Tuesday, November 13, 2018 Last Updated 27 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Nov 2017 01.53 AM

മണ്ണാറശാലയില്‍ നാളെ പുണര്‍തം മഹോത്സവം

uploads/news/2017/11/163288/re4.jpg

ഹരിപ്പാട്‌: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവത്തിന്‌ തുടക്കം കുറിച്ച്‌ നാളെ പുണര്‍ത സന്ധ്യ ദീപസഞ്ചയത്തില്‍ അലംകൃതമാവും. വൈകിട്ട്‌ അഞ്ചിന്‌ ക്ഷേത്രനട തുറക്കും. തുടര്‍ന്ന്‌ ക്ഷേത്ര പരിസരമാകെ സ്‌ഥാപിച്ചിട്ടുള്ള ദീപങ്ങള്‍ തെളിക്കും. ശ്രീകോവിലിലെ നെയ്‌വിളക്കില്‍ നിന്നും കുത്തുവിളക്കിലേക്ക്‌ ദീപം പകരുന്നതോടെ ആയിരക്കണക്കിന്‌ ദീപങ്ങള്‍ പുണര്‍ത സന്ധ്യയെ ശോഭനമാക്കും. 6.15 ന്‌ ശ്രീനാഗരാജപുരസ്‌കാര ദാന സമ്മേളനം, രാത്രി 7.30 ന്‌ ഡോ.മേതില്‍ദേവികയുടെ നടനാഞ്‌ജലി, 10 ന്‌ രാവിലെ 11 ന്‌ യു.പി സ്‌കൂള്‍ അങ്കണത്തില്‍ പ്രസാദമൂട്ട്‌, ഉച്ചയ്‌ക്ക് 12 നും 2.30 നും മധ്യേ അമ്മ നടത്തുന്ന ഉച്ചപ്പൂജ, പൂയം തൊഴല്‍, രാത്രി 9.30 ന്‌ കഥകളി.
ആയില്യം നാളായ 11 ന്‌ രാവിലെ ഒന്‍പതു മുതല്‍ അമ്മയുടെ ദര്‍ശനം, 10 മുതല്‍ യു.പി സ്‌കൂള്‍ അങ്കണത്തില്‍ മഹാപ്രസാദമൂട്ട്‌, വൈകിട്ട്‌ ആയില്യംപൂജ, തട്ടിന്മേല്‍ നൂറുംപാലും ചടങ്ങ്‌.

സന്താന സൗഭാഗ്യത്തിന്‌ ഉരുളികമിഴ്‌ത്തല്‍, സമ്പദ്‌ സമൃദ്ധിക്ക്‌ സുവര്‍ണകുംഭം

ഹരിപ്പാട്‌: കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക്‌ നടത്താവുന്ന സവിശേഷ വഴിപാടാണ്‌ മണ്ണാറശാലയിലെ ഉരുളികമിഴ്‌ത്തല്‍. ജാതിമതഭേദമില്ലാതെ നൂറ്റാണ്ടുകളായി നാഗരാജ സന്നിധിയില്‍ നടന്നു വരുന്ന ഈ വഴിപാട്‌ മണ്ണാറശാലയില്‍ മാത്രമാണുള്ളത്‌. വിവാഹ ശേഷം മൂന്നു വര്‍ഷം കഴിഞ്ഞിട്ടും സന്താനഭാഗ്യമുണ്ടാകാതിരിക്കുന്ന ദമ്പതിമാരെയാണ്‌ ഉരുളികമിഴ്‌ത്തല്‍ വഴിപാടിന്‌ നിര്‍ദേശിക്കുന്നത്‌. ദമ്പതിമാര്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥനാപൂര്‍വം ക്ഷേത്രത്തിന്‌ വലംവച്ച ശേഷം കമിഴ്‌ത്താനുള്ള ഉരുളി നടയ്‌ക്ക് വയ്‌ക്കണം. ഇതിനുള്ള ഉരുളി ക്ഷേത്രത്തില്‍ നിന്ന്‌ തന്നെ വാങ്ങാം. ഭാഗ്യസിദ്ധി ഉണ്ടായ ശേഷം കുഞ്ഞുമായി വന്നാണ്‌ പിന്നീട്‌ ഉരുളി നിവര്‍ത്തേണ്ടത്‌. എല്ലാ ദിവസവും രാവിലെയും വൈകിട്ടും വഴിപാട്‌ നടത്താനുള്ള സൗകര്യമുണ്ട്‌. നടയ്‌ക്ക് സമര്‍പ്പിക്കുന്ന ഉരുളി വലിയമ്മ എടുത്ത്‌ നിലവറയിലാണ്‌ കമിഴ്‌ത്തുന്നത്‌. ഇതിനുള്ളില്‍ സര്‍പ്പം തപസിരിക്കുമെന്നാണ്‌ വിശ്വാസം. നാഗരാജാവ്‌ അനന്തനായി അന്തര്‍ധാനം ചെയ്‌ത സ്‌ഥാനമാണ്‌ നിലവറ. മണ്ണാറശാലയിലെ മുന്‍ തലമുറയിലെ ഒരമ്മ സന്താനഭാഗ്യമില്ലാതെ ദുഖിതയായിരിക്കെ, കാട്ടുതീയില്‍പ്പെട്ട നാഗങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഇവിടേക്ക്‌ ഇഴഞ്ഞു വരികയും അമ്മ വെള്ളം കോരിയൊഴിച്ച്‌ തണുപ്പിച്ച്‌ പ്രാണരക്ഷ നല്‍കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ നാഗരാജാവ്‌ തന്നെ അമ്മയ്‌ക്ക് മകനായി ജനിച്ചതായാണ്‌ ഐതിഹ്യം. ഇതറിഞ്ഞ്‌ ക്ഷേത്രത്തിലെ ഒരു ഭക്‌ത സ്വര്‍ണ ഉരുളി നടയ്‌ക്കു വച്ചു. അമ്മ അതെടുത്ത്‌ നിലവറയില്‍ കമിഴ്‌ത്തുകയും സ്‌ത്രീയ്‌ക്ക് കുട്ടികള്‍ ഉണ്ടാവുകയും ചെയ്‌തുവത്രേ. വിവരമറിഞ്ഞ്‌ കൂടുതല്‍പേര്‍ ഉരുളി നടയ്‌ക്ക് വച്ചു തുടങ്ങിയതോടെ ഉരുളികമിഴ്‌ത്തല്‍ മണ്ണാറശാലയിലെ പ്രധാന വഴിപാടായി മാറുകയായിരുന്നു. സമ്പദ്‌ സമൃദ്ധിയ്‌ക്ക് ദ്രവ്യം നിറച്ച സ്വര്‍ണക്കുടം, വിദ്യയ്‌ക്കും സദ്‌കീര്‍ത്തിക്കും പട്ട്‌, ധാന്യം ദിവ്യാഭരണങ്ങള്‍, ആരോഗ്യത്തിന്‌ ഉപ്പ്‌, വിഷത്തിന്‌ മഞ്ഞള്‍ എന്നിവയും പ്രധാന വഴിപാടുകളാണ്‌. പുറ്റ്‌, മുട്ട, സര്‍പ്പരൂപങ്ങള്‍ എന്നിവ രോഗശമനത്തിനും പാല്‍, കദളിപ്പഴം, നിലവറപ്പായസം എന്നിവ ഉദ്ദിഷ്‌ട കാര്യത്തിനും സമര്‍പ്പിക്കാം. ദീര്‍ഘായുസിന്‌ നെയ്യ്‌, സര്‍പ്പദോഷപരിഹാരത്തിന്‌ നൂറും പാലും എന്നിവയും മണ്ണാറശാലയിലെ വഴിപാടുകളാണ്‌.

വി.വി.വിനോദ്‌

Ads by Google
Wednesday 08 Nov 2017 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW