Wednesday, April 24, 2019 Last Updated 20 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 11 Nov 2017 02.12 PM

പറയാന്‍ ബാക്കിവച്ചത്...

''പാതിനഷ്ടപ്പെട്ട ഒരു തലയോട്ടി. അത് വന്നുവീണത് പുറകില്‍ നിന്ന എന്റെ കാല്‍ച്ചുവട്ടിലേക്കായിരുന്നു. ഞാനല്‍പ്പം പിന്നോട്ടു മാറി.''
uploads/news/2017/11/164458/Weeklyanubhavachapu111117.jpg

സെമിത്തേരിയിലെ ഓരോ കുഴിവെട്ടുമ്പോഴും വലിയ രസത്തോടെയാണ് അവര്‍നോക്കിനില്‍ക്കുന്നത്. തലയോടുകളും എല്ലുകളും ഒക്കെ കാണുന്നത് അവര്‍ക്ക് ഒരു നല്ല അനുഭവം തന്നെയാണ്. കുഴിക്കുമ്പോള്‍ നല്ല പശിമയുള്ള മണ്ണ് തന്റെ കാല്‍ച്ചുവട്ടിലോളം തെറിച്ചുവീണുകൊണ്ടിരുന്നു. പെട്ടെന്നാണ് അതെന്റെ കണ്ണില്‍പ്പെട്ടത്.

ആ മണ്‍കട്ടകള്‍ക്കിടയില്‍ ഒരു സ്വര്‍ണ്ണത്തിളക്കം. ചെരുവിരലോളമുള്ള ഒരു സ്വര്‍ണ്ണച്ചാവി ആയിരുന്നു അത്. ഞാനത് കുമ്പിട്ടെടുത്തു. ഞാനെഴുതിയ പ്രശസ്തമായൊരു നോവലിലെ ഏറ്റവും പ്രധാനഭാഗമാണ് ഇത്. എന്നെ ഈ വരികളിലേക്കു നയിച്ചത് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച മറക്കാനാവാത്ത ഒരു സംഭവമാണ്.

ജീവിതത്തിലെ ചില സംഭവങ്ങള്‍ അങ്ങനെയാണ്. മനസ്സിന്റെ അടിത്തട്ടില്‍ കിടന്നു ഒരിക്കല്‍ അത് അക്ഷരങ്ങളായിപുറത്തുവരും. എനിക്ക് പതിനാറുവയസ്സുള്ളപ്പോഴാണ് പപ്പ ഞങ്ങളെ വിട്ടുപോയത്.

പപ്പയെ സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്ന യാത്രയില്‍ മുഴുവന്‍ ഞാന്‍ ചിന്തിച്ചത് പപ്പയ്ക്ക് വലിയ പണക്കാര്‍ക്ക് ഒക്കെ ഉള്ളതുപോലെ മാര്‍ബിളിലും, ഗ്രാനൈറ്റിലും തീര്‍ത്ത കല്ലറയും, അതിനുകീഴെ എന്നെന്നേക്കുമായി പപ്പയ്ക്ക് അന്ത്യവിശ്രമം കൊള്ളാനുള്ള ആറടിമണ്ണും മാത്രമായിരുന്നു.

അന്ന് അതൊക്കെ സാധാരണക്കാരനായ ഒരു ടീനേജുകാരന്റെ ഒരിക്കലും സാധിക്കാത്ത ആഗ്രഹമായിരുന്നു. കല്ലറയൊന്നുമില്ലാതെ സാധാരണക്കാരെ അടക്കം ചെയ്യുന്ന കുഴിയില്‍ അപ്പനെ സംസ്‌കരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അപ്പുറത്ത് മറ്റേതോ ധനികനുവേണ്ടി ഒരുങ്ങിക്കൊണ്ടിരുന്ന തിളക്കമേറിയ മാര്‍ബിളില്‍ തീരുന്ന കല്ലറയായിരുന്നു.

ഏതാണ്ട് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടില്‍ ഒരു കുട്ടി മരിക്കുകയും, മരണാനന്തരചടങ്ങിന് സെമിത്തേരിയില്‍ എനിക്ക് പോകേണ്ടതായും വന്നു. അന്നവിടെ ആ കുട്ടിയെ കുഴിച്ചിടാനായി കപ്യാര് നിര്‍ദേശിച്ച സ്ഥലം മറ്റെവിടെയും ആയിരുന്നില്ല. എന്റെഅപ്പനെ അടക്കിയ അേത സ്ഥലത്ത് ആയിരുന്നു.

സാധാരണക്കാരെ സംസ്‌കരിക്കുന്നിടത്ത് അങ്ങനെയാണ്. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ വീണ്ടും അടുത്ത ജഡം കുഴിച്ചിടാന്‍ ഉപയോഗിക്കും. ഞാന്‍ അന്നുനിന്ന അതേ പോയന്റില്‍ പോയി രണ്ടുവര്‍ഷം മുമ്പുനടന്ന അപ്പന്റെ സംസ്‌കാരത്തിന്റെ ഓര്‍മ്മകളും പേറി നിന്നു. കുഴികുത്തുന്നവര്‍ പണി തുടങ്ങി.

അവര്‍ ഓരോതവണ മണ്ണില്‍ മമ്മട്ടി ആഞ്ഞിറക്കി മണ്ണ്‌കോരി പുറത്തിടുമ്പോളും അതില്‍ ഞാനെന്റെ പപ്പയുടെ അവശിഷ്ടങ്ങള്‍ തിരഞ്ഞു. ഇല്ല, ഒന്നുമില്ല. എല്ലാം മണ്ണിനോട് ചേര്‍ന്നിരിക്കുന്നു.

പപ്പാ മണ്ണിനോട് ലയിച്ചിരിക്കുന്നു. പെട്ടെന്ന് അവര്‍ വെട്ടിയിട്ട ഒരു മണ്‍കൂനയിലേക്ക് നോക്കിയപ്പോള്‍ ഞാനൊന്നു ഞെട്ടി. പാതിനഷ്ടപ്പെട്ട ഒരു തലയോട്ടി.

ഞാന്‍ അതിലേക്കുനോക്കി. അവര്‍ പണിനിര്‍ത്തി അതെടുത്തു നോക്കുകയാണ്. അതിലെ ചില വരകള്‍ ഒക്കെ നോക്കി. അതിനു ഏതാണ്ട് രണ്ടുവര്‍ഷം പഴക്കമുണ്ടാകും എന്നോക്കെ അവര്‍ ഉറക്കെപ്പറയുന്നുണ്ട്. ഞാന്‍ ഒന്നും മിണ്ടാതെ അതിലേക്കുതന്നെ നോക്കിനിന്നു.

അവര്‍ പരിശോധനയൊക്കെക്കഴിഞ്ഞു അത് പിറകിലേക്ക് വലിച്ചെറിഞ്ഞു. അത് വന്നുവീണത് പിറകില് നിന്ന എന്റെ കാല്ച്ചുവട്ടിലേക്കായിരുന്നു. ഞാനല്‍പ്പം പിന്നോട്ടുമാറി. അപ്പനും പണ്ട് എനിക്കടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പേടിച്ചുപിന്നോട്ട് മാറുമായിരുന്നത് ഓര്‍മ്മയില്‍ വന്നു.

ഇതെന്റെ പപ്പയുടേത് ആയിരിക്കുമോ? അതോ, അതിനുശേഷം അടക്കിയ ആരുടെയെങ്കിലും? അറിയില്ല. ആ കുട്ടിയുടെ മൃതദേഹം കുഴിയിലേക്കിറക്കി. ബന്ധുക്കള്‍ കയ്യില്‍ മണ്ണെടുത്ത് ആ കുഴിയിലെക്കിട്ടുകൊണ്ടിരുന്നു. ഞാന്‍ മെല്ലെ കുനിഞ്ഞ് ഒരുപിടി മണ്ണ് കൈക്കുമ്പിളില്‍ വാരിയെടുത്തു; ഒപ്പം ആ തലയോട്ടിയുടെ ഭാഗവും.

അത് ഞാന്‍ കുഴിയിലേക്കിട്ടു. പിന്നെയും മണ്ണുവീണ് അത് മൂടപ്പെടുന്നതു വരെ ഞാന്‍ നോക്കിനിന്നു. ഏവരും തിരിച്ചുപോയി. ഞാന്‍ അവിടെനിന്ന് ചിന്തിച്ചു.

എന്തിനായിരിക്കും അത് പിന്നെയും എന്റടുത്തേക്ക് വന്നത്? പപ്പയ്ക്ക് എന്നെ കാണണമെന്നും എന്തെങ്കിലും പറയണമെന്നും തോന്നിയിരിക്കുമോ? എന്തുതന്നെയായാലും മുമ്പ് സൂചിപ്പിച്ച നോവലിലെ ആ വരികള്‍ എഴുതുമ്പോള്‍എന്റെ പേന ചലിപ്പിച്ചിരുന്നത് ഞാന്‍ അല്ലായിരുന്നു. പപ്പയുടെ അദൃശ്യകരങ്ങള്‍ ആയിരുന്നു.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍ .

Ads by Google
Ads by Google
Loading...
TRENDING NOW