Wednesday, November 07, 2018 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Nov 2017 02.02 AM

മണ്ണാറശാലക്കാവില്‍ പൂജകള്‍ ആരംഭിച്ചു

uploads/news/2017/11/162969/re5.jpg

ഹരിപ്പാട്‌: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ കാവില്‍ പൂജകള്‍ ആരംഭിച്ചു. ആയില്യം മഹോത്സവത്തോടനുബന്ധിച്ചാണ്‌ വര്‍ഷം തോറും കാവില്‍ പൂജകള്‍ നടത്തുന്നത്‌. ഒന്‍പതു മുതല്‍ 11 വരെയാണ്‌ പ്രസിദ്ധമായ മണ്ണാറശാല പുണര്‍തം-പൂയം-ആയില്യം മഹോത്സവം. ക്ഷേത്രത്തില്‍ മുഴുക്കാപ്പ്‌ ഇന്നലെ മുതല്‍ ആരംഭിച്ചു. പുണര്‍തം നാള്‍ വരെയാണ്‌ മുഴുക്കാപ്പ്‌. ഇന്നലെ നാഗയക്ഷികാവിലാണ്‌ പൂജ നടന്നത്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എരിങ്ങാടപ്പള്ളികാവ്‌, ആലക്കുളത്ത്‌കാവ്‌ എന്നിവിടങ്ങളില്‍ പൂജ നടക്കും. പുണര്‍തം നാളിലാണ്‌ കാവിലെ പൂജകള്‍ സമാപിക്കുന്നത്‌. പുണര്‍തം നാളായ ഒന്‍പതിന്‌ വൈകിട്ട്‌ മഹാദീപക്കാഴ്‌ചയ്‌ക്ക് ശേഷം ശ്രീനാഗരാജപുരസ്‌കാര സമ്മേളനം നടക്കും. മദ്ദളവിദ്വാന്‍ ചെര്‍പ്പുളശേരി ശിവന്‌ മണ്ണാറശാല ശ്രീനാഗരാജാപുരസ്‌കാരം കുടുംബ കാരണവര്‍ എം.കെ.പരമേശ്വരന്‍ നമ്പൂതിരി സമ്മാനിക്കും. രാത്രി 7.30 ന്‌ ഡോ.മേതില്‍ ദേവികയുടെ നൃത്തനൃത്യങ്ങള്‍.
പൂയംനാളായ 10 ന്‌ രാവിലെ 7.30 മുതല്‍ ഭാഗവതപാരായണം, ജ്‌ഞാനപ്പാന, ഒന്‍പതിന്‌ ആത്മീയ പ്രഭാഷണം, 10.30 ന്‌ ഓങ്ങല്ലൂര്‍ കറുക കൈക്കൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, രാവിലെ 11 മുതല്‍ ക്ഷേത്രത്തോട്‌ ചേര്‍ന്നുള്ള സ്‌കൂളില്‍ പൂയസദ്യ നടക്കും, ഉച്ചയ്‌ക്ക് 12 ന്‌ കേരളത്തിലെ പ്രഗത്ഭ കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങ്‌, ഒന്നിന്‌ പാഠകം, 2.30 ന്‌ ഇരട്ടത്തായമ്പക, വൈകിട്ട്‌ 4.30 ന്‌ സോപാനസംഗീതം, 5.30 ന്‌ ഡോ.പത്മാ സുബ്രഹ്‌മണ്യം ചിട്ടപ്പെടുത്തിയ ഭരതനാട്യം, 6.30 ന്‌ വയലിന്‍-വീണ സമന്വയം, രാത്രി 9.30 ന്‌ കഥകളി.
ചതുശത നിവേദ്യത്തോടെ അമ്മ നടത്തുന്ന പൂയം നാളിലെ ഉച്ചപൂജ ദര്‍ശന പ്രധാനമാണ്‌. വൈകുന്നേരം ദീപാലങ്കാരം, വിവിധ മേളവാദ്യങ്ങള്‍ എന്നിവ ക്ഷേത്രത്തില്‍ നടക്കും. ഈ സമയം ഇളമുറയില്‍പ്പെട്ട അന്തര്‍ജനങ്ങളോടൊപ്പം അമ്മ ക്ഷേത്ര ദര്‍ശനം നടത്തും. വാദ്യമേളങ്ങളുടെ സേവയ്‌ക്ക് ശേഷം രാത്രി 10 ന്‌ നടയടയ്‌ക്കും.
ആയില്യം നാളായ 11 ന്‌ പുലര്‍ച്ചെ നാലിന്‌ നിര്‍മാല്യദര്‍ശനം. ആറിന്‌ കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ക്ക്‌ തുടക്കം കുറിക്കും. ഉച്ചപൂജയ്‌ക്ക് ശേഷം കുടുംബകാര്‍ണവരുടെ നേതൃത്വത്തില്‍ നിലവറയോട്‌ ചേര്‍ന്നുള്ള തളത്തില്‍ ആയില്യം പൂജയ്‌ക്കായുള്ള നാഗക്കളം വരയ്‌ക്കും. കളം പൂര്‍ത്തിയായാല്‍ അമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച്‌ ക്ഷേത്രത്തിലേക്ക്‌ എത്തി ആയില്യം എഴുന്നള്ളത്തിനുള്ള ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ അമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സര്‍പ്പയക്ഷിയമ്മയുടെയും കാരണവന്മാര്‍ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെയും വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന്‌ വലം വച്ച്‌ ഇല്ലത്തേക്ക്‌ എഴുന്നള്ളും. എഴുന്നള്ളത്ത്‌ ഇല്ലത്ത്‌ എത്തിച്ചേര്‍ന്നാല്‍ അമ്മയുടെ പതിവ്‌ പൂജകള്‍ക്ക്‌ ശേഷം ആയില്യം പൂജകള്‍ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിന്മേല്‍ നൂറുംപാലും ഉള്‍പ്പെടെയുള്ള ആയില്യംപൂജകള്‍ പൂര്‍ത്തിയാകുമ്പോള്‍ അര്‍ധരാത്രിയോടടുക്കും. ആയില്യം പൂജയ്‌ക്ക് ശേഷം അമ്മയുടെ അനുമതി വാങ്ങി കുടുംബകാരണവര്‍ നടത്തുന്ന തട്ടിന്മേല്‍ നൂറുംപാലോടുകൂടി ആയില്യം ചടങ്ങുകള്‍ സമാപിക്കും.

വി.വി.വിനോദ്‌

Ads by Google
Tuesday 07 Nov 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW