Thursday, December 13, 2018 Last Updated 37 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 04.14 PM

കണ്ണായി കാണണം കണ്ണും കാഴ്ചയും

''നിത്യജീവിതത്തില്‍ കണ്ണിനുള്ള പ്രാധാന്യം എത്രത്തോളം വലുതാണെന്ന് എല്ലാവരും മനസിലാക്കിയിരിക്കുന്നു. അതിനുള്ള തെളിവു തന്നെയാണ് ഒപ്റ്റിക്കല്‍സിലും മറ്റും കണ്ണ് പരിശോധനയ്ക്കായി ഡോക്ടറെയും മറ്റു യന്ത്രസംവിധാനങ്ങളും ഏര്‍പെടുത്തിയിരിക്കുന്നത്''
uploads/news/2017/11/163788/kannukanan0911147.jpg

എട്ടു വയസുമുതല്‍ 80 വയസു വരെയുള്ളവരില്‍ 90 ശതമാനം ആള്‍ക്കാരെങ്കിലും കണ്ണിന്റെ തകരാറുള്ളവരാണ്. ഇന്ന് ആധുനിക ചികിത്സാ സംവിധാനത്തിന്റെ കടന്നുവരവോടെ കണ്ണിന്റെ തകരാര്‍ വേഗം തന്നെ കണ്ടുപിടിച്ച് അതിനുവേണ്ട ചികിത്സകള്‍ ചെയ്യാന്‍ നമുക്കു കഴിയുന്നുണ്ട്.

അതുകൊണ്ടുതന്നെ കാഴ്ചയ്ക്ക് സംഭവിക്കുന്ന ബുദ്ധിമുട്ട് അത് ഏതുരോഗത്തിന്റെ ലക്ഷണമാണെന്നു കണ്ടുപിടിച്ച് രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടനെ ഡോക്ടറെ സമീപിക്കാനും മലയാളിക്കു കഴിയുന്നു.

തകരാറുകള്‍ കണ്ടെത്തണം


കണ്ണില്‍ ഒരു കരടു വീണാലോ, കണ്ണൊന്നു ചുവന്നാലോ അതു സാരമാക്കാത്ത ഒരു കാലമുണ്ടായിരുന്നു. കണ്ണിനുണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം അക്കാലത്ത് നാടന്‍ ചികിത്സയാണ് ചെയ്തിരുന്നത്. എന്നാല്‍ അത് കഴിഞ്ഞകാലം.

കണ്ണിനുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഡോക്ടറെ കണ്ട് അതിനു വേണ്ട ചികിത്സ നടത്താന്‍ ഇന്ന് എല്ലാവരും ശ്രമിക്കുന്നുണ്ട്. നിത്യജീവിതത്തില്‍ കണ്ണിനുള്ള പ്രാധാന്യം എത്രത്തോളം വലുതാണെന്ന് എല്ലാവരും മനസിലാക്കിയിരിക്കുന്നു.

അതിനുള്ള തെളിവു തന്നെയാണ് ഒപ്റ്റിക്കല്‍സിലും മറ്റും കണ്ണ് പരിശോധനയ്ക്കായി ഡോക്ടറെയും മറ്റു യന്ത്രസംവിധാനങ്ങളും ഏര്‍പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കണ്ണിനുണ്ടാകുന്ന ചെറിയ ന്യൂനതകള്‍ പോലും പരിഹരിക്കാനാകുന്നു. ഇത് നേത്രരോഗങ്ങളുടെ വര്‍ധനവ് തടയാന്‍ ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്.

പോഷകാഹാരക്കുറവ്


പോഷകാഹാരത്തിന്റെ കുറവ്‌കൊണ്ട് നേത്രരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പണ്ടത്തെ അത്രയും നേത്രരോഗികള്‍ ഈ പ്രശ്‌നം മൂലം ഇന്ന് ഉണ്ടാകാറില്ല. വിറ്റാമിന്‍ എയും, റൈബോഫ്ളോവിന്‍ എന്ന വിറ്റാമിനും കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. പോഷകക്കുറവുകൊണ്ട് നിശാന്ധത, മാലക്കണ്ണ് എന്നീ അസുഖങ്ങള്‍ ഉണ്ടാകാം.
uploads/news/2017/11/163788/kannukanan0911147a.jpg

രോഗികള്‍ കൂടുന്നു


കൊച്ചു കുട്ടികള്‍ പോലും കാഴ്ചക്കുറവു മൂലം കണ്ണാടി വെക്കുന്നുണ്ട്. പത്ത് കുട്ടികളെ നോക്കിയാല്‍ അവരില്‍ കുറഞ്ഞത് ആറ് പേരെങ്കിലും കാഴ്ച കുറവിനായി കണ്ണാടി വച്ചവരായിരിക്കും. എന്നാല്‍ കൂടുതല്‍ പേര്‍ക്കും നേത്രരോഗം ഉണ്ടെന്നല്ല അര്‍ഥമാക്കുന്നത്.

നേത്രരോഗത്തിന്റെ വലിയ ഒരളവും പ്രായാധിക്യത്താലുണ്ടാകുന്നതാണ്. കേരളത്തിലെ പ്രയമായവരുടെ എണ്ണം കൂടുന്നു എന്നതാണ് നേത്രരോഗികളുടെ എണ്ണത്തിലെ വര്‍ധനവിനു കാരണം. ഇവരില്‍ തിമിരമാണ് ഭൂരിഭാഗം പേരെയും അലട്ടിയിരുന്ന പ്രശ്‌നം.

പ്രായമാകുമ്പോള്‍ ഞരമ്പുകളും, പേശികളും ദുര്‍ബലമാകുകയും കാഴ്ചയ്ക്ക് മങ്ങലുണ്ടാകുകയും ചെയ്യുന്നു. കൂടാതെ ഞരമ്പുകളിലെ രക്തയോട്ടം കുറയുന്നു. ഇതുമൂലം മാകുലോപ്പതി, രക്താതി സമ്മര്‍ദ്ദം കൊണ്ടുള്ള രക്തസ്രാവം എന്നിവയും ഉണ്ടാകുന്നു. ജീവിതരീതിയിലുണ്ടായ മാറ്റങ്ങള്‍ കൊണ്ട് ഉണ്ടായ പ്രഷറും, പ്രമേഹവും കാഴ്ചത്തകരാറിന് കാരണമാകുന്നു.

പ്രമേഹത്തെ തുടര്‍ന്ന് റെറ്റിനയ്ക്കുണ്ടാകുന്ന വൈകല്യങ്ങളാണ് തിമിരത്തിനു ശേഷമുള്ള അന്ധതയ്ക്ക് കാരണം. സ്‌കുളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും കാഴ്ചത്തകരാറുകള്‍ ഉണ്ടാകുന്നുണ്ട്. പ്രധാനമായും കുട്ടികളില്‍ ഹ്രസ്വദൃഷ്ടിയും, ദീര്‍ഘദൃഷ്ടിയും ആണ് കൂടുതലായി കണ്ടുവരുന്നത്.

പതിയിരിക്കുന്ന അപകടങ്ങള്‍


പല തൊഴില്‍ മേഖലകളും അപകടം നിറഞ്ഞതാണ്. സ്വഭാവികമായി ഉണ്ടാകാറുള്ള കാഴ്ചത്തകരാറിനു പുറമേയാണ് അപകടങ്ങള്‍ മൂലം കാഴ്ച തകരാറുകള്‍ ഉണ്ടാകുന്നത്. ഓരോ ദിവസം ചെല്ലുന്തോറും അപകടങ്ങള്‍ നിറഞ്ഞ തൊഴില്‍ മേഖലകള്‍ കൂടിക്കൊണ്ടിരിക്കുന്നു.

അതിനാല്‍ ശ്രദ്ധിക്കേണ്ട ഇത്തരം ജോലികളില്‍ ചെറിയ അശ്രദ്ധ കൊണ്ടു പോലും ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാം. ജീവനു തന്നെ ഭീക്ഷണിയാകുന്ന പല തൊഴില്‍ സംരംഭങ്ങളും ഇന്ന് കേരളത്തിലുണ്ട.്

വെല്‍ഡിംഗ്, പെയിന്റിംഗ്, മാര്‍ബിള്‍ ജോലികള്‍, കെട്ടിടം പണിക്കാര്‍, രാസവസ്തു നിര്‍മ്മാണം, സിമന്റ് ചാക്ക് ചുമക്കുന്നവര്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് കണ്ണിന് കൂടുതലും പരിക്കേല്‍ക്കുന്നത്.

വെല്‍ഡിംഗ് സമയത്ത് പ്രത്യേക കണ്ണട ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ പലരും ഇതനുസരിക്കാറില്ല. വെല്‍ഡിംഗ് സമയത്തുണ്ടാകുന്ന സ്പാര്‍ക്കിന്റെ ഫലമായി ഉരുകിയ ലോഹക്കഷണങ്ങള്‍ കണ്ണിലേക്ക് തെറിച്ച് അപകടമുണ്ടാകാം. വെല്‍ഡിംഗ് ചെയ്യുന്ന സമയത്തുണ്ടാകുന്ന ശക്തിയേറിയ പ്രകാശം കണ്ണിലടിക്കുന്നതും ഹാനികരമാണ്.

രാസ ലായനികള്‍ കൈകാര്യം ചെയ്യുന്ന ജോലി ചെയ്യുന്നവര്‍ക്കും കണ്ണില്‍ അപകടമുണ്ടാകാം. ഈ രാസ ലായനികള്‍ കൈകാര്യം ചെയ്യുമ്പോഴോ മറ്റോ കണ്ണില്‍ വീഴുകയോ അതിലെ ആസിഡ് പോലെയുള്ള വാതകം മുഖത്തടിക്കുകയോ ചെയ്യുമ്പോള്‍ കണ്ണിന് അപകടമുണ്ടാകുന്നു. മറ്റൊരു അപകടമാണ്.

സിമന്റ് ചാക്ക് ചുമക്കുന്നവര്‍ക്ക് കുറച്ചു സിമെന്റ് കൈകളില്‍ പറ്റിയാല്‍ തന്നെ അവിടം പൊള്ളാറുണ്ട്. അപ്പോള്‍ അത് കണ്ണില്‍ വീണാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെയുള്ള അപകടങ്ങള്‍ എറ്റവും അധികം ബാധിക്കുന്നത് കണ്ണിനെയാണ്. ഇതുമൂലം കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടെന്നു വരാം. ദിനംപ്രതി നിരവധി ആളുകള്‍ കണ്ണിനപകടം പറ്റി ആശുപത്രികളില്‍ എത്തിച്ചേരുന്നു.

uploads/news/2017/11/163788/kannukanan0911147b.jpg

വാഹനാപകടങ്ങള്‍


പുതിയ വാഹനങ്ങളുടെ കടന്നുകയറ്റം നഗരത്തിലെ റോഡുകളില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന വാഹനങ്ങളുടെ വര്‍ധനവിനെ സൂചിപ്പിക്കുന്നു. തന്മൂലം വാഹനാപകടങ്ങളും പെരുകുന്നു. അപകടങ്ങള്‍ മൂലം തലയ്ക്കുണ്ടാകുന്ന പരിക്ക് പലപ്പോഴും കാഴ്ചയെ ബാധിക്കാറുണ്ട്.

വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ ഏറിയ പങ്കും കണ്ണിന് അപകടം പറ്റാറുണ്ട്. വാഹനത്തിന്റെ കമ്പിയോ, ചില്ലു കഷണങ്ങളോ കണ്ണില്‍ തറച്ചു കയറി അപകടമുണ്ടാകാം. വാഹനാപകടങ്ങളില്‍ വലിയ ഒരു ശതമാനം ആള്‍ക്കാര്‍ക്കും കണ്ണിന് തകരാര്‍ സംഭവിക്കാറുണ്ട്.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂടുതലും തലയ്ക്ക് പരിക്കേല്‍ക്കുന്നത്. തലയ്ക്ക് ഉണ്ടാകുന്ന പരിക്ക് കാഴ്ചയ്ക്ക് തകരാറുണ്ടാക്കുന്നതിനൊപ്പം തന്നെ ഞരമ്പുകള്‍ക്കും ക്ഷതമേല്‍പിക്കുന്നു.

ജനിതക വൈകല്യങ്ങള്‍


ജനിതകപരമായ കാഴ്ചത്തകരാര്‍ ഇക്കാലത്ത് കുറവല്ല. പ്രധാനമായും മാതാപിതാക്കളുടെ അല്ലെങ്കില്‍ ഗര്‍ഭകാലത്തെ അശ്രദ്ധയും ജന്മനായുള്ള കാഴ്ച തകരാറിന് കാരണമാകുന്നു.

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസത്തില്‍ ജര്‍മന്‍ മീസില്‍സ്, കടുത്ത പനി, വൈറല്‍ രോഗങ്ങള്‍ എന്നിവ ബാധിച്ച ആളുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുത്.

കഴിയുന്നതും ഈ അസുഖമുള്ളവരില്‍ നിന്നും ഗര്‍ഭിണികള്‍ അകന്നു നില്‍ക്കുന്നതാണ് നല്ലത്. ഗര്‍ഭകാലത്ത് ഈ അസുഖങ്ങള്‍ വന്നാല്‍ ജനിക്കുന്ന കുഞ്ഞിന് തിമിരം പോലെയുള്ള പല ജന്മവൈകല്യങ്ങളും ഉണ്ടാകുന്നു. അതിനാല്‍ ജര്‍മ്മന്‍ മീസില്‍സ് പോലെയുള്ള അസുഖത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കേണ്ടതാണ്.

ജര്‍മ്മന്‍ മീല്‍സ് വന്നാല്‍ ഗര്‍ഭം അലസിപ്പിക്കുന്നതാണ് ഉത്തമം. അമ്മയ്ക്ക് പ്രസവസമയത്ത് സിഫിലസ്, മൂത്രത്തില്‍ അണുബാധ എന്നിവയുണ്ടെങ്കില്‍ കുഞ്ഞിന്റെ കാഴ്ചയെ അതുബാധിക്കും.

പോഷകാഹാരക്കുറവുമൂലവും കുഞ്ഞിന്റെ ആരോഗ്യത്തിനും കാഴ്ചയ്ക്കും തകരാര്‍ സംഭവിക്കാം. മറുപിള്ളയിലുണ്ടാകുന്ന മുറിവ് മൂലം ഭ്രൂണത്തിനുവേണ്ട ഓക്‌സിജന്‍ കിട്ടാതെ വരുന്നു. ഇത് കുഞ്ഞിന്റെ കാഴ്ചയെ ബാധിച്ചേക്കാം.

ഗര്‍ഭിണിയായ സ്ത്രീകള്‍ വീര്യം കൂടിയ മരുന്നുകള്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന്റെ കാഴ്ചശക്തി ജന്മനാതന്നെ നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ ഏതെങ്കിലും അസുഖത്തിന് മരുന്നു വാങ്ങാനായി ഡോക്ടറെ കാണാന്‍ ചെല്ലുന്ന സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ അത് ഡോക്ടറോട് മുന്‍കൂട്ടി പറയണം.

കടപ്പാട്: ഡോ. ടോണി ഫെര്‍ണാണ്ടസ്

Ads by Google
Ads by Google
Loading...
TRENDING NOW