Saturday, March 24, 2018 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Saturday 11 Nov 2017 01.40 AM

ഓര്‍മകളുടെ സുനാമി

uploads/news/2017/11/164279/bft1.jpg

ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ്‌ രാജ്യാന്തര സുനാമിദിനം ആചരിച്ചെന്ന വാര്‍ത്ത എന്റെ മനസില്‍ തീര്‍ത്തത്‌ ഓര്‍മകളുടെ സുനാമിയാണ്‌. ഓര്‍ത്തിരകള്‍ മിക്കപ്പോഴും ഉണ്ടാകാറുണ്ട്‌. വല്ലപ്പോഴും സംഭവിക്കുന്ന പ്രകൃതിപ്രതിഭാസമാണ്‌ സുനാമികള്‍. ഒരുനൂറ്റാണ്ടിന്റെ ചരിത്രമെടുത്താല്‍ രാജ്യാന്തര തലത്തില്‍ 58 സുനാമികളാണ്‌ ഏറെ നാശംവിതച്ചവയുടെ ഗണത്തിലുള്ളത്‌. പക്ഷേ, ഇവ കവര്‍ന്നത്‌ 2,60,000 ജീവനുകളാണ്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ അരങ്ങേറിയ സുനാമികള്‍ ഓരോന്നും ശരാശരി 4600 ജീവന്‍ കവര്‍ന്നിട്ടുണ്ടെന്നു ചുരുക്കം.
ഇന്ത്യയിലും അയല്‍രാജ്യക്കാര്‍ക്കും സുനാമിയെന്നാല്‍ 2004 ഡിസംബര്‍ 26ന്‌ സംഭവിച്ചതുതന്നെ. ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ആഹ്ലാദത്തിരകള്‍ അടങ്ങുംമുമ്പേ 30 മീറ്റര്‍ ഉയരത്തില്‍ ആഴിത്തിരമാലകള്‍ തീരത്തെ വിഴുങ്ങി. 16 രാജ്യങ്ങളാണ്‌ അന്നത്തെ മഹാദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടത്‌. മരണസംഖ്യയില്‍ ഇന്തോനീഷ്യയായിരുന്നു മുന്നില്‍. ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല.
ലോകത്ത്‌ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ മൂന്നാമത്തെ വലിയ ഭൂകമ്പമായിരുന്നു ഡിസംബര്‍ 26ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായത്‌. സാധാരണ ഭൂകമ്പങ്ങള്‍ സെക്കന്‍ഡുകള്‍ മാത്രമാണ്‌ നിലനില്‍ക്കുക. അന്നത്തെ ഭൂകമ്പം മിനിട്ടുകള്‍ നീണ്ടു. അതിന്റെ ചെറുതും വലുതുമായ അലയൊലികള്‍ ലോകമെമ്പാടും അനുഭവപ്പെട്ടു.
ഈ ഭൂകമ്പം ശാസ്‌ത്രലോകത്തെ നിഷ്‌പ്രഭമാക്കിയെന്നു പറഞ്ഞത്‌ പരിണതപ്രജ്‌ഞനായ ഗവേഷകന്‍ തോമസ്‌ ലേയാണ്‌. കലിഫോര്‍ണിയ സര്‍വകലാശാലയിലെ തന്റെ ഗവേഷണ കേന്ദ്രത്തിലിരുന്ന്‌ ലേ പറഞ്ഞ വാക്കുകള്‍ക്കു പല അര്‍ഥതലങ്ങളുണ്ടായിരുന്നു. ഭൂകമ്പം പ്രവചിക്കാന്‍ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ മുന്‍ രാഷ്‌ട്രപതി അന്തരിച്ച എ.പി.ജെ. അബ്‌ദുള്‍ കലാം തന്റെ മിക്ക പ്രസംഗങ്ങളിലും യുവശാസ്‌ത്രജരെ ആഹ്വാനം ചെയ്യുമായിരുന്നു. പ്രകൃതി പ്രതിഭാസങ്ങള്‍ ആധികാരികവും കൃത്യവുമായി മുന്‍കൂട്ടി അറിയാന്‍ കെല്‍പ്പുള്ള യുവശാസ്‌ത്രജ്‌ഞര്‍ ഉണ്ടാകുമെന്നു പ്രത്യാശിക്കാം.സുനാമിയും ഭൂകമ്പവും പ്രവചിച്ച്‌ സമൂഹശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന കാപട്യക്കാരെ തടയാന്‍ പ്രതിഭയുള്ള യുവശാസ്‌ത്രജ്‌ഞര്‍ക്കു കഴിയും.
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാത്തതെന്തേയെന്ന്‌ ആധ്യാത്മിക രംഗത്തുള്ളവരോടു ചോദിക്കാറുണ്ട്‌. സാംഗത്യമുള്ള സംശയമാണത്‌. ഭൂമി സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കും. ശാസ്‌ത്രലോകം അതിന്റെ ധര്‍മവും ആത്മീയലോകം സ്വന്തം കടമയും നിറവേറ്റും. ചോദ്യത്തിന്റെ ഉത്തരവും ഇതുതന്നെ.
ഭൂമി സ്വന്തം കടമ നിര്‍വഹിക്കുന്നതുകൊണ്ടല്ലേ ഋതുക്കളും രാവും പകലും കൃത്യമായി സംഭവിക്കുന്നത്‌. ശാസ്‌ത്രകാരന്മാരുടെ കണ്ടുപിടിത്തങ്ങളല്ലേ ജീവിത സൗകര്യങ്ങള്‍ കൂട്ടുന്നത്‌. ജീവിതസൗകര്യങ്ങള്‍ വര്‍ധിക്കുമ്പോഴാണ്‌ മനുഷ്യന്‍ തലമറന്ന്‌ എണ്ണ തേയ്‌ക്കുന്നത്‌. അഹന്തയും ദുരയുംമൂത്ത്‌ ഭൂമിയെവരെ മനുഷ്യന്‍ തന്റെ പ്രവൃത്തികളിലൂടെ തകിടം മറിക്കും.
ഞാനും നീയും ഒന്നു തന്നെയെന്ന തിരിച്ചറിവാണ്‌ ആത്മജ്‌ഞാനം. ഞാനും നീയും എന്നത്‌ ദൈവവും മനുഷ്യനുമാകാം, പരിസ്‌ഥിതിയും മനുഷ്യനുമാകാം, കടലും കരയുമാകാം, സ്വര്‍ഗവും നരകവുമാകാം. ആത്മജ്‌ഞാനം ആര്‍ജിക്കാന്‍ സകലതിനുമാകും. ജീവിതത്തിരക്കിനിടയില്‍ അതൊന്നും ആരും ഓര്‍ക്കാറില്ലെന്നു മാത്രം. "നമുക്കു നാമേ പണിവതു നാകവും നരകവുമതുപോലെ" എന്നെഴുതിയ കവി തീര്‍ച്ചയായും ആത്മജ്‌ഞാനി തന്നെ.
തിരുത്തല്‍ ആവശ്യമായിടത്ത്‌ ആധ്യാത്മികതയ്‌ക്കൊരു ഇടമുണ്ട്‌. ഒരാള്‍ മറ്റൊരാളെ ആക്രമിക്കുമ്പോള്‍ ഇരുവരും ഒരേ ആത്മാക്കള്‍ തന്നെയെന്ന്‌ ഓര്‍മിപ്പിക്കുന്നത്‌ ഒരു തിരുത്തലാണ്‌. പരസ്‌പര കൈയേറ്റങ്ങള്‍ ബുദ്ധിമോശമാണെന്ന്‌ ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല. അപ്പോള്‍ അത്‌ ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കുന്ന മഹത്തായ ദൗത്യമാണ്‌ യഥാര്‍ഥ ആത്മീയവാദികള്‍ ഏറ്റെടുത്തിരിക്കുന്നത്‌.
പ്രകൃതിദുരന്തം പ്രവചിക്കാനോ അവയെ തടഞ്ഞുനിര്‍ത്താനോ ആത്മീയവാദികള്‍ക്കു കഴിയില്ല. ശ്രീകൃഷ്‌ണ ഭഗവാന്റെ വൃന്ദാവനവും ദ്വാരകയും പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ആരും പ്രളയത്തിനു തടതീര്‍ത്തില്ല. യേശുദേവന്‍ യാതനകള്‍ സ്വയം അനുഭവിച്ചു തീര്‍ക്കുകയായിരുന്നു. വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ കഴിയുന്നതാണ്‌ ഏറ്റവും വലിയ ആത്മീയത. അതു ചെയ്യുന്നവരാണ്‌ ഏറ്റവും വലിയ ആത്മീയവാദികള്‍.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Saturday 11 Nov 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW