ മൊബൈല്‍ ഫോണില്‍ വിളിക്കുന്നതുപോലും കണ്ടിട്ടില്ല. കൃത്യനിഷ്‌ഠ അവരുടെ കൂടപ്പിറപ്പാണെന്നു തോന്നും. കളിക്കാര്‍ക്കായി ഔട്ടിങും യാത്രയുമൊക്കെ ഫിഫ ഒരുക്കിയിരുന്നു. പുറത്തുകറങ്ങേണ്ടെയെന്നു ചോദിച്ചപ്പോള്‍ അതില്‍ താല്‍പ്പര്യം കാണിച്ചില്ല. പരിശീലനം കഴിഞ്ഞാല്‍ നേരേ ഹോട്ടലിലേക്ക്‌. പിന്നെ സ്വമ്മിങ്‌പൂളില്‍ നീന്തല്‍, ഭക്ഷണം, ജിമ്മില്‍ വ്യായാമം അങ്ങനെ ദിവസങ്ങള്‍ കഴിച്ചു. മൈതാനത്തേക്ക്‌ പോകാനുള്ള ബസില്‍ കയറിയാല്‍ ഇയര്‍ഫോണില്‍ പാട്ടുകേള്‍ക്കുന്ന പതിവാണ്‌ കളിക്കാര്‍ക്കുള്ളത്‌. ചിരിച്ചും പാട്ടുപാടിയും ഒക്കെയാണ്‌ അവര്‍ മൈതാനത്തിലേക്ക്‌ ഇറങ്ങിയിരുന്നത്‌.
കളിക്കാരുടെയും കോച്ചുമാരുടെയും ഭാഷ പിടിയില്ലാത്തതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാണ്‌ അവരോട്‌ സംസാരിച്ചിരുന്നത്‌. കേരളത്തിലെ കാണികളുടെ ആവേശം കണ്ട അവര്‍ എന്നോടു ചോദിച്ചു. എന്താണ്‌ ബ്രസീലിനോട്‌ ഇത്ര താല്‍പര്യമെന്ന്‌. കൊച്ചിയില്‍ നിന്ന്‌ ഗോവയിലും പിന്നീട്‌ കൊല്‍ക്കത്തയിലും ചെന്നപ്പോള്‍ കാണികളില്‍ നിന്ന്‌ ലഭിച്ച പിന്തുണ ബ്രസീല്‍ ടീമിനെ അമ്പരപ്പിച്ചിരുന്നു. കാണികളുടെ ഈ ആവേശം അവരുടെ മനസിനെ കോരിത്തരിപ്പിച്ചു. 'ഞങ്ങളുടെ സ്വന്തംനാട്ടില്‍ കളിക്കുന്നതുപോലെ' എന്നാണ്‌ അവര്‍ അതിനെ വിശേഷിപ്പിച്ചത്‌. ജനക്കൂട്ടത്തോട്‌ അടുത്തുനില്‍ക്കാന്‍ കളിക്കാരും കോച്ചുമൊക്കെ ആശിച്ചതുപോലെ തോന്നിച്ചു. പക്ഷേ, ഫിഫ വരച്ച വരയില്‍ നിന്ന്‌ ഒരടിപോലും അവര്‍ മാറിയില്ല.
നമ്മള്‍ ഒരുപാട്‌ പാഠങ്ങള്‍ അവരില്‍ നിന്നു പഠിക്കേണ്ടതുണ്ട്‌. ഫുട്‌ബോള്‍ മൈതാനത്ത്‌ ഇറങ്ങുന്നതിനു മുമ്പ്‌ ശ്രദ്ധയോടെ അവര്‍ പിന്തുടരുന്ന പരിശീലന രീതികള്‍ തന്നെയാണ്‌ അതില്‍ വേറിട്ടു നില്‍ക്കുന്നത്‌. സമാനമായ പ്രായത്തില്‍ നമ്മുടെ രാജ്യത്തെ കുട്ടികള്‍ക്കു ലഭിക്കാത്ത വിധത്തിലുള്ള പരിശീലനം സ്‌തുത്യര്‍ഹമാണ്‌. പരിശീലകരും മികച്ച നിലവാരം പുലര്‍ത്തുന്നവരാണ്‌. ഒട്ടേറെ മത്സരക്കളികള്‍ക്കുശേഷമാണ്‌ അവര്‍ കളത്തിലിറങ്ങുന്നത്‌. അതില്‍ രാജ്യാന്തര മത്സരങ്ങളുമുണ്ട്‌.
ഒക്‌ടോബര്‍ മൂന്നിനാണ്‌് ബ്രസീല്‍ ടീം നെടുമ്പാശേരിയില്‍ ഇറങ്ങിയത്‌. ഒക്‌ടോബര്‍ 29-ന്‌ കൊല്‍ക്കത്തയില്‍ നിന്ന്‌ അവര്‍ സ്വദേശത്തേക്കു മടങ്ങുവരെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. എന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ ദിനങ്ങളായിരുന്നു അത്‌.

യു. ഷറഫലി

Ads by Google
Sunday 12 Nov 2017 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW