Thursday, April 25, 2019 Last Updated 48 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 05 Nov 2017 01.47 AM

സുവര്‍ണപുരുഷനായി 'മോഹന്‍ലാല്‍'

uploads/news/2017/11/162398/sun5.jpg

പ്രേക്ഷകരെ ആവേശത്തിന്റെ ആകാശത്ത്‌ എത്തിച്ച പുലിമുരുകന്റെ സൂപ്പര്‍ഹിറ്റ്‌ വിജയത്തിനുശേഷം ലാലേട്ടന്‌ ദിനംപ്രതി ആരാധകര്‍ ഏറുകയാണ്‌. ഇങ്ങനെ കൂടിയ ആരാധകര്‍ക്കിടയില്‍ രണ്ടുപേര്‍ നിസാരക്കാരല്ല. മോഹന്‍ലാലിനോടുള്ള തീവ്രമായ ആരാധന മൂത്ത്‌ ജീവിക്കുന്ന ഈ രണ്ട്‌ വ്യക്‌തികളില്‍ ഒന്ന്‌ ലേഡി സൂപ്പര്‍ സ്‌റ്റാറാകാന്‍ കുതിക്കുന്ന മഞ്‌ജുവാര്യരാണ്‌.
മറ്റൊന്ന്‌ അമ്മ പ്രസിഡന്റ്‌ ഇന്നസെന്റും. ഇവര്‍ ലാലേട്ടന്റെ അന്ധമായ ആരാധന വച്ചുപുലര്‍ത്തുന്ന കഥാപാത്രങ്ങളാകുന്ന രണ്ട്‌ സിനിമകളാണ്‌ അണിയറയില്‍ ഒരുങ്ങുന്നത്‌. സാജിദ്‌ യാഹിയ സംവിധാനം ചെയ്ുയന്ന 'മോഹന്‍ലാലി'ല്‍ മീനുക്കുട്ടിയെന്ന ലാലിന്റെ കട്ട ഫാനായാണ്‌ മഞ്‌ജു വേഷമിടുന്നത്‌. സുനില്‍ പൂവേലി സംവിധാനം ചെയ്യുന്ന 'സുവര്‍ണ്ണപുരുഷനി'ല്‍ തിയറ്റര്‍ ഓപ്പറേറ്റര്‍ റപ്പായിയായാണ്‌ ഇന്നസെന്റ്‌ എത്തുന്നത്‌. ലാലിന്റെ അഭിനയപ്രതിഭയെ നെഞ്ചോട്‌ ചേര്‍ത്തു സൂക്ഷിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക്‌ പുത്തനൊരു ആസ്വാദന വിസ്‌മയം ഒരുക്കാനുള്ള തയാറെടുപ്പോടെയാണ്‌ രണ്ടു സിനിമകളും അണിയറയില്‍ ഒരുങ്ങുന്നത്‌. പ്രേക്ഷകര്‍ കണ്ടു ശീലിച്ച താരാരാധന ഇതിവൃത്തമാകുന്ന സിനിമകളിലെപ്പോലെ താരരാജാവിനുവേണ്ടി പോസ്‌റ്റര്‍ ഒട്ടിക്കാനും ജയ്‌ വിളിക്കാനും പാലഭിഷേകം നടത്താനും പോകുന്ന ഫാന്‍സുകാരുടെ കഥയില്‍നിന്നും വ്യത്യസ്‌തമായി ഈ കഥകള്‍ക്ക്‌ ഒരു ജീവനും ജീവിതവുമുണ്ടെന്നതാണ്‌ ഈ രണ്ടുസിനിമകളെയും വ്യത്യസ്‌തമാക്കുന്ന ഘടകങ്ങള്‍.

റപ്പായി വെറുമൊരു ആരാധകനല്ല

അനവധി ശ്രദ്ധേയങ്ങളായ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്‌ത ശേഷമാണ്‌ സുനില്‍ പൂവേലി സുവര്‍ണ്ണപുരുഷനെന്ന ആദ്യ സിനിമയുമായി കടന്നുവരുന്നത്‌. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ വികസന രേഖകള്‍, പുരകളിയാശാന്‍ പൊക്കന്‍ പണിക്കര്‍, ആയുര്‍വേദ ആചാര്യന്‍ ചങ്ങമ്പിള്ളി ഗുരുക്കള്‍ എന്നിവരെ കുറിച്ചുള്ളവയെല്ലാം അവയില്‍ ചിലതുമാത്രം. മോഹന്‍ലാലിന്റെ അഭിനയ മാസ്‌മരികത പ്രകടമായ കിരീടവും വാനപ്രസ്‌ഥവും അടക്കമുള്ള അനവധി സിനിമകള്‍ കണ്ട്‌ ലാലിന്റെ അരാധകനായ സുനില്‍ ഈ സിനിമ ചെയ്യുന്നത്‌ വളരെ പ്രതീക്ഷകളോടെയാണ്‌.
''ലാലേട്ടന്റെ സിനിമകളെല്ലാം എല്ലാ മലയാളി പ്രേക്ഷകരും ഇഷ്‌ടപ്പെട്ടതു പോലെ എന്നെയും ആകര്‍ഷിച്ചിരുന്നു. അഭിനയിച്ച കഥാപാത്രങ്ങളിലൂടെയെല്ലാം പ്രേക്ഷകരോട്‌ ഏറ്റവും സരളമായി ആശയവിനിമയം നടത്തുന്ന പുരുഷ ബിംബമാണ്‌ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ പ്രതിഭയെ ഞാന്‍ എന്നും ഏറെ ആരാധനയോടെയാണ്‌ കണ്ടിരുന്നത്‌. പിന്നെ, താരാരാധനയുടെ കാര്യം പറഞ്ഞാല്‍ സിനിമ റിലീസ്‌ ചെയ്യുന്ന ദിവസമുള്ള പാലഭിഷേകവും പൂമാലയിടലും എല്ലാം വളരെ തരംതാഴ്‌ന്നതായി പലര്‍ക്കും തോന്നുമെങ്കിലും ഞാന്‍ ആലോചിച്ചത്‌ എന്തുകൊണ്ട്‌ പ്രേക്ഷകര്‍ ഈ പുരുഷബിംബത്തെ ഇത്രമാത്രം ഇഷ്‌ടപ്പെടുന്നു എന്നതിനെകുറിച്ചാണ്‌. അദ്ദേഹത്തിന്‌ മാത്രം എന്തുകൊണ്ട്‌ ഇത്രമാത്രം ജനങ്ങളെ സ്വാധീനിക്കാന്‍ പറ്റുന്നുവെന്ന്‌ ഞാന്‍ ഏറെ ചിന്തിച്ചിരുന്നു. ഈ ആരാധനയെ മുന്‍നിര്‍ത്തി ഒരു ഡോക്യുമെന്ററി ചെയ്യാനാണ്‌ ഉദ്ദേശിച്ചത്‌. എന്നാല്‍ അതു പിന്നെ വളര്‍ന്ന്‌ സിനിമയായി മാറുകയായിരുന്നു.''
കഥ പൂര്‍ത്തിയായപ്പോള്‍ കേന്ദ്രകഥാപാത്രമായ തിയറ്റര്‍ ഓപ്പറേറ്റര്‍ റപ്പായിയായി സുനിലിന്‌ ഇന്നസെന്റ്‌ അല്ലാതെ മറ്റാരും മനസിലേക്ക്‌ വന്നില്ല. തുടര്‍ന്നാണ്‌ അദ്ദേഹത്തോട്‌ കഥ പറയാന്‍ പോകുന്നത്‌. കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്‌ ഇഷ്‌ടമായി. സീന്‍ ഓര്‍ഡറായാണ്‌ കഥ പറഞ്ഞത്‌. അദ്ദേഹം അഭിനയിക്കാമെന്നു സമ്മതിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. ഇരിങ്ങാലക്കുടയിലായിരുന്നു സിനിമയുടെ മൊത്തം ഷൂട്ടിങ്‌ നടന്നത്‌. അവിടത്തെ മേരിമാത എന്ന സാങ്കല്‍പിക തിയറ്ററാണ്‌ പ്രധാന ലൊക്കേഷന്‍.
''ഇന്നസെന്റ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌ കുറേയേറേ പ്രത്യേകതകളുണ്ട്‌. ജാതിയില്‍ ഏറ്റവും താഴെ തട്ടിലുള്ള വിഭാഗത്തില്‍നിന്നും വരുന്ന മുരുകനെന്ന വ്യക്‌തി മതംമാറി റാഫേലാവുകയും പിന്നീട്‌ റപ്പായി എന്ന പേര്‌ സ്വീകരിക്കുകയുമാണ്‌. സിനിമ ഓപ്പറേറ്ററായ റപ്പായി സിനിമ കണ്ടാല്‍ കരയുന്ന വ്യക്‌തിയാണ്‌. റപ്പായി മോഹന്‍ലാല്‍ എന്ന താരത്തിന്റെ ആരാധകനല്ല, പ്രതിഭയുടെ ആരാധകനാണ്‌. ഇരിങ്ങാലക്കുടക്കാരെ സിനിമ കാണിക്കുന്ന അയാള്‍ ഒരുപാട്‌ ഭാഷകള്‍ സ്വായത്തമാക്കിയ ആളാണ്‌. അങ്ങനെ സിനിമ കണ്ടു മാത്രം ലോകത്തെ അറിഞ്ഞ ഒരാള്‍. സിനിമയെ പിന്നീട്‌ അയാള്‍ ഒരു മതമാക്കി മാറ്റുകയാണ്‌. അയാളുടെ ജീവിതത്തില്‍ ഒരു സ്‌ത്രീയില്ല. രതിയും കാമനകളുമെല്ലാം സിനിമയാണ്‌. ഇരിങ്ങാലക്കുട ദേശത്ത്‌ മോഹന്‍ലാല്‍ ആരാധകരായി എത്തുന്നത്‌ ഇരിങ്ങാലക്കുടക്കാര്‍ മാത്രമല്ല. അന്യസംസ്‌ഥാനക്കാരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എല്ലാമുണ്ട്‌. അവരുടെ എല്ലാം കഥയാണ്‌ ഇത്‌. സിനിമ ഡിസംബറില്‍ റിലീസ്‌ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌.''
ഇങ്ങനെയൊരു സിനിമ ഇറങ്ങുന്ന കാര്യം ഇന്നസെന്റ്‌ ചേട്ടന്‍ പറഞ്ഞ്‌ മോഹന്‍ലാല്‍ അറിഞ്ഞിട്ടുണ്ടെന്നറിഞ്ഞതിന്റെ അഭിമാനവും സുനിലിനുണ്ട്‌.

'മഞ്ഞില്‍ വിരിഞ്ഞ പൂവാ'യി മീനുക്കുട്ടി

ഇടിയെന്ന ജയസൂര്യ നായകനായ സിനിമയ്‌ക്കുശേഷം സാജിദ്‌ യാഹിയ സംവിധാനം ചെയ്യുന്ന സിനിമയാണ്‌ 'മോഹന്‍ലാല്‍'. സിനിമയെക്കുറിച്ച്‌ സജിദിന്‌ ഏറെ പ്രതീക്ഷകളാണുള്ളത്‌. ലാല്‍ എന്ന അതുല്യ പ്രതിഭയുടെ സ്വാധീനം കൊണ്ട്‌ ജിവിതം മാറിമറിഞ്ഞ പെണ്‍കുട്ടിയായാണ്‌ മഞ്‌ജു അഭിനയിക്കുന്നത്‌. മാധ്യമപ്രവര്‍ത്തകനായ സുനീഷ്‌ വാരനാടാണ്‌ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്‌.
'' ഗുഡ്‌ഡി എന്ന 1971 ല്‍ ഹിന്ദിയിലിറങ്ങിയ സിനിമയാണ്‌ എനിക്ക്‌ 'മോഹന്‍ലാല്‍' ഒരുക്കാന്‍ പ്രചോദനമായത്‌. ധര്‍മ്മേന്ദ്രയെ ആരാധിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്‌ സിനിമ പറയുന്നത്‌. ഇവിടെ അത്‌ മോഹന്‍ലാലിനെ ആരാധിക്കുന്ന പെണ്‍കുട്ടിയാകുന്നു. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ റിലീസിങ്ങിന്റെയന്ന്‌ ജനിച്ച മീനുക്കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലൂം ലാലേട്ടന്റെ സൂപ്പര്‍ ഹിറ്റുകളായ സിനിമകള്‍ റിലീസിങ്ങിനെത്തുന്നു. എന്നാല്‍ അവളുടെ അന്ധമായ ലാലേട്ടനോടുള്ള ആരാധനയെ കുടുംബവും ഭര്‍ത്താവുമെല്ലാം തെറ്റിദ്ധരിക്കുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ അവര്‍ പക്ഷേ എല്ലാം തിരിച്ചറിയുകയാണ്‌. സിനിമയുടെ കഥ എന്റേതാണ്‌. മൂന്നുവര്‍ഷമായി ഞങ്ങള്‍ ഈ സിനിമയുടെ പിറകേയാണ്‌. നല്ലൊരു സിനിമയാണു ലക്ഷ്യം.''
തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മഞ്‌ജുവാര്യരായിരുന്നു അണിയറപ്രവര്‍ത്തകരുടെ മനസില്‍. കഥ കേട്ടും തിരക്കഥ വായിച്ചും മഞ്‌ജുവിന്‌ ഇഷ്‌ടമായതോടെ എല്ലാ കാര്യങ്ങളും പിന്നെ വേഗത്തിലായി. ഷൂട്ടിങ്‌ പൂര്‍ത്തിയാകാന്‍ ഇനി കുറച്ചുദിവസങ്ങള്‍ കൂടി മാത്രമേയുള്ളൂ. സിനിമയുടെ ആരംഭ സീനുകളില്‍ കഥാപാത്രങ്ങള്‍ക്ക്‌ വളരെ ചെറുപ്പമാണ്‌ വേണ്ടത്‌. മഞ്‌ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ഒടിയനി'ല്‍ അങ്ങനെ ഒരു കാലഘട്ടം വരുന്നുണ്ട്‌. അപ്പോള്‍ ഒടിയനിലെ ആ രംഗങ്ങളുടെ ഷൂട്ടിങ്ങിനുശേഷം ഈ സിനിമയ്‌ക്കു വേണ്ട സീനുകള്‍ എടുക്കാനാണു പദ്ധതി. ലുക്ക്‌ ചേഞ്ചില്‍ മാറ്റംവരുത്താനുള്ള ആവശ്യകത സിനിമയ്‌ക്കായി വളരെ അത്യാവശ്യവുമാണ്‌.
മഞ്‌ജുവിന്റെ ഭര്‍ത്താവായി ഇന്ദ്രജിത്ത്‌ അഭിനയിക്കുന്നു. സൗബിനും സലിംകുമാറുമടക്കം വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്‌. എന്നാല്‍ സിനിമയുടെ ഷൂട്ടിങ്‌ തുടങ്ങിയതോടെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ അദ്ദേഹത്തിന്റെ ഒരു കഥയുമായി സിനിമയ്‌ക്ക് സാദൃശ്യമുണ്ടെന്നും പറഞ്ഞ്‌ രംഗത്തെത്തിയിരുന്നു.
സാജിദ്‌ പറയുന്നു.- ''കലവൂര്‍ രവികുമാര്‍ ചേട്ടന്‌ ഞങ്ങളുടെ തിരക്കഥ മുഴുവന്‍ വായിക്കാന്‍ കൊടുക്കാന്‍ തയാറാണ്‌. ഈ ആരോപണം വന്നപ്പോള്‍ ഫെഫ്‌ക്കയില്‍ ഹിയറിങിനായി ഞങ്ങള്‍ ചെന്നിരുന്നു. ഞാന്‍ പറഞ്ഞല്ലോ, എന്നെ സ്വാധീനിച്ച സിനിമ ഗുഡ്‌ഡിയാണ്‌. പിന്നെ ഞാന്‍ കലവൂര്‍ രവികുമാര്‍ ചേട്ടന്റെ കഥ സിനിമയുടെ ഷൂട്ടിങ്‌ നടന്ന സമയത്തൊന്നും വായിച്ചിട്ടില്ലായിരുന്നു. ആരോപണം വന്നപ്പോള്‍ അദ്ദേഹം പലര്‍ക്കും അയച്ചുകൊടുത്തത്‌ വാട്‌സ് ആപ്പില്‍ എനിക്കും കിട്ടി. ഞാന്‍ അങ്ങനെയാണ്‌ ആ കഥ വായിക്കുന്നത്‌. എന്നാല്‍ ആ കഥയല്ല എന്റെ സിനിമയെന്ന്‌ ആത്മവിശ്വാസത്തോടെ ഞാന്‍ എവിടെയും പറയാം. എന്റെ കുടുംബം ലാലേട്ടന്റെ വലിയ ആരാധകരാണ്‌. അവരുടെ ആരാധനയും എനിക്ക്‌ ഈ സിനിമയ്‌ക്ക് പ്രചോദനമായിട്ടുണ്ട്‌. ഇതിന്റെ കേസിന്‌ ഏതറ്റംവരെ പോകാനും ഞങ്ങളുടെ ലീഗല്‍ ടീം തയാറാണ്‌. സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ ആരോപണം തെറ്റായിരുന്നുവെന്ന്‌ എല്ലാവര്‍ക്കും മനസിലാകും. ഞാന്‍ എന്റെ കഥ സിനിമയാക്കുന്നു. അദ്ദേഹത്തിന്റെ കഥ അദ്ദേഹം സിനിമയാക്കട്ടെ. എനിക്ക്‌ അതുമാത്രമേ പറയാനുള്ളൂ.''

ക്ലൈമാക്‌സ് പുലിമുരുകന്‍ നിശ്‌ച്ചയിക്കും

രണ്ടു സിനിമകള്‍ക്കും ക്ലൈമാക്‌സ് സൃഷ്‌ടിക്കുന്നതില്‍ ലാലേട്ടന്റെ നൂറുകോടി സമ്പാദിച്ച സിനിമയായ പുലിമുരുകന്‌ നിര്‍ണായക പങ്കുണ്ട്‌. ലാലിന്റെ ബ്രഹ്‌മാണ്ഡ ഹിറ്റ്‌ പുലിമുരുകന്‍ എന്ന സിനിമയുടെ റിലീസിങ്‌ ദിവസമാണ്‌ ഈ രണ്ട്‌ സിനിമകളുടെയും സഞ്ചാരഗതിയില്‍ ഞെട്ടിക്കുന്ന വഴിത്തിരിവുകളുണ്ടാകുന്നത്‌.
മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ റപ്പായിയുടെയും മീനുക്കുട്ടിയുടെയും ജീവിതത്തെ പുലിമുരുകന്‍ കീഴ്‌മേല്‍ മറിയ്‌ക്കുന്നു.
എന്താണ്‌ അന്ന്‌ സംഭവിക്കുന്നതെന്ന്‌ ചോദിച്ചാല്‍ രണ്ട്‌ സംവിധായകര്‍ക്കും ഒറ്റ ഉത്തരം.
'' ശേഷം സ്‌ക്രീനില്‍....''
അതാണ്‌ ഈ രണ്ടു സിനിമകളുടെയും രഹസ്യം.

എം.എ. ബൈജു

Ads by Google
Sunday 05 Nov 2017 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW