Friday, October 19, 2018 Last Updated 26 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 05 Nov 2017 01.47 AM

ഷഡ്‌പദം-സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/11/162395/sun2.jpg

ആ പകല്‍ മുഴുവന്‍ രാമുണ്ണി തെരുവിലുടെ അലഞ്ഞു. ഒരു വിചിത്രജീവിയെ എന്ന പോലെ ആളുകള്‍ അയാളെ തുറിച്ചു നോക്കി. തങ്ങളുടെ രൂപഭാവങ്ങളില്‍ നിന്ന്‌ പാടെ വിഭിന്നനായ ഒരാള്‍ വന്നുപെട്ടതിന്റെ വിസ്‌മയം അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. അത്‌ മനസിലായിട്ടും ഒന്നും അറിയാത്ത ഒരാളെ പോലെ അയാള്‍ തല കുമ്പിട്ട്‌ നടന്നു. ചില മുഖങ്ങള്‍ തന്നെത്തന്നെ തുറിച്ചു നോക്കുന്നതു കണ്ട്‌ അയാള്‍ അവരെ നോക്കി ചിരിച്ചു. ചിരിക്ക്‌ ഭാഷയില്ലല്ലോ? അവരിലൊരാള്‍ ചോദിച്ചു.
''ആരാണ്‌ നിങ്ങള്‍? എവിടെ നിന്ന്‌ വരുന്നു?''
രാമു സ്വന്തം നാടും വ്യക്‌തിത്വവും വെളിപ്പെടുത്തി.
''എന്തിനാണ്‌ ഈ നാട്ടിലേക്ക്‌ വന്നത്‌?''
അയാള്‍ വീണ്ടും ചോദിച്ചു.
''അറിയില്ല''
രാമുവിന്റെ മറുപടി അയാളൂടെ മുഖത്ത്‌ അമ്പരപ്പ്‌ നിറച്ചു.
കൂടുതല്‍ ചോദ്യങ്ങള്‍ വരും മുന്‍പ്‌ രാമു അതിന്‌ വിശദീകരണം നല്‍കി.
''ഞങ്ങളുടെ നാട്ടിലെ വര്‍ത്തമാനപത്രങ്ങളില്‍ ഈ നാടിനെക്കുറിച്ച്‌ വായിച്ചു. അപ്പോള്‍ ഒരു കൗതുകം തോന്നി. അങ്ങനെ വന്നതാണ്‌''
ആ മറുപടി ചോദ്യകര്‍ത്താവിന്‌ ബോധിച്ചു എന്ന്‌ തോന്നി. അയാള്‍ പിന്നീട്‌ ഒന്നും ചോദിച്ചില്ല. യാത്ര പറഞ്ഞ്‌ പിരിയും മുന്‍പ്‌ അയാള്‍ ചോദിച്ചു.
''ഈ നാട്ടില്‍ എന്ത്‌ ചെയ്യാന്‍ പോകുന്നു?''
രാമു അതിന്‌ മറുപടി പറഞ്ഞില്ല. ആ ചോദ്യം അയാള്‍ അയാളോട്‌ തന്നെ ചോദിച്ചുകൊണ്ടേയിരുന്നു.
ഉത്തരമില്ലാത്ത ചോദ്യങ്ങളും സന്ദേഹങ്ങളുമായി രാമു യാത്ര തുടര്‍ന്നു.
മാര്‍ഗമധ്യേ അയാള്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. കരിനീല നിറമായിരുന്നു അവള്‍ക്ക്‌. പുരാണകഥയിലെ കാര്‍വര്‍ണ്ണനെയാണ്‌ അയാള്‍ക്ക്‌ ഓര്‍മ്മവന്നത്‌. അയാള്‍ വിസ്‌മയത്തോടെ നോക്കുന്നത്‌ കണ്ട്‌ അവള്‍ ചോദിച്ചു.
'' മലാക്ക്‌ സൂഡക്ക്‌ തദാമിനാനുഗി?''
ഏത്‌ ഭാഷയാണ്‌ ഈ പെണ്‍കുട്ടി പറയുന്നത്‌?
രാമു അന്തംവിട്ട്‌ ചുറ്റും നോക്കി. സഹായത്തിന്‌ ആരും തന്നെ അവിടെ അടുത്തെങ്ങുമില്ല. അല്ലെങ്കില്‍ തന്നെ മലയാളം അറിയുന്ന ആരെങ്കിലും ഈ നാട്ടിലുണ്ടാവുമെന്ന്‌ എന്താണ്‌ ഉറപ്പ്‌. പെണ്‍കുട്ടി ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അവള്‍ ഉച്ചത്തില്‍ കയര്‍ത്ത്‌ സംസാരിക്കുന്നത്‌ പോലെ തോന്നി.
''ഞാന്‍...ഞാന്‍ മലയാളിയാണ്‌. കുട്ടി പറയുന്നത്‌ എനിക്ക്‌ മനസിലാവുന്നില്ല?''
''കാഗസ്‌?''
അവള്‍ വീണ്ടും ആവര്‍ത്തിച്ചു.'' മലാക്ക്‌ സൂഡക്ക്‌ തദാമിനാനുഗി?''
അയാളുടെ നിസഹായത തിരിച്ചറിഞ്ഞിട്ടാവും വഴിപോക്കരില്‍ ഒരാള്‍ സഹായത്തിനെത്തി.
''നിങ്ങള്‍ പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ എന്നാണ്‌ അവള്‍ ചോദിക്കുന്നത്‌?''
അയാള്‍ ചിരിച്ചു.
''അങ്ങനെ ചോദിക്കാന്‍ കാരണം?''
''ഇയാള്‍ ആ കുട്ടിയെ തുറിച്ച്‌ നോക്കിയിട്ടുണ്ടാവും''
''ഉവ്വ്‌. ഈ നിറമുളള പെണ്‍കുട്ടികള്‍ ഞങ്ങളുടെ നാട്ടില്‍ ഇല്ല.''
വൃദ്ധന്‍ പെണ്‍കുട്ടിയുടെ അടുത്തു ചെന്ന്‌ ചെവിയില്‍ എന്തോ മന്ത്രിച്ചു. തനിക്കു വേണ്ടി മാപ്പ്‌ ചോദിച്ചതാവാമെന്ന്‌ രാമു ഊഹിച്ചു.
അവള്‍ അയാളെ രൂക്ഷമായൊന്ന്‌ നോക്കി തിരിഞ്ഞു നടന്നു
''ഏത്‌ ഭാഷയാണ്‌ ആ കുട്ടി സംസാരിച്ചത്‌?''
ആകാംക്ഷയോടെ രാമു ചോദിച്ചു.
''അത്‌ ഈ നാട്ടുഭാഷയാണ്‌. തസ്രാക്കില്‍ ജനിച്ചു വളര്‍ന്നവര്‍ മാത്രമാണ്‌ ഈ ഭാഷ സംസാരിക്കുന്നത്‌. ബാക്കിയുള്ളവരൊക്കെ കേരളത്തില്‍ നിന്നൂം കുടിയേറി പാര്‍ത്തവരാണ്‌. അവര്‍ക്ക്‌ നന്നായി മലയാളം സംസാരിക്കാന്‍ കഴിയും.''
''അപ്പോള്‍ ഈ നാട്‌ കേരളത്തിന്റെ ഭാഗമല്ലേ?''
രാമുവിന്‌ ആകാംക്ഷ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
''അല്ല. ഇത്‌ ഒറ്റപ്പെട്ട ദ്വീപാണ്‌. ഇവിടെ ഭരണസംവിധാനങ്ങള്‍ ഒന്നൂം തന്നെയില്ല. നീതിയും ന്യായവും നടപ്പാക്കുന്നത്‌ നാട്ടുക്കൂട്ടങ്ങളാണ്‌. നാട്ടുതലവന്‍ വിധി പറയും. അതിന്‌ എതിര്‍വാക്കില്ല.''
''ആരാണ്‌ നാട്ടുതലവന്‍..?''
''രായവര്‍ എന്ന്‌ പറയും. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്നവര്‍. തസ്രഭാഷ സംസംസാരിക്കുന്നവര്‍. പക്ഷെ മലയാളം കേട്ടാല്‍ മനസിലാവും''
''അപ്പോള്‍ ഈ നാടിന്റെ പേര്‌?''
''തസ്രാക്ക്‌ എന്ന്‌ പറയും. കേരളത്തില്‍ പാലക്കാടും സമാനനാമത്തിലുളള ഒരു ഗ്രാമമുണ്ട്‌. ഇത്‌ അതല്ല. തനി തസ്രാക്ക്‌...''
''ഒരേ പേരിലുളള ഗ്രാമങ്ങള്‍ കേരളത്തിലുമുണ്ട്‌..''
രാമു തന്റെ പരിമിതമായ അറിവ്‌ പങ്ക്‌ വച്ചു.
വൃദ്ധന്‍ അവനോട്‌ ആഗമനോദ്ദേശം ചോദിച്ചറിഞ്ഞു. രാമു എല്ലാം വിശദീകരിച്ചു. വൃദ്ധന്‍ അവനെ നാട്ടുതലവന്റെ അടുത്ത്‌ എത്തിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു.
നാട്ടില്‍ പിടിച്ചു നില്‍ക്കാനുളള രീതികളും അയാള്‍ വിശദീകരിച്ചു. അമാനുഷികസിദ്ധികളിലും അസാധാരണമായ ശക്‌തിവിശേഷങ്ങളിലും അന്ധമായി വിശ്വസിക്കുന്നവരാണ്‌ തദ്ദേശവാസികള്‍.
നൂറുകണക്കിന്‌ മിത്തുകളും ചരിത്രയാഥാര്‍ത്ഥ്യങ്ങളും പരസ്‌പരം കൂടിക്കുഴഞ്ഞു കിടക്കുന്നു. പലതും അവിശ്വസനീയമെന്ന്‌ തോന്നും. മിത്തുകളേക്കാള്‍ അവിശ്വസനീയമാണ്‌ ചരിത്രം. അയഥാര്‍ത്ഥമെന്ന്‌ മറ്റുളളവര്‍ക്ക്‌ തോന്നും. പക്ഷെ അവയില്‍ പലതും ഓലയില്‍ എഴുതി ചേര്‍ത്ത്‌ തസ്രക്ക്‌ നിവാസികള്‍ സൂക്ഷിക്കുന്ന ചരിത്രസത്യങ്ങളാണ്‌.
അവരുടെ ജീവിതരീതികളും ആചാരാനുഷ്‌ഠാനങ്ങളും രാമുണ്ണിയെ ശരിക്കും അതിശയിപ്പിച്ചു. ഇന്നേവരെ അയാള്‍ക്ക്‌ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളായിരുന്നു അതൊക്കെ. പത്രത്താളുകളില്‍ ഇക്കാര്യങ്ങളൊന്നും അവര്‍ പരാമര്‍ശിച്ചിരുന്നില്ല. ഭാഗികമായ സത്യങ്ങള്‍ മറച്ചുവച്ച്‌ ഭാഗികമായി മാത്രം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഏര്‍പ്പാടാണോ മാധ്യമപ്രവര്‍ത്തനം എന്ന്‌ പോലും രാമുവിന്‌ തോന്നി.
വൃദ്ധന്‍ പറഞ്ഞ വിവരങ്ങളില്‍ ചിലത്‌ ഒരു മുത്തശ്ശിക്കഥ കേള്‍ക്കുന്ന കൗതുകത്തോടും ആകാംക്ഷയോടും ചിലപ്പോഴൊക്കെ ജുഗുപ്‌സയോടുമാണ്‌ അയാള്‍ കേട്ടത്‌.
പണ്ട്‌കാലത്ത്‌ ഷഡ്‌പദങ്ങളെയാണ്‌ പോലും തസ്രക്ക്‌ നിവാസികള്‍ പ്രധാനമായി ഭക്ഷിച്ചിരുന്നത്‌. വണ്ട്‌, പാറ്റ, പുഴു....എന്നിവയ്‌ക്ക് അപാരമായ രുചിയാണെന്നാണ്‌ അവര്‍ പറയുന്നത്‌. അയാള്‍ക്ക്‌ കേട്ടപ്പോള്‍ തന്നെ ഓക്കാനം വന്നു. കേവലരുചിക്കപ്പുറം അവ കഴിച്ചാല്‍ ആയുസ്‌ വര്‍ദ്ധിക്കുമെന്നാണ്‌ പഴമക്കാരുടെ മതം. കുറഞ്ഞത്‌ 200 ഉം 300 ഉം വര്‍ഷം ജീവിച്ചിരിക്കാന്‍ കഴിയും പോലും. അത്‌ തെളിയിക്കാനായി വൃദ്ധന്‍ ചില മുതുമുത്തശ്ശന്‍മാരെയും മുത്തശ്ശികളെയും പരിചയപ്പെടുത്തി തന്നു. അവരില്‍ പലരും 200 നും 300 നും ഇടയില്‍ പ്രായമുളളവരാണ്‌.
പാമ്പ്‌, അട്ട, പുഴു, പഴൂതാര...എന്നിവയും അവര്‍ ഭക്ഷിച്ചിരുന്നു. അസുഖങ്ങള്‍ക്ക്‌ ഏറ്റവും വലിയ ഒറ്റമൂലിയായിരുന്നു പെരുമ്പാമ്പുകളുടെ മാംസം.
തസ്രക്കില്‍ പലര്‍ക്കും അസുഖങ്ങളേ വരാറില്ല പോലും. അതിന്റെ കാരണമാണ്‌ വിചിത്രം. അസാധാരണമാം വിധം രോഗപ്രതിരോധശേഷിയുളള ഒരു ദിവ്യൗഷധം അവരില്‍ ചിലരെങ്കിലും ഉപയോഗിച്ചിരുന്നു. ജനിച്ച കുഞ്ഞുങ്ങളുടെ മാംസം. അവിഹിതഗര്‍ഭം ധരിച്ച്‌ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികളെയാണ്‌ ഇതിന്‌ ഉപയോഗിച്ചിരുന്നത്‌. ഭൂമിയിലെ ഏറ്റവും രുചിയുളള ഭക്ഷണവസ്‌തു ഇതാണെന്ന്‌ പറയപ്പെടുന്നു.
നൂറാംവയസിലും പതിനേഴുകാരന്റെ കായികശേഷി നിലനിര്‍ത്തുന്നവരാണ്‌ പോലും തസ്രക്കിലെ പുരുഷന്‍മാര്‍. കോഴിയുടെ കാലുകള്‍ വെന്ത സൂപ്പ്‌ കഴിച്ചാണ്‌ പോലും ഇവര്‍ ശരീരത്തിന്റെ കരുത്ത്‌ ഒരേ അനുപാതത്തില്‍ നിലനിര്‍ത്തുന്നത്‌.
വൈചിത്ര്യങ്ങളും വൈരുദ്ധ്യങ്ങളും അത്യപൂര്‍വതകളും നിറഞ്ഞ ഈ നാട്ടില്‍ പക്ഷെ ഒരു ഐന്ദ്രജാലികന്‍ ഇതുവരെ എത്തിയിട്ടില്ല. നമ്മുടെ നാട്ടിലെ ഇന്ദ്രജാലക്കാര്‍ ഇവര്‍ക്ക്‌ കേട്ടറിവുകള്‍ മാത്രമാണ്‌.
സാധ്യതകളുടെ ഭൂമി തന്റെ മുന്നില്‍ തെളിഞ്ഞു വരുന്നതായി രാമുണ്ണിക്ക്‌ തോന്നി. ഇവര്‍ക്ക്‌ അറിയാത്തതും തനിക്ക്‌ അറിയുന്നതുമായ വിദ്യകള്‍ അയാളുടെ മനക്കണ്ണാടിയില്‍ തെളിഞ്ഞു.
വൃദ്ധന്‍ രാമുണ്ണിയെ നാട്ടുതലവന്റെ മുന്നില്‍ എത്തിച്ചു. അയാളുടെ അനുയായി ഉണ്ണിക്കോരനും സമീപത്തുണ്ടായിരുന്നു. മലയാളിയാണ്‌ കോരന്‍. അസാധ്യ ബുദ്ധിശാലി, തന്ത്രശാലി. തസ്രക്കില്‍ ഗുരുജി എന്ന വിളിപ്പേരിലാണ്‌ അയാള്‍ അറിയപ്പെടുന്നത്‌. അയാള്‍ മനസ്‌ വച്ചാല്‍ തസ്രക്കില്‍ ഒരാളുടെ ജാതകം തെളിഞ്ഞു. നാട്ടുതലവന്റെ മുന്നില്‍ മാത്രമല്ല മുഴുവന്‍ തദ്ദേശവാസികളുടെയും മനസില്‍ അയാള്‍ക്ക്‌ അപാരമായ സ്വാധീനമാണ്‌. നാട്ടുതലവന്‍ പോലും തസ്രക്കില്‍ സ്വന്തം പ്രഭാവം നിലനിര്‍ത്തുന്നത്‌ ഗുരുജിയുടെ പിന്‍ബലം ഒന്നുകൊണ്ട്‌ മാത്രമാണ്‌.
''നമ്മുടെ നാട്ടുഭാഷയില്‍ പറഞ്ഞാല്‍ അഭിനവചാണക്യന്‍ എന്നൊക്കെ വിശേഷിപ്പിക്കാം''
യാത്രക്കിടയില്‍ വൃദ്ധന്‍ തസ്രക്കിലെ സാഹചര്യങ്ങളെ സംബന്ധിച്ച്‌ രാമുണ്ണിക്ക്‌ ഒരു മുന്‍കൂര്‍ ധാരണ നല്‍കി.
''എനിക്ക്‌ ഈ നാട്‌ ഇഷ്‌ടമായി. ഇവിടത്തെ രീതികള്‍, ആചാരങ്ങള്‍, മനുഷ്യര്‍..എല്ലാം എന്നെ ആകര്‍ഷിച്ചു. നിങ്ങളിലൊരാളായി എനിക്ക്‌ ഇവിടെ ജീവിക്കണം''
'' ഗഷാബു സലാഷ്‌ സോയുചിനമു?''
നാട്ടുതലവന്റെ ചോദ്യം കേട്ട്‌ രാമുണ്ണിയുടെ കണ്ണു തളളി.
ഒരു ദ്വിഭാഷിയുടെ വിരുതോടെ ഗുരുജി ഉടനടി പരിഭാഷപ്പെടുത്തി.
''അതിന്‌ നിനക്ക്‌ എന്ത്‌ തൊഴിലറിയാം? എന്നാണ്‌ തലവന്‍ ചോദിക്കുന്നത്‌''
''സത്യം പറഞ്ഞാല്‍ ഒന്നും അറിയില്ല''
രാമുണ്ണി കൈമലര്‍ത്തി.
''സഡേഷ്‌ ബൊഗാലും നകമു സോയുചിനമു''
ഗുരുജി തിരിച്ചും പരിഭാഷപ്പെടുത്തി.
തലവന്‍ അടുത്ത ചോദ്യം ഗുരുജിയുടെ കാതില്‍ മന്ത്രിച്ചു.
''പിന്നെ നീ എങ്ങനെ ഇവിടെ ജീവിക്കും?''
''അറിയില്ല''
തലവന്‍ ഗര്‍ജ്‌ജിച്ചു.
''അറിയില്ല, അറിയില്ല എന്ന്‌ ഏത്‌ വിഢിക്കും പറയാന്‍ സാധിക്കും. അറിയണം. അറിയാം എന്ന്‌ പറയുന്നതാണ്‌ മനുഷ്യലക്ഷണം. നിനക്ക്‌ അറിയാവുന്നതൊന്നുമില്ലേ?''
വലിയ ശബ്‌ദത്തില്‍ രോഷം പതഞ്ഞുയര്‍ന്ന വിധത്തിലായിരുന്നു അയാളൂടെ പ്രതികരണം.
കഴിവുകെട്ടവന്‍ എന്ന സഹതാപം കൊണ്ട്‌ ഈ നാട്ടില്‍ ജീവിക്കുക സാധ്യമല്ലെന്ന്‌ രാമുണ്ണി തിരിച്ചറിഞ്ഞു. വലിയ ഒരു സാധ്യത തത്‌കാലം പിടിവള്ളിയാക്കാമെന്ന്‌ അയാള്‍ നിശ്‌ചയിച്ചു.
രാമു വായുവില്‍ കൈ ഉയര്‍ത്തി ചില മന്ത്രജപങ്ങള്‍ ഉരുവിട്ടു. പിന്നെ കൈകള്‍ പല തവണ ചുരുട്ടുകളും നിവര്‍ത്തുകയും ചെയ്‌തു. ശൂന്യമായ കൈകള്‍ അയാള്‍ എല്ലാവര്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ചു. വീണ്ടും അടച്ച്‌ നിവര്‍ത്തുമ്പോള്‍ അയാളുടെ കയ്യില്‍ നിന്നും വര്‍ണ്ണക്കടലാസുകള്‍ ഉയര്‍ന്നുപൊങ്ങി. രണ്ടാമത്തെ കയ്യും അയാള്‍ ശുന്യമാക്കി വീണ്ടും മന്ത്രജപങ്ങള്‍ ഉരുവിട്ടു. വീണ്ടും അടച്ച്‌ നിവര്‍ത്തുമ്പോള്‍ അവയില്‍ നിന്നും വെളളരിപ്രാവുകള്‍ ഉയര്‍ന്നു പറന്നു.
മിഴിച്ച കണ്ണുകളുമായി തലവനും ഗുരുജിയും നിന്നു. വൃദ്ധന്‍ നാവിറങ്ങിയതു പോലെ നിന്നു. തലവന്റെ പിന്നിലായി നിന്ന പെണ്‍കുട്ടിയെ നിര്‍ബന്ധപുര്‍വം വലിച്ചിഴച്ച്‌ തന്റെ അടുത്തേക്ക്‌ കൊണ്ടു വന്ന്‌ തറയില്‍ മലര്‍ത്തി കിടത്തി. ഭിത്തിയില്‍ ചാരിവച്ച വാള്‍ വലിച്ചൂരി വായുവില്‍ വീശി. അവളുടെ ശിരസ്‌ ചിതറിത്തെറിക്കുന്നതും ശരീരം പിടയുന്നതും കണ്ടു. ഒരു തുളളി ചോര പുറത്തേക്ക്‌ തെറിച്ചില്ല. രാമു നിലത്ത്‌ കുനിഞ്ഞിരുന്ന്‌ ശിരസും കബന്ധവും പരസ്‌പരം ചേര്‍ത്തു വച്ചു. തത്‌ക്ഷണം അത്‌ പൂര്‍വസ്‌ഥിതി പ്രാപിച്ചു. പെണ്‍കുട്ടി ഓടിച്ചെന്ന്‌ തലവന്റെ പിന്നില്‍ അഭയം പ്രാപിച്ചു.
''ബഡുവാ..''
അവള്‍ നീട്ടി വിളിച്ചു
''ഗോധി...'' തലവന്‍ വാത്സല്യപുര്‍വം മകളുടെ ശിരസില്‍ തലോടി കവിളില്‍ ചുംബിച്ചു.
മകളുടെ മേലുളള പിടിവിട്ട്‌ തലവന്‍ മുന്നോട്ട്‌ നടന്നു വന്ന്‌ രാമുണ്ണിക്ക്‌ മുന്നില്‍ കൈകൂപ്പി. പിന്നെ കുനിഞ്ഞ്‌ ആ പാദങ്ങളില്‍ നമസ്‌കരിച്ചു. രാമു ഞെട്ടി പിന്നാക്കം മാറി. ഗളചേ്‌ഛദമാണ്‌ അയാള്‍ പ്രതീക്ഷിച്ചത്‌. ലഭിച്ചത്‌ സര്‍വാദരം. അതിന്റെ അര്‍ത്ഥമറിയാതെ അന്തംവിട്ട്‌ നില്‍ക്കുമ്പോള്‍ വൃദ്ധന്‍ അവന്റെ കാതില്‍ മന്ത്രിച്ചു.
''ഇവിടെ ചിലവാകുന്ന വിദ്യ നീ പ്രയോഗിച്ചു. നീ മിടുക്കനാണ്‌. നീയാണ്‌ മിടുക്കന്‍''
നീണ്ടുനിന്ന കരഘോഷങ്ങളുടെ ശബ്‌ദം കേട്ട്‌ രാമുണ്ണി വീണ്ടും നടുങ്ങി. ഗുരുജി ഉള്‍പ്പെടെ ചുറ്റും നിന്ന എല്ലാവരും കയ്യടിക്കുന്നു. ഗുരുജി തലവന്റെ കാതില്‍ മന്ത്രിച്ചു.
''ഗഡേയ്‌, സോനമ്‌...നമുതാ...സാകുവിലു''
അത്‌ എന്താണെന്ന അര്‍ത്ഥത്തില്‍ രാമു വൃദ്ധനെ നോക്കി.
''ചെക്കന്‍ നിസാരക്കാരനല്ല..എന്നാണ്‌ അയാള്‍ പറയുന്നത്‌''
രാമു ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.
തലവന്‍ പുച്‌ഛത്തോടെ ചിറികോട്ടി. തനിക്ക്‌ അപ്രാപ്യമായ ഒരു കഴിവിനെ പെട്ടെന്ന്‌ അംഗീകരിക്കാനുളള വിമുഖത രാമു അയാളുടെ മുഖത്തു കണ്ടു. പക്ഷെ തലവന്റെ മനസില്‍ അവനറിയാതെ അവന്‍ ഒരു വിഗ്രഹമായി മാറുകയായിരുന്നു.
തലവന്‍ ഗുരുജിയെ വിളിച്ച്‌ മാറ്റി നിര്‍ത്തി എന്തൊക്കെയോ അടക്കം പറയുന്നത്‌ വൃദ്ധനും രാമുവും കണ്ടു. രാമുണ്ണിയുടെ ഹൃദ്‌സ്പന്ദനങ്ങള്‍ക്ക്‌ വേഗത വര്‍ദ്ധിച്ചു. ആശങ്കയോടെ അവന്‍ വൃദ്ധനെ നോക്കി.
''ഒന്നുകില്‍ നിന്റെ ജീവിതം തെളിയും. ഇല്ലെങ്കില്‍ നീ അവസാനിക്കും. എന്തായാലും രണ്ടിലൊന്ന്‌ ഉടനെ അറിയാം.''
രാമു ഒന്ന്‌ നടുങ്ങി. പുതുമകളിലേക്ക്‌ എത്തിപ്പെട്ടതിന്റെ ഉത്സാഹം കെട്ടു. അജ്‌ഞാതവും അപരിചിതവുമായ ഒരു ഭൂമിക നല്‍കുന്ന അരക്ഷിതത്വബോധം ഒരു നിമിഷം കൊണ്ട്‌ അയാളെ വല്ലാതെ ഉലച്ചു. സുരക്ഷിതത്വത്തിന്റെ ചിമിഴില്‍ നിന്ന്‌ വല്ലാത്ത ഒരു ആശങ്കയുടെ തുരുത്തിലെത്താന്‍ തോന്നിച്ച നിമിഷത്തെ അയാള്‍ ശപിച്ചു.
ഒരാളുടെ ഭാഗധേയം മാറിമറിയാന്‍ നിമിഷങ്ങള്‍ മതി. പക്ഷെ വിധിനിയന്താവിന്റെ-അങ്ങിനെയൊരാള്‍ ഉണ്ടെങ്കില്‍-തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളും അതിന്റെ നിയമങ്ങളും രാമുവിന്‌ അജ്‌ഞാതമായിരുന്നു.

Ads by Google
Sunday 05 Nov 2017 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW