Thursday, June 27, 2019 Last Updated 51 Min 16 Sec ago English Edition
Todays E paper
Ads by Google
അരുണ്‍ ജയ്റ്റ്‌ലി കേന്ദ്രധനമന്ത്രി
Wednesday 08 Nov 2017 08.34 AM

കറന്‍സി നിരോധനത്തിന് ഇന്ന് ഒന്നാം വാര്‍ഷികം: ഇടപാടുകളില്‍ സുതാര്യത; കള്ളപ്പണം തടഞ്ഞു

uploads/news/2017/11/163394/arun.jpg

ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലെ നിര്‍ണ്ണായകവഴിത്തിരിവായാണ് 2016 നവംബര്‍ എട്ട് ഓര്‍മ്മിക്കപ്പെടുന്നത്. രാജ്യത്തെ പിടികൂടിയിരുന്ന ''കള്ളപ്പണമെന്ന ഭയാനകമായ അസുഖത്തില്‍'' നിന്നും മോചിപ്പിക്കുന്നതിന് സര്‍ക്കാര്‍ കാട്ടിയ നിശ്ചയദാര്‍ഢ്യമാണ് ഈ ദിനത്തിന്റെ സവിശേഷത. 2014 മേയില്‍ ഉത്തരവാദിത്വം ഏറ്റെടുത്തയുടന്‍ തന്നെ കള്ളപ്പണം നിയന്ത്രിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം നിറവേറ്റാനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. രാജ്യം '' കള്ളപ്പണവിരുദ്ധ ദിന''ത്തില്‍പങ്കാളികളാകുമ്പോള്‍ കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെല്ലാം ഉദ്ദേശിച്ച ലക്ഷ്യം നേടിയോ എന്നൊരു ചര്‍ച്ചയ്ക്കും തുടക്കം കുറിക്കും. ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ട് െകെവരിച്ച ഹ്രസ്വകാല-മദ്ധ്യകാല നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനുള്ള പരിശ്രമമാണ് ഇത്.

ഏകദേശം 15.28 ലക്ഷം കോടി വിലവരുന്ന നിര്‍ദ്ദിഷ്ട ബാങ്ക് നോട്ടുകള്‍ (എസ്.ബി.എന്‍.എസ്.) 2017 ജൂണ്‍ 30വരെ തിരിച്ച് നിക്ഷേപിച്ചിട്ടുള്ളതായി ആര്‍.ബി.ഐയുടെ വാര്‍ഷിക കണക്കുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016 നവംബര്‍ എട്ടിന് ആകെയുണ്ടായിരുന്ന എസ്.ബി.എന്‍.എസിന്റെ മൂല്യം 15.44 ലക്ഷം കോടി രൂപയാണ്. എല്ലാ മൂല്യത്തിലും 2016 നവംബര്‍ എട്ടിന് വിനിമയത്തിലുണ്ടായിരുന്നത് 17.77 ലക്ഷം കോടി കറന്‍സികളുമായിരുന്നു. കറന്‍സി റദ്ദാക്കലിന്റെ പ്രധാനലക്ഷ്യം ഇന്ത്യയെ കുറഞ്ഞ കറന്‍സിവിനിയോഗ രാജ്യമാക്കി മാറ്റി സംവിധാനത്തില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയെന്നതായിരുന്നു. അടിസ്ഥാന പശ്ചാത്തലത്തില്‍ നിന്നുള്ള കറന്‍സിയുടെ വിനിമയത്തിലുണ്ടായ കുറവ് ഈ ലക്ഷ്യം െകെവരിച്ചുവെന്നതിന്റെ പ്രതിഫലനമാണ്. അര്‍ദ്ധവാര്‍ഷികം അവസാനിക്കുന്ന ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഇപ്പോള്‍ വിനിമയത്തിലുള്ളത് ഏതാണ്ട് 15.89 ലക്ഷം കോടി കറന്‍സി മാത്രമാണ്. ഇത് കാണിക്കുന്നത് വാര്‍ഷിക വ്യത്യാസത്തില്‍ 1.39 ലക്ഷം കോടിയുടെ കുറവാണ് കാണിക്കുന്നത്.

എന്നാല്‍, കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കാണിച്ച വാര്‍ഷിക വ്യത്യാസം 2.50 ലക്ഷം കോടി അധികമായിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ വിനിമയത്തിലുള്ള കറന്‍സിയില്‍ 3.89 ലക്ഷം കോടിയുടെ കുറവുണ്ടായിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

എന്തുകൊണ്ടാണ് നാം സംവിധാനത്തില്‍ നിന്നും അധികകറന്‍സി മാറ്റിയത്? എന്തുകൊണ്ട് നാം നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവന്നു? പണം അജ്ഞാതമാണെന്നത് പൊതുവായുള്ള അറിവാണ്. കറന്‍സി റദ്ദാക്കല്‍ നടപ്പാക്കിയപ്പോഴുണ്ടായിരുന്ന പ്രധാനപ്പെട്ട ലക്ഷ്യം സമ്പദ്ഘടനയിലുള്ള പണത്തിന് തിരിച്ചറിവുണ്ടാക്കുകയെന്നതായിരുന്നു. 15.28 ലക്ഷം കോടി രൂപ ഔപചാരിക ബാങ്കിങ് വ്യവസ്ഥയില്‍ തിരിച്ചെത്തിയതോടെ സമ്പദ്ഘടനയിലെ മിക്കവാറും മുഴുവന്‍ പണത്തെയൂം അഭിസംബോധന ചെയ്തുകഴിഞ്ഞു. ഈ ഒഴുക്കില്‍ വിവിധ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംശയകരമായ ഇടപാടുകള്‍ 1.6 ലക്ഷം കോടി മുതല്‍ 1.7 ലക്ഷം കോടി വരെ വരും. ഇപ്പോള്‍ ഇവ നികുതിഭരണത്തിന് കിഴിലാണ്. മറ്റ് നടപടിസ്വീകരിക്കല്‍ ഏജന്‍സികള്‍ക്ക് വന്‍തുകകള്‍ സംബന്ധിച്ച കണക്കുകള്‍ വിശകലനം ചെയ്ത് സംശയകരമായ ഇടപാടുകളെ ശക്തമായി അടിച്ചമര്‍ത്താന്‍ കഴിയും.

വിശാലമായ കണക്കുകളുടെ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതിവകുപ്പ് 2016-17ല്‍ പിടിച്ചെടുത്തത് 2015-16ല്‍ പിടിച്ചെടുത്തതിന്റെ ഇരട്ടിയാണ്. വകുപ്പ് നടത്തിയ പരിശോധനയിലും കണ്ടുകെട്ടലിലുമായി 15,497 കോടി കണക്കില്‍പ്പെടാത്ത പണം അംഗീകരിച്ചു. ഇത് 2015-16ല്‍ അംഗീകരിച്ചതിന്റെ 38% അധികമാണ്. പണത്തിന്റെ അജ്ഞാതാവസ്ഥ ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ക്ക് മറ്റുപല നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. - വ്യക്തിഗത ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയായ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് 56 ലക്ഷം പുതിയ വ്യക്തികള്‍ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 22 ലക്ഷം മാത്രമായിരുന്നു.

-കോര്‍പ്പറേറ്റുകളല്ലാത്ത നികുതിദായകര്‍ സ്വയം നിശ്ചിച്ച് നികുതി നല്‍കു(റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സ്വയം നല്‍കുന്ന നികുതി)ന്നതില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് അഞ്ച് വരെയുള്ള കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 34.25 ശതമാനത്തിന്റെയും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. നികുതി അടിത്തറ വര്‍ദ്ധിച്ചതും കണക്കില്‍പ്പെടാത്ത പണം ഔപചാരിക സമ്പദ്‌വ്യവസ്ഥയില്‍ മടക്കികൊണ്ടുവന്നതുംമൂലം കോര്‍പ്പറേറ്റുകളല്ലാത്ത നികുതിദായകര്‍ നല്‍കുന്ന മുന്‍കൂര്‍ നികുതിയില്‍ ഈ വര്‍ഷം. ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് അഞ്ചുവരെ 41% വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കറന്‍സിറദ്ദാക്കല്‍ കാലത്ത് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച സൂചനയിലൂടെ 2.97 ലക്ഷം ഷെല്‍ കമ്പനികളെ തിരിച്ചറിയാന്‍ കഴിഞ്ഞു. -ഈ കമ്പനികളില്‍ പലതിനും നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒരു കമ്പനിക്ക് മാത്രം 2,134 അക്കൗണ്ടുകളോളം ഉണ്ട്.

അതോടൊപ്പം 22,000 ലധികം ഗുണഭോക്താക്കള്‍ക്ക് 13,300കോടിയില്‍ പരം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇടനിലക്കാരായ നിന്ന 1150 ഷെല്‍ കമ്പനികള്‍ക്കെതിരേ ആദായനികുതിവകുപ്പും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കറന്‍സി റദ്ദാക്കലിന് ശേഷം ഓഹരിവിപണികളില്‍ മഹത്തരമായ നിരീക്ഷണ സംവിധാനങ്ങള്‍ (ഗ്രാന്‍ഡ് സര്‍വലന്‍സ് മെഷേഴ്‌സ്) സെബി നടപ്പാക്കിയിരുന്നു. എണ്ണൂറിലധികം ഓഹരികളില്‍ ഈ നടപടികള്‍ എക്‌സ്‌ചേഞ്ചുകള്‍ അവതരിപ്പിച്ചിരുന്നു. നിഷ്‌ക്രിയവും സംശയകരവുമായ കമ്പനികള്‍ പലപ്പോഴും കൃത്രിമം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ അഭയസ്ഥാനങ്ങളാകാറുണ്ട്. ഇത്തരം സംശയകരമായ കമ്പനികള്‍ എക്‌സ്‌ചേഞ്ചിനെ തളര്‍ത്താതിരിക്കാനായി അത്തരത്തിലുള്ള 450-ല്‍ അധികം കമ്പനികളെ പുറത്താക്കുകയും അവരുടെ പ്രമോട്ടര്‍മാരുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു.

കറന്‍സി റദ്ദാക്കല്‍ ധനസമ്പദാനത്തിനായുള്ള മിച്ചംപിടിക്കലിന് ആക്കം കൂട്ടിയിട്ടുണ്ട്. ചരക്ക് സേവന നികുതി(ജി.എസ്.ടി) ഇതിന് സമാന്തരമായി നടപ്പാക്കിയതിലൂടെ അടുത്തകാലത്ത് സമ്പദ്ഘടന കൂടുതല്‍ ഔപചാരികതയിലേക്ക് മാറുന്നുമുണ്ട്. അത്തരത്തിലുള്ള മാറ്റത്തിന്റെ ചില അളവുകോലുകള്‍ ഇവിടെ ചൂണ്ടിക്കാട്ടാം. -അധിക ധനസമ്പാദനത്തിന്റെയും പലിശനിരക്ക് കുറച്ചതിന്റെയും ഗുണഫലങ്ങള്‍ കോര്‍പ്പറേറ്റ് ബോണ്ട് വിപണി നല്ലതുപോലെ കൊയ്‌തെടുക്കുന്നുണ്ട്. 2016-17ല്‍ കോര്‍പ്പറേറ്റ് ബോണ്ട് വിതരണം ചെയ്തത് 1.78 ലക്ഷം കോടിയായി വര്‍ദ്ധിച്ചു. 78,000കോടിയുടെ വാര്‍ഷിക വര്‍ദ്ധനയാണ് ഇത് കാണിക്കുന്നത്.

-മ്യൂച്ചല്‍ഫണ്ടിലേക്കുള്ള മൊത്തം ഒഴുക്കില്‍ 2016-17ല്‍ 2015-16-നേക്കാള്‍ 155 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്, ഇത് 3.43 ലക്ഷം കോടിയിലെത്തി. 2016 നവംബര്‍ മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ മ്യൂച്ചല്‍ഫണ്ടില്‍ വന്ന മൊത്തം ഫണ്ട് 1.7 ലക്ഷംകോടിയാണ്, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അത് 9,160കോടി മാത്രമായിരുന്നു.

-െലെഫ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രിമിയം കഴിഞ്ഞ നവംബറില്‍ ഇരട്ടിയായി. 2016 നവംബര്‍ മുതല്‍ 2017 ജനുവരി വരെ ഇവരുടെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 46 ശതമാനം വര്‍ദ്ധനയുണ്ടായി.

കറന്‍സി ഇടപാട് കുറഞ്ഞ സമ്പദ്ഘടനയിലേക്ക് മാറിയതിലൂടെ 2016-17ല്‍ ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകളില്‍ കുതിച്ചുകയറ്റം നടത്തി. അതിലെ ചിലപ്രവണതകള്‍ ചൂണ്ടിക്കാട്ടാം.

-ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യഥാക്രമം 3.3 ലക്ഷം കോടി വരുന്ന 110 കോടി ഇടപാടുകളും 3.3 ലക്ഷം കോടി വരുന്ന 240 കോടി ഇടപാടുകളും നടത്തി. 2015-16ല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളുടെ മൂല്യം യഥാക്രമം 1.6 ലക്ഷം കോടിയും 2.4 ലക്ഷം കോടിയുമായിരുന്നു.

-പ്രീ പെയ്ഡ് ഇന്‍സ്ട്രുമെന്റ്‌സ് (പി.പി.ഐകള്‍) വഴിയുള്ള ഇടപാടുകള്‍ 2015-16ലെ 48,800 കോടിയില്‍ നിന്നും 2016-17ല്‍ 83,800 കോടിയായി വര്‍ദ്ധിച്ചു. പി.പി.ഐകള്‍ വഴിയുള്ള മൊത്ത ഇടപാടുകള്‍ 75 കോടിയില്‍ നിന്നും 196 കോടിയായും ഉയര്‍ന്നു. -2016-17ല്‍ നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍.ഇ.എഫ്.ടി) 120കോടി വിലമതിക്കുന്ന 160 കോടി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെ ഏകദേശം 83 ലക്ഷംകോടിക്ക് 130 കോടി ഇടപാടുകള്‍ എന്നതില്‍ നിന്നുള്ള കുതിച്ചുചാട്ടമാണ്.

കൂടുതല്‍ ഉയര്‍ന്ന തലത്തില്‍ ഔപചാരികവല്‍ക്കരിച്ചതിലൂടെ തൊഴിലാളികള്‍ക്ക് നിഷേധിച്ചിരുന്ന സാമൂഹികസുരക്ഷ ഇ.പി.എഫ്. സംഭാവന, ഇ.എസ്.ഐ.സി സൗകര്യങ്ങള്‍ക്കുള്ള മാസവരി, ബാങ്കുകളിലൂടെ വേതനം എന്നിവയിലൂടെ നടപ്പാക്കാനായി. തൊഴിലാളികള്‍ കൂടുതലായി ബാങ്കുകളില്‍അക്കൗണ്ടുകള്‍ തുടങ്ങിയതും കൂടുതല്‍ പേര്‍ ഇ.പി.എഫിലും ഇ.എസ്.ഐ.സിയിലും അംഗങ്ങളായതുമെല്ലാം കറന്‍സി റദ്ദാക്കലിന്റെ ഗുണഫലങ്ങളാണ്.

ജമ്മു കശ്മീരിലെയും നക്‌സല്‍ ബാധിതസംസ്ഥാനങ്ങളിലെയും കല്ലേറും പ്രതിഷേധവുംപോലുളള സംഭവങ്ങളേയും കറന്‍സി നിരോധനം ബാധിച്ചിട്ടുണ്ട്. ഇവിടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് പണം ഇല്ലാത്ത അവസ്ഥയുണ്ടായി. മൊത്തത്തില്‍ പറഞ്ഞാല്‍ രാജ്യം കുടുതല്‍ ശുദ്ധവും സുതാര്യവും സത്യസന്ധവുമായ സാമ്പത്തികക്രമത്തിലേക്ക് നീങ്ങിയെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഇതിന്റെ ഗുണഫലങ്ങള്‍ ഇതുവരെ ചിലര്‍ക്ക് കാണാന്‍ കഴിഞ്ഞിരിക്കില്ല. അടുത്ത തലമുറ 2016 നവംബറിന് ശേഷമുള്ള ദേശീയ സാമ്പത്തികവളര്‍ച്ചയെ വലിയ അഭിമാനത്തോടെയും അവര്‍ക്ക് ജീവിക്കാനായി സത്യസന്ധവും മികച്ചതുമായ ഒരു സംവിധാനം നല്‍കിയതായും ഇതിനെ നോക്കി കാണും.

Ads by Google
Ads by Google
Loading...
TRENDING NOW