Wednesday, November 21, 2018 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 03.49 PM

സ്‌നേഹ സാന്ത്വനങ്ങളുടെ ചിതല്‍

''പതിനേഴാം വയസ്സില്‍ ഞാനൊരു അമ്മയായി. മകന്റെ ജനനത്തോടെ സിഫിയയെന്ന പെണ്‍കുട്ടിയില്‍ നിന്ന് പക്വതയുളള ഒരമ്മയായി മാറി.''
uploads/news/2017/11/163155/Weeklysifiya071117.jpg

പാലക്കാട് സ്വദേശിനി സിഫിയ ഹനീഫിന്റെ ജീവിതം മറ്റുളളവര്‍ മാതൃക ആക്കേണ്ടതാണ്. ഇരുപതാം വയസ്സില്‍ വിധവയായപ്പോള്‍ സമൂഹം അവളെ ഒറ്റപ്പെടുത്തി. തന്റെ വേദനകള്‍ ഉളളിലൊതുക്കി അവള്‍ വിധവകള്‍ക്കും അവരുടെ മക്കള്‍ക്കുമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

മുലകുടിമാറാത്ത കുഞ്ഞിനെ മാതാപിതാക്കളെ ഏല്പിച്ച് സിഫിയ സ്വന്തമായി വരുമാനം കണ്ടെത്തി. അവള്‍ക്ക് കിട്ടിയ തുച്ഛമായ വരുമാനം കൊണ്ട് 'ചിതല്‍' എന്ന കൂട്ടായ്മയിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു.

ബാല്യ - കൗമാരങ്ങള്‍


ഓര്‍മ്മയില്‍ എന്നും സൂക്ഷിക്കാവുന്ന നല്ലൊരു ബാല്യംതന്നെയായിരുന്നു എന്റേത്. ഉപ്പയും ഉമ്മയും ഇത്തയും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഉപ്പ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികബുദ്ധിമുട്ട് എന്തെന്ന് അറിയാതെയാണ് ഞാന്‍ വളര്‍ന്നത്.

ഞങ്ങളുടെ ഇഷ്ടങ്ങള്‍ പറയും മുന്‍പെ മാതാപിതാക്കള്‍ സാധിച്ചു തന്നു. അവധിയ്ക്ക് നാട്ടില്‍ വരുമ്പോള്‍ ഉപ്പയെക്കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോകുമെന്നല്ലാതെ പുറംലോകവുമായി യാതൊരു പരിചയവുമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. എനിക്ക് വീടിന് പുറത്ത് ഇങ്ങനെയൊരു ലോകം ഉണ്ടെന്ന് പോലും തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്.

ജീവിതം മാറിമറിഞ്ഞത്


കളിക്കൂട്ടുകാരിയായ ഇത്ത വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേക്ക് പോയി. അതോടെ ഞാന്‍ ഒറ്റയ്ക്കായി. ഇടയ്ക്ക് വീട്ടില്‍ വരുമ്പോള്‍ പണ്ടത്തെപ്പോലെ ഇത്തയ്ക്ക് കളിയും ചിരിയും ഒന്നുമില്ലായിരുന്നു.

ചേച്ചിയൊരു ഭാര്യയാണെന്നും കുടുംബിനിയാണെന്നും കുട്ടിയായതുകൊണ്ട് അന്ന് എനിക്ക് മനസ്സിലായില്ല. പ്ലസ്‌വണ്ണിന് പഠിക്കുമ്പോള്‍ രാവിലെ സ്‌കൂളിലേക്ക് പോകാനുളള ഒരുക്കത്തിനിടെ ഉമ്മച്ചി വന്ന് പറഞ്ഞു,

''മോള് ഇന്ന് സ്‌കൂളില്‍ പോകണ്ട. നിന്നെക്കാണാന്‍ ഒരു പയ്യന്‍ വരുന്നുണ്ട്.''
ഉമ്മച്ചി കൊണ്ടുത്തന്ന വസ്ത്രവും ധരിച്ച് ചെറുക്കന്റെയും വീട്ടുകാരുടെയും മുന്നില്‍ നിന്നപ്പോള്‍ കുടുംബജീവിതം എന്താണെന്ന് എനിക്കറിയില്ലായിരുന്നു.

പതിനാറാം വയസ്സില്‍ വിവാഹം കഴിഞ്ഞ് ഇക്കാക്കൊപ്പം ബാംഗ്ലൂര്‍ നഗരത്തിലേക്ക് പോയി. എന്നെ സംബന്ധിച്ചിടത്തോളം പുതിയ സ്ഥലം, ഭാഷയെല്ലാം ആദ്യമൊക്കെ പ്രശ്‌നമായിരുന്നു.

അവിടുത്തെ ജീവിതവുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം വേണ്ടി വന്നു. പതിനേഴാം വയസ്സില്‍ ഞാനൊരു അമ്മയായി. മകന്റെ ജനനത്തോടെ സിഫിയയെന്ന പെണ്‍കുട്ടിയില്‍ നിന്ന് പക്വതയുളള ഒരമ്മയായി മാറി.

രണ്ടുവര്‍ഷത്തിനുശേഷം ഞങ്ങള്‍ക്ക് രണ്ടാമതൊരു മകന്‍കൂടിയുണ്ടായി. കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിച്ച് തുടങ്ങുംമുന്‍പെ വിധി എന്നില്‍ നിന്ന് ഇക്കയെ തട്ടിയെടുത്തു.

ഒരു വേനലവധിക്ക് കുട്ടികളുമായി ഞാന്‍ ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വന്നു. ആ സമയം കൂട്ടുകാരുമൊത്ത് ഇക്ക വിനോദയാത്രയ്ക്ക് പോയതാണ്. യാത്രക്കിടെ കുളിക്കാന്‍ ഇറങ്ങിയ ഇക്ക ചുഴിയില്‍ പെട്ട് വെളളത്തിനടിയിലേക്ക് പോയി.

uploads/news/2017/11/163155/Weeklysifiya071117a.jpg

ആ സമയമെല്ലാം ഞാന്‍ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. റിങ് ചെയ്‌തെങ്കിലും കോള്‍ എടുത്തില്ല. തിരക്കുമൂലം വിളിച്ചത് കണ്ടില്ലെന്ന് കരുതി ഞാന്‍ സമാധാനിച്ചു. പിന്നീടാണ് അറിഞ്ഞത് എന്റെ കോളുകള്‍ കാണും മുന്‍പെ ഈ ലോകത്ത് നിന്ന് തന്നെ ഇക്ക യാത്രയായിരുന്നുവെന്ന്.

മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് ബോഡി കിട്ടിയത്. സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ ഇക്കയുടെ തണുത്ത് മരവിച്ച ശരീരമാണ് പിന്നീട് ഞാന്‍ കണ്ടത്. അതെനിക്കൊരു ഷോക്കായിരുന്നു. ഇന്ന് കാണുന്നൊരു ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയതല്ല.

തങ്ങളുടെ ഉപ്പ ഇനി ഒരിക്കലും തിരിച്ച് വരില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ അദ്ദേഹത്തിന്റെ മരവിച്ച ശരീരത്തെ കെട്ടിപിടിച്ചുകൊണ്ട് 'ഉപ്പാ' എന്ന് വിളിച്ച് കരയുന്ന കുട്ടികള്‍. അവരെ കണ്ടപ്പോള്‍ എവിടെ നിന്നോ ഒരു പോസിറ്റീവ് എനര്‍ജി എന്നിലുണ്ടായി.

ജീവിതം എന്താണെന്ന് അറിഞ്ഞു തുടങ്ങും മുന്‍പെ ഇരുപതാം വയസ്സില്‍ ഒറ്റപ്പെട്ടുപോയ ഞാന്‍ കുട്ടികളുമായി നാട്ടിലേക്ക് മടങ്ങി. അത്രയും നാളും ഓടിക്കളിച്ച വീടായിരുന്നില്ല വിധവയായി തിരിച്ച് വന്നപ്പോള്‍. വീട്ടുകാരും നാട്ടുകാരും മറ്റൊരു കണ്ണോടെ നോക്കി തുടങ്ങി.

ആ സമയത്ത് വീണ്ടുമൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. എങ്ങനെയും ജോലി സമ്പാദിക്കണമെന്ന ചിന്തയായിരുന്നു എനിക്ക്.

പാതിവഴിയില്‍ ഉപേക്ഷിച്ച പഠനം പുനരാരംഭിക്കാന്‍ തീരുമാനിച്ച് അതിനായി പരിശ്രമിച്ചു. കുറച്ചുനാളുകള്‍ക്കുശേഷം അടുത്തുളള കോളേജില്‍ കറസ്‌പോണ്ടന്‍സായി ഡിഗ്രിയ്ക്ക് ചേര്‍ന്നു.

പകല്‍ സമയങ്ങളില്‍ ജോലിക്കുപോയും വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും സ്വന്തമായി വരുമാനം കണ്ടെത്തി. കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒന്നുമാകില്ലെന്ന് ബോധ്യമായതോടെ മൂത്തകുട്ടിയെ ഉമ്മയെ ഏല്‍പ്പിച്ചിട്ട് മുലകുടിമാറാത്ത ഇളയ മോനുമായി ബാംഗ്ലൂരിലേക്ക് വണ്ടികയറി.

Ads by Google
Loading...
TRENDING NOW