Tuesday, October 16, 2018 Last Updated 49 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 02.00 AM

അധ്യാപകര്‍ ഒരുപാട്‌ പഠിക്കാനുണ്ട്‌!

uploads/news/2017/11/163597/bft1.jpg

അധ്യാപിക വഴക്കുപറഞ്ഞതിനേത്തുടര്‍ന്നു സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യചെയ്‌ത വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുമ്പേ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. നമ്മുടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എന്തുപറ്റി? ഒരു വഴക്കു കേട്ടാലുടന്‍ ആത്മഹത്യക്കു തുനിയുന്നത്ര ദുര്‍ബലമനസ്‌കരായോ നമ്മുടെ പുതുതലമുറ? അതോ അധ്യാപനത്തിന്റെ മഹത്വവും മാതൃത്വവും അധ്യാപകര്‍ മറന്നുപോയോ? ലക്ഷ്‌മണരേഖകള്‍ അവര്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നില്ലേ? ഗൗരി നേഘയുടെ മരണവും സമാനസംഭവങ്ങളും നമ്മുടെ സമൂഹത്തിലെ ജീര്‍ണതയുടെ നേര്‍ക്കാഴ്‌ചകളാകുന്നു.
യുവസംവിധായിക വിധു വിന്‍സെന്റിനെ യാദൃച്‌ഛികമായി നിയമസഭയില്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ സൂചിപ്പിച്ച ഒരു സംഭവമാണിപ്പോള്‍ ഓര്‍ക്കുന്നത്‌. പ്രശസ്‌തയായ ഒരു പിന്നണിഗായികയുടെ അനുഭവമാണത്‌. സ്‌കൂളിലെ സംഘനൃത്തത്തില്‍നിന്ന്‌ അവരെ മാറ്റിനിര്‍ത്താന്‍ അധ്യാപകര്‍ കണ്ടെത്തിയ കാരണം നിറം കുറവാണെന്നതായിരുന്നു. ആ അവഗണനയില്‍നിന്നുണ്ടായ വാശിയും ഇഛാശക്‌തിയും അവളെ പിന്നീടു പ്രശസ്‌തഗായികയാക്കി എന്നതു മറ്റൊരു കാര്യം.
വിദ്യാലയം രണ്ടാംവീടാണെന്ന സങ്കല്‍പത്തില്‍നിന്ന്‌ അരക്ഷിതത്വത്തിന്റെ നിഴലിലേക്ക്‌ എപ്പോഴാണു നമ്മുടെ കുട്ടികളില്‍ വഴുതിവീണത്‌. പുതിയ കാഴ്‌ചകള്‍ തിരിച്ചറിയാനും പുതുതലമുറയുടെ ആകുലതകള്‍ തിരിച്ചറിയാനും അധ്യാപകരെ പരിശീലിപ്പിക്കേണ്ടതല്ലേ? ഓരോ കുട്ടിയും സ്‌കൂളിലെത്തുന്നതു വ്യത്യസ്‌ത സാഹചര്യങ്ങളില്‍നിന്നാണ്‌. ഞാന്‍ അധ്യാപകനായിരിക്കേ ഒരു കുട്ടിയെ കോപ്പിയടിച്ചതിനു പിടിച്ച സംഭവം ഓര്‍മവരുന്നു. കോപ്പി സഹിതം ചീഫ്‌ എക്‌സാമിനറെ ഏല്‍പിച്ച്‌ ദിവസങ്ങള്‍ കഴിയുന്നതിന്‌ മുമ്പ്‌ അവനെന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പഴയ വീടും പരിസരവും. രാവിലെ താല്‍ക്കാലിക ജോലി ചെയ്‌തശേഷം കോളജിലെത്തുന്ന അനുഭവം അവന്‍ പങ്കിട്ടപ്പോള്‍ എനിക്കുണ്ടായ മാനസികാവസ്‌ഥ പറഞ്ഞറിയിക്കാനാവില്ല. സഹഅധ്യാപകര്‍ക്കൊപ്പം അവനെ നിയമപരമായി സഹായിക്കാന്‍ കഴിഞ്ഞതുകൊണ്ട്‌ ശിക്ഷ പരമാവധി കുറച്ച്‌ പഠനം തുടരാന്‍ കഴിഞ്ഞു. ഇന്നവന്‍ ജീവിതം ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുന്നു.
ഇന്നത്തെ കുട്ടികള്‍ ഒരു ആഗോളസമൂഹത്തിന്റെ ഭാഗമായാണു ജീവിക്കുന്നത്‌. അതിലെ ശരിതെറ്റുകള്‍ പഴയ അളവുകോലുകള്‍ കൊണ്ട്‌ അളക്കാനാവില്ല. ലോകം കൈക്കുമ്പിളിലായ കുട്ടിക്ക്‌ അവന്റേതായ ഭാഷയും ആകാംക്ഷയുമുണ്ട്‌. അവന്റെ ലോകത്തേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ പലപ്പോഴും വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കഴിയുന്നില്ല. ആശയവിനിമയത്തിന്റെ സാധ്യതകള്‍ വീടുകളില്‍തന്നെ കുറഞ്ഞുവരുമ്പോള്‍ മൊബൈല്‍ ഫോണുകളില്‍ മാത്രമായി അവന്റെ ലോകം ഒതുങ്ങിപ്പോകുന്നില്ലേ? നമ്മുടെ സങ്കല്‍പങ്ങളും ശീലങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനപ്പുറം കുട്ടികളെ മനസിലാക്കാന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിയുന്നുണ്ടോ? ചടുലമായ ലോകത്തുനിന്ന്‌ അവന്‍ ആര്‍ജിക്കുന്ന അറിവുകള്‍ സംവദിക്കാന്‍ അധ്യാപകരെ പ്രാപ്‌തരാക്കേണ്ടതില്ലേ? പഴയതലമുറയിലെ അധ്യാപകര്‍ മനസില്‍ സൂക്ഷിക്കുന്ന മാനദണ്ഡങ്ങള്‍കൊണ്ടും ശിക്ഷാരീതികള്‍കൊണ്ടും കുട്ടികളെ നേരെയാക്കാന്‍ കഴിയില്ല.
വഴിതെറ്റി അധ്യാപകരായ വലിയൊരു വിഭാഗം ഇന്നു നമുക്കിടയിലുണ്ടെന്നതാണു യാഥാര്‍ത്ഥ്യം. സാധാരണ തൊഴിലിടം എന്നതിനപ്പുറം അധ്യാപനം ഒരു ദൗത്യമാണെന്നും രാഷ്‌ട്രസേവനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാതെപോകുന്നവര്‍.
അറിവു പകര്‍ന്നുകൊടുക്കുന്ന അധ്യാപകര്‍ സ്വയം അറിവു സമ്പാദിച്ച്‌ നവീകരിക്കപ്പെടുന്നുണ്ടോ? തിരുവനന്തപുരം ഗവ. ആര്‍ട്‌സ്‌ കോളജില്‍ വിദ്യാര്‍ഥിയായിരിക്കേ, സാഹിത്യവാരഫലമെഴുതി മലയാളിയെ ത്രസിപ്പിച്ച എം. കൃഷ്‌ണന്‍നായരെന്ന അധ്യാപകന്റെ ശിഷ്യനാകാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ വായനയുടെ ലോകത്ത്‌ ഞാനെത്തില്ലായിരുന്നു. പാഠഭാഗങ്ങള്‍പ്പുറം പുതുതായി ഒന്നും അറിയേണ്ടതില്ലെന്നു വാശി പിടിക്കുന്നവര്‍ക്ക്‌ എങ്ങനെ നല്ല അധ്യാപകരാകാന്‍ കഴിയും?
അതുകൊണ്ടുതന്നെയാണ്‌ അടുത്തകാലത്ത്‌ ഒരു അധ്യാപകസുഹൃത്ത്‌ പങ്കുവച്ചതുപോലുള്ള രസകരമായ അനുഭവങ്ങള്‍ ക്ലാസ്‌ മുറികളില്‍ ഉണ്ടാകുന്നത്‌. രാജാറാം മോഹന്‍ റോയിയും സതിയുമായുള്ള ബന്ധമെന്തെന്ന ചോദ്യത്തിനു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി കൃത്യമായി ഉത്തരമെഴുതി-അദ്ദേഹത്തിന്റെ രണ്ടാംഭാര്യ! ആശയങ്ങളെ ചിട്ടപ്പെടുത്തി നല്‍കിയ അധ്യാപകന്റെ അനവധാനതയോടു പൊറുക്കാനാകുമോ?
ഏബ്രഹാം ലിങ്കന്‍ മകന്റെ ക്ലാസ്‌ ടീച്ചര്‍ക്കെഴുതിയ കത്ത്‌ ഓരോ രക്ഷാകര്‍ത്താവും അധ്യാപകനും വായിക്കേണ്ടതാണ്‌. ജീവിതത്തിലെ എല്ലാ പരീക്ഷകളും വിജയിക്കാനുള്ളതാണെന്ന മിഥ്യാധാരണയുപേക്ഷിച്ച്‌, പരാജയങ്ങളില്‍ പരിതപിക്കാതെ, പരിശ്രമിക്കാന്‍ മകനെ പ്രാപ്‌തനാക്കണമെന്നതാണു കത്തിന്റെ ഉള്ളടക്കം. പരീക്ഷയിലെ പരാജയം ജീവിതത്തിന്റെ അവസാനമല്ലെന്ന്‌ ഓരോ രക്ഷാകര്‍ത്താവും അധ്യാപകരും തിരിച്ചറിയണം. അതു വിദ്യാര്‍ഥിയെ മനസിലാക്കിക്കൊടുക്കണം. എഡ്‌മണ്ട്‌ ഹിലാരി 17 തവണ പരാജയപ്പെട്ട്‌ 18-ാം തവണയാണ്‌ എവറസ്‌റ്റിന്റെ നെറുകയിലെത്തിയതെന്നു ക്ലാസ്‌ മുറികളില്‍ ഓര്‍മിപ്പിക്കണം.
ക്ലാസ്‌ പി.ടി.എകളില്‍ വന്ന്‌ ഒപ്പിട്ടുമടങ്ങുന്ന ഒട്ടേറെ രക്ഷിതാക്കളെ കണ്ടിട്ടുണ്ട്‌. അധ്യാപകരുമായി രക്ഷാകര്‍ത്താക്കള്‍ കൃത്യമായ ഇടവേളകളില്‍ ആശയവിനിമയത്തിനു തയാറാകാത്തതാണു പല പ്രശ്‌നങ്ങളുടെയും കാരണം. സ്‌കൂളില്‍ അധ്യാപകന്‍ ശാസിച്ചാല്‍ അതു മനുഷ്യാവകാശലംഘനമാണെന്നു ചിത്രീകരിച്ച്‌, ഇല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ കുട്ടികളുടെ അഭ്യുദയകാംക്ഷികളല്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നവര്‍ അടുത്ത വെള്ളപ്പൊക്കത്തില്‍ പുതിയ മീനുകളെ അന്വേഷിച്ചുപോകും.
തന്റെ കുട്ടിക്കു 10-ാം ക്ലാസ്‌ പരീക്ഷയായതിനാല്‍ അവധിയെടുത്ത്‌ പാഠഭാഗം തീര്‍ക്കാതെപോയ അധ്യാപകനെ എനിക്കറിയാം. തന്റെ കുട്ടിക്കു നല്‍കാന്‍ കഴിയുന്നതെല്ലാം തന്റെ വിദ്യാര്‍ഥികള്‍ക്കും നല്‍കാന്‍ ബാധ്യതയുണ്ടെന്ന തിരിച്ചറിവ്‌ അധ്യാപകര്‍ക്കുണ്ടാകണം. സാഹചര്യംകൊണ്ട്‌ അധ്യാപകരായവരെയല്ല നമുക്കു വേണ്ടത്‌. പണം നല്‍കിയാല്‍ എന്തും ലഭിക്കുമെന്ന പാഠഭാഗം ജീവിതത്തിന്റെ പാഠ്യപദ്ധതിയില്‍ ഇല്ലെന്നു കുട്ടികളെ മനസിലാക്കണം. ക്ലാസ്‌ മുറികളിലെ രാസത്വരകമായി മാറാന്‍ അധ്യാപകര്‍ക്കു കഴിയണം.
സ്‌കൂളുകളിലെ കൗണ്‍സലിങ്‌ സമ്പ്രദായം ഇന്നു വിദ്യാഭ്യാസവകുപ്പിനു കീഴിലല്ല; സാമൂഹികനീതി വകുപ്പിനു കീഴിലാണ്‌. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ മാറാല പിടിച്ച്‌, സാമൂഹികനീതിവകുപ്പിന്റെ ഓഫീസുകളില്‍ ഉറങ്ങുന്നതല്ലാതെ അതു പഠനവിഷയമാക്കാനോ പ്രതിവിധികള്‍ നിര്‍ദേശിക്കാനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. നിയമസഭാ സാമാജികനെന്ന നിലയില്‍ ഞാന്‍ ഈ വിഷയം പലതവണ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്‌. മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സാമൂഹികപരിതസ്‌ഥിതിയുടെ സാധ്യതകള്‍ക്കനുസരിച്ച്‌ അധ്യാപനരീതിയും പുനഃക്രമീകരിക്കാന്‍ ശ്രമങ്ങളുണ്ടാകണം. ഐന്‍സ്‌റ്റീന്റെ വാക്കുകള്‍ എല്ലാ അധ്യാപകരും മനസില്‍ സൂക്ഷിക്കണം- "വിദ്യാഭ്യാസം കുറേ വാക്കുകളുടെ പഠനമല്ല, മറിച്ച്‌ ചിന്തിക്കാന്‍ മനസിനെ തയാറാക്കുന്ന പ്രക്രിയയാണ്‌".

Ads by Google
Thursday 09 Nov 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW