Tuesday, July 23, 2019 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 03.30 PM

പാദസരങ്ങളുടെ കൊഞ്ചലില്‍

''പാദസരം, പെണ്‍കൊടികളുടെ കാലിന് അഴകേകുന്ന ആഭരണം. ആ പാദസരത്തിനുമുണ്ട് കിലുക്കം നിറഞ്ഞ കഥകള്‍.''
uploads/news/2017/11/164466/padasaram111117.jpg

അമ്പലപ്പറമ്പിലെ ആല്‍മരച്ചുവട്ടില്‍ അവളുടെ വരവും കാത്ത് അവനിരുന്നു. വയല്‍വരമ്പുകള്‍ക്കിടയിലൂടെ വെള്ളിക്കൊലുസുകള്‍ കിലുക്കി അവള്‍ നടന്നുവരുന്ന ശബ്ദം ദൂരെ നിന്നേ അവനു കേള്‍ക്കാമായിരുന്നു.

കൊലുസിന്റെ ശബ്ദം അടുത്തടുത്ത് വന്നു. ഒടുവില്‍ ഒരു ചിരി സമ്മാനിച്ച് ആ കിലുക്കം അകന്നു പോയി...

ഒരു വേള ആ ശബ്ദം നിലയ്ക്കവെ അവനോര്‍ത്തു ആദിശങ്കരന് മുമ്പില്‍ ദേവി പ്രത്യക്ഷപ്പെട്ട കഥ. ആ കഥയും പാദസരവും തമ്മില്‍ എന്ത് ബന്ധമെന്നല്ലേ? പറയാം.

ആദിശങ്കരനും കുടജാദ്രിയും


മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമായി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രത്തിനു ഒരു ഐതിഹ്യം നിലവിലുണ്ട്.

ഈ മലനിരകളില്‍ ആദിശങ്കരന്‍ തപസ്സു ചെയ്‌തെന്നും, ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്റെ കൂടെ വരണമെന്നും, താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിക്കണമെന്ന ആഗ്രഹം അറിയിച്ചെന്നുമാണ് ഐതിഹ്യം.

ശങ്കരന്റെ ആഗ്രഹം സമ്മതിച്ച ദേവി ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥ വച്ച ശേഷം അദ്ദേഹത്തെ പിന്തുടര്‍ന്നു. ദേവിയുടെ വെള്ളിക്കൊലുസിന്റെ ശബ്ദമാണ് ദേവി തന്നെ പിന്തുടരുന്നു എന്നതിന്റെ തെളിവായി ശങ്കരന്‍ മനസില്‍ കണ്ടിരുന്നത്.

എന്നാല്‍ ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോള്‍ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിച്ചു. ശബ്ദം കേള്‍ക്കാതെയായപ്പോള്‍ ശങ്കരന്‍ തിരിഞ്ഞു നോക്കി. അതോടെ ദേവി സ്വയംഭൂവില്‍ വലയം പ്രാപിച്ച് കൊല്ലൂരില്‍ സ്ഥാനമുറപ്പിച്ചു എന്നാണ് പഴമൊഴി.

ഇനിയുമുണ്ട് പുരാണത്തില്‍ പാദസരം അടയാളമായി മാറിയ ഒരു കഥ. രാമായണത്തിലെ സീതാദേവിയുടെ പാദസരമാണ് ഇനി പറയുന്ന കഥയിലെ താരം.

രാമായണവും പാദസരവും


രാവണന്‍ സീതയെ അപഹരിച്ചതിനു ശേഷം രാമലക്ഷ്മണന്മാര്‍ സീതയെ അന്വേഷിച്ചു കാട്ടിലാകെ നടക്കുന്ന സമയം. അതിനിടെ സുഗ്രീവന്‍, ഹനുമാന്‍ തുടങ്ങിയ വാനരസേനയെ കണ്ടുമുട്ടി.

ഒരു സ്ത്രീയെ രാക്ഷസന്‍ വിമാനത്തില്‍ തട്ടിക്കൊണ്ടുപോകുന്നതു താന്‍ കണ്ടെന്നു സുഗ്രീവന്‍ രാമനോടറിയിച്ചു. ഈ മലയുടെ മുകളില്‍ തങ്ങളെ കണ്ടപ്പോള്‍ ആ സ്ത്രീ അവരുടെ ആഭരണങ്ങള്‍ ഊരി താഴെയിട്ടു എന്നു പറഞ്ഞ് സുഗ്രീവന്‍ ആ ആഭരണങ്ങള്‍ രാമനു മുന്നില്‍ വച്ചു.

ആഭരണങ്ങള്‍ കണ്ടപാടേ സീതാവിരഹം കൊണ്ടുള്ള ദുഃഖം മൂലം രാമന്‍ ആകെ ക്ഷീണിതനായി. ആഭരണങ്ങള്‍ സീതയുടേതു തന്നെയാണോ എന്നു പരിശോധിക്കാന്‍ ലക്ഷ്മണനോട് ആവശ്യപ്പെട്ടു.

നാഹം ജാനാമി കേയൂരേ നാഹം ജാനാമി കുണ്ഡലേ നൂപുരേ ത്വഭിജാനാമി നിത്യം പാദാഭിവന്ദനാത്

ജ്യേഷ്ഠാ, ജ്യേഷ്ഠത്തിയമ്മ മാറിലണിയുന്ന ആഭരണങ്ങളും തോള്‍വളകളും കമ്മലുമൊന്നും എനിക്കു കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ല, പക്ഷേ ഈ പാദസരം എനിക്കു നന്നായി അറിയാം. എന്നും ആ ആ കാല്‍ക്കല്‍ നമസ്‌കരിക്കുമ്പോള്‍ ഞാന്‍ കാണുന്നവയാണല്ലോ അവ.. എന്നായിരുന്നു ലക്ഷ്മണന്റെ മറുപടി.

ഒരു സ്ത്രീയും ഭര്‍തൃസഹോദരനും തമ്മിലുള്ള ബന്ധത്തിലെ ഉദാത്തമായ സദാ ചാരമൂല്യമാണു വാല്മീകി ലക്ഷ്മണന്റെ വാക്കുകളിലൂടെ രാമായണത്തില്‍ പറയുന്നത്.

uploads/news/2017/11/164466/padasaram111117a.jpg

പാദസരമണിയുമ്പോള്‍


സ്വര്‍ണ്ണം ലക്ഷ്മി ദേവിയാണ്. അതിനാല്‍ സ്വര്‍ണ്ണം ധരിക്കുമ്പോള്‍ ദൈവികമായ സ്ഥാനം നല്‍കണം. അതുകൊണ്ടുതന്നെ സ്വര്‍ണ്ണം ധരിക്കേണ്ടത് എപ്പോഴും അരയ്ക്ക് മുകളിലേക്കായിരിക്കണമെന്നാണ് പറയുന്നത്. സ്വര്‍ണ്ണ പാദസരമണിയുന്നത് ലക്ഷ്മിയെ നിന്ദിക്കുന്നതിന് തുല്യമാണത്രേ, അതുകൊണ്ടാണ് വിവാഹ സമയത്ത് കാലില്‍ സ്വര്‍ണ്ണ പാദസരമണിയരുതെന്ന് പറയുന്നത്.

കാലിലണിയേണ്ടത് വെള്ളി പാദസരമാണ്. വെള്ളിക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് വിവാഹവേളയില്‍ പെണ്‍കുട്ടികള്‍ വെള്ളി കൊലുസ് അണിയണമെന്ന് പറയുന്നത്. വെള്ളിക്കൊലുസണിഞ്ഞ പെണ്ണ് ഭര്‍തൃഗൃഹത്തിലേക്ക് ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വാസമുണ്ട്.

കാലില്‍ വെള്ളി പാദസരമണിയുന്നത് ദുര്‍ദേവതാ ദോഷത്തിന് പരിഹാരമാണെന്നാണ് വിശ്വാസം. സര്‍പ്പങ്ങളുടെ വാസസ്ഥലമായ പാതാളം ഭൂമിക്കടിയിലായതിനാലും കാലുകള്‍ക്ക് ഭൂമിയുമായി സമ്പര്‍ക്കമുള്ളതിനാലും പാതാളലോക വാസികളായ ദുര്‍ദേവതകള്‍ പാദങ്ങളിലൂടെ സ്ത്രീകളുടെ ശരീരത്തില്‍ പ്രവേശിക്കാനിടയുണ്ടത്രേ, ഇതിനെ തടുക്കാന്‍ സര്‍പ്പാകൃതിയിലുള്ള ആഭരണമായ പാദസരങ്ങള്‍ അണിയുന്നതാണ് പരിഹാരമെന്നും കേട്ടറിവ്.

നിശബ്ദമായ പാദസരങ്ങള്‍ കാലിലണിയരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പാദസരത്തില്‍ മുത്തുകളുണ്ടാവുകയും അവ ശബ്ദമുണ്ടാക്കുകയും ചെയ്യുകയാണെങ്കില്‍ ശുഭ ലക്ഷണമാണ്. നാദം ദൈവികമാണെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍.

കാലിനഴകായ്


പാദസരമല്ലേ, എങ്ങനെ വേണമെങ്കിലും അണിയാം എന്ന് കരുതരുത്. വെള്ളിപാദസരമാണെങ്കില്‍ ആങ്കിള്‍ ബോണിന് താഴെ അണിയുന്നതാണ് ഭംഗി. ഡിസൈനര്‍ പാദസരങ്ങളും ഈ രീതിയില്‍ ധരിക്കാം. ഫാന്‍സി കൊലുസുകള്‍ കാലില്‍ പറ്റിച്ചേര്‍ന്ന് ആങ്കിള്‍ ബോണിന് മുകളില്‍ അണിയുന്നതാണ് സ്റ്റൈല്‍.

അവളുടെ കൊലുസിന്റെ കൊഞ്ചല്‍ നിലച്ചുവെന്ന് ഉറപ്പായപ്പോള്‍ വയല്‍ വരമ്പിലൂടെ അവന്‍ നടന്നു. കുറച്ചുദൂരം പിന്നിട്ടതും പാടവരമ്പിലതാ ഒരു വെള്ളിത്തിളക്കം. അവനെ നോക്കി പുഞ്ചിരിക്കുന്ന അവളുടെ വെള്ളി കൊലുസ്...

uploads/news/2017/11/164466/padasaram111117b.jpg

കൊലുസിന്റെ കൊഞ്ചല്‍


നിറയെ മണികളുള്ള കിലുങ്ങുന്ന പാദസരങ്ങളായിരുന്നു പണ്ട് ഫാഷന്‍. ഫാഷന്റെ കുത്തൊഴുക്കില്‍ വെള്ളിപ്പാദസരം ഔട്ടായി. ഇടയ്ക്ക് സ്വര്‍ണപ്പാദസരം ട്രെന്‍ഡായെങ്കിലും ഇപ്പോഴതും മാറി. ഇതിനിടെ ഒരു കാലില്‍ മാത്രം പാദസരം അണിയുന്നതായി ഫാഷന്‍. പലതരം ബീഡ്സ് പതിച്ച പാദസരങ്ങളാണ് ഈ ട്രെന്‍ഡില്‍ വിപണിയിലെത്തിയത്.

ഒറ്റക്കാലില്‍ അണിയാവുന്ന കൊറിയന്‍ ബീഡ്സ് ഫാന്‍സി പാദസരങ്ങളാണ് കൗമാരക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. പല വര്‍ണങ്ങളിലുള്ള മുത്തുകള്‍ക്കൊപ്പം കൊച്ചു ഷെല്ലുകള്‍ കോര്‍ത്തെടുത്ത ഇത്തരം പാദസരങ്ങള്‍ കണങ്കാലില്‍ അണിഞ്ഞാല്‍ ആരുമൊന്ന് നോക്കിപ്പോകും.

കറുപ്പും വെള്ളയും സ്വര്‍ണനിറവും ഇടകലര്‍ന്നു നില്‍ക്കുന്ന ഡിസൈന്‍ ആണ് കൊറിയന്‍ ബീഡ്‌സ് പാദസരങ്ങളുടേത്. കൗമാരക്കാര്‍ മാത്രമല്ല, യുവതികളും ഇപ്പോള്‍ ഇത്തരം പാദസരങ്ങളുടെ ആരാധകരായി മാറിയിരിക്കുകയാണ്. 150 മുതല്‍ 250 രൂപ വരെയാണ് വില.

വിവാഹവേളയില്‍ വധുവിന് അണിയാനുള്ള വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള ബ്രൈഡല്‍ ആങ്ക്ലെറ്റുകളാണ് ജുവലറിയിലെ പ്രധാന താരം. രത്നകല്ലുകള്‍ പതിച്ച പാദസരങ്ങള്‍ക്ക് വില അല്പം കൂടുമെന്ന് മാത്രം. വില കൂടിയാലും പ്രശ്നമില്ലെന്നുള്ളവര്‍ക്കായി ഡയമണ്ടുകള്‍ പതിപ്പിച്ച പാദസരങ്ങളുമുണ്ട്.

ഗാര്‍നെറ്റ് ജെംസില്‍ തീര്‍ത്ത പാദസരങ്ങളാണ് പെണ്‍കൊടിമാരുടെ മനം മയക്കുന്ന മറ്റൊരു താരം. വെള്ളിയില്‍ തീര്‍ത്ത ചെയിനില്‍ ഗ്ലാസും ഗാര്‍നെറ്റും മുത്തുകളും കൂടിയാകുമ്പോള്‍ ഭംഗിയേറും. പെട്ടെന്ന് അഴിഞ്ഞുപോകാത്ത രീതിയില്‍ സ്പ്രിങ് ലോക്കും ഇതിനുണ്ട്. 300 രൂപ മുതലാണ് വില.

കുന്ദന്‍ വര്‍ക്ക് ചെയ്ത ആന്റിക് ഗോള്‍ഡ് പാദസരങ്ങള്‍ക്ക് 100 മുതല്‍ 150 രൂപ വരെ വില വരും. ഓക്‌സിഡൈസ്ഡ് സില്‍വര്‍ പാദസരങ്ങളുടെ വില 50 - 150 രൂപ വരെയാണ്.

ഹാങിങ് ടൈപ്പ് പാദസരങ്ങളാണ് ഫാന്‍സി പാദസരങ്ങളിലെ മറ്റൊരിനം. ജീന്‍സ്, കാപ്രി, മിഡി; വസ്ത്രം ഏതുമാവട്ടെ അവയ്‌ക്കൊപ്പം ഈ പാദസരങ്ങള്‍ അണിയാമെന്നതാണ് മറ്റൊരു സവിശേഷത. 50 മുതല്‍ 125 രൂപ വരെയാണ് വില.

നിറമുള്ള ചരടുകളില്‍ മുത്തു പിടിപ്പിച്ചവ, വൈറ്റ്‌മെറ്റലിലും ബ്ലാക്ക് മെറ്റലിലും ഉള്ളവ, നേര്‍ത്ത നൂലുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കിയവ... ഇങ്ങനെ പോകുന്നു മറ്റ് പാദസരങ്ങള്‍.

കറുത്ത നിറത്തിലോ ബഹുവര്‍ണങ്ങളിലോ ഉള്ള ചരട്, ഒരു കാലില്‍ മാത്രം കെട്ടുന്നതാണ് പുതിയ ട്രെന്‍ഡ്. പാദസരത്തിനു പകരമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ഈ ചരടില്‍ മുത്തുകളോ ഹാങ്ങിംഗുകളോ വര്‍ണക്കടലാസോ ഒക്കെ കെട്ടിയിട്ട് കൂടുതല്‍ സ്‌റ്റൈലിഷായ പരീഷണങ്ങള്‍ നടത്തുന്നവരുമുണ്ട്.

വില കുറവായതിനാല്‍ ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കാം എന്നതാണ് ഇത്തരം പാദസരങ്ങളുടെ ഗുണം. അതുകൊണ്ട് പോക്കറ്റ് കാലിയാകുമെന്ന പേടിയും വേണ്ട.

അശ്വതി അശോക്

Ads by Google
Saturday 11 Nov 2017 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW