Saturday, November 17, 2018 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 08 Nov 2017 02.13 PM

മദ്യം ഒരു കുടുംബത്തെ നശിപ്പിപ്പിച്ചത് ഇങ്ങനെ... ദിവ്യയുടെ ജീവിതം കശക്കിയെറിഞ്ഞ ശ്രീകുമാറിന് സംഭവിച്ചത്

''മദ്യപിച്ചു കഴിഞ്ഞാല്‍ ശ്രീയേട്ടന്‍ മറ്റൊരാളായി മാറും.''
uploads/news/2017/11/163455/Weeklyfamilycourt081117.jpg

അഞ്ചും മൂന്നും വയസ്സുളള രണ്ടു പെണ്‍കുട്ടികളുമായി ദിവ്യയെന്ന യുവതി എന്നെ കാണാന്‍ വന്നു. തന്റെ ഭര്‍ത്താവുമായി ഒരുതരത്തിലും ഒന്നിച്ചു ജീവിക്കാന്‍ സാധിക്കാത്തതുകൊണ്ട് വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായാണ് അവള്‍ വന്നത്. പിരിയാന്‍ തീരുമാനിച്ചതിന്റെ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു.

''ഞാനും അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ചെറിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ചേച്ചി വിവാഹിതയാണ്. ഞാന്‍ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് അച്ഛന് പെട്ടെന്ന് ക്യാന്‍സര്‍രോഗം പിടിപെട്ടത്. മരിക്കുന്നതിന് മുന്‍പ് എന്റെ വിവാഹം നടന്നു കാണണമെന്ന് അച്ഛന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ചേച്ചിയുടെ വിവാഹം കഴിഞ്ഞതിന്റെ കടബാധ്യതകള്‍ തീരും മുന്‍പേയാണ് അച്ഛന് സുഖമില്ലാതെ വന്നത്. അച്ഛന്റെ ചികിത്സ നടത്തിയതു തന്നെ പലരില്‍ നിന്ന് കടം വാങ്ങിയാണ്. അങ്ങനെയുളള സാഹചര്യത്തില്‍ ഉടനെ വിവാഹം വേണ്ടെന്നായിരുന്നു എന്റെ തീരുമാനം.

എങ്കിലും അച്ഛന്റെ ആഗ്രഹത്തിന് ഞാന്‍ എതിരുനിന്നില്ല. ബ്രോക്കര്‍ മുഖേന പല ആലോചനകള്‍ വന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതുകൊണ്ട് ഒന്നും നടന്നില്ല.

ആ സമയത്താണ് സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞ് പ്ലമ്പിംഗ് ജോലിക്കാരനായ ശ്രീകുമാറിന്റെ ആലോചന വന്നത്. ഒരു സാധാരണ കുടുംബം, കാണാന്‍ നല്ല ചെറുപ്പക്കാരന്‍. വീട്ടിലെ സ്ഥിതിയ്ക്ക് പറ്റിയ ബന്ധം. കാര്യമായ അന്വേഷണം ഒന്നുമില്ലാതെ ഞങ്ങളുടെ വിവാഹം നടന്നു.

വീടിന്റെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി അച്ഛന്‍ എനിക്ക് പത്തുപവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കി. വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുന്‍പേ അച്ഛന്‍ മരിക്കുകയും ചെയ്തു.

ശ്രീയേട്ടനെ കണ്ടാലൊരു മാന്യനായി തോന്നുമെങ്കിലും തികഞ്ഞ മദ്യപാനിയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അക്കാര്യം എനിക്ക് ബോധ്യമായി. മദ്യപിയ്ക്കാത്തപ്പോള്‍ അദ്ദേഹത്തിന് എന്നെ ജീവനാണ്. മദ്യപിച്ച് കഴിഞ്ഞാല്‍ ശ്രീയേട്ടന്‍ മറ്റൊരാളായി മാറും.

കുട്ടികളും പരിസരവാസികളും കാണ്‍കെ അദ്ദേഹം എന്നെ ഉപദ്രവിക്കുകയും അസഭ്യവാക്കുകള്‍ വിളിച്ച് പറയുകയും ചെയ്യും. മക്കളെ ഓര്‍ത്ത് എല്ലാം സഹിച്ചും ക്ഷമിച്ചും ഞാന്‍ കൂടെ കഴിഞ്ഞു.

ദിവസവും ജോലിയ്ക്ക് പോകുമെങ്കിലും കിട്ടുന്ന പണം കൂട്ടുകൂടി മദ്യപിച്ച് തീര്‍ക്കും. വീട്ടുചിലവോ കുട്ടികളുടെ ആവശ്യങ്ങളോ അദ്ദേഹം അന്വേഷിച്ചിട്ടില്ല. അടുത്തുളള കമ്പനിയില്‍ ഞാന്‍ ജോലിയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചത്. ഇതിനിടെ അച്ഛന്‍ തന്ന പത്തുപവന്‍ സ്വര്‍ണ്ണവും ശ്രീയേട്ടന്‍ വിറ്റു.

ഒരു ദിവസം വൈകിട്ട് മദ്യപിച്ചെത്തിയ അദ്ദേഹം എന്റെ വലതുകൈ തല്ലി ഒടിക്കുകയും ആ രാത്രിയില്‍ എന്നെയും മക്കളെയും വീട്ടില്‍ നിന്നിറക്കി വിടുകയും ചെയ്തു.

ഇപ്പോള്‍ മൂന്നുമാസമായി അമ്മയോടൊപ്പം എന്റെ വീട്ടിലാണ് താമസം. ഇടയ്ക്ക് മദ്യപിച്ച് എന്റെ വീട്ടിലെത്തുകയും മറ്റുളളവര്‍ കേട്ടാല്‍ അറപ്പുതോന്നുന്ന തരത്തിലുളള അസഭ്യ വാക്കുകള്‍ വിളിക്കുകയും ചെയ്യും. ഒരു ദിവസം പകല്‍ അമ്മ മാത്രമുളള സമയത്ത് ശ്രീയേട്ടന്‍ വീടിന് തീയിട്ടു. നാട്ടുകാര്‍ കണ്ടതുകൊണ്ടാണ് വലിയൊരു അപകടത്തില്‍ നിന്ന് അമ്മ രക്ഷപെട്ടത്.

അദ്ദേഹവുമായി ഇനി ഒന്നിച്ചൊരു ജീവിതമില്ല. നിയമപരമായി ബന്ധം പിരിയുന്നതാണ് നല്ലത്. ഭാര്യയെന്ന അവകാശം പറഞ്ഞ് ഇനിയും എന്നെയും മക്കളെയും ഉപദ്രവിക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് ബന്ധം വേര്‍പെടുത്തിത്തരണം സാര്‍'' എന്ന് പറഞ്ഞ് ആ യുവതി പൊട്ടിക്കരഞ്ഞു.

നീണ്ടനാളത്തെ കോടതി നടപടികള്‍ക്കുശേഷം ഇരുവരും നിയമപരമായി പിരിഞ്ഞു. ദിവ്യ മക്കളുമായി അമ്മയോടൊപ്പം സുഖമായി ജീവിക്കുന്നു.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Wednesday 08 Nov 2017 02.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW