Monday, December 10, 2018 Last Updated 22 Min 38 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 06 Nov 2017 10.20 AM

അധികാര കൊതിയുടെ പൊതുവേദിയും; തുരങ്കം വയ്ക്കുന്ന അഞ്ചാം പത്തികളും

uploads/news/2017/11/162739/BJP-rally-flags.jpg

ബദലുകളാണ് ഇന്ന് നമ്മുടെ ചര്‍ച്ചാവിഷയം. രാഷ്ട്രീയത്തിലും സാമ്പത്തികമേഖലയിലും ഒക്കെ ബദലുകളെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. ബദലുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിലെ വിലങ്ങുതടികളും ബദലുകള്‍ക്ക് ശക്തിപകരുന്ന സ്‌നേഹകൂട്ടങ്ങളുമൊക്കെ ചേര്‍ന്ന് ഒരു അവിയലുപരുവത്തിലാണ് ഇന്ത്യ ഇന്ന്. ബദല്‍ അല്ലെങ്കില്‍ വിശാലവേദിയെന്നൊക്കെ നാം മുറവിളികൂട്ടുമ്പോള്‍ ഇന്ത്യ സാഹചര്യത്തില്‍ അതിന് എത്രത്തോളം പ്രസക്തിയുണ്ടെന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ആശയപരമല്ലാതെ അവസരവാദപരമായി സൃഷ്ടിച്ചെടുക്കുന്ന ബദലുകള്‍ എന്ന് പറയപ്പെടുന്ന ഐക്യങ്ങളുടെ ആയുസിനെക്കുറിച്ചും ഇന്ത്യ ചിന്തിക്കേണ്ടതുണ്ട്.

ഇന്ന് ബി.ജെ.പിക്ക് പ്രത്യേകിച്ച് നരേന്ദ്രമോഡിക്ക് എതിരായ ബദലിനെക്കുറിച്ചാണ് തീവ്രമായ ആലോചന നടക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മോഡിവിരുദ്ധരെയെല്ലാം ഒരുവേദിയില്‍ എത്തിച്ച് അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കുകയെന്നതാണ് ഈ ആലോചനകളുടെ ആകെത്തുക. അതിന് രാജ്യമാകെ വേരുകളുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പരിശ്രമം നടക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വലുതും ചെറുതുമായ പല കക്ഷികളും ഈ കൂട്ടുകെട്ടുകളില്‍ എത്തിപ്പെടുന്നുമുണ്ട്.

അമതസമയം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ച് സി.പി.എം ഇതിനോട് മുഖം തിരിച്ചുനില്‍ക്കുകയാണ്. ഇതാണ് ഇന്ന് ഏറെ ചര്‍ച്ചയായിരിക്കുന്ന വിഷയം. ബി.ജെ.പിക്കെതിരെ ദേശവ്യാപകമായി പൊരുതുമ്പോഴും എന്തുകൊണ്ട് മോഡിക്കെതിരായ ഒരു വിശാലകൂട്ടുകെട്ടില്‍ നിന്നും സി.പി.എം ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന ചോദ്യമാണ് പലകോണുകളില്‍ നിന്നും ഉയരുന്നത്. അതിനെ ഒരു സി.പി.എം-ബി.ജെ.പി ബന്ധമായി വ്യാഖ്യാനിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുളള നീക്കം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുമാത്രമല്ല, ഇടയ്ക്കിടയ്ക്ക് കേരളം സന്ദര്‍ശിച്ച് പോകുന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിപോലും നടത്തുന്നുമുണ്ട്.

ഒുരുപക്ഷേ ആന്റണി പറയുന്നത് ശരിയുമാകാം. ഇത്തരമൊരു മഹാസഖ്യത്തില്‍ സി.പി.എം. ചേരുന്നുവോ ഇല്ലയോ എന്നത് പ്രസക്തമല്ല. കേരളത്തിലൂം ത്രിപുരയിലും മാത്രം അധികാരമുള്ള, പശ്ചിമ ബംഗാളില്‍ ഉണ്ടായിരുന്ന അടിത്തറപോലും നഷ്ടമായ ഒരു പാര്‍ട്ടിയെചൊല്ലിയാണ് ഇവിടെ വിവാദം നടക്കുന്നത്. അത് പ്രസക്തമാണെന്ന് തോന്നുന്നില്ല. അമതസമയം ഇന്ത്യയിലെ ഇത്തരം മഹാസഖ്യങ്ങളുടെ ഭാവിയേയും അവ രൂപീകരിക്കപ്പെടുന്ന ലക്ഷ്യങ്ങളെയും കുറിച്ചാണ് ചിന്തിക്കേണ്ടത്.

ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മഹാസഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയിരിക്കുന്നത് നേരത്തെ പറഞ്ഞതുപോലെ നരേന്ദ്രമോഡി എന്ന വ്യക്തിയെ പുറത്താക്കുന്നതിന് വേണ്ടിയാണ്. ഇതാണ് ഇന്ത്യയുടെ ശാപം. എക്കാലത്തും ഇന്ത്യയില്‍ ഇത്തരം മഹാസഖ്യങ്ങള്‍ രൂപംകൊണ്ടത് വ്യക്തിവിരോധങ്ങളുടെ പേരിലായിരുന്നുവെന്നതാണ് വസ്തുത. മോഡി വരുന്നതിന് മുമ്പ് ഇത് കോണ്‍ഗ്രസിന് എതിരായിട്ടായിരുന്നു. കോണ്‍ഗ്രസിനെതിരെ എന്നുപറയുമ്പോള്‍ ഇതിന്റെ പരീക്ഷണം ആദ്യം നടന്നത് ഇന്ദിരാഗാന്ധിക്ക് എതിരായിട്ടായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക്‌ശേഷം 1977ലെ തെരഞ്ഞെടുപ്പിലായിരുന്നു ഇത് പരീക്ഷിക്കപ്പെട്ടത്.

അന്ന് ജയപ്രകാശ് നാരായണന്റെ ആശിര്‍വാദത്തോടെ രാജ്യത്തെ എല്ലാ പ്രതിപക്ഷകക്ഷികളും ഒന്നിക്കുകയും ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ കൂട്ടായ്മയുടെ ഫലം എന്തായിരുന്നുവെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. അത് വളരെവേഗം തന്നെ ശിഥിലമാകുകയും രാഷ്ട്രീയ അനിശ്ചിതത്വം ആരെയാണോ അകറ്റിനിര്‍ത്താന്‍ ഇവര്‍ ഒന്നിച്ചത് അവരെ കൂടുതല്‍ കരുത്തയായി മടക്കികൊണ്ടുവരികയും ചെയ്തിരുന്നു. പിന്നീട് ഇത് പരീക്ഷിക്കപ്പെട്ടത് രാജീവ്ഗാന്ധിക്കെതിരെയായിരുന്നു.

രാജീവിന്റെ പാളയത്തില്‍ നിന്നും പിണങ്ങിപുറത്തുവന്ന വി.പി.സിംഗിന്റെ നേതൃത്വത്തിലായിരുന്നു. അന്നും രാജീവിനെ പുറത്താക്കാന്‍ കഴിഞ്ഞു. എന്നാല്‍ ആ കൂട്ടായ്മയുടെ ഉപഉല്‍പ്പന്നമാണ് ഇന്ന് കാണുന്ന നരേന്ദ്രമോഡി. ആ ഭരണമാണ് രാജ്യത്തെ വര്‍ഗ്ഗീയമായി കൃത്യം രണ്ടായി ഭിന്നിച്ചത്. ബി.ജെ.പി എന്ന ശക്തിയുടെ വളര്‍ച്ചയ്ക്ക് വഴിവച്ചതും. ആ കൂട്ടായ്മയും രാഷ്ട്രീയ അന്തഃചിദ്രങ്ങള്‍ മൂലം ലക്ഷ്യം കണ്ടില്ല.

എന്നാല്‍ പിന്നീട് വാജ്‌പേയ് സര്‍ക്കാരിന് ശേഷം ബി.ജെ.പിയ്‌ക്കെതിരെ രൂപം കൊണ്ട യു.പി. എ വിജയവുമായിരുന്നു. പത്തുവര്‍ഷം ആ കൂട്ടായ്മ ഭരണം നടത്തുകയും ചെയ്തിരുന്നു. അതില്‍ ആദ്യ യു.പി.എ സര്‍ക്കാരിന്റെ ഭരണത്തിന് കരുത്ത് പകര്‍ന്നിരുന്നത് സി.പി.എം തന്നെയായിരുന്നു. അന്ന് സി.പി.എം. രാജ്യത്ത് അത്ര ശക്തിക്ഷയിച്ചിട്ടില്ലാത്ത ഒരു പ്രസ്ഥാനവുമായിരുന്നു.

ഇവിടെ നിന്നാണ് നാം ഇന്നത്തെ സാഹചര്യത്തെ വിലയിരുത്തേണ്ടത്. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും എതിരായി രൂപപ്പെട്ട പൊതുവേദി തകരുകയും ബി.ജെ.പിക്കെതിരെ ഉരുത്തിരിഞ്ഞ സഖ്യം വിജയിക്കപ്പെട്ടതിന്റെയും കാരണങ്ങളും അനന്തരഫലങ്ങളും വിശലകനം ചെയ്യുമ്പോള്‍ ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഉത്തരം ലഭിക്കും.

ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും എതിരായി ഉണ്ടായ സഖ്യങ്ങള്‍ വെറും വ്യക്തിവിരോധത്തിന്റെ പേരില്‍ ഉണ്ടായവ മാത്രമായിരുന്നുവെന്ന് നമുക്ക്ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അതേസമയം 2004ല്‍ ബി.ജെ.പിക്കെതിരെ ഉയര്‍ന്ന പൊതുവേദി വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ചില നയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ടതുമായിരുന്നു. ഒരുപൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു ആ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്.

ആ പൊതുമിനിമംപരിപാടി ഏകപക്ഷീയമായി തകര്‍ത്തപ്പോഴാണ് ഒന്നാം യൂ.പി.എയുടെ കാലത്ത് മുന്നണി തകര്‍ന്നത്. ഒന്നാം യു.പി.എയുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഒരിക്കല്‍കൂടി ആ മുന്നണി തന്നെ അധികാരത്തില്‍ വന്നെങ്കിലും പൊതുമിനിമം പോയിട്ട് ഒരു മിനിമംപരിപാടിപോലുമില്ലാതെ ജനദ്രോഹനയങ്ങളാണ് അവര്‍ പിന്തുടര്‍ന്നത്. അതാണ് മോഡി എന്ന ഫലത്തെ സൃഷ്ടിച്ചതും.

ഇതില്‍ നിന്നും പ്രധാനമായും വ്യക്തമാകുന്നത് ആള്‍ക്കുട്ടത്തിന്റെ പൊതുവേദിയല്ല, ആശയങ്ങളുടെ പൊതുവേദിയാണ് ഉണ്ടാകേണ്ടത് എന്നതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നടക്കുന്നത് അത്തരത്തിലുള്ള നീക്കമായി കാണാന്‍ കഴിയില്ല. മോഡി എന്ന ഭീഷണിയെ ഏത്‌വിധമെങ്കിലും ഒഴിവാക്കാന്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടാനുള്ള അമിതാവേശം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇത് നേരത്തെയും പരീക്ഷിച്ചതാണ്. ബീഹാറായിരുന്നു പരീക്ഷണശാല. ചില വ്യക്തിപരമായ അഭിപ്രായത്തിന്റെ പേരില്‍ മോഡിുമായി ഇടഞ്ഞുനിന്ന നിതീക്ഷ്‌കുമാറിനെ രക്ഷകനായി ചിത്രീകരിച്ച് അദ്ദേഹത്തിന് പിന്നാലെ പാഞ്ഞവര്‍ അത് കണ്ടതാണ്. അന്നും ഈ മഹാസഖ്യത്തില്‍ നിന്നും വിട്ടുനിന്നതിന്റെ പേരില്‍ സി.പി.എമ്മിനെ മഹാസഖ്യത്തിന്റെ വക്താക്കള്‍ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ അവിടെ അധികാരം കിട്ടി രണ്ടുവര്‍ഷം തികയുന്നതിന് മുമ്പുതന്നെ ആ നീക്കം തെറ്റായിരുന്നുവെന്ന് നിതീഷ്‌കുമാര്‍ തെളിയിച്ചുതന്നു.

ഇതാണ് ഇന്ന് ഇന്ത്യയുടെ ശാപം. പ്രാദേശികകക്ഷികളുടെ തള്ളിക്കയറ്റവും സ്വാര്‍ത്ഥതാല്‍പര്യവുമാണ് ഇന്ത്യയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായി ഒരു പൊതുവേദി ഉയര്‍ന്നുവരണമെങ്കില്‍ ആദ്യമായി കൂട്ടുചേരേണ്ടത് ഇത്തരം പ്രാദേശികകക്ഷികളുമായാണ്. തങ്ങളുടെ സ്വാര്‍ത്ഥതയ്ക്ക് അപ്പുറത്ത് ഇക്കൂട്ടര്‍ക്ക് മറ്റൊന്നുമില്ല. നിലവിലെ സാഹചര്യങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുണ്ട് പ്രാതിനിധ്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെങ്കിലും മിക്കയിടത്തും അവര്‍ പ്രാദേശികകക്ഷികള്‍ക്ക്പിന്നിലാണ് നിലകൊള്ളേണ്ടിവരിക.

അങ്ങനെ രണ്ടാമതായി നില്‍ക്കുന്ന ഒരുകക്ഷിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളില്‍ സഖ്യങ്ങള്‍ രൂപപ്പെടുമ്പോള്‍, ഒന്നാമത്തെ കക്ഷി തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നീങ്ങിയാല്‍ ഒന്നും ചെയ്യാനാവില്ല. അങ്ങനെയല്ലെങ്കില്‍ ഓരോ സംസ്ഥാനങ്ങളിലേയും സാമുദായികകക്ഷികളുമായി സഖ്യം വേണ്ടിവരും. ഗുജറാത്തില്‍ ഇപ്പോള്‍ അതാണ് കാണുന്നത്. അങ്ങനെ വരുമ്പോള്‍ ഈ പൊതുവേദിയും മോഡിയുടെ ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ലാതെയും വരും. ഇതാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്ന പൊുതവേദിയുടെ ഒരുപ്രശ്‌നം.

രണ്ടാമതായി ഈ പൊതുവേദിയും രൂപപ്പെടുന്നത് വ്യക്തിവിരോധത്തിന്റെ പേരിലാണ്. ഇല്ലാതെ നയങ്ങളുടേയോ, ആശയങ്ങളുടെയോ പേരിലല്ല. കോണ്‍ഗ്രസ് പൊതുവേദിക്കുവേണ്ടി മുറവിളികൂട്ടുമ്പോഴും തങ്ങളുടെ മുന്‍കാലനയങ്ങളില്‍ പ്രത്യേകിച്ചും സാമ്പത്തികനയങ്ങളില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞിട്ടില്ല. ഒരു പൊതുമിനിമം പരിപാടിയുടെ പേരില്‍ ഒന്നിക്കുയും നാലുവര്‍ഷം പിന്നിടുന്നതിന് മുമ്പ് കുതിരകച്ചവടം നടത്തി അത് തകര്‍ക്കുകയും ചെയ്ത മുന്‍ അനുഭവവുമുണ്ട്.

അതുകൊണ്ടുതന്നെ ഇടതുപക്ഷകക്ഷികള്‍ പ്രത്യേകിച്ച് സി.പി.എം അതിനെ എതിര്‍ക്കുന്നതില്‍ തെറ്റുപറയാനുമാവില്ല.
വര്‍ഗ്ഗീയത-മതേതരത്വം എന്നിവയ്ക്കായി ഒന്നിക്കണമെന്നാണ് ഇപ്പോഴത്തെ വാദം. ഇതുതന്നെ കപടവാദമാണ്. എല്ലാ സാമുദായിക-വര്‍ഗ്ഗീയകക്ഷികളെയും കൂട്ടുപിടിച്ചുകൊണ്ട് കുറേക്കൂടി ശക്തമായ വര്‍ഗ്ഗീയത പറയുന്നവരെ പ്രതിരോധിക്കുകയെന്നത് മഠയത്തരമാണ്. വര്‍ഗ്ഗീയതയെ ഒട്ടുവര്‍ഗ്ഗീയമല്ലാതെ, രാഷ്ട്രീയമായി തന്നെ ചെറുക്കണം.

അതിനുള്ള സാഹചര്യം ഇതുവരെ ഒരുങ്ങിയിട്ടില്ല. അതിനുള്ള സാഹചര്യം ഉണ്ടാകണമെങ്കില്‍ ഓഹരിവിപണിയുടെ വളര്‍ച്ചയ്ക്ക്പകരം നമ്മുടെ നാട്ടിലെ മനുഷ്യന്റെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങളും വികസനങ്ങളും വേണം. രാജ്യത്തിലെ പ്രജകളെ ദുര്‍ബലരാക്കികൊണ്ട് സമ്പത്തിന്റെ മാത്രം പ്രതീകമായ ഓഹരിവിപണിയിലെ കുതിച്ചുകയറ്റത്തിന്റെ അടിസ്ഥാനത്തില്‍ വികസനത്തെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ നയങ്ങളില്‍ മാറ്റമുണ്ടാകണം. മറിച്ച് മനുഷ്യനെ രാഷ്ട്രീയവല്‍ക്കരിക്കുകയും അവനെ സാമ്പത്തികമായി ശാക്തീകരിക്കുകയുമാണ് വേണ്ടത്.

പൗരന്മാരെ ദുര്‍ബലരാക്കി, അവരെ അടിമകളാക്കി കൊണ്ടുനടക്കുകയെന്നതാണ് ഫാസിസത്തിന്റെയും ഏകാധിപത്യങ്ങളുടെയും രീതി. അത് മാറണം. അതിനായി ആദ്യം സാമ്പത്തികനയമാണ് പൊളിച്ചെഴുതേണ്ടത്. മനുഷ്യകേന്ദ്രീകൃതമായ ഒരു നയത്തിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുവേണം വിശാലവേദിയെക്കുറിച്ച് ചിന്തിക്കാന്‍. കമ്പോളത്തിന് കരുത്തുപകരുകയും പൗരന്മാരെ അവഗണിക്കുകയും ചെയ്ത സാമ്പത്തികനയം പൊളിച്ചെഴുതുമെന്ന് കോണ്‍ഗ്രസ് ഒരിടത്തും പറഞ്ഞിട്ടുമില്ല. അത്തരത്തില്‍ സ്വയം സമ്പൂര്‍ണ്ണമായി മാറിക്കൊണ്ടുമാത്രമേ സമഗ്രമായ മാറ്റത്തിന് അടിവരയിടാന്‍ കഴിയുകയുള്ളു.

അതോടൊപ്പം ഓരോ സംസ്ഥാനങ്ങളിലൂം രണ്ടാമതോ മൂന്നാമതോ നില്‍ക്കുന്ന ഒരു കക്ഷിക്ക് രാജ്യത്തെ മറ്റുള്ളവരെ ഏകോപിപ്പിച്ച് ശക്തമായി മുന്നോട്ടുപോകാന്‍ കഴിയില്ല. അതുകൊണ്ട് ആദ്യം കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെ പടയെ അടക്കുകയും പഴയ പ്രതാപത്തിലേക്ക്തിരിച്ചുവരാന്‍ പരിശ്രമിക്കുകയുമാണ് വേണ്ടത്. ഇല്ലാതെ ഡല്‍ഹിയിലെ ആ പരമപദംമാത്രം സ്വപ്നം കണ്ട് എങ്ങനെയെങ്കിലും മോഡിയെ മാറ്റി പകരം അവിടെയിരിക്കണമെന്ന അധികാരക്കൊതിമാത്രമാണെങ്കില്‍ കോണ്‍ഗ്രസിന്റെ പരിശ്രമം വിജയിക്കില്ല.

അതുകൊണ്ട് ആദ്യം വ്യക്തിവിരോധമല്ല, ആശയഐക്യത്തിന്റെ പേരില്‍ പൊതുവേദിയുണ്ടാക്കാന്‍ ശ്രമിക്കണം. അതോടൊപ്പം സ്വയം ശക്തിപ്പെടുകയും മറ്റുള്ളവര്‍ക്ക് വിശ്വാസം പകരുകയും വേണം. അങ്ങനെ അധികാരകൊതിക്ക് പകരം സമ്പൂര്‍ണ്ണമായി രാജ്യത്തിന്റേയും അതിലെ പൗരന്മാരുടെയും നന്മയെ ലക്ഷ്യമാക്കി നീങ്ങുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുവേദിക്ക്ശ്രമിക്കുകയും ചെയ്താല്‍ അത് സഫലമാകും.

ആ വേദിക്ക് ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുമാകും. ഇല്ലാതെ കോണ്‍ഗ്രസിന് അധികാരം ലഭിക്കാന്‍ പൊതുവേദിഗയുണ്ടാക്കണമെന്നും അത് കിട്ടിക്കഴിഞ്ഞാല്‍ തങ്ങള്‍ തോന്നിയതുപോലെ ചെയ്യുമെന്നുമുള്ള നിലപാട് സ്വീകരിക്കുകയും അതിനെ എതിര്‍ക്കുന്നവരെ അഞ്ചാംപത്തിയൂം വര്‍ഗ്ഗീയകോമരങ്ങളുമായി ചിത്രീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാപ്പാരത്തം കോണ്‍ഗ്രസിന് ഇനിയൂം കൂടുതല്‍ ദോഷമേ ചെയ്യുകയുള്ളു.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 06 Nov 2017 10.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW