Friday, January 26, 2018 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Nov 2017 02.51 PM

Master Behind The Chef

ജന്മം കൊണ്ട് മലയാളിയെങ്കിലും കര്‍മ്മം കൊണ്ട് ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ രാജാകൃഷ്ണ മേനോന്റെ പുതിയ വിശേഷങ്ങളിലേക്ക്...
uploads/news/2017/11/163464/rajeshkrishan081117.jpg

മോനെ, യൂ ഡൂ വാട്ട് എവര്‍ യൂ വിഷ്് ടു ഡു... എന്നെ വിചാരിച്ച് ഡോണ്ട് ഗീവ് അപ്പ് എനിതിംഗ്... ഒരമ്മയുടെ ഈ വാക്കുകളാണ് കേരളത്തിന്റെ മണ്ണില്‍ നിന്ന് ദക്ഷിണേന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായി മാറാന്‍ രാജാകൃഷ്ണ മേനോന് പ്രേരണയായത്.

ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളേക്കാള്‍ ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്നങ്ങളെ തന്നിലേക്ക് ചേര്‍ത്തു പിടിച്ച, അഭ്രപാളികളിലേക്ക് തന്റെ സ്വപ്നങ്ങളെ പറത്തിവിട്ട രാജാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ഷെഫ്, പ്രേക്ഷകഹൃദയം കീഴടക്കുകയാണ്...

കേരളത്തില്‍ ഷൂട്ട് ചെയ്ത ഷെഫിനെക്കുറിച്ച് ?


അച്ഛന്റെയും മകന്റെയും പരസ്പരസ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും കഥയാണ് ഷെഫ്. ജോണ്‍ ഫേവറൂണിന്റെ ഹോളിവുഡ് സിനിമയായ ഷെഫിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് അഡാപ്‌റ്റേഷനാണിത്. ആ തീമിന് ഒരു ബോളിവുഡ് ടച്ച് കൊടുത്താണിത് ചെയ്തത്. പ്രൊഫഷണല്‍ ഷെഫായ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് കഥാതന്തു.

കുടുംബവും ജോലിയും എങ്ങനെ ഒരുമിച്ച് മാനേജ് ചെയ്യുന്നു, പാഷന്‍ പ്രൊഫഷനാകുമ്പോള്‍ ജീവിതം എങ്ങനെ മാറുന്നു, യഥാര്‍ത്ഥ സന്തോഷം എങ്ങനെ കിട്ടുന്നു, പ്രൊഫഷണല്‍ ജീവിതവും കുടുംബവും എങ്ങനെ കൊണ്ടുപോകുന്നു എന്നതൊക്കെയാണ് സാരം.

സിനിമയെന്ന പാഷന്‍ പ്രൊഫഷനായി മാറിയത് ?


സിനിമയോടുള്ള പാഷന്‍ മാത്രമാണ് എന്നെ സംവിധാനത്തിലെത്തിച്ചത്. ചെറുപ്പത്തില്‍ സിനിമ കാണുമായിരുന്നെങ്കിലും അതിനെക്കുറിച്ച് ഒരു ഐഡിയയുമില്ലായിരുന്നു. തികച്ചും ആകസ്മികമായി എത്തിയതാണ്.

കോളജ് കഴിഞ്ഞ് ബംഗളൂരുവില്‍ ജോലി നോക്കുന്ന സമയത്ത് പരസ്യചിത്രസംവിധായകനും ഫോട്ടോഗ്രാഫറുമായ ഡി. രാധാകൃഷ്ണമേനോനെ പരിചയപ്പെട്ടു. എനിക്കൊരു ജോലിയും അദ്ദേഹത്തിന് ഒരു പ്രൊഡക്ഷന്‍ റണ്ണറെയും ആവശ്യമായി വന്നപ്പോള്‍ ഞാനത് ഏറ്റെടുത്തു.

ഇന്റേണല്‍ ട്രെയിനിയായി ചേര്‍ന്നാണ് തുടക്കം. ആദ്യ ദിവസം പരസ്യം ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോഴാണ് സംവിധാനമാണ് എന്റെ ലൈന്‍ എന്ന തിരിച്ചറിവുണ്ടായത്.

തിരിച്ചറിവ് തീരുമാനമാക്കാന്‍ സമയമെടുത്തോ ?


ബേസിക്കലി ഐ ആം എ സയന്‍സ് ഗ്രാജ്വേറ്റ്. ചെറുപ്പത്തില്‍ കാറും ബൈക്കുമായിരുന്നു എന്റെ പാഷന്‍. ഡിഗ്രി എടുത്ത ശേഷം മെക്കാനിക്ക് ഷോപ്പ് തുടങ്ങാനായിരുന്നു ആഗ്രഹം. റേസ് ബൈക്കുകളും മറ്റും നിര്‍മ്മിക്കാനായിരുന്നു ഇഷ്ടം.

ഞങ്ങള്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ബന്ധമായിരുന്നു അമ്മയ്ക്ക്. അതുകൊണ്ട് ബിരുദത്തിന് കെമിസ്ട്രി തെരഞ്ഞെടുത്തു. ഡിബേറ്റര്‍, ക്വിസ്സര്‍, റൈറ്റര്‍ എന്നിങ്ങനെ ക്രിയേറ്റീവ് മേഖലയില്‍ സജീവമായിരുന്നു.

പഠിച്ചതൊക്കെ കേരളത്തിലാണെങ്കിലും ജോലിക്കാണ് ബംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മുബൈയിലേക്ക്. 1993 ല്‍ സിറ്റി ഓഫ് ഡ്രീംസ് എന്നറിയപ്പെടുന്ന മുബൈയിലെത്തുമ്പോള്‍ വെള്ളിത്തിര എനിക്ക് തികച്ചും അപരിചിതമായിരുന്നു.

ഒരുപാട് വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് തന്നത് സിനിമയോടുള്ള അഭിനിവേശമാണ്.

സിനിമാ ബന്ധങ്ങളൊന്നുമില്ലാത്തതു കൊണ്ട് വൈല്‍ഡ് സ്‌റ്റേജായിരുന്നു. പേയിംഗ് ഗസ്റ്റായും, ജോലിയില്ലാതെയുമൊക്കെ കഷ്ടപ്പെട്ടിട്ടുണ്ട്. പ്രൊഡക്ഷന്‍ റണ്ണറായിട്ടാണ് തുടക്കം. ലൈറ്റ് ബോയ്‌സ് ചെയ്യുന്നതടക്കമുള്ള ചെറിയ പണികള്‍, കോ-ഓര്‍ഡിനേറ്ററുടെ ജോലി, എന്നിവയടക്കം താഴെക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് സിനിമയെ പരിചയപ്പെട്ടത്.

പതിയെപ്പതിയെ ജോലികളും ഉത്തരവാദിത്തങ്ങളും കൂടി, മുന്നൂറിലധികം പരസ്യചിത്രങ്ങള്‍ ചെയ്തു. പ്രശസ്ത സംവിധായകന്‍ മുകുള്‍ ആനന്ദിനെ പരിചയപ്പെട്ടത് ശരിക്കുമൊരു ടേണിംഗ് പോയിന്റായി.

അദ്ദേഹത്തിന്റെ കൂടെ രണ്ടു വര്‍ഷത്തോളമുണ്ടായിരുന്നു. 15 വര്‍ഷത്തിനു ശേഷമാണ് ഞാനാദ്യമായി ഒരു സിനിമ സംവിധാനം ചെയ്തത്. ഇപ്പോള്‍ 25 വര്‍ഷം കഴിഞ്ഞു. മുന്നിലെത്തിയ വെല്ലുവിളികളിലൊക്കെ നേടാനുള്ള കരുത്ത് അമ്മയായിരുന്നു.

TRENDING NOW