കൗമാരപ്രായക്കാരായ കുട്ടികളെ നിയന്ത്രിക്കുന്നതില്‍ അച്ഛനമ്മമാര്‍ കരുതലോടെ ഇരിക്കണം. തന്റെ മകളുടെ സ്വകാര്യതയില്‍ ഒന്നെത്തി നോക്കിയ ഒരച്ഛന്റെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. സ്കോട്ട് ജെന്‍കിന്‍സ് എന്ന സ്നേഹവാനായ അച്ഛന് തന്റെ പെണ്മക്കളിലെ മാറ്റം ശ്രദ്ധയില്‍ പെട്ടതോടെയാണ് അവരുടെ സ്വകാര്യതയില്‍ ഇടപെടാന്‍ തീരുമാനിച്ചത്. മൂത്ത മകളായ ഹെയ്ലി കുടുംബത്തില്‍ നിന്ന് അവള് അകലുകയും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തു വന്നു. അവള് അമ്മയോടും അച്ഛനോടും ഒന്നും തുറന്നു പറയാത്ത അവസ്ഥയായി, ഇതോടെ സ്കോട്ട് തന്റെ ഭാര്യയോട് മകളുടെ സ്വഭാവത്തിലെ മാറ്റത്തെക്കുറിച്ചു പറയുകയായിരുന്നു. തുടര്‍ന്നാണ് അവരുടെ സമൂഹമാധ്യമത്തിലെ ബന്ധങ്ങളെക്കുറിച്ച് ശ്രദ്ധിക്കാന്‍ തീരുമാനിക്കുന്നത്.
ലോകമെമ്പാടുമുള്ള മാതാപിതാക്കുള്ളൊരു താക്കീതു കൂടിയാണ് സ്കോട്ടിന്റെ അനുഭവം. ആഴ്ചയില്‍ രണ്ടുതവണ രണ്ടു പെണ്മക്കളുടെയും ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങളെ സ്കോട്ട് വീക്ഷിക്കാന്‍ തുടങ്ങി. സ്കോട്ട് തന്റെ മകളുടെ ഐപാഡും പരിശോധിച്ചു, ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അദ്ദേഹം കണ്ടത്. ബ്രൂസ് എന്നൊരു പതിനഞ്ചുകാരനുമായി ഹെയ്ലി നിരന്തരം അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ബ്രൂസ് വഴി ഹെയ്ലി അപരിചിതരായ പലരെയും പരിചയപ്പെട്ടു. തന്റെ പ്രായത്തിലുള്ളവരാണ് അതെല്ലാം എന്നായിരുന്നു ഹെയ്ലിയുടെ ധാരണ, എന്നാല്‍ അവരെല്ലാം മുതിര്‍ന്നവരാണെന്നും അവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നുവെന്നും സ്കോട്ട് പിന്നീടു കണ്ടുപിടിച്ചു.
മക്കളുടെ സുരക്ഷിതത്വത്തില്‍ ബോധവാനായ ആ അച്ഛന് ശേഷം ചെയ്തത് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഏഴുമാസങ്ങള്‍ക്കു ശേഷം സ്കോട്ടിന് പൊലീസില്‍ നിന്നും ഒരു ഫോണ്‍കോള്‍ ലഭിച്ചു. ഹെയ്ലി ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ബ്രൂസ് മനുഷ്യക്കടത്തിന്റെ കണ്ണിയായിരുന്നു. ബ്രൂസിന്റെ സൗഹൃദവലയത്തിലുള്ളവര്‍ പലരും ബ്രൂസ് അറിയാതെ തന്നെ അവന്റെ സുഹൃത്തുക്കളെ ഇരകളാക്കുകയായിരുന്നു. അല്പം കൂടി വൈകിയിരുന്നെങ്കില്‍ സ്കോട്ടിനും തന്റെ മകളെ എന്നെന്നേക്കുമായി നഷ്ടമാകുന്ന അവസ്ഥയായിരുന്നു.