Monday, December 03, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 05 Nov 2017 01.47 AM

ലാബ്രിന്ത്‌-പത്മവ്യൂഹത്തിലകപ്പെട്ട പ്രവാസികളുടെ കഥ

uploads/news/2017/11/162397/sun4.jpg

പ്രവാസത്തിന്റെ തീക്ഷ്‌ണമായ അനുഭവങ്ങള്‍ അക്ഷരങ്ങളില്‍ അഭയം തേടിയപ്പോഴൊക്കെ അതി മനോഹരമായ രചനകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌ എം. ടിയും എന്‍.പി. മുഹമ്മദും ഒന്നിച്ചെഴുതിയ അറബി പൊന്ന്‌ മുതല്‍ ബെന്യാമിന്റെ ആട്‌ ജീവിതം വരെ നീളുന്ന പ്രവാസ പശ്‌ചാത്തല എഴുത്തുകള്‍ വായനക്കാര്‍ക്ക്‌ സമ്മാനിച്ചത്‌ അനന്യമായ ജീവിതാനുഭവങ്ങള്‍ ആയിരുന്നു . ഇത്തരത്തിലുള്ള ഒരു രചനയാണ്‌ ലാബ്രിന്ത്‌. (കൈരളി ബുക്‌സ്, കണ്ണൂര്‍).
ഒരിക്കല്‍ കയറിയാല്‍ തിരിച്ചു വരാന്‍ കഴിയാത്ത വിധം നമ്മളെ ചുറ്റിക്കുന്ന ഒരു തടവറയുടെ പേരാണ്‌ ലാബ്രിന്ത്‌എന്ന ഗ്രീക്ക്‌ പദം.എല്ലാ പ്രവാസികളുടെ ജീവിതവും ഒരു സാങ്കല്‌പിക ലാബ്രിന്തി ല്‍ തന്നെയാണ്‌, കടല്‍ കടന്നു വന്നവരൊക്കെ തിരിച്ചു പോക്ക്‌ ഒരു മോഹമായി സൂക്ഷിക്കുന്നു, അറബിക്കഥയിലെ നിധി സൂക്ഷിക്കുന്ന ഗുഹക്കുള്ളില്‍ കടന്ന അവസ്‌ഥയാണ്‌ പ്രവാസി മലയാളികള്‍ക്ക്‌ , ചിലര്‍ നിധി വാരിയെടുത്തത്‌ മതിയാകാതെ ഗുഹക്കുള്ളില്‍ വീണ്ടും വീണ്ടും കഴിയുന്നു മറ്റു ചിലര്‍ നിധി തേടി അലഞ്ഞ്‌ അലഞ്ഞ്‌ വലയുന്നു.ഈ അലച്ചിലുകളും ആര്‍ത്തിയും മനുഷ്യ മനസ്സില്‍ തീര്‍ക്കുന്ന ക്ഷതങ്ങളും വിങ്ങലുകളും അന്യതാബോധവും സൃഷ്‌ടിച്ച പച്ചയായ മനുഷ്യനാണ്‌ ലാബ്രിന്തിലെ സേവ്യര്‍ എന്ന നായകന്‍.
സേവ്യര്‍ ഒരു തന്റേടിയാണ്‌, ഒരു കവലയില്‍ നാലുപേരെ ഇടിച്ചു വീഴ്‌ത്തുന്ന തന്റെടമല്ല. മറിച്ച്‌ പള്ളിയെയും പട്ടക്കാരെയും നാട്ടുകാരെയും പേടിച്ചു ജീവിക്കുന്നവരില്‍നിന്ന്‌ വ്യത്യസ്‌തനായി അയാള്‍ തന്റെ നന്മകളിലും പ്രവൃത്തികളും വിശ്വസിച്ചു ഒരു വിപ്ലവകരമായ ജീവിതം നയിക്കുന്നു. മരുഭൂമിയോളം വിശാലമായ മനസ്‌ പ്രവാസിക്ക്‌ കൈവരുന്ന മറ്റൊരു അനുഗ്രഹമാണ്‌. വിവിധ ജാതി, മത, രാജ്യക്കാരുമായുള്ള സഹവാസം മാനവികതയുടെ മരുപ്പച്ചകള്‍ സേവ്യറിലും വളര്‍ത്തുന്നത്‌ നമുക്ക്‌ കാണാം.
പ്രവാസത്തിന്റെ നീക്കിയിരുപ്പുകള്‍ രോഗം മാത്രമാകുന്ന യാഥാര്‍ത്ഥ്യം, വാര്‍ധക്യത്തിന്റെ നിസ്സഹായത ഇവയൊക്കെ വായനക്കാരനെ അനുഭവിപ്പിക്കാന്‍ നോവലിസ്‌റ്റിനു കഴിഞ്ഞിട്ടുണ്ട്‌. ബൈബിള്‍ വാക്യങ്ങളുടെ പ്രയോഗം കഥയുടെ ആത്മാവുമായി ലയിക്കുന്നുണ്ട്‌. സേവ്യര്‍ അഥവാ രക്ഷകന്‍ എന്ന പേര്‌ മറിയയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാകുന്നുവെങ്കിലും സ്വന്തം കാര്യത്തില്‍ മദ്യപാനത്തിനു അടിമയായി സേവ്യര്‍ മരണം വരിക്കുന്നു എന്നത്‌ ജീവിതത്തിന്‍റെ വിരോധാഭാസമായി മാറുന്നു.സമ്പന്നതയുടെ സുഖ ശീതളിമയില്‍ വാഴുന്ന ദൈവത്തിന്‍റെ പ്രതിപുരുഷന്മാരോട്‌ കലഹിക്കുന്ന സേവ്യര്‍ യേശുവിനെ പോലെ ഒരു വേശ്യയുടെ രക്ഷകനാകുന്നത്‌ യാദൃശ്‌ചികമല്ല.
വളരെ മനോഹരവും ലളിതവുമായ രീതിയിലാണ്‌ ഷാര്‍ളി ബെഞ്ചമിന്‍ കഥ പറഞ്ഞിരിക്കുന്നത്‌. തന്റെ മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവാസ അനുഭവങ്ങളുടെ ആഴം ഈ നോവലിനെ മനോഹരമാക്കുന്നു. അവസരങ്ങളെ സമര്‍ത്ഥമായി വിനിയോഗിക്കുന്ന അഷ്‌റഫ്‌ ,അഷ്‌റഫിന്‍റെ അറബി , പ്രാവുകളുടെ തോഴന്‍ ചാച്ച, വ്യത്യസ്‌തമായ ജീവിത പശ്‌ചാത്തലത്തിലുള്ള അനേകം കഥാപാത്രങ്ങള്‍ മിഴിവോടെ നമ്മുടെ മനസ്സില്‍ ഇടം പിടിക്കുന്നുണ്ട്‌. ഇത്രയും കാലം പ്രവാസ ജീവിതം അനുഭവിച്ച, നിരവധി ജീവിതങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഗള്‍ഫിലെ ആദ്യകാല പത്രപ്രവര്‍ത്തകന്‍ എന്ത്‌ കൊണ്ട്‌ ഇത്രയും കാലം ഒരു സാഹിത്യ സൃഷ്‌ടിക്കു മുതിര്‍ന്നില്ല എന്നതിന്‍റെ ഉത്തരം കൂടിയാണ്‌ ഈ നോവല്‍.
അനുഭവങ്ങളുടെ പൊടിക്കാറ്റ്‌ ഏറ്റു ഘനീഭവിച്ച കഥാപാത്രങ്ങളും, സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ മാത്രം സാധ്യമാകുന്ന ബിംബങ്ങളുമൊക്കെ ഈ ഉത്തരത്തെ സാധൂകരിക്കുന്നു.മികച്ച ഒരു വായനാനുഭവം ലാബ്രിന്ത്‌ തരുന്നു എന്നതില്‍ സംശയമില്ല.

അസി

Ads by Google
Sunday 05 Nov 2017 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW